28/12/2020

07-12-2020- സ്മാരക നാണയങ്ങൾ- ഗുരു നാനാക് - വിശുദ്ധ അല്‍ഫോന്‍സ മുട്ടത്തുപാടത്ത് - ജന്മശാതാബ്ദി

              

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
13

വിശുദ്ധ അല്‍ഫോന്‍സ മുട്ടത്തുപാടത്ത് - ജന്മശാതാബ്ദി

1910 ഓഗസ്റ്റ് 19ാം  തിയതി കോട്ടയത്തിനടുത്ത് കുടമാളൂരിൽ ചെറിയാൻ ഔസേഫിന്റെയും മേരി മുട്ടത്തുപാടത്തിന്റെയും പുത്രിയായി ജനിച്ച അന്ന ആണ് പിൽക്കാലത്ത് വിശുദ്ധ അൽഫോൻസാ ആയിത്തീർന്നത്.

ചെറുപ്പത്തിൽ ഉണ്ടായ ഒരപകടത്തെ തുടർന്ന് ഒരു കാലിന് ചെറിയ സ്വാധീനക്കുറവുണ്ടായിരുന്നു അന്നയ്ക്ക്. 1927 ൽ ആസ്പൈറൻറ് ആയി കോട്ടയത്തെ ഭരണങ്ങാനം കോൺവെന്റിൽ എത്തിയ അന്ന 1928 ൽ പോസ്റ്റുലന്റ് ആയി. അന്ന് സെന്റ് അൽഫോൻസ്സ്  ലിഗോറിയുടെ തിയ്യനാള്‍ ദിനം ആയതിനാൽ "അൽഫോൻസാ" എന്ന പേരും സ്വീകരിച്ചു. തുടർന്ന് സിസ്റ്റർ അൽഫോൻസ, വാഴപ്പള്ളി മലയാളം ഹൈസ്കൂളിൽ അദ്ധ്യാപികയായി. 1930 ൽ നൊവിഷ്യേറ്റ് ആയി. നിർദ്ദിഷ്ട പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞ് 1931 ൽ ആദ്യ പ്രതിജ്ഞ ചൊല്ലി "റിലീജിയസ്" സംഘത്തിൽ "ജൂനിയർ" അംഗമാകുകയും ചെയ്തു. 1936 ഓഗസ്റ്റിൽ പൂർണ്ണ പ്രതിജ്ഞ ചൊല്ലിയ ശേഷം ഭരണങ്ങാനത്തെ സെയിന്റ് അൽഫോൻസാ ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായി ചേർന്നു.

ആരോഗ്യ പ്രശ്നങ്ങൾ വല്ലാതെ അലട്ടിയിരുന്ന സിസ്റ്റർക്ക്  ചാവറ അച്ചനോട് (1805 -1871) പ്രാർത്ഥിച്ചതിൻ പ്രകാരം  1936 ഡിസംബറിൽ രോഗശമനം ലഭിച്ചുവെന്ന് പറയപ്പെടുന്നു. പക്ഷേ വീണ്ടും രോഗാതുരത ബാധിച്ച് സിസ്റ്റർ അവശയായിത്തീർന്നു. 1941 ൽ അന്ത്യകൂദാശ കൈപ്പറ്റിയതിന് പിറ്റേന്നാൾ നാടകീയമായി അവർ ജീവിതത്തിലേക്ക് തിരിച്ചു വരുകയുണ്ടായി.

1946 ജൂലൈയിൽ 35ാം  വയസ്സിൽ  ഇഹലോകവാസം വെടിഞ്ഞ സിസ്റ്റർ ഭരണങ്ങാനത്തു തന്നെയാണ് സംസ്കരിക്കപ്പെട്ടത്.

1986 ൽ ഭാരതത്തിൽ  നടന്ന ഒരു ചടങ്ങിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആദരണീയ സിസ്റ്റർ അൽഫോൻസയെ, ചാവറ കുര്യാക്കോസ് എലിയാസ്  അച്ചനോടൊപ്പം വാഴ്ത്തപ്പെട്ടവള്‍ (Beatification) ആയി പ്രഖ്യാപി ച്ചു.  2008 ഒക്ടോബർ 12ാം തിയതി വത്തിക്കാന്‍ സെയിന്റ് പീറ്റേഴ്സ് അങ്കണത്തിൽ വച്ച് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൻസാമ്മയെ വിശുദ്ധയായി (Canonization) പ്രഖ്യാപിച്ചു.

വിശുദ്ധ അൽഫോൻസയുടെ ജന്മശതാബ്ദി പ്രമാണിച്ച് 2009 ൽ ഭാരത സർക്കാർ 100 രൂപ, 5 രൂപ മുഖവിലയുള്ള സ്മാരക നാണയങ്ങൾ പുറത്തിറക്കുകയുണ്ടായി.

നാണയ വിവരണം

നാണയത്തിന്‍റെ പുറകുവശത്ത്
നടുവിലായി വിശുദ്ധ അൽഫോൻസയുടെ ശിരോവസ്ത്രമണിഞ്ഞ ശിരസ്സും വസ്ത്രത്തിൽ ഒരു റോസാ പുഷ്പവും അതിന് താഴെ  1910 - 2009 എന്നു വർഷവും "എം" എന്ന് മുംബൈയുടെ മിന്റ് മാർക്കും ഉണ്ട്. അരികിൽ ഇടതു വശത്ത് "സംത് അൽഫോൻസാ ജന്മ ശതാബ്ദി" എന്ന് ഹിന്ദിയിലും വലതുവശത്ത് "സെയിന്റ് അൽഫോൻസാ ബർത്ത് സെന്റിനറി" എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കുന്നു.

സാങ്കേതിക വിവരണം

1, മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം,  വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200.
2, മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം -23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നാകം - 20%, നിക്കൽ - 5%.








No comments:

Post a Comment