ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 14 |
ഛത്രപതി ശിവാജി
മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ ജൂന്നാർ നഗരത്തിലെ ശിവനേരി കോട്ടയിലാണ് ഭോസ്ലെ രാജപരമ്പരയിൽ ഷഹാജിയുടെയും ജിജാബായിയുടെയും മകനായി 1630 ഫെബ്രുവരി 19 ന് ശിവാജി ഭൂജാതനായത്. 1645 ൽ ബിജാപ്പൂർ സുൽത്താന്മാരുടെ ചില കോട്ടകൾ കൈവശപ്പെടുത്തി ശിവാജി തന്റെ ജൈത്രയാത്ര തുടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ മുഗളന്മാരോടും ബിജാപ്പൂരിനോടും ഗോൽകൊണ്ടയോടും പാശ്ചാത്യ കൊളോണിയൽ ശക്തികളോടും ഇടയ്ക്ക് സഖ്യം കൂടിയും ഇടയ്ക്ക് യുദ്ധം ചെയ്തും ദേശങ്ങൾ പിടിച്ചടക്കിയും കോട്ടകൾ കെട്ടിയും തന്റെ സാമ്രാജ്യം വികസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1674 ൽ റായ്ഗഢിൽ വച്ച്, പിൽക്കാലത്ത് മാറാത്ത സാമ്രാജ്യം എന്നറിയപ്പെട്ട തന്റെ ഈ സാമ്രാജ്യത്തിന്റെ ഛത്രപതി (ചക്രവർത്തി) ആയി അദ്ദേഹം സ്ഥാനമേറ്റു.
ഔറംഗസേബിന്റെ മുഗൾ ഭരണത്തിൻ കീഴിൽ മതപരിവർത്തനത്തിന്റെയും ജസിയയുടെയും അടിച്ചമർത്തലിന്റെയും കയ്പുനീർ മാത്രം നുണഞ്ഞിരുന്ന ഹിന്ദുക്കൾ ശിവാജിയ്ക്കു പിന്നിൽ അണി ചേർന്നു. ഒരിക്കൽ മുഗൾ ശക്തിക്കു മുന്നിൽ നഷ്ടമായ സാമ്രാജ്യം തിരിച്ചു പിടിച്ച് ഔറംഗസിബിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു അദ്ദേഹം. സൂററ്റ് ആക്രമിച്ചു കൊള്ളയടിച്ചു. ശക്തമായ ഒരു നാവികപ്പട രൂപീകരിച്ച് സമുദ്രത്തിലും മാറാത്ത ശക്തിയുടെ സാന്നിദ്ധ്യം ഉറപ്പിച്ചു. തെക്കേ ഇന്ത്യ പാവനമായ ഭൂമിയാണെന്നും അത് സംരക്ഷിക്കപ്പെടണമെന്നും ആഹ്വാനം ചെയ്തു കൊണ്ട് തഞ്ചാവൂർ, ജിൻജി പ്രദേശങ്ങൾ അദ്ദേഹം അധീനതയിലാക്കി. തുടർന്ന് വളരെക്കാലം ജിൻജി തലസ്ഥാനമാക്കി തഞ്ചാവൂർ മറാത്ത ശാഖ ഭരണം നടത്തിയിരുന്നു.
അമ്മയിൽ നിന്ന് ലഭിച്ച ദൃഢമായ ഹൈന്ദവ വിശാസം ജീവിതത്തിലുടനീളം ശിവാജി കാത്തുസൂക്ഷിച്ചു. "ഹൈന്ദവ ധർമ്മോദ്ധാരക്" എന്ന ഒരു പദവി അദ്ദേഹം സ്വീകരിച്ചിരുന്നു. എന്നിരിക്കിലും മുസ്ലിം, ക്രൈസ്തവ ധർമ്മങ്ങളെ അംഗീകരിക്കാനും അദ്ദേഹം തയ്യാറായി. അദ്ദേഹത്തിന്‍റെ സൈന്യത്തിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. എന്നാൽ നിർബന്ധിത മതപരിവർത്തനം ചെയ്യപ്പെട്ടവരെ തിരികെ ഹിന്ദുമതത്തിലേക്ക് സ്വാഗതം ചെയ്യാനും അദ്ദേഹം മടിച്ചില്ല. 1680 ഏപ്രിൽ മാസത്തിൽ അദ്ദേഹം ഭാരത ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു.
1895 ൽ ലോകമാന്യ ബാലഗംഗാധര തിലക്, “ശിവാജി ജയന്തി” ആയി ഇദ്ദേഹത്തിന്റെ ജന്മദിനം ആചരിച്ചു. അടിച്ചമർത്തലിനെതിരെ ബ്രിട്ടീഷുകാർക്ക് നൽകിയ സന്ദേശമായിരുന്നു അത്. വിദേശ ആധിപത്യത്തിനെതിരെ പൊരുതിയ വീര പുരുഷൻ എന്ന നിലയിലും ഹൈന്ദവ ധർമ്മസംരക്ഷകൻ എന്ന നിലയിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ പരക്കെ അംഗീകരിക്കപ്പെടുകയും മറാത്ത ജനതയുടെ സ്വാഭിമാന പ്രതീകമാകുകയും ചെയ്തു ഛത്രപതി ശിവാജി.
1999 ൽ ഭാരത സര്‍ക്കാര്‍ 100, 50, 2 രൂപ വീതം മുഖവിലയുള്ള സ്മാരക നാണയങ്ങള്‍ പുറത്തിറക്കുകയുണ്ടായി.
നാണയ വിവരണം
നാണയത്തിന് പിൻവശത്ത് ഛത്രപതിയുടെ ശിരസ്സ് നാടുവിലായും "ഛത്രപതി ശിവാജി" എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും ഇടത്തും വലത്തുമായും 1999 എന്ന് വലത് വശത്ത് താഴെയായും രേഖപ്പെടുത്തിയിരിക്കുന്നു. മുംബൈ മിന്റിന്റെ അടയാളമായി "എം" എന്ന ഇംഗ്ലീഷ് അക്ഷരം ഏറ്റവും താഴെ കാണാം.
സാങ്കേതിക വിവരണം
1, മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200
2, മൂല്യം - 50 രൂപ, ഭാരം - 30 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%, വരകള്‍ (serration) - 180
3, മൂല്യം - 2 രൂപ, ഭാരം - 6 ഗ്രാം, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
No comments:
Post a Comment