02/12/2020

30-11-2020- സ്മാരക നാണയങ്ങൾ- ഗുരു നാനാക് - 550ാം ജന്മവാര്‍ഷികം

             

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
12

ഗുരു നാനാക് - 550ാം ജന്മവാര്‍ഷികം

ഭാരത ചരിത്രത്തിൽ ധീരതയും അർപ്പണബോധവും കൊണ്ട് സ്ഥാനം നേടിയിട്ടുള്ളവരാണ് സിക്കുകാർ എന്ന് നാം വിളിക്കുന്ന ശിഖർ. 15 -16 ശതകങ്ങളിലായി ജീവിച്ചിരുന്ന ഗുരു നാനാക് ജി യാണ് സിക്കു മതസ്ഥാപകൻ. 1469 - ൽ നാനാക് എന്ന പേരിൽ മെഹ്ത്ത കാലു, മാതാ തൃപ്ത ദേവി എന്നിവരുടെ സന്താനമായി തൽവണ്ടി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ ജന്മദിനം ഏപ്രിൽ 15 ആണെന്നും നവംബര്‍ 29 ആണെന്നും രണ്ടു പക്ഷമുണ്ട്. അത് എന്തു തന്നെ ആയാലും "കാർത്തിക പൂർണിമ" എന്ന് വിളിക്കപ്പെടുന്ന "കടക് " മാസത്തിലെ "പൂരാണ്മഷി" (പൗർണ്ണമി) നാൾ ഗുരു നാനാക് ജി യുടെ ജന്മദിനമായി "പ്രകാശ് പുരബ് " എന്ന പേരിൽ ലോകമെങ്ങും ആഘോഷിക്കപ്പെടുന്നു.

"ഇക് ഓംകാര" അഥവാ അരൂപിയായ ഏക ദൈവം എന്ന സിദ്ധാന്തമാണ് നാനാക് ജി പ്രചരിപ്പിച്ചത്. എല്ലാ ജീവജാലങ്ങളിലും ദൈവം കുടികൊള്ളുന്നുവെന്നും അതിനാൽ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പഠിപ്പിച്ചു. അദ്വൈത സിദ്ധാന്തത്തോട് സാമ്യമുണ്ടായിരുന്നെങ്കിലും അദ്ദേഹം പ്രചരിപ്പിച്ച  "ഓം"കാര നിർവചനം വ്യത്യസ്തമായിരുന്നു. പല മതസ്ഥരായ അദ്ദേഹത്തിന്‍റെ അനുയായികൾ ക്രമേണ ശിഖർ എന്നറിയപ്പെടാൻ തുടങ്ങി. അവർ അദ്ദേഹത്തെ ഗുരു എന്ന് വിളിച്ചു. അദ്ദേഹം ശിഖരുടെ ആദ്യ ഗുരുവായി. സമത്വം, സാഹോദര്യം, ചിന്തയിലും കർമ്മത്തിലും നന്മ എന്നിവയിൽ അധിഷ്ടിതമാണ് സിക്ക് മതം. സത്യസന്ധത, ദീനാനുകമ്പ, ഉദാരത, വിനയം, ദൈവ വിശ്വാസം എന്നിവ ദൈനംദിന ജീവിതത്തിൽ പുലർത്തണമെന്ന് മതം അനുശാസിക്കുന്നു. ഒപ്പം എല്ലാ മനുഷ്യരെയും ജാതി മത ഭേദമോ സ്ത്രീ പുരുഷ വ്യത്യാസമോ കൂടാതെ  ഒന്നു പോലെ കരുതേണ്ടതാണെന്നും പഠിപ്പിക്കുന്നു. ഗുരു നാനാക് ജിയുടെ വചനങ്ങൾ 974 ശ്ലോകങ്ങളിലാക്കി, അടുത്ത മൂന്നു ഗുരുക്കന്മാരുടെ ഉപദേശങ്ങളും കൂടെ ഉൾപ്പെടുത്തി "ആദി ഗ്രന്ഥ" യിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അഞ്ചാമത് ഗുരു, ഗുരു അർജുൻ സിംഗ് ജി  1604 ൽ  ആദി ഗ്രന്ഥത്തെ "ഗുരു ഗ്രന്ഥ സാഹിബ്" ആയി സുവർണ്ണ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ വിശുദ്ധ ഗ്രന്ഥത്തിലേക്കാണ് അവസാന ഗുരു ഗോബിന്ദ് സിംഗ് ജി തന്റെ ആദ്ധ്യാത്മിക ശക്തി പകർന്നു നൽകിയത്.

റബി നദിയുടെ കരയിൽ നാനാക് ജി നിർമ്മിച്ച ദൈവത്തിന്റെ നഗരം എന്നർത്ഥമുള്ള കർത്താർപുർ ആയിരുന്നു അവസാന പതിനെട്ടു വര്‍ഷം ഗുരുജിയുടെ ആസ്ഥാനം. ഇന്ന് ആ സ്ഥലം പാകിസ്ഥാനിലാണ്. 1539 സെപ്റ്റംബര്‍ 22 ന് അദ്ദേഹം ദിവംഗതനായി. കര്‍ത്താര്‍പൂറിലെ  ഗുരുദ്വാരാ ദർബാർ സാഹിബ് ആണ് ഗുരുജിയുടെ അന്ത്യ വിശ്രമ സ്ഥാനം.

2019 നവംബര്‍ 12ാം  തിയതി 550ാമത്  പ്രകാശ് പുരബ് ലോകമെങ്ങും ആചരിച്ച വേളയിൽ ഗുരുജിയെ ആദരിക്കാൻ ഭാരത സർക്കാർ 550 രൂപയുടെ ഒരു സ്മാരക നാണയം പുറത്തിറക്കി.

നാണയ വിവരണം

അതിന്റെ പിൻപുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത് പഞ്ചാബിലെ സുൽത്താൻപൂർ ലോധിയിലുള്ള ഗുരുദ്വാരാ ബേർ സാഹിബിന്റെ ചിത്രമാണ്.

സാങ്കേതിക വിവരണം

മൂല്യം - 550 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍,  ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കല്‍  - 5%, സിങ്ക് - 5%, വരകള്‍ (serration) - 200





No comments:

Post a Comment