28/12/2020

21-12-2020- സ്മാരക നാണയങ്ങൾ- ഗുരു നാനാക് - ദേശബന്ധു ചിത്തരഞ്ജന്‍ ദാസ്

                

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
15

ദേശബന്ധു ചിത്തരഞ്ജന്‍ ദാസ്

ബംഗാളിലെ കൽക്കട്ടയ്ക്കടുത്തുള്ള  ബിക്രംപുർ ആണ് കവിയും അഭിഭാഷകനും ആയിരുന്ന ചിത്തരഞ്ജൻ ദാസിന്റെ സ്വദേശം. 1870 നവംബര്‍ 5 ന് ആയിരുന്നു അദ്ദേഹത്തിന്‍റെ  ജനനം.

ICS പരീക്ഷയിൽ ഭാഗ്യം കൈവിട്ടപ്പോൾ അഭിഭാഷകന്റെ കുപ്പായമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. 1908  ൽ, ആലിപ്പൂർ ബോംബ് കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന അരബിന്ദോ ഘോഷിനെ നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തിയത് ദേശബന്ധുവിനെ പ്രശസ്തനാക്കി.

 അനുശീലൻ സമിതി എന്ന ഹിംസാത്മക വിപ്ലവ സംഘടനയിൽ ചേർന്നു കൊണ്ട് സ്വാത്രന്ത്യ സമരത്തിന് ജീവൻ പകർന്ന ഇദ്ദേഹം കവിയും സാഹിത്യ പ്രവർത്തകനും കൂടി ആയിരുന്നു. “ഫോർവേഡ്” എന്ന ഒരു പത്രം വിലയ്ക്കു വാങ്ങി അതിന്റെ പേര് “ലിബർട്ടി” എന്ന് മാറ്റി അതിലൂടെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അദ്ദേഹം ശബ്ദമുയർത്തി. അതിന്റെ എഡിറ്റർ സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. മോത്തിലാൽ നെഹ്രുവിനോടും മറ്റു ചിലരോടും കൂടി ചേർന്ന് സമാജ് പാർട്ടി സ്ഥാപിച്ചതും ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കാനായിരുന്നു.

ദേശബന്ധു എന്നാൽ ദേശത്തിന്റെ സുഹൃത്ത് എന്നാണർത്ഥം. 1917 മുതൽ ഏകദേശം എട്ടു വർഷത്തിൽ താഴെ മാത്രം നീണ്ട ദേശബന്ധുവിന്റെ രാഷ്ട്രീയ ജീവിതം സംഭവ ബഹുലമായിരുന്നു. 1922 ൽ കോൺഗ്രസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ വൈകാതെ തനിക്ക് അംഗീകരിക്കാനാവാത്ത നേതൃത്വവുമായി പിണങ്ങി രാജി വച്ചു. 1923 ൽ സ്വരാജ് പാർട്ടിയ്ക്ക് രൂപം നൽകി. 1925 ൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും പൊതു സ്വീകാര്യതയുടെ കാര്യത്തിൽ പാർട്ടി പരാജയമായിരുന്നു.

1925 ൽ ദേശബന്ധുവിന്റെ മരണത്തോടെ പാർട്ടിയും പിരിച്ചുവിട്ടു. തന്റെ മരണത്തിനു മുൻപ് സ്വന്തം വീടും സ്ഥലവും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കുകയും വനിതകളുടെ ഉന്നമനത്തിനായി അത് ഉപയോഗിക്കണമെന്ന്  ആവശ്യപ്പെടുകയും ചെയ്തു. ഇന്ന് ചിത്തരഞ്ജൻ സേവാസദൻ  എന്ന പേരിൽ എല്ലാ സ്പെഷ്യലിറ്റികളും ഉള്ള ഒരു ആശുപത്രിയാണത്.

1998 ൽ 100, 50, 10, 2 രൂപാ വീതം മുഖവിലയുള്ള സ്മാരക നാണയങ്ങള്‍ പുറത്തിറക്കി ഭാരതം അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചു.

നാണയ വിവരണം

നാണയത്തിന്‍റെ പുറകുവശത്ത് മദ്ധ്യത്തിൽ ദേശബന്ധുവിന്റെ ശിരസ്സിനു ചുറ്റുമായി "ദേശബന്ധു ചിത്തരഞ്ജൻ ദാസ്" എന്ന് ഹിന്ദി, ഇംഗ്ലീഷ് അക്ഷരങ്ങളിൽ മുദ്രിതമായിരിക്കുന്നു. 1870 -1925 എന്ന് അതിന് തുടർച്ചയായും, 1998 എന്ന് താഴെ നടുവിലായും മുദ്രണം ചെയ്തിരിക്കുന്നതും  കാണാനാവും.

സാങ്കേതിക വിവരണം

1, മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2, മൂല്യം - 50 രൂപ, ഭാരം - 30 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍,  ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
3, മൂല്യം - 10 രൂപ, ഭാരം - 12.5  ഗ്രാം, വ്യാസം - 31മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25% .
4, മൂല്യം - 2 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 26 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%









No comments:

Post a Comment