ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 38 |
മഹാവീര്‍ ജയന്തി / മഹാവീര്‍ ജന്മകല്യാണക്
ജൈനമത വിശ്വാസധാരയിലെ 24ാ മത്തെ തീർത്ഥങ്കരനായിരുന്നു കേവല എന്നു കൂടി അറിയപ്പെടുന്ന വർദ്ധമാന മഹാവീർ. 23ാം തീർത്ഥങ്കരൻ പാർശ്വനാഥന്റെ പിൻഗാമിയായി വന്ന ഇദ്ദേഹം ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടിൽ ബിഹാറിൽ വൈശാലിയിലെ ഇക്ഷ്വാകു രാജപരമ്പരയിൽപ്പെട്ട ഒരു ക്ഷത്രിയ കുടുംബത്തിലാണ് പിറന്നത്. പിതാവ് സിദ്ധാർത്ഥ രാജാവും മാതാവ് ത്രിശലയും പാർശ്വനാഥന്റെ ഭക്തരായിരുന്നു. ജൈന ഗ്രന്ഥമായ ഉത്തര പുരാണ പ്രകാരം പാർശ്വനാഥന്റെ നിർവ്വാണത്തിനും 188 വർഷങ്ങൾക്കു ശേഷമാണ് മഹാവീറിന്റെ ജനനം. വർദ്ധമാൻ, വീർ, അതിവീർ, മഹാവീർ, സന്മതി എന്നിങ്ങനെ അഞ്ചു പേരുകളിൽ ഇദ്ദേഹത്തെ അതിൽ പരാമർശിക്കുന്നുണ്ട്.
മഹാവീർ ബാല്യത്തിൽ തന്നെ ലൗകിക സുഖങ്ങളോട് വിപ്രതിപത്തി കാണിച്ചിരുന്നു. ദിഗംബര പാരമ്പര്യ വിശ്വാസമനുസരിച്ച് ഇദ്ദേഹം നിത്യ ബ്രഹ്മചാരിയാണെന്നും, ശ്വേതാംബര വിശ്വാസമനുസരിച്ച് അദ്ദേഹം യശോദ എന്ന കന്യകയെ വിവാഹം ചെയ്തുവെന്നും അതിൽ പിറന്ന പ്രിയദർശന എന്ന പുത്രിയെ ജമാലി രാജകുമാരൻ പരിണയിച്ചുവെന്നും രണ്ട് വ്യത്യസ്ത ജീവചരിത ചിന്താഗതികളുണ്ട്.
ഏകദേശം 30 നടുത്ത് പ്രായമുള്ളപ്പോൾ ഇദ്ദേഹം രാജകീയ ജീവിതം ഉപേക്ഷിച്ച് ആത്മീയ സൗഖ്യം തേടിയുള്ള പാതയിൽ യാത്രയാരംഭിച്ചു. 12 വർഷത്തെ കഠിന തപസ്സിനൊടുവിൽ കേവലജ്ഞാനം സിദ്ധിച്ച മഹാവീർ "സമവശരൺ" കേന്ദ്രമാക്കി തന്റെ വെളിപാടുകൾ ശിഷ്യരെ അഭ്യസിപ്പിച്ചു. അദ്ദേഹത്തിന്‍റെ അനുയായികളായവരിൽ അന്നത്തെ പ്രമുഖ രാജാവ് ബിംബിസാരനും ഉൾപ്പെടുന്നു. "പാവാപുരി"യിൽ വച്ച് 72ാം വയസ്സിൽ അദ്ദേഹം നിർവ്വാണം പ്രാപിച്ചു.
ജൈനമത വിശ്വാസികൾ മഹാവീറിന്റെ ജന്മദിനം "മഹാവീർ ജയന്തി" അഥവാ “മഹാവീർ ജന്മകല്യാണക്'' ആയും, മോക്ഷദിനം "ദീപാവലി" ആയും ആഘോഷിക്കുന്നു.
ജൈന വിശ്വാസമനുസരിച്ച് ക്രിസ്തുവിന് മുമ്പ് 599 മുതൽ 527 വരെയായിരുന്നു മഹാവീറിന്റെ ജീവിതകാലഘട്ടം. ശ്വേതാംബര വിഭാഗത്തിന്റെ വിശ്വാസം 527 ൽ അദ്ദേഹത്തിന്‍റെ നിർവ്വാണം സംഭവിച്ചുവെന്നാണ്. ദിഗംബരരാകട്ടെ അത് 468 ല്‍ സംഭവിച്ചുവെന്നാണ് വാദിക്കുന്നത്. ബുദ്ധമത ഗ്രന്ഥങ്ങൾ മഹാവീറിനെ ശ്രീബുദ്ധന്റെ സമകാലികനായി പ്രസ്താവിച്ചിട്ടുണ്ട്. ശ്രീബുദ്ധന് കുറച്ചു കാലം മുൻപായിരുന്നു മഹാവീർ നിർവാണം പ്രാപിച്ചതെന്നാണ് വിശ്വാസം.
അഹിംസ, സത്യം, അചൗര്യത (മോഷണം ചെയ്യായ്ക), ബ്രഹ്മചര്യം, അപരിഗ്രഹ (ലൗകിക വിരക്തി) എന്നീ പഞ്ചവ്രതങ്ങൾ ആണ് മഹാവീർ മുന്നോട്ടു വച്ചത്. അദ്ദേഹത്തിന്‍റെ വചനങ്ങൾ "ആഗമ" എന്ന പേരിൽ വാമൊഴിയായി തലമുറകൾ കൈമാറി വന്നു. ഇടക്കെവിടെയോ വച്ച് ഇവയുടെ നല്ലൊരു പങ്കും നഷ്ടമായി. അവശേഷിക്കുന്ന കുറച്ച് ആഗമങ്ങളുടെ ആധികാരികതയെക്കുറിച്ച് ദിഗംബര ശ്വേതാംബര വിഭാഗങ്ങൾക്കിടയിൽ തർക്കങ്ങൾ മാത്രമേ നിലവിലുള്ളു താനും.
വൈശാലിയിലെ ഇക്ഷ്വാകു വംശസ്ഥാപകനായ ഇക്ഷ്വാകു എന്ന ഋഷഭനാഥൻ ആണ് ജൈനമത തത്വങ്ങളുടെ ആദ്യ വിത്തുകൾ പാകിയ പ്രഥമ തീർത്ഥങ്കരൻ. ഇരുപത്തി മൂന്നാം തീർത്ഥങ്കരനായ പാർശ്വനാഥനും അവസാന തീർത്ഥങ്കരൻ മഹാവീറും ജൈന ചരിത്രത്തിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്നവരാണ്.
2600ാം "ജന്മകല്യാണക്" 2001ലായിരുന്നു. ആ വർഷം ഭാരതം 100 രൂപയുടെയും 5 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കി.
നാണയ വിവരണം
നാണയത്തിന്‍റെ പുറകു വശത്ത് നടുവിലായി ജൈനമത ചിഹ്നം മുദ്രണം ചെയ്തിരിക്കുന്നു. അതിൽ ഏറ്റവും താഴെയായി "പരസ്പരോപഗ്രഹോ ജീവനാം" (എല്ലാ ജീവജാലങ്ങളും പരസ്പരം ഉപകാരികളായിരിക്കുക) എന്ന ആപ്ത വാക്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇടതു വശത്ത് "ഭഗവാൻ മഹാവീർ : 2600 വാം ജന്മകല്യാണക് " എന്ന് ഹിന്ദിയിലും വലതു വശത്ത് "ഭഗവാൻ മഹാവീർ : 2600ത് ജന്മകല്യാണക്" എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കുന്നു. ഏറ്റവും താഴെ "2001" എന്നും മിന്റ് മാർക്കും കാണാം.
സാങ്കേതിക വിവരണം
1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 5 രൂപ, ഭാരം - 9 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
അനുബന്ധം
ജൈനമത ചിഹ്നം
ചിഹ്നത്തിന്റെ പാർശ്വ രേഖ പ്രപഞ്ചത്തെ സൂചിപ്പിക്കുന്നു. അതിനെ മൂന്നു ഭാഗമായി കരുതി താഴത്തെ ഭാഗം നരകമായും നടുവിലെ ഭാഗം മനുഷ്യലോകമായും മുകളിലെ ഭാഗം ദേവലോകമായും സങ്കല്പിച്ചിരിക്കുന്നു. കരത്തിലെ ചക്രത്തിനുള്ളിൽ "അഹിംസ"എന്ന് എഴുതിയിരിക്കുന്നു. ഉയർത്തിപ്പിടിച്ച കരം "നിൽക്കൂ, വീണ്ടും ചിന്തിക്കൂ" എന്നതിന്റെ സൂചനയാണ്. ഈ മുന്നറിയിപ്പുകൾ അവഗണിച്ചാൽ ജനിമൃതികളുടെ ചക്രത്തിൽ ചുറ്റിക്കൊണ്ടിരിക്കും എന്നാണ് ഇതെല്ലാംകൂടി നൽകുന്ന സന്ദേശം.
സ്വസ്തികയുടെ നാല് കരങ്ങൾ പുനർജ്ജനിയുടെ നാല് ഗണങ്ങളെ (ദേവഗണം, മനുഷ്യഗണം, പക്ഷികള്‍ മൃഗങ്ങള്‍ സസ്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന വന്യഗണം, അസുരഗണം) പ്രതിനിധാനം ചെയ്യുന്നതിനൊപ്പം ജൈനസംഘത്തിന്റെ നാലു ഘടകങ്ങളെയും (സാധുക്കൾ, സാധ്വികൾ, പുരുഷ - വനിതാ അനുയായികൾ എന്നർത്ഥം വരുന്ന ശ്രാവക് - ശ്രാവികമാർ) സൂചിപ്പിക്കുന്നു.
നല്ല അനുയായി ആയി ജീവിച്ച് ക്രമേണ സന്യാസത്തിന്റെ വിരക്തഭാവത്തിലേക്ക് പ്രവേശിക്കലാണ് മുക്തിയുടെ മാർഗ്ഗം എന്നും ഇതിനെ വിവക്ഷിക്കാം.
സ്വസ്തികയ്ക്കു മുകളിൽ കാണുന്ന മൂന്നു ബിന്ദുക്കൾ "ശരിയായ അറിവ്, ശരിയായ വിശ്വാസം, ശരിയായ പ്രവൃത്തി" എന്നിവയുടെ പ്രതീകമാണ്. ബിന്ദുക്കൾക്ക് മുകളിലായുള്ള വളഞ്ഞ രേഖ സിദ്ധശിലയുടെയും അതിന് മുകളിലെ ബിന്ദു സിദ്ധന്റെയും പ്രതീകമാണ്.