03/05/2021

സ്മാരക നാണയങ്ങൾ (34) - B H E L (ഭെല്‍) സുവര്‍ണ ജൂബിലി

                                 

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
34

B H E L (ഭെല്‍) സുവര്‍ണ ജൂബിലി


ഭാരതത്തിൽ ഊർജ്ജ മേഖലയിലെ ഏറ്റവും വലിയ ഉപകരണ നിർമാതാക്കളാണ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ഹെവി ഇലക്ട്രിക്കൽസ് (BHEL).

സ്വാതന്ത്ര്യാനന്തരം ഭാരതത്തിന്റെ സമഗ്രമായ പുരോഗതിക്ക് വ്യവസായങ്ങൾ വികസിക്കണമെന്നും അതിന് ഊർജ്ജം അനിവാര്യമാണെന്നും സർക്കാർ മനസ്സിലാക്കിയിരുന്നു. വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് വേണ്ട ഉപകരണങ്ങളും അവ നിർമ്മിക്കാന്‍ ആവശ്യമായ യന്ത്രങ്ങളും ഇവിടെത്തന്നെ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യാത്ത പക്ഷം ഊർജ്ജോൽപാദനം മന്ദീഭവിക്കുമെന്നും അവർ തിരിച്ചറിഞ്ഞു.

അങ്ങനെ ജലവൈദ്യുത പദ്ധതികളും മറ്റും നിർമ്മിച്ചതിനൊപ്പം തന്നെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വൻ യന്ത്രോപകരണങ്ങൾ നിർമ്മിക്കാനും അവ പ്രവർത്തന കേന്ദ്രങ്ങളിലേക്ക് വഹിച്ചു കൊണ്ടു പോകുവാനും വേണ്ടിയുള്ള പദ്ധതികളും രൂപം കൊണ്ടു. 

ഇതോടൊപ്പം റയിൽവേ വികസനത്തിന് വേണ്ട യന്ത്രസാമഗ്രികളും വൈദ്യുത പ്രസരണത്തിനു വേണ്ട ഉപകരണങ്ങളും നിർമ്മിക്കേണ്ടതിന്റെയും കൂടി ആവശ്യകത ബോദ്ധ്യമായതോടെ വൻകിട വൈദ്യുത യന്ത്രോപകരണ നിർമ്മാണത്തിനു വേണ്ടി "ഹെവി ഇലക്ട്രിക്കൽസ് ഇന്ത്യ(ലിമിറ്റഡ്)" - HEI(L) എന്ന പേരിൽ ഭോപ്പാലിൽ ഒരു ഫാക്ടറി സ്ഥാപിക്കാന്‍ ബ്രിട്ടനിലെ  "അസോസിയേറ്റഡ് ഇലക്ട്രിക്കൽ കമ്പനി" എന്ന സ്ഥാപനവുമായി ഭാരത സർക്കാർ 1955 ൽ  ഒരു കരാറുണ്ടാക്കി. 1956 ൽ വാണിജ്യ - വ്യവസായ വകുപ്പിന് കീഴിൽ ഈ സ്ഥാപനം രജിസ്റ്റർ ചെയ്തു.

വൈദ്യുത ജനറേറ്ററുകൾ, അതിശക്തമായ പമ്പുകൾ, കംപ്രസ്സറുകൾ, ബോയ്ലറുകൾ, ആവിയിൽ നിന്നും ജലപാതത്തിൽ നിന്നും വൈദ്യുതി നിർമ്മിക്കാൻ വേണ്ട മറ്റു ഉപകരണങ്ങൾ എന്നിങ്ങനെ വലിയൊരു ശ്രേണിയിൽ വിവിധ ഉപയോഗത്തിനുള്ള വൻകിട യന്ത്രങ്ങളുടെയും ബൃഹത്തായ ഉപകരണങ്ങളുടെയും നിർമ്മാണത്തിന് വിവിധങ്ങളായ സൗകര്യങ്ങൾ ഒരുക്കിയ നിരവധി പ്ലാന്റുകൾ വേണ്ടി വരും എന്ന് കണ്ടതിനാൽ അന്നത്തെ ചെക്കോസ്ലോവാക്യൻ സർക്കാരിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, തെലങ്കാനയിലെ ഹൈദരാബാദ് എന്നിവിടങ്ങളിലും, റഷ്യൻ സഹായത്തോടെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഫാക്ടറികൾ ആരംഭിച്ചു.

തിരുച്ചിറപള്ളിയിൽ അതിമർദ ബോയ്ലറുകളും, ഹൈദരാബാദിൽ ആവിയിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള ജനറേറ്റർ, അതിമർദ പമ്പുകൾ, കംപ്രസ്സറുകൾ എന്നിവയും, ഹരിദ്വാറിൽ ജലവൈദ്യുത ജനറേറ്ററുകൾ തുടങ്ങിയവയും നിർമ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത്.

1964 വരെ ഭോപ്പാൽ കേന്ദ്രമാക്കിക്കൊണ്ട് ഇവയുടെ ഏകീകരണം നടന്നു. ഭോപ്പാലിൽ മറ്റൊരു ജലവൈദ്യുത ജനറേറ്റർ പ്ലാന്റും പ്രവർത്തിച്ചിരുന്നു. ഒരേ യന്ത്രോപകരണങ്ങൾ  തന്നെ വിവിധ കേന്ദ്രങ്ങളിൽ ഉൽപാദിപ്പിക്കുന്നത് വ്യാവസായികമായി നഷ്ടമാണെന്നുള്ളതിനാൽ പരസ്പര പൂരകമായി ഏകോപനം നടത്തി ഉൽപാദന ക്ഷമത പരമാവധി ഉയർത്താൻ വേണ്ടി "ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്" എന്ന ഒരു സ്ഥാപനം രൂപീകരിച്ചു. 1974 ൽ HEI (L) നെക്കൂടി ഇതിൽ ലയിപ്പിക്കുകയും ചെയ്തു.

2014 ല്‍, ബി.എച്ച്.ഇ.എൽ. സുവർണ്ണ ജൂബിലി ആഘോഷിച്ച വേളയിൽ ഭാരത സർക്കാർ, 50 രൂപ, 5 രൂപ മൂല്യങ്ങളില്‍ സ്മാരക നാണയങ്ങള്‍ നിർമ്മിക്കുകയുണ്ടായി.

നാണയം വിവരണം

നണയത്തിന്റെ‍  പിൻവശത്ത്  നടുവിൽ ഇടത്തായി  BHEL ന്റെ ഔദ്യോകിക ചിഹ്നത്തിന് താഴെ “മഹാരത്ന കമ്പനി” എന്നും വലത്തായി "ഗോൾഡൻ ജൂബിലി 50 ഇയേഴ്സ്” എന്നും കാണുന്നു.
50 എന്നതിലെ "0" രൂപകല്പന ചെയ്തിരിക്കുന്നത് കൊണാര്‍ക്കിലെ സൂര്യരഥത്തിന്റെ ചക്രത്തെയും ഒരു യന്ത്രത്തിലെ ചക്രത്തെയും ഒരേ സമയം അനുസ്മരിപ്പിക്കുന്ന വിധം ആണ്.  ഇതിനു താഴെ "1964 - 2014", മിന്റ് മാർക്ക് എന്നിവയുണ്ട്. അരികിലായി മുകളിൽ "അഭിയാന്ത്രികി ഉത്ക്കൃഷ്ടതാ കേ 50 വർഷ് " എന്ന് ഹിന്ദിയിലും താഴെ "50 ഇയേഴ്സ് ഓഫ് എൻജിനീയറിങ് എക്സലൻസ് " എന്ന് ഇംഗ്ലീഷിലും ആലേഖനം ചെയ്തിരിക്കുന്നു.

സാങ്കേതിക വിവരണം

1 മൂല്യം - 50 രൂപ, ഭാരം - 22.5 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%. 
2 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നാകം - 20%, നിക്കൽ - 5%.







No comments:

Post a Comment