ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 37 |
രാജീവ് ഗാന്ധി
ഇന്ത്യയുടെ ആറാമത് പ്രധാനമന്ത്രിയായിരുന്ന രാജീവ് രത്ന ഗാന്ധി 1944 ഓഗസ്റ്റ് 20 നായിരുന്നു ഇന്ദിരാ പ്രിയദർശിനിയുടെയും ഫിറോസ് ഗാന്ധിയുടെയും മകനായി ജനിച്ചത്. 1984 ഒക്ടോബർ 31 ന് സ്വമാതാവ് പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആകസ്മിക മരണ ശേഷം അവിചാരിതമായി ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്ന നാല്പതുകാരനായ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി.
ഇന്ദിരാ പ്രിയദർശിനിയുടെയും ഫിറോസ് ഗാന്ധിയുടെയും സീമന്ത പുത്രനായിരുന്ന രാജീവ് ഗാന്ധി, രാഷ്ട്രീയത്തോട് പൊതുവെ വിമുഖനായിരുന്നു. മുത്തച്ഛൻ ജവാഹർലാൽ നെഹ്റുവിന്റെയും മാതാവിന്റെയും രാഷ്ട്രീയ ജീവിതം കണ്ടും മുതുമുത്തച്ഛൻ മോത്തിലാൽ നെഹ്രുവിന്റെ ജീവചരിത്രം കേട്ടും വളർന്നിട്ടും ഒരു പൈലറ്റിന്റെ ജീവിതമായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്. തന്റെ സഹോദരൻ സഞ്ജയ് ഗാന്ധിയുടെ മരണശേഷം മാതൃനിർദ്ദേശം അവഗണിക്കാൻ കഴിയാതെ 1980 കഴിഞ്ഞതോടെ അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങി.
എന്നാൽ 1984 ലെ ഇന്ദിരാ വധത്തെ തുടർന്ന് പ്രധാനമന്ത്രിയായി പാർട്ടി അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുകയായിരുന്നു.
1984 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 582 ൽ 411 സ്ഥാനങ്ങൾ നേടി ചരിത്ര വിജയം സ്വന്തമാക്കിയ കോൺഗ്രസ്സ് പാർട്ടിയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ അദ്ദേഹം പരിചയക്കുറവിന്റെ പരാധീനതകളെ വളരെ വേഗം കീഴടക്കുന്നതാണ് രാജ്യം കണ്ടത്. ധാരാളം വിവാദങ്ങളും ഇക്കാലത്ത് ഇദ്ദേഹത്തെ തേടിയെത്തി. ബൊഫോഴ്സ് വിവാദം, ഭോപ്പാൽ ദുരന്തം, ഷാബാനു ബീഗം കേസിൽ കൈക്കൊണ്ട ദുർബലമെന്ന് പഴി കേട്ട നിയമ ഭേദഗതി എന്നിവ മുഖച്ഛായയുടെ നിറം കെടുത്തിയെങ്കിലും ഇലക്ട്രോണിക് വിപ്ലവവും (പ്രത്യേകിച്ച് മൊബൈൽ ഫോണിന്റെ പ്രചാരം), ജവഹർ നവോദയ വിദ്യാലയങ്ങൾ പോലെയുള്ള വിദ്യാഭ്യാസ പരിഷ്കരണങ്ങൾ, ശാസ്ത്ര സാങ്കേതിക രംഗത്തെ പരിഷ്കാരങ്ങൾ തുടങ്ങിയവയും, മാലദ്വീപിലെ പട്ടാള വിപ്ലവം അമർച്ച ചെയ്യാൻ സഹായ ഹസ്തം നീട്ടിയതും ശ്രീലങ്കയിൽ സമാധാന സേനയെ അയച്ചതും, കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നതും മറ്റും തൊപ്പിയിലെ തൂവലുകളായി. പക്ഷെ ഇതിന്റെയെല്ലാം ആകെത്തുക 1989 ലെ പൊതുതെരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ പരാജയമായിരുന്നു.
എങ്കിലും 1991 ലെ അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ പ്രസിഡന്റെന്ന നിലയിൽ നയിക്കാനുള്ള നിയോഗവും രാജീവ് ഗാന്ധിയിൽ വന്നു ചേർന്നു. ആ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ തമിഴ് പുലികൾ എന്ന് അറിയപ്പെട്ടിരുന്ന ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന ഭീകര സംഘടനയുടെ ചാവേർ ആക്രമണത്തിൽ 1991 മെയ് 21 ന് അദ്ദേഹം കൊല്ലപ്പെട്ടു.
1993 ൽ ഭാരതം രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം ഒരു രൂപയുടെ നാണയം പുറത്തിറക്കി.
നാണയ വിവരണം
നാണയത്തിന്‍റെ പുറകു വശത്തായി ഇടത്തേക്ക് നോക്കിയിരിക്കുന്ന രാജീവ് ഗാന്ധിയുടെ ചിത്രവും താഴെ "1944 -1991" എന്ന എഴുത്തും കാണാം. ചിത്രത്തിന് ഇടത് വശത്ത് ഹിന്ദിയിലും വലത് വശത്ത് ഇംഗ്ലീഷിലും "രാജീവ് ഗാന്ധി" എന്ന് ആലേഖനം ചെയ്തിരിക്കുന്നു.
സാങ്കേതിക വിവരണം
മൂല്യം - 1 രൂപ, ഭാരം - 6 ഗ്രാം. വ്യാസം - 26 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%
No comments:
Post a Comment