ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 47 |
ജനറൽ ആംഗ് സാൻ
മ്യാൻമറിലെ സ്വാതന്ത്ര്യ സമര പോരാളിയും "കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബർമ്മ "-യുടെ സ്ഥാപകനുമായിരുന്നു ബർമ്മയുടെ രാഷ്ട്ര പിതാവായി കണക്കാക്കപ്പെടുന്ന ജനറൽ ആംഗ് സാൻ( ഓങ് സാൻ). അദ്ദേഹം ബാമോയുടെ പാവഗവണ്മെന്റിൽ രാജ്യരക്ഷാ വകുപ്പു മന്ത്രി(1943-45)യായി സേവനം അനുഷ്ഠിച്ചു. ബർമീസ് സൈന്യത്തോടുള്ള ജപ്പാൻകാരുടെ പെരുമാറ്റത്തിൽ അമർഷം തോന്നിയതിനാൽ ഇദ്ദേഹം കൂറുമാറുകയും ബർമാ ദേശീയ സൈന്യം രൂപവത്കരിക്കുകയും ചെയ്തു. 1947 ജൂലൈ 19-ന് അദ്ദേഹം വധിക്കപ്പെട്ടു.പട്ടാള ഭരണകൂടത്തോട് പതിറ്റാണ്ടുകളായി ഏറ്റുമുട്ടുകയും 2012ൽപ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഓങ് സാൻ സൂ ചി , ജനറൽ ഓങ് സാൻ-ന്റെ പുത്രിയാണ്.
1915 ഫെബ്രുവരി 13-ന് മധ്യബർമയിൽ മഗ്വെ ജില്ലയിലെ നച്ചമോക്കിൽ ജനിച്ചു. റംഗൂൺ സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ സെക്രട്ടറി എന്ന നിലയിൽ 1936 ഫെബ്രുവരി-ൽ വിദ്യാർഥിസമരം നയിച്ചു. 1938-ൽ ബിരുദം നേടിയശേഷം ഇദ്ദേഹം ഒരു വിപ്ലവസംഘടനയുടെ പ്രവർത്തകനായി; 1939-ൽ അതിന്റെ സെക്രട്ടറി ജനറലുമായി. 1940-41 കാലത്ത് ഇദ്ദേഹം രഹസ്യമായി ജപ്പാനിലെത്തി സൈനിക പരിശീലനം നേടി. തിരിച്ചു നാട്ടിലെത്തിയപ്പോൾ ആംഗ് സാൻ ബർമീസ് സ്വാതന്ത്യ്രസേനയുടെ സൈന്യാധിപനായി. ഈ സൈന്യം രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ സൈന്യത്തെ സഹായിച്ചു. ജപ്പാൻകാരെ ചെറുക്കാൻ 1944-ൽ ഫാസിസ്റ്റ് വിരുദ്ധസംഘടന സ്ഥാപിക്കുകയും 1945 -ൽ സഖ്യകക്ഷികൾക്കനുകൂലമായി ജപ്പാനെതിരെ യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അതിനുശേഷം ഇദ്ദേഹം ദേശീയ സ്വാതന്ത്ര്യം നേടാനായി ഫാസിസ്റ്റ് വിരുദ്ധ ജനകീയ സ്വാതന്ത്ര്യലീഗും ജനകീയ സന്നദ്ധസംഘടനയും സ്ഥാപിച്ചു. 1946 സെപ്റ്റംബർ 26-ന് ഇദ്ദേഹം ഗവർണറുടെ കൗൺസിലിലെ ഡെപ്യൂട്ടി ചെയർമാനായി. ലണ്ടൻ സന്ദർശിച്ചശേഷം ഉണ്ടാക്കിയ 'ആറ്റ്ലി-ആംഗ് സാൻ കരാറി'ൽ ഇദ്ദേഹം ഒപ്പുവച്ചു. ഒരു വർഷത്തിനുള്ളിൽ ബർമയ്ക്ക് സ്വാതന്ത്ര്യം നല്കുമെന്നതായിരുന്നു ഈ കരാറിലെ മുഖ്യ വ്യവസ്ഥ. 1947 ഏപ്രിൽ-ൽ ഭരണഘടനാനിർമ്മാണസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ആംഗ് സാന്റെ കക്ഷി 202 സ്ഥാനങ്ങളിൽ 196-ഉം കരസ്ഥമാക്കി. എക്സിക്യൂട്ടിവ് കൌൺസിൽ സമ്മേളിച്ചുകൊണ്ടിരിക്കവേ, 1947 ജൂലൈ 19-ന് ഒരു സായുധസംഘം അവിടേക്ക് പ്രവേശിക്കയും, ആംഗ് സാനെയും അദ്ദേഹത്തിന്റെ ആറു സഹപ്രവർത്തകരെയും വധിക്കുകയും ചെയ്തു.
മ്യാൻമാർ 2020ൽ പുറത്തിറക്കിയ 1000 ക്യാറ്റ് കറൻസി നോട്ട്.
മുൻവശം (Obverse): മ്യാൻമാർ രാഷ്ട്രപിതാവ് ജനറൽ ആംഗ് സാൻ്റെ ഛായാചിത്രം.
പിൻവശം (Reverse): മ്യാൻമാറിൻ്റെ പുതിയ തലസ്ഥാനമായ നേപ്യി ഡോയിലെ പാർലമെൻ്റ് മന്ദിരത്തിൻ്റെ ചിത്രം.
No comments:
Post a Comment