09/05/2021

സ്മാരക നാണയങ്ങൾ (35) - സ്വാമി ചിന്മയാനന്ദന്‍ - ജന്മശാതാബ്ദി

                                  

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
35

സ്വാമി ചിന്മയാനന്ദന്‍ - ജന്മശാതാബ്ദി


1916 മേയ് 8 ന് എറണാകുളത്ത് വടക്കേ കുറുപ്പത്ത് കുട്ടന്‍ മേനോന്‍റെയും പൂത്തമ്പള്ളി പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ച ബാലകൃഷ്ണ മേനോൻ, ശൈശവത്തില്‍  ബാലൻ എന്ന പേരില്‍ അറിയപ്പെട്ടു.

ആംഗലേയ സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം സ്വാതന്ത്ര്യ സമര ഭടനായി ജയിൽ വാസം കഴിഞ്ഞിറങ്ങിയ ബാലൻ അനിതര സാധാരണമായി ആദ്ധ്യാത്മിക മാർഗ്ഗത്തിലേക്ക് തിരിഞ്ഞു.

മഹാരാജാസ് കോളജിൽ നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദം നേടിയ ശേഷം ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തിനായി 1940 ൽ ലഖ്നൗ യൂണിവേഴ്സിറ്റിയിൽ ചേർന്ന അദ്ദേഹം "നാഷണൽ ഹെറാൾഡ് " പത്രത്തിന് വേണ്ടിയും പ്രവർത്തിച്ചു വന്നു.

ദാരിദ്ര്യവും സോഷ്യലിസവും വിഷയമാക്കി ലേഖനങ്ങൾ രചിച്ച അദ്ദേഹം ഭാരതത്തിലെ സ്വാതന്ത്ര്യ സമരത്തെ അനുകൂലിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് ഇന്ത്യ അധികാരികളുടെ കണ്ണിലെ കരടായി മാറി. അറസ്റ്റ് വാറന്റിൽ നിന്ന് രക്ഷ തേടി അബാട്ടാബാദ്, ദില്ലി തുടങ്ങി പലയിടത്തും അദ്ദേഹം സഞ്ചരിച്ചു. അവിടെയും സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചു കൊണ്ട് ലഘുലേഖകൾ വിതരണം നടത്തിയതിന്  വീണ്ടും അറസ്റ്റ് വാറണ്ട് തേടിയെത്തി, അറസ്റ്റിലാവുകയും ചെയ്തു.

ജയിലിൽ രോഗബാധിതനായ അദ്ദേഹത്തെയും മറ്റു ചിലരെയും അധികാരികൾ രാത്രിയുടെ മറവിൽ വഴിയിൽ കൊണ്ടു പോയി ഉപേക്ഷിച്ചു. ഒരു ക്രൈസ്തവ വനിത ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.

സന്യാസിമാരുടെ കാപട്യങ്ങൾ തുറന്നു കാട്ടാൻ നാഷണൽ ഹെറാൾഡിനു വേണ്ടി താൻ എഴുതിയ ലേഖനത്തിനു വേണ്ട തെളിവുകൾക്കായി സ്വാമി ശിവാനന്ദയുടെ "ഡിവൈൻ ലൈഫ് സൊസൈറ്റി" യിലെത്തിയ അദ്ദേഹത്തിന് അവിടത്തെ ചുരുങ്ങിയ ദിവസങ്ങളിലെ അനുഭവങ്ങൾ ഒരു ത്യാഗിയായ സന്യാസിയായി മാറാൻ കളമൊരുക്കി.

ആദ്ധ്യാത്മികതയുടെ ഉള്ളറിയാനുള്ള ആ യാത്രയിൽ 1949 ലെ  ശിവരാത്രിനളില്‍ (25/02/1949) സ്വാമി ചിന്മയാനന്ദ സരസ്വതി  എന്ന പേരിൽ ശിവാനന്ദ സ്വാമികളുടെ ശിഷ്യനായിത്തീർന്നു അദ്ദേഹം. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലൂടെ ഹൈന്ദവ വിശ്വാസങ്ങളുടെ ഉള്ളറകൾ കണ്ടറിഞ്ഞ അദ്ദേഹം  ഭഗവദ്ഗീതയുടെയും ഉപനിഷത്തുകളുടെയും  വ്യാഖ്യാനങ്ങളുൾപ്പെടെ തൊണ്ണൂറ്റിയഞ്ചോളം കൃതികളുടെ കർത്താവാണ്.

1953 ൽ അദ്വൈത വേദാന്ത പ്രചരണാർത്ഥം അദ്ദേഹം ചിന്മയാനന്ദ മിഷൻ സ്ഥാപിച്ചു. താൻ സംസാരിക്കുന്നത് മുഴുവന്‍ മാനവരാശിക്കു വേണ്ടിയാണെന്നും എല്ലാ മതങ്ങളിലും മനുഷ്യൻ എന്നതിന് ഒരേ അർത്ഥമാണെന്നും അദ്ദേഹം സമർത്ഥിച്ചു. സരസ വാചാലവും ഒപ്പം തെളിഞ്ഞതും ആഴത്തിലുള്ളതും ആയ അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങൾ അതീവ ഹൃദ്യമായിരുന്നു.

1993 ആഗസ്റ്റ് 3 ന്,  കാലിഫോര്‍ണിയയിലെ സാന്‍റിയാഗോയില്‍ വച്ച് അദ്ദേഹം സമാധിയായി. ഭൗതീക ശരീരം ഹരിദ്വാറില്‍ ഗംഗ തീരത്ത് സംസ്കാരിച്ചു.

അദ്ദേഹത്തിന്‍റെ ജന്മശാതാബ്ദി വര്‍ഷമായ   2015 ല്‍ ഭാരത സര്‍ക്കാര്‍ 100 രൂപ, 10 രൂപ മുഖവിലയുള്ള  അദ്ദേഹത്തിന്റെ സ്മാരകനാണയങ്ങള്‍ പുറത്തിറക്കി.

നാണയ വിവരണം

ഈ നാണയങ്ങളുടെ പിൻവശത്ത് നടുവിൽ സ്വാമി ചിന്മയാനന്ദന്‍റെ  ചിത്രമാണ് മുദ്രണം ചെയ്തിരിക്കുന്നത്. മുകളിലായി ഹിന്ദിയിൽ "സ്വാമി ചിന്മയാനന്ദ് കീ ജന്മശതി", താഴെ ഇംഗ്ലീഷിൽ "ബർത്ത് സെന്റനറി ഓഫ് സ്വാമി ചിന്മയാനന്ദ"എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് എഴുത്തിന് മുകളിൽ നടുവിലായി "2015" എന്നും മിന്റ് മാർക്കും കാണാം.

സാങ്കേതിക വിവരണം

1 മൂല്യം - 100 രൂപ, ഭാരം 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200.
2 മൂല്യം - 10 രൂപ, ഭാരം - 7.71 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - Bimetal  Outer: ചെമ്പ് - 92%, അലൂമിനിയം - 6%, നിക്കൽ - 2%. Inner: ചെമ്പ് - 75%, നിക്കൽ - 25%.












No comments:

Post a Comment