31/07/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (93) - ഇന്ത്യൻ കാർഷിക മേഖലയുടെ ആഗോളവത്ക്കരണം/കാർഷിക വിളകളുടെ പ്രദർശനം 1995

                                

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
93

ഇന്ത്യൻ കാർഷിക മേഖലയുടെ ആഗോളവത്ക്കരണം/കാർഷിക വിളകളുടെ പ്രദർശനം  1995 

ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 1995, മാർച്ച് മാസം 3 മുതൽ 13 ആം തിയ്യതി വരെ ന്യൂഡൽഹിയിൽ വെച്ച് "Agri-Expo" എന്ന പേരിൽ ഒരു  പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി.

ഈ അവസരത്തിൽ ഇന്ത്യ രണ്ട് രൂപ മൂല്യമുള്ള സ്മരണിക നാണയങ്ങൾ പുറത്തിറക്കിയിരുന്നു. ഈ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.



30/07/2021

തീപ്പെട്ടി ശേഖരണം- ഹനുമാൻ

                              

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
132

ഹനുമാൻ

ഹനുമാൻ അല്ലെങ്കിൽ  ആഞ്ജനേയൻ, രാമായണത്തിലെ പ്രധാന കഥാപാത്രമായ ഒരു വാനരൻ ആണ് ഹനുമാൻ.  ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ)  ഒരാളുമാണ് ഹനുമാൻ.         പരമശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു.

രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യ ആയ  സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ  ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ  ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ  മരുത്വാമല വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ബുദ്ധിശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.

തിരുവനന്തപുരത്തെ പാളയം OTC ഹനുമാൻ ക്ഷേത്രം, മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, പാലക്കാട്‌ കോട്ട ഹനുമാൻ ക്ഷേത്രം, എറണാകുളം ശിവക്ഷേത്രത്തിനടുത്തുള്ള ഹനുമാൻ ക്ഷേത്രം, എറണാകുളം  ആലുവയിലുള്ള ദേശം ഹനുമാൻ ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ കവിയൂർ മഹാദേവ-ഹനുമാൻക്ഷേത്രം, കൊല്ലം ബീച്ച്റോഡ് കർപ്പൂരപ്പുരയിടം ദ്രൗപദിയമ്മൻ-ഹനുമാൻ ക്ഷേത്രം, തൃശ്ശൂർ ജില്ലയിലെ നാട്ടികയിലുള്ള ഹനുമാൻസ്വാമിക്ഷേത്രം എന്നിവ കേരളത്തിലെ പ്രധാനപെട്ട ഹനുമാൻ ക്ഷേത്രങ്ങൾ ആണ്.

എന്റെ ശേഖരണത്തിലെ ഹനുമാൻ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.





29/07/2021

കറൻസിയിലെ വ്യക്തികൾ (59) - ചിയാങ് കെയ് - ഷെക്ക്

               

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
59
   
ചിയാങ് കെയ് - ഷെക്ക്

റിപ്പബ്ലിക് ഓഫ് ചൈനയുടെ നായകനും പ്രസിഡൻ്റുമായിരുന്നു ചിയാങ്  കെയ് ഷെക്  (1887, ഒക്ടോബർ 31 –1975, ഏപ്രിൽ 5) ഒരു ചൈനീസ് രാഷ്ട്രീയ നേതാവും, സൈന്യത്തെ നയിച്ചിരുന്ന പ്രമുഖനുമായിരുന്നു.അദ്ദേഹം ചിയാങ് ചങ് ചെങ് എന്നും ചിയാങ് ചി ഷി എന്നും അറിയപ്പെട്ടു. ചിയാങ് അവിടത്തെ ദേശീയ രാഷ്ട്രീയ പാർട്ടിയായിരുന്ന കുമിംഗ്താങിലെ പ്രധാനപ്പെട്ട ഒരു വ്യക്തിയും,സൺ യാറ്റ് സെന്നിന്റെ അടുത്ത കൂട്ടുകാരനുമായിരുന്നു.പിന്നീടദ്ദേഹം കുമിംഗ്താങിന്റെ വാസപുവ പട്ടാളത്തെ നയിക്കുകയും,1926-ന് രാജ്യത്തെ ഒരുമിപ്പിക്കാനായി അദ്ദേഹം നോർത്തേൺ എക്സ്പെ‍ഡിഷൻ എന്ന പട്ടാള കാമ്പെയിൻ നടത്തുകയും, ചൈനയിലെ ചെറിയ നേതാവായി മാറുകയും ചെയ്തു. അദ്ദേഹം 1928 മുതൽ 1948 വരെ റിപ്പബ്ലിക്ക് ഓഫ് ചൈനയിലെ നാഷ്ണൽ മിലിട്ടറി കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിച്ചു.തുടർന്ന് മരണം വരെ തായ് വാൻ്റെ ദേശീയ നേതാവായി പ്രവർത്തിച്ചു.

സെൻട്രൽ ബാങ്ക് ഓഫ് റിപ്പബ്ലിക്ക് ഓഫ് ചൈന 2001 ൽ പുറത്തിറക്കിയ 200 ഡോളർ  തായ്‌വാൻ കറൻസി നോട്ട്. 

മുൻവശം ( Obverse): ചിയാങ് കൈ-ഷെക്കിൻ്റെ ഛായാചിത്രം, പശ്ചാത്തലത്തിൽ പ്രാഥമിക വിദ്യാഭ്യാസം, കൃഷി എന്നിവ കാണിക്കുന്നു. പിൻവശം (Reverse): തായ്‌പേയിലെ ഷോങ്ഷെംഗ് ജില്ലയിലെ പ്രസിഡൻഷ്യൽ ഓഫീസ് കെട്ടിടത്തെ ചിത്രീകരിക്കുന്നു.








27/07/2021

സ്മാരക നാണയങ്ങൾ (46) - അടല്‍ ബിഹാരി വാജ്പേയ്

 

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
46

അടല്‍ ബിഹാരി വാജ്പേയ് 

1924 ലെ ക്രിസ്തുമസ് ദിനത്തിൽ കൃഷ്ണാ ദേവിയുടെയും കൃഷ്ണ ബിഹാരി വാജ്പേയ് യുടെയും മകനായി, മഹാരാഷ്ട്രയിലെ ഗ്വാളിയറിൽ അടൽ ബിഹാരി വാജ്പേയ് ജനിച്ചു.

ആര്യസമാജ് അനുഭാവിയായി രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവർത്തകനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ സാമൂഹ്യ ജീവിതത്തിന്റെ ആരംഭം. 1951 ൽ അദ്ദേഹം ഭാരതീയ ജനസംഘ് അംഗമായി. 1957 ൽ ആദ്യമായി പാർലമെന്റ് അംഗമായ വാജ്പേയിയുടെ വാക്ചാതുരി ജവാഹർലാൽ നെഹ്റുവിനെ വളരെ ആകർഷിച്ചു. ഇദ്ദേഹം ഒരു നാൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്ന് നെഹ്റു പ്രവചിച്ചിരുന്നു  പോൽ.

1968 ല്‍ ഭാരതീയ ജനസംഘിന്റെ ദേശീയ അദ്ധ്യക്ഷനായി വാജ്പേയ് തെരഞ്ഞെടുക്കപ്പെട്ടു.
അടിയന്തരാവസ്ഥക്ക് ശേഷം 1977 ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരമേറിയ ജനതാ പാർട്ടി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു വാജ്പേയ്. ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിൽ ഹിന്ദിയിൽ പ്രസംഗിച്ച ആദ്യ വ്യക്തിയും അദ്ദേഹമായിരുന്നു. 1979 ൽ മൊറാർജി മന്ത്രിസഭയിൽ നിന്നും അദ്ദേഹം രാജി വച്ചു. ആ മന്ത്രിസഭയുടെയും ആത്യന്തികമായി ജനതാ പാർട്ടിയുടെയും തകർച്ചക്ക് അത് വഴിവച്ചു.

1980 ൽ മുൻ ഭാരതീയ  ജനസംഘിന്റെ അംഗങ്ങൾ ചേർന്ന് ഭാരതീയ ജനതാ പാർട്ടിക്കു രൂപം നൽകിയപ്പോൾ അതിന്റെ ആദ്യ അദ്ധ്യക്ഷ പദവി വാജ്പേയിയെ തേടിയെത്തി.
1984 ലെ പൊതു തെരഞ്ഞെടുപ്പിൽ വാജ്പേയ് പരാജിതനായി. എന്നാൽ മദ്ധ്യപ്രദേശിൽ നിന്നും അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1996 ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബി.ജെ.പി. മന്തിസഭ രൂപീകരിച്ചപ്പോൾ  വാജ്പേയ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തതിനാൽ 16ാം നാൾ രാജി വയ്ക്കേണ്ടി വന്നു. തുടർന്ന്  വന്ന അസ്ഥിര സർക്കാരുകൾ നിലംപൊത്തിയതിനെ തുടർന്ന് 1998 ൽ വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സഖ്യം അധികാരമേറ്റപ്പോഴും വാജ്പേയ് പ്രധാനമന്ത്രിയായി. 13 മാസങ്ങൾക്കു ശേഷം എ.ഐ.എ.ഡി.എം.കെ. പിന്തുണ പിൻവലിച്ചപ്പോൾ ആ മന്ത്രിസഭയും തകർന്നു.

1999 ൽ കാർഗിൽ യുദ്ധാനന്തരം നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി. മന്ത്രിസഭ വീണ്ടും വന്നപ്പോൾ മൂന്നാം തവണയും വാജ്പേയി തന്നെ പ്രധാനമന്ത്രിയായി. ഇക്കുറി കാലാവധി പൂർത്തിയാക്കിയെങ്കിലും 2004 ൽ നടന്ന അടുത്ത തെരഞ്ഞെടുപ്പിൽ ഭാഗ്യം അദ്ദേഹത്തെ കൈവിട്ടു. 

2005 ഡിസംബറിൽ അദ്ദേഹം രാഷ്ട്രീയ ജീവിതം ഔദ്യോഗിമായി അവസാനിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങൾ അടിക്കടി അലട്ടിയിരുന്ന അദ്ദേഹം ബംഗളുരുവിൽ വിശ്രമ ജീവിതത്തിനിടെ 2018 ഓഗസ്റ്റ് 16 ന് അന്തരിച്ചു.

ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം 2018 ൽ ഭാരതം 100 രൂപയുടെ സ്മാരകനാണയം പുറത്തിറക്കുകയുണ്ടായി.

നാണയ വിവരണം

നാണയത്തിന്‍റെ പിൻവശത്ത് നടുവിൽ അടൽ ബിഹാരി വാജ്പേയുടെ ചിത്രവും, മുകളിൽ ഇടത് വശത്ത് ഹിന്ദിയിലും വലത് വശത്ത് ഇംഗ്ലീഷിലും "അടൽ ബിഹാരി വാജ്പേയ്" എന്ന് പേരും നൽകിയിരിക്കുന്നു. താഴേയായി  "1924 - 2018" എന്ന് അദ്ദേഹത്തിന്‍റെ ജീവിത കാലഘട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്.

സാങ്കേതിക വിവരണം

മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200.






25/07/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (92) - ബാല ഗംഗാധര തിലകൻ 150ആം ജന്മവാർഷികം. 2006/7

                               

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
92

ബാല ഗംഗാധര തിലകൻ  150ആം ജന്മവാർഷികം. 2006/7 

സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഭാരതത്തിലെ ഒരു നേതാവായിരുന്ന ബാൽ ഗംഗാധർ തിലകിൻ്റെ ജന്മവാർഷികം ഇന്നലെ ആയിരുന്നു.

1856, ജൂലൈ മാസം 23 നാണ്  അദ്ദേഹം ജനിച്ചത്. 2006 ൽ ആയിരുന്നു അദ്ദേഹത്തിന്റെ 150ആം ജന്മവാർഷികം ആഘോഷിക്കപ്പെട്ടത്.  ആദരസൂചകമായി, ഈ അവസരത്തിൽ ഇന്ത്യ 5രൂപ മൂല്യം ഉള്ള സ്മരണിക നാണയം പുറത്തിറക്കി. ഈ നാണയത്തിൽ അദ്ദേഹത്തിന്റെ പേരിൻറെ ഭാഗമായ "തിലക്" എന്നതിന് പകരം "തിലക്ജി" എന്നാണ് മുദ്രണം ചെയ്യപ്പെട്ടത്.  പേരിൻറെ കൂടെ "ജി" ചേർക്കുന്നത് ആദരസൂചകമായിട്ടാണെങ്കിലും ഔപചാരികമായി ഇത്തരം പ്രയോഗം ശരിയല്ല എന്ന വിമർശനമം വരികയുണ്ടായി. ഗാന്ധിജി, നെഹ്രു മുതലായവരുടെ സ്മരണിക നാണയങ്ങളിൽ പോലും ഇത്തരം പ്രയോഗം ഉണ്ടായിട്ടില്ല. തിലക്കിൻറെ കുടുംബവും ഈ പ്രയോഗം ശരിയല്ല എന്ന അഭിപ്രായം ഉന്നയിച്ചു. ഇതെ തുടർന്ന് നാണയങ്ങളുടെ മുദ്രണം നിർത്തി വെച്ചു.

2007 ൽ, അദ്ദേഹത്തിന്റെ 151ആം ജന്മവാർഷിക ദിനമായ ജൂലൈ 23 ന്, തെറ്റ് തിരുത്തി 5രൂപ, 100 രൂപ മൂല്യങ്ങളിൽ രണ്ട് നാണയങ്ങൾ പുറത്തിറക്കി.

ഈ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.










24/07/2021

തീപ്പെട്ടി ശേഖരണം- ഒളിമ്പിക്സ്

                             

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
131

ഒളിമ്പിക്സ്

അന്താരാഷ്ട്ര തലത്തിൽ നടത്തെപ്പെടുന്ന ഒരു വിവിധയിന കായിക മൽസരമേളയാണ്  ഒളിമ്പിക്സ് അഥവാ ഒളിമ്പിക് ഗെയിംസ്. ഇതിന് വേനൽക്കാലമേള, ശൈത്യകാലമേള എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. രണ്ടും നാല് വർഷം കൂടുമ്പോഴാണ് നടത്തപ്പെടുന്നത്. 1992 വരെ രണ്ടു മേളകളും ഒരേ വർഷം തന്നെയായിരുന്നു നടത്തിയിരുന്നത്. അതിനുശേഷം ഓരോന്നും രണ്ടു വർഷം ഇടവിട്ട് നടത്താനാരംഭിച്ചു.

രണ്ട് തലമുറയിലുള്ള ഒളിമ്പിക്സുകൾ ഉണ്ടായിട്ടുണ്ട്. പുരാതന ഒളിമ്പിക്സ് ആണ് ആദ്യത്തേത്. ഗ്രീസിലെ ഒളിമ്പിയയിലാണ് ഇത് നടത്തപ്പെട്ടിരുന്നത്. രണ്ടാം തലമുറ  ആധുനിക ഒളിമ്പിക്സ് എന്നാണ് അറിയപ്പെടുന്നത്. 1896-ൽ ഗ്രീസിലെ ഏഥൻസിലാണ് ആദ്യ ആധുനിക ഒളിമ്പിക്സ് നടന്നത്.   1913-ൽ രൂപകൽപ്പന ചെയ്ത ഒളിമ്പിക്സ് വളയം o എന്ന ചിഹ്നം . 1920 ഒളിമ്പിക്സ് മുതലാണ് ഇത് ഉപയോഗിച്ചുതുടങ്ങിയത്.

ബി.സി. 776-ന് പുരാതന ഒളിമ്പിക്സ് ആരംഭിച്ചുവെന്നാണ് ഏറ്റവും വ്യാപകമായ വിശ്വാസം. പുരാത ഗ്രീസിൽ മുഴുവൻ വളരെ പ്രാധാന്യമുള്ള ഒന്നായി ഒളിമ്പിക്സ് വളർന്നു. ബിസി 6-5 നൂറ്റാണ്ടുകളിൽ പുരാതന ഒളിമ്പിക്സ് അതിന്റെ പാരമ്യത്തിലെത്തി. വളരെ മത പ്രാധാന്യമുള്ളതായിരുന്നു ഒളിമ്പിക്സ്. നാല് വർഷങ്ങൾ കൂടുമ്പോഴാണ് ഒളിമ്പിക്സ് നടത്തപ്പെട്ടിരുന്നത്. രണ്ട് ഒളിമ്പിക്സുകൾക്കിറ്റയിലുള്ള കാലം ഒരു ഒളിമ്പ്യാഡ് എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഗ്രീക്കുകാർ ഒളിമ്പ്യാഡ് ഒരു ഏകകമായി ഉപയോഗിച്ചിരുന്നു. റോമക്കാർ ഗ്രീസിൽ ആധിപത്യം നേടിയതോടെ ഒളിമ്പിക്സിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞ് വന്നു. എഡി 393 ചക്രവർത്തി തിയൊഡോഷ്യസ് ഒന്നാമൻ ക്രിസ്തുമതം, റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായിപ്രഖ്യാപിക്കുകയും പെയ്ഗൺ ആചാരനുഷ്ഠാനങ്ങൾ നിരോധിക്കുകയും ചെയ്തു. പെയ്ഗൺ ആചാരം എന്ന നിലയിൽ അതോടെ ഒളിമ്പിക്സും നിർത്തലാക്കപ്പെട്ടു. പിന്നീട് 1500 വർഷങ്ങൾക്ക് ശേഷമുണ്ടായ പുനർജന്മം വരെ ഒളിമ്പിക്സ് നടത്തപ്പെട്ടിട്ടേയില്ല.

പരസ്പരം കൊരുത്ത അഞ്ചു വളയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം. ഇവ അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു. ഇവ സൂചിപ്പിക്കുന്ന ഭൂഖണ്ഡങ്ങൾ ഇതാണ് മഞ്ഞ ഏഷ്യ ,കറുപ്പ്_ആഫ്രിക്ക, നീല-യൂറോപ്പ്,പച്ച - ഓസ്ട്രേലിയ, ചുവപ്പ് -അമേരിക്ക , വെളുപ്പു നിറമാണ് പതാകയ്ക്ക് . ഇതിൽ അഞ്ചു വളയങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പിയറി കുബേർട്ടിനാണ് ഒളിമ്പിക്സ് വളയങ്ങൾ രൂപകൽപന ചെയ്തത് . 1920 ലെ ആന്റ്വേപ്പിൽ ഒളിമ്പിക്സ് മുതലാണ് ഇത് ഉപയോഗിച്ചുതുടങ്ങിയത്.

എന്റെ ശേഖരണത്തിലെ ഓളിമ്പിക്സിനോടനുബന്ധിച്ചുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു...





22/07/2021

കറൻസിയിലെ വ്യക്തികൾ (58) - പാട്രിസ് ലുമുംബ (Patrice Lumumba)

              

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
58
   
പാട്രിസ് ലുമുംബ (Patrice Lumumba)

കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു പാട്രിസ് ലുമുംബ (1925-1961). ബെൽജിയത്തിന്റെ കോളനിയായിരുന്ന കോംഗോ, ലുമുംബയുടെ പരിശ്രമഫലമായാണ്ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയത്. സ്വാതന്ത്ര്യലബ്ധിയെ തുടർന്നുണ്ടായ അരാജകത്വത്തിന്റെ ഫലമായി 1961-ൽ ലുമുംബ കൊല്ലപ്പെട്ടു. കോംഗോയുടെ തെക്കൻ പ്രവിശ്യയായ കസായിയിലെ ഒനാലുവ എന്ന സ്ഥലത്താണ് ലുമുംബ ജനിച്ചത്.  കോളനി ഭരണത്തിനു കീഴിൽ പതിനൊന്നു വർഷത്തോളം തപാൽ വകുപ്പിൽ ഒരു ഗുമസ്തനായി ജോലി ചെയ്തു. അക്കാലത്തുതന്നെ സ്വാതന്ത്യത്തിനു വേണ്ടി ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും പ്രാദേശിക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഒട്ടനവധി രക്തരൂക്ഷിതകലാപങ്ങൾക്കുശേഷം 1959-ൽ ലുമുംബ അറസ്റ്റ് ചെയ്യപ്പെട്ടു. ബ്രസ്സൽസിൽ വച്ച് ബെൽജിയൻ സർക്കാർ, ലുമുംബയും മറ്റ് നേതാക്കളുമായി നടന്ന ചർച്ചയെ തുടർന്ന് കോംഗോയ്ക്ക് നിരുപാധികമായി സ്വാതന്ത്ര്യം നൽകാൻ തീരുമാനമായി. 1960 ജൂൺ 30-ന് കോംഗോ സ്വതന്ത്രമാക്കപ്പെട്ടു. ലുമുംബ വധത്തിനു പിന്നിൽ ബ്രിട്ടീഷ് ചാര ഏജൻസിയായ എം.ഐ-6 ന്റെ കൈകളുണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലുമുംബ റഷ്യയുമായി കൂടുതൽ അടുപ്പം പുലർത്തിയത് ധാതുസമ്പുഷ്ടമായ കോംഗോയെ അദ്ദേഹം സോവിയറ്റ് യൂണിയന് അടിയറ വയ്ക്കുമെന്ന ഭയം മൂലമായിരുന്നു.

1971 ൽ ഗിനി (ഗിനിയ) പുറത്തിറക്കിയ 10 സിലിസ് കറൻസി നോട്ട്.
മുൻവശം (Obverse): പാട്രിസ് ലുമുംബയുടെ ഛായാചിത്രം.
പിൻവശം (Reverse): വാഴത്തോട്ടത്തിലൂടെ കുലയുമായി പോകുന്ന കർഷകർ.







21/07/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (101) - വത്തിക്കാൻ

                      

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
101

വത്തിക്കാൻ

വിസ്തീര്‍ണ്ണം കൊണ്ടും ജനസംഖ്യ കൊണ്ടും ലോകത്തെ ഏറ്റവും ചെറിയ രാഷ്ട്രമാണ് വത്തിക്കാന്‍. ഇറ്റലിയിലെ റോമാ നഗരത്തിന് നടുക്കാണീ കൊച്ചു രാജ-്യം. അര സ്ക്വയര്‍ കിലോമീറ്ററാണ് വിസ്തൃതി. 3.2 കിലോമീറ്ററാണ് ചുറ്റളവ്. 2004 ല്‍ ആകെ 921 പേരാണ് ഇവിടെ ഉണ്ടായിരുന്നത്.

റോമന്‍ കത്തോലിക്ക സഭയുടെ കേന്ദ്ര അധികാരസ്ഥാനമായ ഹോളിസീ വത്തിക്കാനിലാണ്. വത്തിക്കാന്‍ കുന്ന് കെട്ടിടസമുച്ചയവും പള്ളിയും ഉള്‍പ്പെടുന്ന കൊച്ചു ഭൂപ്രദേശമാണിത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്ക, സിസ്റ്റിന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. ഇവിടെ കടലില്ല, നദിയില്ല, കൃഷിയില്ല, ഉല്‍പ്പന്നങ്ങളുമില്ല

ലോകത്തിലെ തന്നെ അമുല്യം എന്ന് പറയാവുന്ന ഒരു നാടാണ് വത്തിക്കാൻ സിറ്റി.1984 മുതൽ ലോക പൈതൃക പട്ടികയിൽ യുനെസ്‌കോ വത്തിക്കാൻ നഗരത്തെ ഉൾപെടുത്തി. മൈക്കലാഞ്ചലോ, ഗിയാക്കോമോ ഡെല്ല പോര്ട്ട, മഡെര്നോ, ബെര്ണിനി എന്നീ പ്രശസ്ത വാസ്തുശില്പികളുടെ കലകൾ കൊണ്ട് നിറഞ്ഞതാണ് വത്തിക്കാൻ. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്റ്റിൻ ചാപ്പൽ സെന്റ് പീറ്റേഴ്സ് സ്‌ക്വയർ വത്തിക്കാൻ അപ്പോസ്തോലിക ലൈബ്രറിയും വത്തിക്കാൻ അപ്പോസ്തോലിക ആർക്കൈവും വത്തിക്കാൻ മ്യൂസിയങ്ങളുടെ ശേഖരങ്ങളും ഏറ്റവും ഉയർന്ന ചരിത്രപരവും ശാസ്ത്രീയവും സാംസ്കാരികവുമായ പ്രാധാന്യമുള്ളവയാണ്,

വത്തിക്കാന്‍റെ സൈന്യം

ഏറ്റവും ചെറുരാജ്യമായ വത്തിക്കാന്‍റെ സൈന്യമാണ് സ്വിസ് ഗാര്‍ഡുകള്‍ (The Swiss Guards or Swiss soldiers)‍. ലോകത്തിലെ ഏറ്റവും ചെറിയ സൈന്യവും ഇവര്‍തന്നെ. സൈന്യത്തിന്‍റെ അംഗസംഖ്യ176 ആണ്. 2006-ല്‍ ഇവരുടെ വത്തിക്കാനിലെ സേവനത്തിന് അഞ്ചു നൂറ്റാണ്ടുകള്‍ തികഞ്ഞു. വിശ്വത്തര കലാകാരന്‍ മൈക്കിളാഞ്ചലോ രൂപകല്പന ചെയ്തതാണ് സ്വിസ്സ് സൈന്യത്തിന്‍റെ യൂണിഫോം. നീലയും ചുവപ്പും സ്വര്‍ണ്ണവും നിറങ്ങള്‍ ഇടകലര്‍ന്ന അപൂര്‍വ്വ വസ്ത്രവിതാനവും കടുംചുവപ്പു പൂവണിഞ്ഞ ലോഹത്തൊപ്പിയും സ്വിസ്സ് സൈന്യത്തിന്‍റെ തനിമയാണ്. നിരായുധരാണ് പാപ്പായുടെ സൈനികര്‍, എങ്കിലും കൈയ്യിലേന്തിയ മുത്തല-വെണ്മഴുവിന്‍റെ കുന്തവും അരയിലണിയുന്ന ചെറുവാളും ഔപചാരികതയുടെ ഭാഗമാണ്. എന്നാല്‍ കായികബലത്തിലും അഭ്യാസത്തിലും ഇവര്‍ മുന്‍പന്തിയിലാണ്. അക്രമികളെ സ്വിസ് ഗാര്‍ഡ്സ് കായിക ബലമുപയോഗിച്ച് കീഴ്പ്പെടുത്തി, ഉപദ്രവിക്കാതെ ഇറ്റാലിയന്‍ പൊലീസിനെ ഏല്പിക്കുകയാണ് പതിവ്. ചിട്ടയോടെ നിശ്ചലരായി വത്തിക്കാന്‍ കവാടങ്ങളില്‍ കാവല്‍നില്ക്കുന്ന സ്വിസ് ഗാര്‍ഡുകള്‍ പ്രതിമയാണെന്നു കരുതി കൗതുകത്തോടെ കുട്ടികള്‍ തൊട്ടുനോക്കാറുണ്ട്.1929 ഫെബ്രുവരി 11-ന് വത്തിക്കാൻ പോസ്റ്റ് ഓഫീസ് സ്ഥാപിക്കപ്പെട്ടു. ഓഗസ്റ്റ് 1-ന്, വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ഫിലാറ്റിലിക് ആൻഡ് ന്യൂമിസ്മാറ്റിക് ഓഫീസിന്റെ അധികാരത്തിൻ കീഴിൽ, ഭരണകൂടം സ്വന്തം തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കാൻ തുടങ്ങി.2019 ലെ കണക്ക് പ്രകാരം വത്തിക്കാൻ സിറ്റിയിലെ ആകെ ജനസംഖ്യ 825 ആണ്.അതിൽ കൂടുതൽ പേരും മറ്റു രാജ്യങ്ങളിൽ നിന്നുള്ള മതപുരോഹിതന്മാരും മാർപാപ്പയുടെ സുരാക്ഷഭടന്മാരായ സ്വിസ് ഗാർഡുകളും ഉൾപ്പെടുന്നു.വത്തിക്കാൻ സിറ്റിക്കു ഔദ്യോഗികമായി ഒരു ഭാഷയില്ല.കുടുതലിലായി വത്തിക്കാൻ ഉപയോഗിക്കുന്നത് ലാറ്റിൻ ഭാഷയാണ്, നാണയം യൂറോ ആണ്.








20/07/2021

സ്മാരക നാണയങ്ങൾ (45) - സംയോജിത ശിശു വികസന പദ്ധതി - 15ാം വാര്‍ഷികം


ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
45

സംയോജിത ശിശു വികസന പദ്ധതി - 15ാം വാര്‍ഷികം

സംയോജിത ശിശു വികസന പദ്ധതി  (Integrated Child Development Scheme) എന്നാൽ ആറു വയസ്സിന്  താഴെയുള്ള കുട്ടികളുടെയും, ഗര്‍ഭിണികളുടെയും, പാലൂട്ടുന്ന അമ്മമാരുടെയും പ്രജനന സാദ്ധ്യതയുള്ള 15 മുതൽ 49 വയസ്സ്  വരെയുള്ള സ്ത്രീകളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ള ഒരു പ്രത്യേക പദ്ധതിയാണ്.

2014 ൽ  കൗമാരക്കാരെയും (11-19വയസ്സ്) ഇതിന്റെ പരിധിയിൽ പെടുത്തി പ്രജനനാരോഗ്യം, പോഷകാഹാരം, ലഹരി വർജ്ജനം തുടങ്ങിയ വിഷയങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകി നടപ്പിലാക്കിത്തുടങ്ങി. സാമൂഹ്യനീതി വകുപ്പിൻ കീഴികീഴിൽ അംഗൻവാടികൾ വഴിയാണ് ഇത് നടപ്പിലാക്കുന്നത്. അംഗൻവാടി എന്നാൽ അങ്കണവാടി അതായത് മുറ്റത്തെ പൂന്തോട്ടം എന്നാണ് അർത്ഥം. ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് എന്നിവ കുറയ്ക്കുക, സ്ത്രീകളിലെ ആരോഗ്യാവബോധം വർദ്ധിപ്പിക്കുക, അനൗപചാരിക വിദ്യാഭ്യാസം നൽകി കുട്ടികളെ തുടർ വിദ്യാഭ്യാസത്തിന്  തയ്യാറാക്കുക എന്നീ പ്രാഥമിക ലക്ഷ്യങ്ങളാണ് ഈ പദ്ധതി കൊണ്ട് വിഭാവന ചെയ്തിരിക്കുന്നത്.

1975 ലാണ് ഈ പദ്ധതി ആരംഭിച്ചത്. സാമൂഹ്യ വികസന ബ്ലോക്ക് തലത്തിലാണ് ഇതിന്റെ സംഘാടനം. ഒരു ബ്ലോക്കിന് കീഴിൽ ഏകദേശം 120 മുതൽ 130 വരെ അംഗൻവാടികൾ, ബാലവാടികൾ എന്നിവ ഉണ്ടാകും. എകദേശം 1000 ജനസംഖ്യക്ക് ഒരു അംഗൻവാടി (പട്ടികവർഗ്ഗ മേഖലകളിൽ 700 പേർക്ക് ഒന്ന്) എന്നതാണ് കണക്ക്. ബ്ലോക്കുകളെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും എകോപിപ്പിക്കുന്നു. ത്രിതല പഞ്ചായത്തുകൾ നിലവിലായതോടെ ബ്ലോക്ക് പഞ്ചായത്തിനാണ് ഇതിന്റെ നിയന്ത്രണച്ചുമതല.


ഉദ്ദേശ്യലക്ഷ്യങ്ങൾ

1. ജനിച്ച്  ആറു വയസ്സ്  വരെയുള്ള കാലത്ത് കുട്ടികളുടെയും, ഗർഭിണികളുടെയും,  പാലൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം, പോഷണം എന്നിവ ഉറപ്പാക്കുക.
2. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുക.
3. കുട്ടികളുടെ ശാരീരികവും, മാനസികവും, സാമൂഹ്യവുമായ വളർച്ച ഉറപ്പാക്കുകയും വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുകയും ചെയ്യുക.
4. സ്വന്തം ആരോഗ്യവും ഒപ്പം കുട്ടികളുടെ ആരോഗ്യവും നന്നായി പരിപാലിക്കാൻ മാതാക്കളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക.
5. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി മറ്റു വകുപ്പുകളുമായി ഇത്തരം വിഷയങ്ങളിൽ എകോപനം നടത്തുക.
6. പോഷണക്കുറവ് കാണുന്ന കുട്ടികൾക്കും ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും അധികപോഷണം ലഭ്യമാക്കുക.

പ്രവർത്തനങ്ങൾ

1. പോഷകാഹാരക്കുറവ് നികത്താൻ വേണ്ട പ്രത്യേക ഭക്ഷണം നൽകുക.
2. വിറ്റാമിൻ എ, ഇരുമ്പും ലവണങ്ങളും ഫോളിക് ആസിഡുമടങ്ങിയ ഗുളിക എന്നിവ വിതരണം ചെയ്യുക.
3. പ്രതിരോധ കുത്തിവയ്പുകൾ യഥാസമയം ഉറപ്പാക്കുക.
4. ആരോഗ്യ പരിശോധന നടത്തുക.
5. സാരമല്ലാത്ത രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുക.
6. ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളിൽ അമ്മമാരെ ബോധവൽക്കരിക്കുക.
7. കൗമാരക്കാരിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് സഹായഹസ്തം നൽകുക.
8. പെൺകുട്ടികളിൽ ആർത്തവാരോഗ്യം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയും അതിനാവശ്യമായ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുക.

ഈ പദ്ധതി ആരംഭിച്ച് 15 വർഷങ്ങൾ പിന്നിട്ടപ്പോൾ ഇതിന്റെ പ്രസക്തി തിരിച്ചറിഞ്ഞ സർക്കാർ ഒരു രൂപയുടെ സ്മാരകനാണയം നിർമ്മിച്ച് ആ അവസരം അവിസ്മരണീയമാക്കുകയുണ്ടായി.

നാണയ വിവരണം

നാണയത്തിന്‍റെ പുറകുവശത്ത് നടുവിലെ ചിത്രത്തിന്റെ ഇതിവൃത്തം, “ശിശുവിനെ മടിയിലേന്തിയിരിക്കുന്ന മാതാവ് '' ആണ്. അതിന് ചുറ്റും കിരണങ്ങൾ നൽകിയിരിക്കുന്നു. മുകളിലായി ഹിന്ദിയിൽ "വസുധൈവ കുടുംബകം" എന്നും (മഹോപനിഷത്തിലെ "ലോകമേ തറവാട് " എന്ന് അർത്ഥമുള്ള വാചകം) ഇടത്തെ അരികിൽ "സമേകിത ബാലവികാസ് സേവാ കേ 15 വർഷ് " എന്നും എഴുതിയിട്ടുണ്ട്. വലത്തെ അരികിൽ ഇംഗ്ലീഷിൽ "15 ഇയേഴ്സ് ഓഫ് ഐ.സി.ഡി.എസ്. " എന്നും "1975-1990" എന്ന് വർഷവും ആലേഖനം ചെയ്തിരിക്കുന്നു.

ഹൈദരാബാദ്, മുംബൈ മിന്റുകളിൽ ഈ നാണയം നിർമ്മിക്കപ്പെട്ടു.

സാങ്കേതിക വിവരണം

മൂല്യം - ഒരു രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 26 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കല്‍ - 25%.




18/07/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (91) - കെ. കാമരാജ് ജന്മശതാബ്ദി. 2003

                              

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
91

കെ. കാമരാജ്  ജന്മശതാബ്ദി. 2003

സ്വാതന്ത്ര്യ സമര നേതാവും, കോൺഗ്രസ് അധ്യക്ഷനും, പാർലമെന്റ് അംഗവും, തമിഴ്നാട് മുഖ്യമന്ത്രിയും ആയിരുന്ന  കെ. കാമരാജിൻ്റെ ജന്മവാർഷികമായിരുന്നു ഈ കഴിഞ്ഞ ജൂലൈ 15.  പാവങ്ങളുടെ നേതാവായി അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ജന്മശതാബ്ദി 2003ൽ ആചരിക്കപ്പെട്ടു.

ഈ അവസരത്തിൽ,  ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.




17/07/2021

തീപ്പെട്ടി ശേഖരണം- തേൾ

                            

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
130

 തേൾ

അറ്ത്രോപോട  ഫൈലത്തിൽ, അരാക്നിഡ  വർഗത്തിലെ സ്കോർപിയോനിഡ ഗോത്രത്തിൽ പെടുന്ന ഒരു ജീവിയാണ് തേൾ . എട്ട് കാലുകളുള്ള, ചിറകില്ലാത്ത തേളിന്റെ വാലറ്റത്തുള്ള സഞ്ചിയിലാണ് വിഷം ശേഖരിച്ചു വച്ചിരിക്കുന്നത്. പരിണാമ പ്രക്രിയയിൽ ഏറ്റവും കുറവ് മാറ്റങ്ങൾക്കു വിധേയരായ ഒരു ജീവിവർഗ്ഗമാണ് തേൾ എന്നതിനാൽ ഇവയെ ജീവിക്കുന്ന ഫോസിൽ  എന്നും വിളിക്കാറുണ്ട്. തേളുകളുടെ പൂർവ്വികർ ഏതാണ്ട് 45 കോടി വർഷങ്ങൾക്കു മുൻപ്  ജീവിച്ചിരുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.അന്റാർട്ടിക്ക ഒഴികെ എല്ലായിടത്തും തേളുകളെ കാണാറുണ്ട്.

ഉഷ്ണ-മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് തേളുകളെ സാധാരണ കാണപ്പെടുന്നത്.  പകൽസമയങ്ങളിൽ മണലിനകത്തും കുഴികളിലും മരപ്പൊത്തുകളിലും അവശിഷ്ടങ്ങൾ, ജീർണിച്ച തടികൾ, കല്ലുകൾ എന്നിവയ്ക്കടിയിലും പാറക്കെട്ടുകൾക്കിടയിലും ഇവ ഒളിഞ്ഞിരിക്കുന്നു.13 മി.മീ. മുതൽ 20 സെ.മീ. വരെ നീളമുള്ള നിരവധി ഇനം തേളുകളുണ്ട്. മൈക്രോബുത്തസ് പസില്ലസിന്  13 മി.മീ. മാത്രം നീളമുള്ളപ്പോൾ പാൻഡിനസ് ഇംപെറേറ്റർ  എന്നയിനത്തിന് 20 സെന്റിമീറ്ററോളം നീളമുണ്ട്. 15 സെ.മീ. നീളമുള്ള പലമ്മിയുസ് സ്വമ്മെർഡാമി ഇനമാണ് ഇന്ത്യയിൽ കാണപ്പെടുന്നതിൽ ഏറ്റവും വലിപ്പം കൂടിയ തേൾ ഇനം. വിവിധ നിറത്തിലുള്ള തേളുകളുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലുള്ളവയ്ക്ക് പൊതുവേ തിളക്കമുള്ള കറുപ്പുനിറമാണ്;  വാലിന്റെ അവസാന ഖണ്ഡത്തിനു പിന്നിലായി ടെൽസൻ  എന്നറിയപ്പെടുന്ന മുള്ള്  കാണപ്പെടുന്നു. ഇതിന് ഒരു വീർത്ത ഭാഗവും അതിനുള്ളിലായി രണ്ട് വിഷസഞ്ചികളുമുണ്ട്. വിഷസഞ്ചികളിൽനിന്നുമുള്ള സൂക്ഷ്മനാളികൾ മുള്ളിന്റെ അറ്റത്തുള്ള ചെറിയ സുഷിരത്തിലൂടെയാണ് പുറത്തേക്കു തുറക്കുന്നത്. തേളുകൾ വാൽ ഉയർത്തിപ്പിടിച്ചാണ് സഞ്ചരിക്കുന്നത്.

രാത്രികാലങ്ങളിലാണ് തേളുകൾ ഇരതേടാനിറങ്ങുന്നത്. ചെറു പ്രാണികളും ചിലന്തികളുമാണ് ഇവയുടെ മുഖ്യ ആഹാരം.  മറ്റ് ആർത്രോപോഡുകളിൽനിന്ന് വ്യത്യസ്തമായി പെൺ തേളുകൾ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണു പതിവ് .ശത്രുക്കളിൽനിന്ന് രക്ഷ നേടാനായി മുള്ള്  പ്രയോജനപ്പെടുന്നു. തേൾ കടിക്കുന്ന ഭാഗത്ത് വേദനയും തടിപ്പും നിറം മാറ്റവുമുണ്ടാകും. മരണത്തിന് വരെ കാരണമാകത്തക്ക വിഷമുള്ള തേൾ ഇനങ്ങളുമുണ്ട്.

എന്റെ ശേഖരണത്തിലെ  തേളിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു......






16/07/2021

ചിത്രത്തിനു പിന്നിലെ ചരിത്രം (71) - കൃഷ്ണപ്പരുന്ത്

                       

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
71

  കൃഷ്ണപ്പരുന്ത്


ഈ പരുന്ത് കേരളത്തിൽ സർ‌വ്വവ്യാപിയായി കാണപ്പെടുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് ദക്ഷിണപൂർ‌വ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ മുതൽ ഓസ്ട്രേലിയ വരെ ഈ പരുന്തിന്റെ ആവാസകേന്ദ്രങ്ങളാണ്‌. നന്നെ വരണ്ട മരുഭൂമിയും തിങ്ങി നിറഞ്ഞ കാടുകളും ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും ഇതിന് വസിക്കാൻ കഴിയും. മനുഷ്യവാസമുള്ള സ്ഥലങ്ങളിലും മനുഷ്യൻ എത്തിപ്പെടാത്തിടങ്ങളിലും അവ യഥേഷ്ടം വസിക്കുന്നു. മാംസഭോജിയായ വേട്ട പക്ഷികളിൽ ഒന്നാണ്‌ കൃഷ്ണപ്പരുന്ത് അഥവാ ചെമ്പരുന്ത്. ഇംഗ്ലീഷ്: Brahminy Kite or Red-backed Sea-eagle. ശാസ്ത്രീയ നാമം: Haliastur indus.

വളരെ പ്രൗഢിയും തലയെടുപ്പുമുള്ള പക്ഷിയാണ്‌ കൃഷ്ണപ്പരുന്ത്. തല കഴുത്ത് മാറിടം എന്നിവ വെള്ളയും ദേഹത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം കടുത്ത കാവി വർണ്ണവുമാണ്‌. വാലിന്റെ അഗ്രത്തിന്‌ അർദ്ധ ചന്ദ്രാകൃതിയാണ്‌. പ്രായപൂർത്തിയാകാത്ത പക്ഷികൾ ചക്കിപ്പരുന്തിനേപ്പോലെയാണ്‌ കാഴ്ചയിൽ. അവ കൂടുതൽ കാപ്പി നിറം കലർന്നവയായിരിക്കും. മുതിർന്ന പരുന്തിന്‌ ബലിഷ്ഠമായ കാലുകളാണ്‌ ഉള്ളത്. കാലുകൾ ഉപയോഗിച്ചാണ് അവ ഇരയെ പിടിക്കുന്നത്. കാലുകളിലെ പിടുത്തത്തിൽ നിന്ന് ഇര എളുപ്പം വഴുതിപ്പോവാതിരിക്കാനായി ഇരുമ്പ് കൊളുത്തുകൾ പോലെ ബലമേറിയ കാൽ നഖങ്ങൾ ഇരയുടെ മേൽ തുളച്ചിറക്കുന്നു; കൂടാതെ പാമ്പുകളെ വേട്ടയാടുമ്പോൾ പാദങ്ങളിലെ കട്ടിയേറിയ ചിതമ്പലുകൾ പാമ്പുകടിയിൽ നിന്നും ഇവക്ക് സംരക്ഷണം നൽകുന്നു.

വൻ മരങ്ങളിലാണ്‌ ആൺ-പെൺ പരുന്തുകൾ ചേർന്ന് കൂടൊരുക്കുന്നത്. അമ്പതു മീറ്ററിലധികം ഉയരത്തിൽ വളരുന്ന മരങ്ങളിൽ പോലും കൃഷ്ണ പരുന്ത് കൂട് വെയ്ക്കാറുണ്. എന്നാൽ ഇപ്പോൾ മൊബൈൽ ടവറുകളിലും ഇവയുടെ കൂടുകൾ കണ്ടുവരുന്നുണ്ട്. ഇത് മിക്കവാറും ഇര തേടുന്ന പ്രദേശത്തിനു സമീപത്തായിരിക്കും. ജലാശയമോ വയലുകളോ മറ്റോ അരികിലുണ്ടായിരിക്കും. ഡിസംബർ - ജനുവരി കാലങ്ങളിലാണ്‌ കൃഷ്ണപ്പരുന്തുകൾ കൂടുകെട്ടുവാനുള്ള ഒരുക്കം ചെയ്തു തുടങ്ങുന്നത്. ഉയരമുള്ള മാവ്, ആൽ, തെങ്ങ്, പന എന്നീ മരങ്ങളിലും ഇവ കൂടു കെട്ടാറുണ്ട്. വലിയ ചുള്ളികൾ കൂട്ടിവെച്ചാണ്‌ ഇവ ഇത് ഉണ്ടാക്കുന്നത്. നല്ല ഉറപ്പുള്ള ഈ കൂടുകൾ മുന്നോ നാലോ വർഷങ്ങൾ വരെ കേടുകൂടാതിരിക്കാറുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് വെള്ള നിറമായിരികും.😊 അടയിരിക്കുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും ആൺ-പെൺ പരുന്തുകൾ മാറി മാറിയാണ്.

കേരളത്തിൽ വസിക്കുന്ന കൃഷ്ണപ്പരുന്തുകൾ മത്സ്യം, ഞണ്ട്, തവള, എലി, പാമ്പ്, ചിതൽ, പാറ്റ എന്നിവയാണ്‌ ആഹാരമാക്കുന്നത്. മത്സ്യം ഇഷ്ട വിഭവമായതിനാൽ വേനൽക്കാലത്തും മറ്റും തോടുകളിൽ മനുഷ്യർ മീൻ പിടിക്കുന്നതിനടുത്തായി ഇവ വട്ടമിട്ടു പറക്കുകയും ഭയമില്ലാതെ തക്കം കിട്ടുന്നതനുസരിച്ച് മീൻ പിടിക്കുകയും ചെയ്യാറുണ്ട്. കൃഷിയുടെ സമയത്ത് കർഷകർ പാടം ഉഴുന്ന സമയത്ത് കൃഷ്ണ പരുന്തുകളും ചെറു സംഘമായി എത്തുന്നു. മറ്റുള്ള പക്ഷികളേപ്പോലെ, ചിറകടിക്കാതെ, ചിറക് വിരിച്ച് പിടിച്ച് ഒരു ഗ്ലൈഡർ പോലെ കിലോമീറ്ററുകളോളം വായുവിലൂടെ തെന്നിനീങ്ങാൻ കൃഷ്ണ പരുന്തു കൾക്കാവും. അതി ഭയങ്കരമായ കാഴ്ചശക്തിയാണിവയ്ക്ക് ; ഏകദേശം ഒന്നര കിലോമീറ്റർ ദൂരെയുള്ള ഇരയെ പോലും വ്യക്തമായി ഇവയ്ക്ക് കാണാനാവും..!!