20/07/2021

സ്മാരക നാണയങ്ങൾ (45) - സംയോജിത ശിശു വികസന പദ്ധതി - 15ാം വാര്‍ഷികം


ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
45

സംയോജിത ശിശു വികസന പദ്ധതി - 15ാം വാര്‍ഷികം

സംയോജിത ശിശു വികസന പദ്ധതി  (Integrated Child Development Scheme) എന്നാൽ ആറു വയസ്സിന്  താഴെയുള്ള കുട്ടികളുടെയും, ഗര്‍ഭിണികളുടെയും, പാലൂട്ടുന്ന അമ്മമാരുടെയും പ്രജനന സാദ്ധ്യതയുള്ള 15 മുതൽ 49 വയസ്സ്  വരെയുള്ള സ്ത്രീകളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ള ഒരു പ്രത്യേക പദ്ധതിയാണ്.

2014 ൽ  കൗമാരക്കാരെയും (11-19വയസ്സ്) ഇതിന്റെ പരിധിയിൽ പെടുത്തി പ്രജനനാരോഗ്യം, പോഷകാഹാരം, ലഹരി വർജ്ജനം തുടങ്ങിയ വിഷയങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകി നടപ്പിലാക്കിത്തുടങ്ങി. സാമൂഹ്യനീതി വകുപ്പിൻ കീഴികീഴിൽ അംഗൻവാടികൾ വഴിയാണ് ഇത് നടപ്പിലാക്കുന്നത്. അംഗൻവാടി എന്നാൽ അങ്കണവാടി അതായത് മുറ്റത്തെ പൂന്തോട്ടം എന്നാണ് അർത്ഥം. ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് എന്നിവ കുറയ്ക്കുക, സ്ത്രീകളിലെ ആരോഗ്യാവബോധം വർദ്ധിപ്പിക്കുക, അനൗപചാരിക വിദ്യാഭ്യാസം നൽകി കുട്ടികളെ തുടർ വിദ്യാഭ്യാസത്തിന്  തയ്യാറാക്കുക എന്നീ പ്രാഥമിക ലക്ഷ്യങ്ങളാണ് ഈ പദ്ധതി കൊണ്ട് വിഭാവന ചെയ്തിരിക്കുന്നത്.

1975 ലാണ് ഈ പദ്ധതി ആരംഭിച്ചത്. സാമൂഹ്യ വികസന ബ്ലോക്ക് തലത്തിലാണ് ഇതിന്റെ സംഘാടനം. ഒരു ബ്ലോക്കിന് കീഴിൽ ഏകദേശം 120 മുതൽ 130 വരെ അംഗൻവാടികൾ, ബാലവാടികൾ എന്നിവ ഉണ്ടാകും. എകദേശം 1000 ജനസംഖ്യക്ക് ഒരു അംഗൻവാടി (പട്ടികവർഗ്ഗ മേഖലകളിൽ 700 പേർക്ക് ഒന്ന്) എന്നതാണ് കണക്ക്. ബ്ലോക്കുകളെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും എകോപിപ്പിക്കുന്നു. ത്രിതല പഞ്ചായത്തുകൾ നിലവിലായതോടെ ബ്ലോക്ക് പഞ്ചായത്തിനാണ് ഇതിന്റെ നിയന്ത്രണച്ചുമതല.


ഉദ്ദേശ്യലക്ഷ്യങ്ങൾ

1. ജനിച്ച്  ആറു വയസ്സ്  വരെയുള്ള കാലത്ത് കുട്ടികളുടെയും, ഗർഭിണികളുടെയും,  പാലൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം, പോഷണം എന്നിവ ഉറപ്പാക്കുക.
2. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുക.
3. കുട്ടികളുടെ ശാരീരികവും, മാനസികവും, സാമൂഹ്യവുമായ വളർച്ച ഉറപ്പാക്കുകയും വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുകയും ചെയ്യുക.
4. സ്വന്തം ആരോഗ്യവും ഒപ്പം കുട്ടികളുടെ ആരോഗ്യവും നന്നായി പരിപാലിക്കാൻ മാതാക്കളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക.
5. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി മറ്റു വകുപ്പുകളുമായി ഇത്തരം വിഷയങ്ങളിൽ എകോപനം നടത്തുക.
6. പോഷണക്കുറവ് കാണുന്ന കുട്ടികൾക്കും ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും അധികപോഷണം ലഭ്യമാക്കുക.

പ്രവർത്തനങ്ങൾ

1. പോഷകാഹാരക്കുറവ് നികത്താൻ വേണ്ട പ്രത്യേക ഭക്ഷണം നൽകുക.
2. വിറ്റാമിൻ എ, ഇരുമ്പും ലവണങ്ങളും ഫോളിക് ആസിഡുമടങ്ങിയ ഗുളിക എന്നിവ വിതരണം ചെയ്യുക.
3. പ്രതിരോധ കുത്തിവയ്പുകൾ യഥാസമയം ഉറപ്പാക്കുക.
4. ആരോഗ്യ പരിശോധന നടത്തുക.
5. സാരമല്ലാത്ത രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുക.
6. ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളിൽ അമ്മമാരെ ബോധവൽക്കരിക്കുക.
7. കൗമാരക്കാരിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് സഹായഹസ്തം നൽകുക.
8. പെൺകുട്ടികളിൽ ആർത്തവാരോഗ്യം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയും അതിനാവശ്യമായ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുക.

ഈ പദ്ധതി ആരംഭിച്ച് 15 വർഷങ്ങൾ പിന്നിട്ടപ്പോൾ ഇതിന്റെ പ്രസക്തി തിരിച്ചറിഞ്ഞ സർക്കാർ ഒരു രൂപയുടെ സ്മാരകനാണയം നിർമ്മിച്ച് ആ അവസരം അവിസ്മരണീയമാക്കുകയുണ്ടായി.

നാണയ വിവരണം

നാണയത്തിന്‍റെ പുറകുവശത്ത് നടുവിലെ ചിത്രത്തിന്റെ ഇതിവൃത്തം, “ശിശുവിനെ മടിയിലേന്തിയിരിക്കുന്ന മാതാവ് '' ആണ്. അതിന് ചുറ്റും കിരണങ്ങൾ നൽകിയിരിക്കുന്നു. മുകളിലായി ഹിന്ദിയിൽ "വസുധൈവ കുടുംബകം" എന്നും (മഹോപനിഷത്തിലെ "ലോകമേ തറവാട് " എന്ന് അർത്ഥമുള്ള വാചകം) ഇടത്തെ അരികിൽ "സമേകിത ബാലവികാസ് സേവാ കേ 15 വർഷ് " എന്നും എഴുതിയിട്ടുണ്ട്. വലത്തെ അരികിൽ ഇംഗ്ലീഷിൽ "15 ഇയേഴ്സ് ഓഫ് ഐ.സി.ഡി.എസ്. " എന്നും "1975-1990" എന്ന് വർഷവും ആലേഖനം ചെയ്തിരിക്കുന്നു.

ഹൈദരാബാദ്, മുംബൈ മിന്റുകളിൽ ഈ നാണയം നിർമ്മിക്കപ്പെട്ടു.

സാങ്കേതിക വിവരണം

മൂല്യം - ഒരു രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 26 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കല്‍ - 25%.




No comments:

Post a Comment