ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 43 |
രാജ്യസഭയുടെ 250ാം സെഷന്‍
ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥയുടെ പരമോന്നത സ്ഥാപനമായ പാർലമെന്റിന്റെ രണ്ടു സഭകളിലെ ഉപരിസഭയാണ് രാജ്യസഭ.
നമ്മുടേത് ഒരു ദ്വിമാന ജനാധിപത്യ സമ്പ്രദായമാണ് (Bicameral legislature). പ്രാദേശിക താല്പര്യങ്ങൾ ദേശീയമായ നയങ്ങളെയും തീരുമാനങ്ങളെയും സ്വാധീനിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഇതിലെ പൊതുസഭ അഥവാ ലോക്സഭയിലേക്ക് പ്രതിനിധികളെ ജനങ്ങൾ നേരിട്ടാണ് തെരഞ്ഞെടുക്കുക. അഞ്ച് വർഷത്തിലൊരിക്കൽ ഇത് പിരിച്ചു വിട്ടു പൊതുതെരഞ്ഞെടുപ്പ് നടത്തും.
ലോക്സഭയിലേതിൽ നിന്നും വ്യത്യസ്തമായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭാ അംഗങ്ങളാണ് രാജ്യസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭ ഒരു സ്ഥിരം സഭയാണ്. നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങൾ ഉൾപ്പെടെ 245 അംഗങ്ങളാണ് സഭയിൽ ഇപ്പോഴുള്ളത്. അതിൽ മൂന്നിലൊന്ന് അംഗങ്ങൾ ഓരോ രണ്ടുവർഷത്തിലും പിരിഞ്ഞു പോകുകയും അത്രയും തന്നെ പുതിയവർ എത്തുകയും ചെയ്യും. ആകെ അംഗസംഖ്യ ഒരിക്കലും 250 കവിയരുതെന്നു ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. പ്രമുഖ കായിക പ്രതിഭകൾ, സാമൂഹ്യ പ്രവർത്തകർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ തുടങ്ങിയവരിൽ നിന്ന് പരമാവധി 12 അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനും കഴിയും.
നിയമനിർമ്മാണമാണ് രാജ്യസഭയുടെ പ്രധാന ഉത്തരവാദിത്തം. സർക്കാരിന്റെ നടപടികളുടെ ഔചിത്യം വിലയിരുത്തി വേണ്ട തിരുത്തലുകൾ നിർദ്ദേശിച്ച് ജനങ്ങളോടുള്ള പാർലമെന്റിന്റെ ഉത്തരവാദിത്വം ശരിയായി സംരക്ഷിക്കുന്നതിലും രാജ്യസഭയ്ക്ക് പങ്കുണ്ട്. എന്നാൽ ധനകാര്യ സംബന്ധിയായ ചില വിഷയങ്ങളിൽ രാജ്യസഭയുടെ നിർദ്ദേശങ്ങൾ തള്ളിക്കളയാൻ ലോക്സഭയ്ക്ക് അധികാരമുണ്ട്. ജഡ്ജിമാരെയോ പ്രസിഡന്റിനേയോ നീക്കം ചെയ്യാനുള്ള അധികാരവും രാജ്യസഭയ്ക്കാണുള്ളത്. ചില വിഷയങ്ങളിൽ നിയമ നിർമ്മാണത്തിനും, സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും പൊതുവായ സേവന ശാഖകൾ (All India Service) ആരംഭിക്കാനും പാർലമെന്റിന് ശുപാർശ നൽകാനുള്ള പ്രത്യേക അധികാരവും പ്രസ്തുത സഭയ്ക്കുണ്ട്. ഉപരാഷ്ട്രപതിയാണ് ഈ സഭയുടെ അദ്ധ്യക്ഷൻ.
1919 ൽ കൊണ്ടു വന്ന "ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്" പ്രകാരം 1921 ൽ ദ്വിമാന പാർലമെൻറ് നടപ്പിലായിരുന്നു. "കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് ", "ലെജിസ്ലേറ്റീവ് അസംബ്ലി" എന്നിങ്ങനെയാണ് അന്നത്തെ സഭകൾ അറിയപ്പെട്ടിരുന്നത്. 1935 ൽ ലെജിസ്ലേറ്റീവ് അസംബ്ലിയെ "ഹൗസ് ഓഫ് അസംബ്ലി" എന്ന് പുനർനാമകരണം ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം വിശദമായ ചർച്ചകളുടെ അവസാനം 1950 ൽ "രാജ്യസഭ" "ലോക് സഭ" എന്നീ സഭകളും പ്രസിഡന്റും ചേർന്ന "ഇന്ത്യൻ പാർലമെന്റ്" രൂപീകരിക്കാൻ തീരുമാനിച്ചു. 1952 ഏപ്രിൽ 3ാം തിയതി രാജ്യസഭ നിലവിൽ വന്നു. ആ വർഷം മെയ് 13 ന് സഭയുടെ ആദ്യ സമ്മേളനം നടന്നു.
വർഷത്തിൽ ബജറ്റ് സെഷൻ(ജനുവരി/ഫെബ്രുവരി മുതൽ മെയ് വരെ), മൺസൂൺ സെഷൻ (ജൂലൈ മുതൽ സെപ്റ്റംബർ വരെ), വിന്റർ സെഷൻ(നവംബർ മുതൽ ഡിസംബർ വരെ) എന്നിങ്ങനെ മൂന്നു തവണയാണ് സാധാരണയായി സഭ സമ്മേളിക്കുക. അവശ്യ ഘട്ടങ്ങളിൽ അസാധാരണ സമ്മേളനവും നടത്താം.
സെഷനുകൾക്കിടയിലെ കാലം "റീസസ്" എന്നാണ് അറിയപ്പെടുക. ഓരോ ദിവസവും രണ്ടു സിറ്റിംഗ് ഉണ്ടാകും. 11 മണി മുതൽ 1 മണി വരെയുള്ള സെഷന്റെ ആദ്യ മണിക്കൂർ ചോദ്യോത്തര വേളയും അടുത്ത മണിക്കൂർ സീറോ അവറും ആണ്. ഉച്ചഭക്ഷണ ശേഷം 2 മണി മുതൽ 5 മണിവരെ "പോസ്റ്റ് ലഞ്ച് സെഷൻ" ആണ്. (ലോക്സഭയിൽ 6 വരെ). പ്രധാനപ്പെട്ട ചർച്ചകളും നിയമ നിർമ്മാണവും നടക്കുന്നത് ഈ സമയത്താണ്.
രാജ്യസഭയുടെ 2019 ലെ വിന്റർ സെഷൻ ആയിരുന്ന 250ാം സമ്മേളനം നവംബർ 18 ന് ആരംഭിച്ച് ഡിസംബർ 13 ന് അവസാനിച്ചു.
പരമപ്രധാനമായ ഈ അവസരത്തെ ആദ്യമായി 250 രൂപയുടെ ഒരു സ്മാരകനാണയം നിർമ്മിച്ചുകൊണ്ട് ഭാരതം ചരിത്രത്തിന്റെ ഭാഗമാക്കി.
നാണയ വിവരണം
നാണയത്തിന് പുറകുവശത്ത് പാർലമെന്റ് മന്ദിരത്തിന് മുകളിൽ മഹാത്മാ ഗാന്ധിയുടെയും, 245 ബിന്ദുക്കളിലൂടെ രാജ്യസഭയുടെ അംഗബലത്തിന്റെയും ചിത്രങ്ങൾ നൽകിക്കൊണ്ട് മുകളിൽ ഹിന്ദിയിൽ "രാജ്യസഭാ കാ 250 വാം സത്ര" എന്ന ലിഖിതവും താഴെ ഇംഗ്ലീഷിൽ "250 ത് സെഷൻ ഓഫ് രാജ്യസഭ" എന്ന ലിഖിതവും രേഖപ്പെടുത്തിയിരിക്കുന്നു.
സാങ്കേതിക വിവരണം
മൂല്യം - 250 രൂപ, ഭാരം - 40 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 99.9%, വരകള്‍ (serration) - 200
No comments:
Post a Comment