ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 44 |
സി സുബ്രഹ്മണ്യം - ജന്മശാതിബ്ദി
ചിദംബരം സുബ്രഹ്മണ്യം എന്ന സി.സുബ്രഹ്മണ്യം സ്വാതന്ത്ര്യസമരസേനാനിയും, സ്വാതന്ത്ര ഭാരതത്തിലെ ധനകാര്യ, പ്രതിരോധ വകുപ്പുകളുടെ മന്ത്രിയുമായിരുന്നു. പിൽക്കാലത്ത് മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഗവർണ്ണറുമായിരുന്നു അദ്ദേഹം.
1910 ജനുവരിയിൽ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ആണ് സുബ്രഹ്മണ്യം ജനിച്ചത്. പിന്നീട് ചെന്നൈയിലേക്ക് (അന്നത്തെ മദ്രാസ്) താമസം മാറ്റുകയും അവിടെ വച്ച് നിയമത്തിൽ ബിരുദം നേടുകയും ചെയ്തു. പഠനകാലത്തു തന്നെ നിസ്സഹകരണ പ്രസ്ഥാനത്തിൽ അദ്ദേഹം സജീവമാകുകയും ക്വിറ്റ് ഇൻഡ്യാ സമര കാലത്ത് ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
1952 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്റെ മന്ത്രിസഭയിൽ അദ്ദേഹം അംഗമായി. 1962 ൽ ലോക്സഭാ അംഗമായിത്തീർന്ന സുബ്രഹ്മണ്യം ഭക്ഷ്യ, കൃഷി വകുപ്പ് സ്തുത്യർഹമായി കൈകാര്യം ചെയ്തു. 1971 - 72 കാലത്ത് ആസൂത്രണ കമ്മീഷന്റെ അദ്ധ്യക്ഷനായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.
ഭാരതത്തിൽ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ ഹരിത വിപ്ലവം നടപ്പിലാക്കുന്നതിൽ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായി അത്യുൽപ്പാദനക്ഷമതയുള്ള വിത്തുകളും വളങ്ങളും വികസിപ്പിച്ചെടുത്തു. ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദന വർദ്ധനവ് ഭാരതത്തെ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ അതിവേഗം മുന്നിലെത്തിച്ചു.
എം.എസ്.സ്വാമിനാഥനെ പോലെയുള്ള വിദഗ്ദ്ധരുടെ സേവനം വേണ്ടവിധം ഉപയോഗപ്പെടുത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ധവള വിപ്ലവ ശില്പിയായ വർഗ്ഗീസ് കുര്യനെ ദേശീയ കന്നുകാലി വികസന ബോർഡിന്റെ അദ്ധ്യക്ഷനാക്കിയതും, തിരുച്ചിയിൽ ഭാരതീദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥാപിച്ചതും ഇദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന് ദൃഷ്ടാന്തമാണ്.
രാഷ്ട്രീയമായി കോൺഗ്രസ്സ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിയോടൊപ്പവും അടിയന്തരാവസ്ഥയ്ക്കു ശേഷം അവിടം വിട്ട് ചരൺസിംഗ് മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ച അദ്ദേഹം 1990 ൽ മഹാരാഷ്ട്ര ഗവർണ്ണർ ആയി നിയമിതനായി.
പക്ഷെ കേന്ദ്ര സർക്കാരുമായി ഒത്തു പോകാൻ കഴിയാതെ അദ്ദേഹം രാജി വച്ചൊഴിയുകയായിരുന്നു.
1998 ൽ ഇദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം നൽകപ്പെട്ടു. 2000ാം ആണ്ടിൽ 90ാം വയസ്സിൽ സി.സുബ്രഹ്മണ്യം അന്തരിച്ചു. അദ്ദേഹത്തിൻറെ ജന്മവാർഷികം 2010 ലായിരുന്നു. ആ അവസരത്തിൽ 100 രൂപാ, 5 രൂപാ മുഖവിലയുള്ള നാണയങ്ങളിലൂടെ ഭാരതം അദ്ദേഹത്തിന് ആദരം അർപ്പിച്ചു.
നാണയ വിവരണം
അരികിൽ ഇടത് വശത്തായി "സി.സുബ്രഹ്മണ്യം ജന്മശതാബ്ദി" എന്ന് ഹിന്ദിയിലും വലത് വശത്തായി "സി.സുബ്രഹ്മണ്യം ബർത്ത് സെന്റിനറി" എന്ന് ഇംഗ്ലീഷിലും എഴുതി താഴെ "1910 - 2010" എന്ന് വർഷവും രേഖപ്പെടുത്തി. നടുവിലായി സി.സുബ്രഹ്മണ്യത്തിന്റെ ശിരസ്സ് മുദ്രണം ചെയ്തിരിക്കുന്നു.
സാങ്കേതിക വിവരണം
1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നാകം - 20%, നിക്കൽ - 5%.
No comments:
Post a Comment