ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 130 |
തേൾ
അറ്ത്രോപോട ഫൈലത്തിൽ, അരാക്നിഡ വർഗത്തിലെ സ്കോർപിയോനിഡ ഗോത്രത്തിൽ പെടുന്ന ഒരു ജീവിയാണ് തേൾ . എട്ട് കാലുകളുള്ള, ചിറകില്ലാത്ത തേളിന്റെ വാലറ്റത്തുള്ള സഞ്ചിയിലാണ് വിഷം ശേഖരിച്ചു വച്ചിരിക്കുന്നത്. പരിണാമ പ്രക്രിയയിൽ ഏറ്റവും കുറവ് മാറ്റങ്ങൾക്കു വിധേയരായ ഒരു ജീവിവർഗ്ഗമാണ് തേൾ എന്നതിനാൽ ഇവയെ ജീവിക്കുന്ന ഫോസിൽ എന്നും വിളിക്കാറുണ്ട്. തേളുകളുടെ പൂർവ്വികർ ഏതാണ്ട് 45 കോടി വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.അന്റാർട്ടിക്ക ഒഴികെ എല്ലായിടത്തും തേളുകളെ കാണാറുണ്ട്.
ഉഷ്ണ-മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് തേളുകളെ സാധാരണ കാണപ്പെടുന്നത്. പകൽസമയങ്ങളിൽ മണലിനകത്തും കുഴികളിലും മരപ്പൊത്തുകളിലും അവശിഷ്ടങ്ങൾ, ജീർണിച്ച തടികൾ, കല്ലുകൾ എന്നിവയ്ക്കടിയിലും പാറക്കെട്ടുകൾക്കിടയിലും ഇവ ഒളിഞ്ഞിരിക്കുന്നു.13 മി.മീ. മുതൽ 20 സെ.മീ. വരെ നീളമുള്ള നിരവധി ഇനം തേളുകളുണ്ട്. മൈക്രോബുത്തസ് പസില്ലസിന് 13 മി.മീ. മാത്രം നീളമുള്ളപ്പോൾ പാൻഡിനസ് ഇംപെറേറ്റർ എന്നയിനത്തിന് 20 സെന്റിമീറ്ററോളം നീളമുണ്ട്. 15 സെ.മീ. നീളമുള്ള പലമ്മിയുസ് സ്വമ്മെർഡാമി ഇനമാണ് ഇന്ത്യയിൽ കാണപ്പെടുന്നതിൽ ഏറ്റവും വലിപ്പം കൂടിയ തേൾ ഇനം. വിവിധ നിറത്തിലുള്ള തേളുകളുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലുള്ളവയ്ക്ക് പൊതുവേ തിളക്കമുള്ള കറുപ്പുനിറമാണ്; വാലിന്റെ അവസാന ഖണ്ഡത്തിനു പിന്നിലായി ടെൽസൻ എന്നറിയപ്പെടുന്ന മുള്ള് കാണപ്പെടുന്നു. ഇതിന് ഒരു വീർത്ത ഭാഗവും അതിനുള്ളിലായി രണ്ട് വിഷസഞ്ചികളുമുണ്ട്. വിഷസഞ്ചികളിൽനിന്നുമുള്ള സൂക്ഷ്മനാളികൾ മുള്ളിന്റെ അറ്റത്തുള്ള ചെറിയ സുഷിരത്തിലൂടെയാണ് പുറത്തേക്കു തുറക്കുന്നത്. തേളുകൾ വാൽ ഉയർത്തിപ്പിടിച്ചാണ് സഞ്ചരിക്കുന്നത്.
രാത്രികാലങ്ങളിലാണ് തേളുകൾ ഇരതേടാനിറങ്ങുന്നത്. ചെറു പ്രാണികളും ചിലന്തികളുമാണ് ഇവയുടെ മുഖ്യ ആഹാരം. മറ്റ് ആർത്രോപോഡുകളിൽനിന്ന് വ്യത്യസ്തമായി പെൺ തേളുകൾ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണു പതിവ് .ശത്രുക്കളിൽനിന്ന് രക്ഷ നേടാനായി മുള്ള് പ്രയോജനപ്പെടുന്നു. തേൾ കടിക്കുന്ന ഭാഗത്ത് വേദനയും തടിപ്പും നിറം മാറ്റവുമുണ്ടാകും. മരണത്തിന് വരെ കാരണമാകത്തക്ക വിഷമുള്ള തേൾ ഇനങ്ങളുമുണ്ട്.
എന്റെ ശേഖരണത്തിലെ തേളിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു......
No comments:
Post a Comment