ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 71 |
കൃഷ്ണപ്പരുന്ത്
ഈ പരുന്ത് കേരളത്തിൽ സർവ്വവ്യാപിയായി കാണപ്പെടുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് ദക്ഷിണപൂർവ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ മുതൽ ഓസ്ട്രേലിയ വരെ ഈ പരുന്തിന്റെ ആവാസകേന്ദ്രങ്ങളാണ്. നന്നെ വരണ്ട മരുഭൂമിയും തിങ്ങി നിറഞ്ഞ കാടുകളും ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും ഇതിന് വസിക്കാൻ കഴിയും. മനുഷ്യവാസമുള്ള സ്ഥലങ്ങളിലും മനുഷ്യൻ എത്തിപ്പെടാത്തിടങ്ങളിലും അവ യഥേഷ്ടം വസിക്കുന്നു. മാംസഭോജിയായ വേട്ട പക്ഷികളിൽ ഒന്നാണ് കൃഷ്ണപ്പരുന്ത് അഥവാ ചെമ്പരുന്ത്. ഇംഗ്ലീഷ്: Brahminy Kite or Red-backed Sea-eagle. ശാസ്ത്രീയ നാമം: Haliastur indus.
വളരെ പ്രൗഢിയും തലയെടുപ്പുമുള്ള പക്ഷിയാണ് കൃഷ്ണപ്പരുന്ത്. തല കഴുത്ത് മാറിടം എന്നിവ വെള്ളയും ദേഹത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം കടുത്ത കാവി വർണ്ണവുമാണ്. വാലിന്റെ അഗ്രത്തിന് അർദ്ധ ചന്ദ്രാകൃതിയാണ്. പ്രായപൂർത്തിയാകാത്ത പക്ഷികൾ ചക്കിപ്പരുന്തിനേപ്പോലെയാണ് കാഴ്ചയിൽ. അവ കൂടുതൽ കാപ്പി നിറം കലർന്നവയായിരിക്കും. മുതിർന്ന പരുന്തിന് ബലിഷ്ഠമായ കാലുകളാണ് ഉള്ളത്. കാലുകൾ ഉപയോഗിച്ചാണ് അവ ഇരയെ പിടിക്കുന്നത്. കാലുകളിലെ പിടുത്തത്തിൽ നിന്ന് ഇര എളുപ്പം വഴുതിപ്പോവാതിരിക്കാനായി ഇരുമ്പ് കൊളുത്തുകൾ പോലെ ബലമേറിയ കാൽ നഖങ്ങൾ ഇരയുടെ മേൽ തുളച്ചിറക്കുന്നു; കൂടാതെ പാമ്പുകളെ വേട്ടയാടുമ്പോൾ പാദങ്ങളിലെ കട്ടിയേറിയ ചിതമ്പലുകൾ പാമ്പുകടിയിൽ നിന്നും ഇവക്ക് സംരക്ഷണം നൽകുന്നു.
വൻ മരങ്ങളിലാണ് ആൺ-പെൺ പരുന്തുകൾ ചേർന്ന് കൂടൊരുക്കുന്നത്. അമ്പതു മീറ്ററിലധികം ഉയരത്തിൽ വളരുന്ന മരങ്ങളിൽ പോലും കൃഷ്ണ പരുന്ത് കൂട് വെയ്ക്കാറുണ്. എന്നാൽ ഇപ്പോൾ മൊബൈൽ ടവറുകളിലും ഇവയുടെ കൂടുകൾ കണ്ടുവരുന്നുണ്ട്. ഇത് മിക്കവാറും ഇര തേടുന്ന പ്രദേശത്തിനു സമീപത്തായിരിക്കും. ജലാശയമോ വയലുകളോ മറ്റോ അരികിലുണ്ടായിരിക്കും. ഡിസംബർ - ജനുവരി കാലങ്ങളിലാണ് കൃഷ്ണപ്പരുന്തുകൾ കൂടുകെട്ടുവാനുള്ള ഒരുക്കം ചെയ്തു തുടങ്ങുന്നത്. ഉയരമുള്ള മാവ്, ആൽ, തെങ്ങ്, പന എന്നീ മരങ്ങളിലും ഇവ കൂടു കെട്ടാറുണ്ട്. വലിയ ചുള്ളികൾ കൂട്ടിവെച്ചാണ് ഇവ ഇത് ഉണ്ടാക്കുന്നത്. നല്ല ഉറപ്പുള്ള ഈ കൂടുകൾ മുന്നോ നാലോ വർഷങ്ങൾ വരെ കേടുകൂടാതിരിക്കാറുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് വെള്ള നിറമായിരികും.😊 അടയിരിക്കുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും ആൺ-പെൺ പരുന്തുകൾ മാറി മാറിയാണ്.
കേരളത്തിൽ വസിക്കുന്ന കൃഷ്ണപ്പരുന്തുകൾ മത്സ്യം, ഞണ്ട്, തവള, എലി, പാമ്പ്, ചിതൽ, പാറ്റ എന്നിവയാണ് ആഹാരമാക്കുന്നത്. മത്സ്യം ഇഷ്ട വിഭവമായതിനാൽ വേനൽക്കാലത്തും മറ്റും തോടുകളിൽ മനുഷ്യർ മീൻ പിടിക്കുന്നതിനടുത്തായി ഇവ വട്ടമിട്ടു പറക്കുകയും ഭയമില്ലാതെ തക്കം കിട്ടുന്നതനുസരിച്ച് മീൻ പിടിക്കുകയും ചെയ്യാറുണ്ട്. കൃഷിയുടെ സമയത്ത് കർഷകർ പാടം ഉഴുന്ന സമയത്ത് കൃഷ്ണ പരുന്തുകളും ചെറു സംഘമായി എത്തുന്നു. മറ്റുള്ള പക്ഷികളേപ്പോലെ, ചിറകടിക്കാതെ, ചിറക് വിരിച്ച് പിടിച്ച് ഒരു ഗ്ലൈഡർ പോലെ കിലോമീറ്ററുകളോളം വായുവിലൂടെ തെന്നിനീങ്ങാൻ കൃഷ്ണ പരുന്തു കൾക്കാവും. അതി ഭയങ്കരമായ കാഴ്ചശക്തിയാണിവയ്ക്ക് ; ഏകദേശം ഒന്നര കിലോമീറ്റർ ദൂരെയുള്ള ഇരയെ പോലും വ്യക്തമായി ഇവയ്ക്ക് കാണാനാവും..!!
No comments:
Post a Comment