ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 46 |
അടല്‍ ബിഹാരി വാജ്പേയ്
1924 ലെ ക്രിസ്തുമസ് ദിനത്തിൽ കൃഷ്ണാ ദേവിയുടെയും കൃഷ്ണ ബിഹാരി വാജ്പേയ് യുടെയും മകനായി, മഹാരാഷ്ട്രയിലെ ഗ്വാളിയറിൽ അടൽ ബിഹാരി വാജ്പേയ് ജനിച്ചു.
ആര്യസമാജ് അനുഭാവിയായി രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവർത്തകനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ സാമൂഹ്യ ജീവിതത്തിന്റെ ആരംഭം. 1951 ൽ അദ്ദേഹം ഭാരതീയ ജനസംഘ് അംഗമായി. 1957 ൽ ആദ്യമായി പാർലമെന്റ് അംഗമായ വാജ്പേയിയുടെ വാക്ചാതുരി ജവാഹർലാൽ നെഹ്റുവിനെ വളരെ ആകർഷിച്ചു. ഇദ്ദേഹം ഒരു നാൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്ന് നെഹ്റു പ്രവചിച്ചിരുന്നു പോൽ.
1968 ല്‍ ഭാരതീയ ജനസംഘിന്റെ ദേശീയ അദ്ധ്യക്ഷനായി വാജ്പേയ് തെരഞ്ഞെടുക്കപ്പെട്ടു.
അടിയന്തരാവസ്ഥക്ക് ശേഷം 1977 ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരമേറിയ ജനതാ പാർട്ടി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു വാജ്പേയ്. ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിൽ ഹിന്ദിയിൽ പ്രസംഗിച്ച ആദ്യ വ്യക്തിയും അദ്ദേഹമായിരുന്നു. 1979 ൽ മൊറാർജി മന്ത്രിസഭയിൽ നിന്നും അദ്ദേഹം രാജി വച്ചു. ആ മന്ത്രിസഭയുടെയും ആത്യന്തികമായി ജനതാ പാർട്ടിയുടെയും തകർച്ചക്ക് അത് വഴിവച്ചു.
1980 ൽ മുൻ ഭാരതീയ ജനസംഘിന്റെ അംഗങ്ങൾ ചേർന്ന് ഭാരതീയ ജനതാ പാർട്ടിക്കു രൂപം നൽകിയപ്പോൾ അതിന്റെ ആദ്യ അദ്ധ്യക്ഷ പദവി വാജ്പേയിയെ തേടിയെത്തി.
1984 ലെ പൊതു തെരഞ്ഞെടുപ്പിൽ വാജ്പേയ് പരാജിതനായി. എന്നാൽ മദ്ധ്യപ്രദേശിൽ നിന്നും അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1996 ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബി.ജെ.പി. മന്തിസഭ രൂപീകരിച്ചപ്പോൾ വാജ്പേയ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തതിനാൽ 16ാം നാൾ രാജി വയ്ക്കേണ്ടി വന്നു. തുടർന്ന് വന്ന അസ്ഥിര സർക്കാരുകൾ നിലംപൊത്തിയതിനെ തുടർന്ന് 1998 ൽ വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സഖ്യം അധികാരമേറ്റപ്പോഴും വാജ്പേയ് പ്രധാനമന്ത്രിയായി. 13 മാസങ്ങൾക്കു ശേഷം എ.ഐ.എ.ഡി.എം.കെ. പിന്തുണ പിൻവലിച്ചപ്പോൾ ആ മന്ത്രിസഭയും തകർന്നു.
1999 ൽ കാർഗിൽ യുദ്ധാനന്തരം നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി. മന്ത്രിസഭ വീണ്ടും വന്നപ്പോൾ മൂന്നാം തവണയും വാജ്പേയി തന്നെ പ്രധാനമന്ത്രിയായി. ഇക്കുറി കാലാവധി പൂർത്തിയാക്കിയെങ്കിലും 2004 ൽ നടന്ന അടുത്ത തെരഞ്ഞെടുപ്പിൽ ഭാഗ്യം അദ്ദേഹത്തെ കൈവിട്ടു.
2005 ഡിസംബറിൽ അദ്ദേഹം രാഷ്ട്രീയ ജീവിതം ഔദ്യോഗിമായി അവസാനിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങൾ അടിക്കടി അലട്ടിയിരുന്ന അദ്ദേഹം ബംഗളുരുവിൽ വിശ്രമ ജീവിതത്തിനിടെ 2018 ഓഗസ്റ്റ് 16 ന് അന്തരിച്ചു.
ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം 2018 ൽ ഭാരതം 100 രൂപയുടെ സ്മാരകനാണയം പുറത്തിറക്കുകയുണ്ടായി.
നാണയ വിവരണം
നാണയത്തിന്‍റെ പിൻവശത്ത് നടുവിൽ അടൽ ബിഹാരി വാജ്പേയുടെ ചിത്രവും, മുകളിൽ ഇടത് വശത്ത് ഹിന്ദിയിലും വലത് വശത്ത് ഇംഗ്ലീഷിലും "അടൽ ബിഹാരി വാജ്പേയ്" എന്ന് പേരും നൽകിയിരിക്കുന്നു. താഴേയായി "1924 - 2018" എന്ന് അദ്ദേഹത്തിന്‍റെ ജീവിത കാലഘട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക വിവരണം
മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200.
No comments:
Post a Comment