12/06/2017

03-06-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-1)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
 40



ടിബറ്റ് കറൻസി
Part-1

ടിബറ്റിൽ  ഏകദേശം 16-ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ സ്വന്തമായി നാണയങ്ങൾ ഉപയോഗത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ അയൽരാജ്യങ്ങളായ നേപ്പാൾ, ചൈന, ഇന്ത്യ തുടങ്ങിയരാജ്യങ്ങൾ പുരാതന കാലം മുതൽക്കേ നാണയങ്ങൾ ഉപയോഗിച്ചിരുന്നു. സ്വർണ്ണം പോലുള്ള ലോഹങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും പരസ്പരം കൈമാറ്റം ചെയ്തായിരുന്നു അവർ കച്ചവടങ്ങൾ  നടത്തിയിരുന്നത്.  ചെറിയ കച്ചവടങ്ങൾക്ക് Shell Money-യും കല്ല് കൊണ്ടുള്ള മുത്തുകളും ഉപയോഗിച്ചു. അതേ സമയം സ്വർണത്തിന്റെയും വെള്ളിയുടെയും കട്ടികൾ പുരാതന ടിബറ്റിൽ നാണയങ്ങൾക്ക് പകരം ഉപയോഗിച്ചിരുന്നു.

ആദ്യകാല നാണയങ്ങൾ(17 -18 നൂറ്റാണ്ടുകൾ )
------------------------------------------------------
16-ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് നേപ്പാളിൽ നിന്നും ഇറക്കുമതി ചെയ്ത വെള്ളി നാണയങ്ങളാണ്  തെക്കൻ ടിബറ്റിൽ (Southern Tibet) ആദ്യമായി ഉപയോഗത്തിൽ വന്ന നാണയങ്ങൾ. ഏകദേശം 1640 മുതൽ 1791 വരെയുള്ള കാലഘട്ടങ്ങളിൽ  നേപ്പാളിലെ മല്ല രാജവംശങ്ങളും തുടർന്നുള്ള ഷാ രാജവംശത്തിലെ ആദ്യ രാജാക്കന്മാരുമായിരുന്നു ടിബറ്റിലേക്കു നാണയങ്ങൾ വിതരണം ചെയ്തിരുന്നത്. ഈ നാണയങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ശുദ്ധമായ വെള്ളി ടിബറ്റ് നേപ്പാളിന്‌ നൽകുകയും, നേപ്പാൾ ഈ വെള്ളി ഉപയോഗിച്ച്  വെള്ളി നാണയങ്ങൾ അടിച്ചു നൽകുകയും ചെയ്തു. പക്ഷെ, നേപ്പാൾ ഈ ശുദ്ധമായ വെള്ളിയിൽ ചെമ്പു കലർത്തി വെള്ളിയുടെ തൂക്കത്തിലും ഗുണത്തിലും കൃത്രിമം നടത്തിയായിരുന്നു  നാണയങ്ങൾ നിർമ്മിച്ചിരുന്നത്.



എന്നാൽ  18-ആം നൂറ്റാണ്ടിന്റെ മദ്ധ്യ കാലഘട്ടത്തിന് ശേഷം തിബറ്റൻ ഭരണാധികാരികൾ  ഇക്കാര്യം മനസ്സിലാക്കുകയും നേപ്പാളിൽ നിന്നുള്ള നാണയ ഇറക്കുമതി നിർത്തി വക്കുകയും ചെയ്തു. തന്മൂലം ടിബറ്റിൽ നാണയങ്ങൾക്ക് ക്ഷാമം നേരിടുകയും അതിനെ മറികടക്കാൻ വേണ്ടി ടിബറ്റൻ ഭരണകൂടം (Dican Hutuktu) 1763-64 ലും പിന്നീട് 1785-ലും  സ്വന്തമായി നാണയങ്ങൾ അടിച്ചിറക്കാൻ തുടങ്ങി. ഈ നാണയങ്ങൾ തദ്ദേശീയമായി നിർമ്മിച്ചവയാണെന്നു  തിരിച്ചറിയുന്നതിനു വേണ്ടി ബുദ്ധമതത്തിന്റെ ചില ചിഹ്നങ്ങൾ മാത്രം ഇതിൽ കൊത്തിവച്ചിരുന്നു. നാണയങ്ങളുടെ ഇരുവശങ്ങളിലും ലിഖിതങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.

മല്ല രാജഭരണകാലത്തു ടിബറ്റിനു വേണ്ടി നിർമിച്ചു നൽകിയ നാണയങ്ങൾക്കു പകരം പുതിയ ശുദ്ധമായ വെള്ളിനാണയങ്ങൾ നിർമിച്ചു നൽകാൻ  1768-ൽ നേപ്പാളിലെ ഷാ രാജവംശത്തിലെ രാജാവായ പ്രിത്വി നാരായൺ ഷായുടെ കാലത്ത് ഒരു ശ്രമം നടന്നു. ഒരു പുതിയ വെള്ളി നാണയത്തിനു പകരം രണ്ടു പഴയ ചെമ്പ് ചേർത്ത വെള്ളിനാണയങ്ങൾ (1  New mohar = 2 old adulterated silver coins) എന്ന നിരക്കിലായിരുന്നു ഷാ രാജാവ് ദൗത്യത്തിന് ഒരുങ്ങിയത്. എന്നാൽ ടിബറ്റൻ വ്യാപാരികൾക്ക് വൻ നഷ്ടം സംഭവിക്കുമെന്നതിനാൽ  ടിബറ്റൻ ഭരണകൂടം ഈ നിബന്ധന അംഗീകരിച്ചില്ല.



1775  മുതൽ  1777 വരെ ഷാ രാജവംശത്തിലെ രണ്ടാം രാജാവായ പ്രതാപ് സിങ് ഷായുടെ കാലത്തു വീണ്ടും ടിബറ്റിനു വേണ്ടി നേപ്പാൾ നാണയങ്ങൾ അടിക്കുവാൻ തുടങ്ങി. എന്നാൽ ഇതും ചെമ്പു ചേർത്ത നാണയങ്ങൾ ആയിരുന്നു.  അതിനു ശേഷം വന്ന നേപ്പാൾ ഭരണകൂടം മല്ല രാജവംശത്തിന്റെയും പ്രതാപ് സിങ് ഷായുടെയും നിബന്ധനകളെ  അപേക്ഷിച്ച് ടിബറ്റൻ ഗവൺമെന്റിന് സ്വീകാര്യമായ നിരക്കിൽ ശുദ്ധമായ വെള്ളി നാണയങ്ങൾ നിർമ്മിച്ച് നൽകാം എന്ന് വാഗ്‌ദാനം നൽകിയെങ്കിലും ടിബറ്റൻ ഭരണകൂടം അത് നിരസിച്ചു. ഇത് ടിബറ്റും നേപ്പാളും തമ്മിലുള്ള വ്യാപാരത്തിൽ വിള്ളൽ വീഴ്ത്തുകയും 1791-ൽ ടിബറ്റ്-നേപ്പാൾ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.



to be continued...



No comments:

Post a Comment