ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 43 |
കുന്തിരിക്ക വൃക്ഷം
വെളുത്ത പൂക്കൾ ഉണ്ടാകുന്ന ഒരു വലിയ വൃക്ഷമാണ് കുന്തിരിക്കം; സുഗന്ധം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പദാർത്ഥമായ കുന്തിരിക്കം "ബർബരേസേ" കുടുംബത്തിലെ ഈ വൃക്ഷത്തിന്റെ കറയാണ്. ശാസ്ത്രീയ നാമം - "Boswellia serrata".
ഇന്ത്യയിൽ പ്രധാനമായും ആസ്സാമിലും ബംഗാളിലും കേരളത്തിൽ പശ്ചിമഘട്ട മേഖലയിലും ഇവ ധാരാളമായി വളരുന്നു.
ആയുർവേദ ആചാര്യന്മാരായ ചരകൻ, സുശ്രുതൻ എന്നിവർ ഇതിനെ "ശല്ലാകി " എന്ന പേരിലാണ് പരാമർശിച്ചിട്ടുള്ളത്. ഭാവമിശ്രനാണ് ഇതിന്റെ പശയെ "കുന്തുരു" അഥവാ "കുന്തിരിക്കം" എന്നു പേരിട്ടു പരാമർശിച്ചിട്ടുള്ളത്. "കുങ്ങില്യം" എന്നും അറിയപ്പെടുന്നു. കുന്തിരിക്കം ഹിന്ദിയിൽ സാലായി എന്നും തെലുങ്കിൽ "അങ്കുടു ചെട്ടു" എന്നും കന്നഡയിൽ "മാഡി" എന്നും അറിയപ്പെടുന്നു.
മഞ്ഞുകാലത്ത് ഇലകൾ പൊഴിയുന്ന ഈ മരം മീനം, മേടം മാസങ്ങളിൽ പൂവിടുന്നു. തടിയിൽ കാതൽ വളരെ ചെറിയ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ എങ്കിലും നല്ല തൂക്കമുള്ള തടിയാണ് ഈ വൃക്ഷത്തിനുള്ളത്. ഇതിന്റെ തടിയിൽ മുറിവ് ഉണ്ടാക്കി, മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ് "കുന്തിരിക്കം". കേരളത്തിന്റെ ചില പ്രദേശങ്ങളിൽ ഇതിനെ "കുന്തുരുക്കം" എന്നും പറയുന്നു. സുഗന്ധം, ഉണ്ടാക്കുന്നതിനും ഔഷധങ്ങളിലെ ചേരുവയായും വാർണീഷ് നിർമ്മിക്കുന്നതിനും കുന്തിരിക്കം ഉപയോഗിക്കുന്നു..!!
ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. ബലാഗുളുച്യാദി തൈലം, ഏലാദിഗണം, അസ്നേലാദി തൈലം എന്നിവ കുന്തിരിക്കം ചേർന്ന പ്രധാന ആയുർവേദ ഔഷധങ്ങളാണ്. തുളസിയില ഇടിച്ചുപിഴിഞ്ഞ നീരിൽ വയമ്പ്, കാഞ്ഞിരമരത്തിന്റെ മൊട്ട്, കർപ്പൂരം എന്നിവ കുന്തിരിക്കവും ചേർത്ത് പൊടിച്ച് വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിയിൽ നിന്നുമുള്ള പഴുപ്പ് മാറുന്നതാണ്. ജ്വരം, അമിത വിയർപ്പ്, കഫക്കെട്ട് എന്നീ അവസ്ഥകളെ കുന്തിരിക്കം ശമിപ്പിക്കും.
പൗരസ്ത്യദേശത്തു നിന്ന് ഉണ്ണിയേശുവിനെ സന്ദർശിച്ചെത്തിയ മൂന്നു ജ്ഞാനികൾ കൊണ്ടുവന്നിരുന്ന കാഴ്ചവസ്തുക്കളിൽ ഒന്ന് കുന്തിരിക്കം ആയിരുന്നെന്ന്, ബൈബിളിലെ പുതിയനിയമത്തിന്റെ ഭാഗമായ മത്തായിയുടെ സുവിശേഷം പറയുന്നു. ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥനകളുടെ ഭാഗമായി കുന്തിരിക്കം ധൂമകുറ്റികളിൽ വെച്ച് പുകയ്ക്കുന്നത് സാധാരണമാണ്. അതു മൂലം കുന്തിരിക്കത്തിന്റെ പുക വായുവിനെ ശുദ്ധീകരിക്കുന്നു.
No comments:
Post a Comment