1945 ഒക്ടോബറിൽ റോം കേന്ദ്രീകരിച്ച്, യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിനു കീഴിൽ ഐക്യരാഷ്ട്ര സംഘടന രൂപം നൽകിയ ഒരു പ്രസ്ഥാനമാണ് എഫ്.എ.ഒ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന "ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ".
ലോകത്തു നിന്ന് പട്ടിണി നിർമ്മാർജ്ജനം ചെയ്യുക, എല്ലാവര്‍ക്കും പോഷക മൂല്യം കൃത്യമായടങ്ങിയ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കുക (ഭക്ഷ്യ സുരക്ഷ, പോഷക സുരക്ഷ) എന്നിവയാണ് ഇതിന്റെ പരമ പ്രധാന ലക്ഷ്യങ്ങൾ. ഇപ്പോൾ ഇതിൽ 197 അംഗ രാഷ്ട്രങ്ങളാണ് ഉള്ളത്. 140 ഓളം രാജ്യങ്ങളിലായി കൃഷി, ജലസേചനം, മത്സ്യബന്ധനം, വനസംരക്ഷണം എന്നീ വിവിധ മേഖലകളെ കൂട്ടിയിണക്കിക്കൊണ്ട് ആഹാര ലഭ്യത വർദ്ധിപ്പിക്കാനുള്ള സ്തുത്യർഹമായ സേവനമാണ് ഈ പ്രസ്ഥാനം കാഴ്ച വയ്ക്കുന്നത്. ഇതിന്റെ മുദ്രയിൽ ലാറ്റിൻ ഭാഷയിൽ എഴുതിയിരിക്കുന്ന "FIAT PANIS" എന്നതിന് "ഭക്ഷണം ഉണ്ടായിരിക്കട്ടെ" എന്നാണ് അർത്ഥം.
പ്രധാനമായും എട്ടു വിഭാഗങ്ങളാണ് എഫ്.എ.ഒയ്ക്ക് ഉള്ളത്.
1.കൃഷിയും, ഉപഭോക്തൃ സംരക്ഷണവും,
2. കാലാവസ്ഥ
3. ജൈവ വൈവിധ്യം
4. ഭൂജല വിഭാഗം
5. സാമൂഹ്യ സാമ്പത്തിക വികസനം
6. മത്സ്യ ബന്ധനവും, മൽസ്യ കൃഷിയും
7. വനം
8. കോർപറേറ്റ് സേവനങ്ങളും സാങ്കേതിക സഹകരണവും പദ്ധതി നടത്തിപ്പും.
ആരംഭം മുതൽ തന്നെ കാർഷിക ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകി വന്ന എഫ്.എ.ഒ. അത്യുൽപാദന ശേഷിയുള്ള വിളകൾ സൃഷ്ടിക്കുന്നതിൽ വിജയം വരിച്ചു. വലിയൊരു കാർഷിക വിപ്ലവം തന്നെ ലോകത്ത് സംഭവിച്ചുവെങ്കിലും 1970 കളിൽ ആഫ്രിക്കയിൽ ഉണ്ടായ ഭക്ഷ്യ ക്ഷാമം നേരിടുക വലിയൊരു വെല്ലുവിളിയായി മാറി. ഇത് നേരിടുന്നതിന്റെ ഭാഗമായി 1974 ൽ ആദ്യ ആഗോള ഭക്ഷ്യ ഉച്ചകോടി വിളിച്ചു ചേർത്തു. ''തങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനായി വിശപ്പിൽ നിന്നും പോഷണക്കുറവിൽ നിന്നും ലഭിക്കേണ്ട സംരക്ഷണം ലോകത്തെ ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും ഉള്ള അനിഷേദ്ധ്യമായ അവകാശമാണ്" എന്നും അത് ഒരു പതിറ്റാണ്ടിനുള്ളിൽ നേടുന്നതിനുള്ള പ്രതിബദ്ധതയോടെ ലോകം ഒന്നിച്ചു പ്രവർത്തിക്കുമെന്നും ആ സമ്മേളനം പ്രഖ്യാപിച്ചു. 1996 ൽ ഇത്തരം മറ്റൊരു സമ്മേളനം ഈ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും കോട്ടങ്ങൾ പരിഹരിച്ചു കൊണ്ട് 21ാം നൂറ്റാണ്ടിൽ "ഭൂമുഖത്തുനിന്ന് പട്ടിണിയും പോഷണക്കുറവും ഇല്ലായ്മ ചെയ്യുക" എന്ന ലക്ഷ്യം നേടാനുള്ള മാർഗ്ഗരേഖ നിർമ്മിക്കുകയും ചെയ്തു.
1970 ൽ എഫ്.എ.ഒ യുടെ 25ാം വാർഷികം പ്രമാണിച്ച് "എല്ലാവര്‍ക്കും ഭക്ഷണം" എന്നു രേഖപ്പെടുത്തിയ 10 രൂപ, 20 പൈസ സ്മാരക നാണയങ്ങൾ ഭാരതം നിർമ്മിക്കുകയുണ്ടായി.
നാണയ വിവരണം
ഇവയിൽ മദ്ധ്യത്തിൽ ജലത്തിൽ നിൽക്കുന്ന താമരയും മുകളിൽ സൂര്യനും വശങ്ങളിൽ ധാന്യക്കതിരുകളും ഉണ്ട്. താഴെ "1970" എന്നും മിന്റ് മാർക്കും ഏറ്റവും താഴെ അരികിലായി ഇടതു വശത്ത് "ഫുഡ് ഫോർ ഓൾ" എന്ന ഇംഗ്ലീഷ് എഴുത്തും വലതു വശത്ത് "സബ് കേലിയെ അന്ന്" എന്ന ഹിന്ദി എഴുത്തും കാണാം.
സാങ്കേതിക വിവരണം
1 മൂല്യം - 10 രൂപ, ഭാരം - 15 ഗ്രാം, വ്യാസം - 34 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 80%, ചെമ്പ് - 20%, വരകള്‍ (serration) - 155.
2 മൂല്യം - 20 പൈസ, ഭാരം - 4.5 ഗ്രാം, വ്യാസം - 22 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 92%, അലൂമിനിയം - 6%, നിക്കൽ - 2%, വരകള്‍ (serration) - 112.
(ഈ നാണയങ്ങളിൽ വർഷത്തിനു പിന്നിലായി ജലത്തിന്റെ രേഖകൾ കാണുന്നവയും, അത് ഇല്ലാത്തവയും ഉണ്ട്)
1970 മുതല്‍ ഫുഡ് ആന്‍റ് അഗ്രകള്‍ച്ചറുമായി ബന്ധപ്പെട്ട് ഇന്‍ഡ്യന്‍ ഗവണ്മെന്‍റ് തുടരെ സ്മാരക നാണയങ്ങള്‍ നിര്‍മ്മിച്ചു വരുന്നു.
കാലിക പ്രാധാന്യം അനുസരിച്ച് ആഹാര ലഭ്യത, പോഷകാഹാരത്തിന്‍റെ ആവശ്യകത, പ്രകൃതി സംരക്ഷണം, വന സംരക്ഷണം, ജല വിഭവ സംരക്ഷണം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഓരോ തവണയും ഓരോ വിഷയം അധികരിച്ച് മുദ്രിതമായ ഈ നാണയങ്ങളില്‍ വിഷയത്തെ അധികരിച്ചുള്ള ഒരു ആപ്ത വാക്യം രേഖപ്പെടുത്തിയിരിക്കുന്നു.
ഫുഡ് ആന്‍റ് അഗ്രകള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ 75ാം വാര്‍ഷികമായ 2020 ല്‍ അതുമായി ബന്ധപ്പെട്ട് ഇന്‍ഡ്യ ഗവണ്മെന്‍റ് 75 രൂപയുടെ ഒരു സ്മാരക നാണയം പുറത്തിറക്കുകയുണ്ടായി.
നാണയ വിവരണം
പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന ഒരു രൂപകല്പനയാണിതിന്. 1970 ല്‍ പുറത്തിറക്കിയ ആദ്യ എഫ്. എ. ഒ. സ്മാരക നാണയത്തിന്‍റെ അതേ മാതൃക ഒന്ന് പരിഷ്ക്കരിച്ച് മുകളിലെ സൂര്യന്‍റെ നടുവിലായി എഫ്. എ. ഒ. എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 1970 ലെ നാണയത്തിലെ ആപ്ത വാക്യം മാറ്റി പകരം ''സഹി പോഷണ്‍ ദേശ് റോഷണ്‍'' എന്ന് ഹിന്ദിയില്‍ ആലേഖനം ചെയ്തിരിക്കുന്നു.
സാങ്കേതിക വിവരണം
മൂല്യം - 75 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കല്‍ - 5%, നാകം - 5%.
1970 ലെ ആദ്യ എഫ്. എ. ഒ. 20 പൈസ നാണയവും, 2020 ലെ എഫ്. എ. ഒ. സുവര്‍ണ ജൂബിലി സ്മാരക നാണയവുമാണ് ചുവടെ.
ഇന്‍ഡ്യ ഗവണ്മെന്‍റ് ഇന്ന് വരെ പുറത്താക്കിയ മുഴുവന്‍ എഫ്. എ. ഒ. സ്മാരക നാണയങ്ങളുടെയും ചിത്രങ്ങളും വിവരണവും ഉള്‍പ്പെടുത്തിയ pdf ഇതിനോടൊപ്പം.