24/02/2021

കറൻസിയിലെ വ്യക്തികൾ (37) - സൈമൺ ബൊളിവർ

                    

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
37
   
സൈമൺ ബൊളിവർ

സൈമൺ ദെ ബൊളിവർ (ജൂലൈ 24, 1783-ഡിസംബർ 17, 1830) തെക്കൻ അമേരിക്കൻ വൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെസ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. 1811നും1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാ‍ട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻ‌കരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ച ബൊളിവർ ലാറ്റിനമേരിക്കയുടെ വിമോചന നായകനായി കരുതപ്പെടുന്നു. വെനിസ്വെല, കൊളംബിയ, ഇക്വഡോർ, പെറു, പനാമ, ബൊളീവിയ എന്നീ രാജ്യങ്ങൾക്കാണു സ്വാതന്ത്ര്യം നേടിക്കൊടുത്തതെങ്കിലും ലാറ്റിനമേരിക്കയിലാകെ അദ്ദേഹം ആദരിക്കപ്പെടുന്നു. കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ് ആയിരുന്നു. വെനെസ്വേലയുടെ  രണ്ടാമത്തെയും മൂന്നാമത്തെയുംപ്രസിഡന്റും അദ്ദേഹമായിരുന്നു.
കറൻസിയിലെ വ്യക്തികൾ (37) - സൈമൺ ബൊളിവർ
വെനിസ്വെലയിലെ കാരക്കാസാണ് സൈമൺ ബൊളിവറുടെ ജന്മദേശം. സ്പാനിഷ് പ്രഭു പരമ്പരയിൽപ്പെട്ടവരായിരുന്നു ബൊളിവർ കുടുംബം. അറോറ നദീതീരത്തുള്ള സ്വർണ്ണ ഖനികളുടെ ഉടമസ്ഥാവകാശം ബൊളിവർ കുടുംബത്തിനായിരുന്നു. സ്വർണ്ണ ഖനനത്തിൽ നിന്നും ലഭിച്ച പണം സൈമൺ ബൊളിവർ പിന്നീട് തന്റെ വിമോചന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. തെക്കേ അമേരിക്കയിലെ സ്പാനിഷ് കോളനികളുടെ സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ബൊളിവറുടേത്. ഐക്യലാറ്റിനമേരിക്ക സ്വപ്നം കണ്ട അദ്ദേഹം അതിനായി അക്ഷീണം പ്രയത്നിച്ചു.

1819ൽ ബൊയാച്ചിയിൽ വച്ച് അദ്ദേഹം സ്പാനിഷ് സേനയെ പരാജയപ്പെടുത്തി. വെനിസ്വെലയെയും ന്യൂഗ്രെനേഡയെയും ചേർത്ത് വിശാല കൊളംബിയ എന്ന റിപബ്ലിക് സ്ഥാപിച്ച അദ്ദേഹം അതിന്റെ പ്രഥമ പ്രസിഡന്റായി.

1824-ൽ ബൊളിവറുടെ വിമോചന സേന പെറുവിലെത്തി സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകി. 1825-ൽ അദ്ദേഹം പെറുവിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പെറുവിന്റെ തെക്കൻ ഭാഗങ്ങൾ വിഭജിച്ച് അദ്ദേഹം പുതിയൊരു രാജ്യത്തിനു രൂപം നൽകി. ബൊളിവറുടെ ബഹുമാനാർത്ഥം പുതിയ രാജ്യത്തിന് ബൊളിവിയ എന്ന പേരു നൽകി.
ആഭ്യന്തര സംഘർഷങ്ങളെത്തുടർന്ന് 1828-ൽ ബൊളിവർ റിപബ്ലിക് ഓഫ് കൊളമ്പിയയുടെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. എന്നാൽ താമസിയാതെ അദ്ദേഹം സ്വയം ഏകാധിപതിയാ‍യി പ്രഖ്യാപിച്ചു. 1830-ൽ ഭരണസാരഥ്യം ഒഴിഞ്ഞു.

വെനിസ്വേല 100 ബൊളിവർ വെർട്ടിക്കൽ ബാങ്ക് നോട്ട് 2017 ലാണ് പുറത്തിറക്കിയത്. മുൻവശം ( Obverse):സൈനിക യൂണിഫോം ധരിച്ച വെനിസ്വേലൻ നേതാവ് സൈമൺ ബൊളിവാറിന്റെ ചിത്രം ഉൾക്കൊള്ളുന്നു. 

പിൻവശം (Reverse): കറുത്ത നിറമുള്ള രണ്ട്  സിസ്കിൻ പക്ഷികൾ, ദേശീയ എംബ്ലം എന്നിവ ചിത്രീകരിച്ചിരിക്കുന്നു.








No comments:

Post a Comment