ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 21 |
ദണ്ഡി യാത്ര (ഉപ്പ് സത്യഗ്രഹം) - 75ാം വാര്‍ഷികം
ഗാന്ധിജിയുടെ സത്യഗ്രഹ / സത്യാഗ്രഹ സമരങ്ങളുടെ ആരംഭം "ഉപ്പു സത്യാഗ്രഹം" എന്നറിയപ്പെടുന്ന ഇതിഹാസ സമരത്തോടെ ആയിരുന്നു. 1930 മാർച്ച് മാസം സബർമതി ആശ്രമത്തിൽ നിന്നും കുറച്ച് അനുയായികളുമായി ദണ്ഡി കടപ്പുറത്തേക്ക് അദ്ദേഹം യാത്ര തിരിച്ചു. ഉപ്പിന് ബിട്ടീഷുകാർ ചുമത്തിയിരുന്ന നികുതിയോട് പ്രതിഷേധിച്ച് സ്വയം ഉപ്പു നിർമ്മിക്കാൻ ഭാരതീയരെ ഉദ്ബോധനം ചെയ്യാൻ വേണ്ടിയായിരുന്നു പ്രസ്തുത യാത്ര. ഏപ്രിൽ മാസത്തിൽ അദ്ദേഹം "നവസാരി" എന്ന് താൽകാലികമായി വിളിച്ച ദണ്ഡിയുടെ തീരത്തു വച്ച് കടൽ വെള്ളം കുറുക്കി ഉപ്പുണ്ടാക്കി അദ്ദേഹം അത് നിർവഹിച്ചു.
ഇന്ത്യക്കകത്തും പുറത്തും ഈ അക്രമരഹിത സമരമുറ ചലനമുണ്ടാക്കി. ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് സമരത്തെ നിർവീര്യമാക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാർക്ക് വെളുക്കാൻ തേച്ചത് പാണ്ടായ അനുഭവം ഉണ്ടായി. ലക്ഷങ്ങൾ ഉപ്പു നിർമിച്ച് നികുതി നൽകാൻ വിസമ്മതിച്ചു. ഒടുവിൽ ഗാന്ധിജിയെ വിട്ടയക്കേണ്ട അവസ്ഥ വന്നു ചേർന്നു സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്.
ദണ്ഡിയാത്ര തിരികൊളുത്തിയ "നിസ്സഹകരണ പ്രസ്ഥാനം" അഹിംസയിൽ ഊന്നിയ ശക്തമായ ജനകീയ പ്രക്ഷോഭ രീതിയായത് കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു. അതു വരെ ഗർജ്ജിച്ചിരുന്ന ബ്രിട്ടീഷ് പടയുടെ ആയുധങ്ങൾ ലജ്ജിച്ച് പോയ ഐതിഹാസിക സമരമുറ നേടിയ ലോകശ്രദ്ധയും ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല സമ്മാനിച്ച ചീത്തപ്പേരും ബ്രിട്ടീഷ് കൊളോണിയൽ ശക്തിയെ പിടിച്ചുലച്ചു. വട്ടമേശസമ്മേളനങ്ങൾ നടത്താനും ഭരണത്തിൽ ഭാരതീയരെ ഉൾകൊള്ളിക്കാമെന്നു (വ്യാജമായെങ്കിലും) വാഗ്ദാനം നൽകാനും ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കിയത് ഈ ശ്വാസം മുട്ടലായിരുന്നു.
ദണ്ഡി യാത്രയുടെ 75ാം വാർഷികത്തിന് ഭാരത സർക്കാർ 100 രൂപയുടെയും 5 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കി.
നാണയ വിവരണം
ഗാന്ധിജി മുന്നിൽ നിന്ന് യാത്ര നയിക്കുന്ന ചിത്രമാണ് നാണയത്തിന്റെ പിന്‍പുറത്ത്. അതിന് ഇടത്ത് മുകളിൽ "ദണ്ഡി യാത്ര കേ 75 വർഷ് " എന്ന ഹിന്ദി വിവരണവും വലത്ത് മുകളിൽ "75 ഇയേഴ്സ് ഓഫ് ദണ്ഡി മാർച്ച്" എന്ന ഇംഗ്ലീഷ് വിവരണവും ചേർത്തിരിക്കുന്നു. താഴെ "1930-2005" എന്നും "എം" എന്ന മിന്റ് മാർക്കും ഉണ്ട്.
സാങ്കേതിക വിവരണം
1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200
2 മൂല്യം - 5 രൂപ, ഭാരം - 9 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%, വരകള്‍ (serration) - 100
No comments:
Post a Comment