ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 67 |
നക്ഷത്രപ്പുളി
( Starfruit )
കേരളത്തിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും ശുഷ്കവനങ്ങളിലും കാണപ്പെടുന്ന ഒരിനം ചെറുമരമാണ് നക്ഷത്രപ്പുളി. (ശാസ്ത്രീയനാമം: Averrhoa carambola). ഇത് ആരംപുളി, കാചെമ്പുളി, തോടമ്പുളി, ചതുരപ്പുളി, ആനയിലുമ്പൻപുളി, ആനയിലുമ്പി, വൈരപ്പുളി, ആനപ്പുളിഞ്ചി, മധുരപ്പുളിഞ്ചി, കാരകമ്പോള, സ്റ്റാർ ഫ്രൂട്ട് എന്നൊക്കെയും അറിയപ്പെടുന്നു. ഓക്സാലിഡേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ, ചൈന, ബർമ എന്നിവിടങ്ങളിൽ വ്യാവസായിക ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നു.
ഇലിമ്പൻ പുളിയുടെ ജനുസ്സിൽപ്പെട്ടതും അഞ്ചിതളുകളോ മൂലകളോ ഉള്ളതുമായ കാണാൻ ഭംഗിയുള്ള പുളിയാണിത്. പലസ്ഥലങ്ങളിലും വ്യത്യസ്തങ്ങളായ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഈ സസ്യത്തിന്റെ സ്വദേശമായി കരുതുന്നത്. പുളിരസത്തിലുള്ള ഈ പഴം അച്ചാറുണ്ടാക്കാനും, കറികളിൽ പുളിരസത്തിനായും പാനീയങ്ങളുണ്ടാക്കാനും, സത്ത് ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറകൾ നിക്കംചെയ്യാനും ഉപയോഗിക്കുന്നു. സർബത്ത്, ജാം, ജെല്ലി, ചട്നി, വൈൻ, ജ്യൂസ് എന്നിവ ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ട്.
പുളിഞ്ചിയോട് ഇതിന് സാമ്യമുണ്ട്. ഇതിന്റെ കായ്കൾ കുറച്ചുകൂടി വലുതാണ്. സാധാരണ ആനപ്പുളിഞ്ചിക്കു് പഴുത്താൽ സ്വർണ്ണനിറമായിരിക്കും. നല്ല പച്ചനിറത്തിലുളള ചെറിയ കായ്കൾ ഉണ്ടാകുന്ന ഒരിനവുമുണ്ട്. അവയുടെ കായ്ക്കൾ പഴുത്താലും നല്ല പച്ചനിറമായിരിക്കും. ജീവകം എ, ഓക്സാലിക് ആസിഡ്, ഇരുമ്പ് എന്നീ പോഷകങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്.
ഇതിന്റെ ചെടി മൂന്നുമീറ്ററോളം ഉയരത്തിൽ വളരും. ചെടി നിറയെ കായ്കൾ പിടിക്കും. ആണ്ടിൽ എട്ടുമാസക്കാലത്തോളം വിളവുണ്ടാകും. ഒരു മീറ്റർ സമചതുരത്തിലും ആഴത്തിലുമുളള കുഴികളെടുത്ത്, അവയിൽ മേൽമണ്ണും കാലിവളവും ചേരത്ത് നിറച്ചാണ് തൈകൾ നടുന്നത്. ആരെയും വിസ്മയിപ്പിക്കുന്ന ഔഷധ മേന്മകളുടെ കലവറയാണ് നക്ഷത്രപ്പുളി. വിവിധങ്ങളായ നിരോക്സീകാരികളുടെ സ്രോതസ്സാണ് കായ. ഫലത്തിൽ അടങ്ങിയിരിക്കുന്ന ബൻസാഫിനോൺസ് ഉദരാർബുദകാരിയായ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ളതാണെന്ന് പഠനങ്ങളിൽ പറയുന്നു.
നക്ഷത്രപ്പുളിയുടെ വിത്തിൽ മാംസ്യം, നാര്, കാർബോഹൈഡ്രേറ്റ്, പൂരിതവും അപൂരിതവുമായ കൊഴുപ്പമ്ലങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.
വിത്തിൽ നിന്ന് വേർതിരിക്കുന്ന തൈലത്തിൽ മിരിസ്റ്റിക്ക്, പാമിറ്റിക്ക്, സ്റ്റിയറിക്ക്, പാമിറെറ്റാലിക്, ബഹമിക് അമ്ലങ്ങളും ഉണ്ട്. മരത്തിന്റെ തൊലിയിൽ നിന്ന് മോറെല്ലോഫ്ളേവോൺ (Morel oflavon) എന്നു പേരായ ഒരുതരം ഫ്ളവനോയിഡ് സംയുക്തം വേർതിരിച്ചിട്ടുണ്ട്. ഇലയിലാകട്ടെ കാർബോസിലിക് അമ്ലം, ഫ്രിഡൈലിൽ, സിറ്റോസ്റ്റിറോൾ എന്നിവയും കാണപ്പെടുന്നു.
No comments:
Post a Comment