18/02/2021

കറൻസിയിലെ വ്യക്തികൾ (36) - റെനെ ദെക്കാർത്തെ

                   

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
36
   
റെനെ ദെക്കാർത്തെ


ഒരു ഫ്രഞ്ച് ദാർശനികനും ഗണിതവിജ്ഞാനിയുമാണ് റെനെ ദെക്കാർത്തെ (മാർച്ച് 31, 1596 - ഫെബ്രുവരി 11, 1650). കാർത്തേസിയൂസ്  എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ആധുനിക തത്ത്വചിന്തയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ദ്വൈതസിദ്ധാന്തം(dualism) അദ്ദേഹത്തിന്റ പ്രധാന ചിന്താധാരകളിലൊന്നാണ്‌. വിശ്ലേഷക ജ്യാമിതിയുടെ ആവിഷ്കർത്താവ് എന്ന പ്രസിദ്ധിയും ഇദ്ദേഹത്തിനുണ്ട്.

ഫ്രാൻസിലെ ലാ ഹേയ്  എന്ന സ്ഥലത്ത് 1596 മാർച്ച് 31-ന് ഒരു കത്തോലിക്കാ പ്രഭുകുടുംബത്തിൽ ജനിച്ചു.  തത്ത്വശാസ്ത്രം, ഊർജതന്ത്രം, തർക്കശാസ്ത്രം,  ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ അഭ്യസിച്ചു. യൂറോപ്യൻ തത്ത്വചിന്തയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായി ദെക്കാർത്തെയുടെ സിദ്ധാന്തങ്ങൾ ഗണിക്കപ്പെടുന്നു. ശാസ്ത്രചിന്തകളെയും മതചിന്തകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആധുനിക സങ്കല്പങ്ങൾക്ക് രൂപംനല്കിയതും ഇദ്ദേഹമാണ്. തത്ത്വശാസ്ത്രത്തിലെ ആശയങ്ങളെ അധികരിച്ച് പ്രകാശികം,ജ്യോതിശ്ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പഠനം നടത്താനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. 1617-ൽ നെതർലൻഡ്സിലേക്ക് പട്ടാള ഓഫീസർ നിയമനം കിട്ടി (1617-28) പോവുകയും അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു.

സ്വയം ചിന്തിക്കുകയും മറ്റുള്ളവരെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ പ്ലേറ്റോയുടെ കാലത്തിനുശേഷം ദെക്കാർത്തേക്കു കഴിഞ്ഞതുപോലെ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്ന് വിലയിരുത്തപ്പെടുന്നു. ഇദ്ദേഹത്തിന്റ പ്രധാന കൃതികൾ ഡിസ്കോഴ്സ് ഓൺ മെഥേഡ് (1637), മെറ്റാഫിസിക്കൽ മെഡിറ്റേഷൻ (1641), ദ് പ്രിൻസിപ്പിൾസ് ഒഫ് ഫിലോസഫി (1644), പാഷൻ ഒഫ് ദ് സോൾ (1649), മെഡിറ്റേഷൻസ് ദെ പ്രിമാ ഫിലോസഫിയ (പ്രാഥമിക ദർശനത്തെക്കുറിച്ചുള്ള ചിന്തകൾ) എന്നിവയാണ്.

1649-ൽ സ്വീഡനിലെ ക്രിസ്റ്റീനാ രാജ്ഞിയുടെ ക്ഷണം സ്വീകരിച്ച് ദെക്കാർത്തെ സ്വീഡനിലെത്തി. രാജ്ഞിയുടെ അതിഥിയായി കഴിഞ്ഞുവരവെ 1650 ഫെബ്രുവരി 11-ന് ദെക്കാർത്തെ അന്തരിച്ചു.

ഫ്രാൻസ് 1944ൽ പുറത്തിറക്കിയ 100 ഫ്രഞ്ച് ഫ്രാങ്ക്സ് നോട്ട്. ഫ്രഞ്ച് ഫ്രാങ്ക് - 2002 ൽ യൂറോ അംഗീകരിക്കുന്നതുവരെ ഫ്രാൻസിന്റെ മുൻ ദേശീയ കറൻസി.

മുൻവശം (Obverse): തത്ത്വചിന്തകനായ റെനെ ദെക്കാർത്തെ കസേരയിൽ ഇരുന്നു കോമ്പസ് പിടിച്ചിരിക്കുന്നു.  പശ്ചാത്തലത്തിൽ, ഒരു വലിയ പുസ്തകം കൈവശമുള്ള ഒരു മ്യൂസ് (ഫ്രഞ്ച് വനിത).
പിൻവശം (Reverse): ചിറകുള്ള വിക്ടറിയുടെ പ്രതിമ ഒരു പരിചയിൽ "PAX" (സമാധാനം) എന്ന വാക്ക് എഴുതുന്നു.  പശ്ചാത്തലത്തിൽ കൃഷിക്കാർ വിളവെടുപ്പിൽ നിന്ന് മടങ്ങുന്ന രംഗമുള്ള ഒരു ഗ്രാമീണ ഭൂപ്രകൃതി.












No comments:

Post a Comment