ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 24 |
കല്‍ക്കട്ട കമ്മട്ടം - വജ്ജ്രജൂബിലി
ഭാരതത്തിലെ നാണയ നിർമ്മാണം നാല് കമ്മട്ടങ്ങളിലായാണ് നടക്കുന്നത്ത്. കൽക്കട്ട, മുംബൈ, നോയിഡ, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിൽ ഇവ സ്ഥിതി ചെയ്യുന്നു.
കൽക്കട്ടയിൽ 1759 - 60 കാലഘട്ടത്തിലാണ് ആദ്യമായി ഒരു നാണയശാല വരുന്നത്. 1757 ൽ ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയുമായി ഈസ്റ്റ് ഇന്ത്യ കമ്പനി ഉണ്ടാക്കിയ കരാറിൻ പ്രകാരമാണ് ഇത് നിലവില്‍ വന്നത്.
പഴയ കോട്ട (old fort) യിൽ ഇന്ന് ജനറൽ പോസ്റ്റ് ഓഫീസ് നിൽക്കുന്ന സ്ഥലത്തുണ്ടായിരുന്ന "ബ്ലാക്ക് ഹോൾ" എന്നറിയപ്പെട്ടിരുന്ന ഒരു കിടങ്ങിൽ ആയിരുന്നു ഇത് സ്ഥാപിച്ചത്. ഇവിടെ "മുർഷിദാബാദ്" എന്ന് കമ്മട്ടത്തിന്‍റെ പേര് മുദ്ര വച്ച നാണയങ്ങളാണ് നിർമ്മിച്ചിരുന്നത്. 1792 ൽ ജില്ലറ്റ് കപ്പൽ നിർമ്മാണ കേന്ദ്രത്തിൽ മറ്റൊരു കമ്മട്ടം പ്രവര്‍ത്തനം തുടങ്ങി. "മിൽഡ് " നാണയങ്ങൾ നിർമ്മിക്കാൻ ഇവിടേക്ക് യന്ത്രസാമഗ്രികൾ ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്തു. 1829 ആയപ്പോൾ ഹൗറ പാലത്തിന് സമീപം മറ്റൊരു കമ്മട്ടം തുടങ്ങി. 1835 വരെയും ഇവിടെ മുർഷിദാബാദ് എന്ന പേരിൽ തന്നെയായിരുന്നു നാണയങ്ങൾ നിർമ്മിച്ചിരുന്നത്.
നാണയങ്ങൾക്ക് പുറമെ ബ്രിട്ടീഷുകാരുടെ സേനാ മെഡലുകളും ഇവിടെ നിർമ്മിച്ചു വന്നു. 1860 ൽ ഇതിനോടനുബന്ധിച്ച് ചെമ്പു നാണയങ്ങൾക്കു വേണ്ടി മാത്രമായി "കോപ്പർ മിന്റ്" എന്ന ഒരു അനുബന്ധം കൂടിയുണ്ടാക്കി. ആലിപ്പൂർ കമ്മട്ടം പ്രവർത്തന സജ്ജമായതോടെ 1952 ൽ ഇവിടെയുള്ള കമ്മട്ടം അടച്ചുപൂട്ടി. "പഴയ വെള്ളി കമ്മട്ടം" (Old Silver Mint) എന്നാണ് ഇതിനെ ഇപ്പോൾ നാട്ടുകാർ വിളിക്കുന്നത്. ആലിപ്പൂരിലെ കമ്മട്ടം നിലവിൽ വന്ന ശേഷം വെള്ളി ശുദ്ധീകരിക്കാൻ മാത്രമാണ് ഈ പഴയ കമ്മട്ടം ഉപയോഗിക്കുന്നത്.
1930 ൽ നിർമ്മാണം ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ 1952 ൽ മാത്രമാണ് ആലിപ്പൂർ കമ്മട്ടം പൂർണ തോതിൽ ഉപയോഗ സജ്ജമായത്. ഇവിടെ സാധാരണ നാണയങ്ങൾക്ക് പുറമെ സ്മാരക നാണയങ്ങളും സ്വർണ്ണം, വെള്ളി, ചെമ്പ്, നിക്കൽ ലോഹങ്ങളിലുള്ള മെഡലുകളും നിർമ്മിക്കുന്നുണ്ട്. പ്രതിരോധ വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ മേളകൾ തുടങ്ങി പല ഗുണഭോക്താക്കൾ ഈ കമ്മട്ടത്തിനുണ്ട്. വളരെ വലിയൊരളവ് ടോക്കണുകളുടെയും , ബാഡ്ജുകളുടെയും ഉത്ഭവം ആലിപ്പൂർ കമ്മട്ടത്തില്‍ നിന്നാണ്. ഈ കമ്മട്ടത്തിന്‍റെ അഭിമാന സ്തംഭങ്ങളാണ് ഭാരത് രത്ന, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, പരംവീർചക്ര, മഹാവീർചക്ര, വീർചക്ര, ശൗര്യചക്ര തുടങ്ങിയ വിശ്വപ്രശസ്ത മെഡലുകളുടെ ശ്രേണി. ആലിപ്പൂരിൽ ചില വിദേശ രാജ്യങ്ങളുടെ നാണയങ്ങളും നിർമ്മിച്ചിട്ടുണ്ട്.
2012 ല്‍ ഉത്ഘനത്തിന്‍റെ വജ്ജ്രജൂബിലി ആഘോഷിക്കുന്ന വേളിയില്‍ 60 രൂപയുടെയും 5 രൂപയുടെയും സ്മാരക നാണയങ്ങള്‍ ഇവിടെ നിര്‍മ്മിക്കുകയുണ്ടായി.
നാണയ വിവരണം
നാണയത്തിന് പിന്‍വശത്ത്
ഗ്രീക്ക് വാസ്തുശില്പ സമ്പ്രദായത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന കമ്മട്ടത്തിലെ പ്രധാന കെട്ടിടം മദ്ധ്യത്തിൽ ചിത്രീകരിച്ച് മുകളിൽ കമ്മട്ടത്തിന്‍റെ ഔദ്യോഗിക ചിഹ്നവും താഴെ "1952 - 2012" എന്നും "ഭാരത് സർക്കാർ ടക് സാൽ, കൊൽക്കത്ത കേ 60 വർഷ് " എന്ന് മുകള്‍ ഭാഗത്ത് ആരികലായി ഹിന്ദിയിലും “60 ഇയേഴ്സ് ഓഫ് ഇന്ത്യ ഗവണ്മെന്റ് മിന്റ് കൊൽക്കത്ത" എന്ന് താഴെ അരികിലായി ഇംഗ്ലീഷിലും എഴുതിയിരിക്കുന്നു.
സാങ്കേതിക വിവരണം
1 മൂല്യം - 60 രൂപ, ഭാരം - 22.5 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 180.
2 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നാകം -20%, നിക്കൽ - 5% , വരകള്‍ (serration) - 100.
No comments:
Post a Comment