ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 22 |
എട്ടാമത് ലോക തമിഴ് സമ്മേളനം - 1995 (തിരുവള്ളുവര്‍)
ലോകമാകെ ബഹുമാനിക്കപ്പെടുന്ന തമിഴിലെ കവിയും തത്വചിന്തകനുമാണ് വള്ളുവർ അഥവാ തിരുവള്ളുവർ.
നീതിശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, സ്നേഹം തുടങ്ങി തത്വചിന്തയുടെ വിവിധ വശങ്ങൾ പ്രതിപാദിക്കുന്ന ഈരടികളുടെ ഒരു നിധി കുംഭമാണ് ഇദ്ദേഹത്തിന്റെ തിരുക്കുറൾ എന്ന കൃതി. തമിഴിൽ അത്യമൂല്യ ഗ്രന്ഥമായിട്ടാണ് ഇത് കരുതപ്പെടുന്നത്.
തിരുവള്ളുവരുടെ കുലവും, നാടും, ജീവിത കാലവും എന്നും ഒരു പ്രഹേളികയായിരുന്നു. പറയ കുലത്തിൽ പിറന്ന ഒരു നെയ്ത്തുകാരാണെന്നും, വെള്ളാളകുലത്തിൽ പിറന്ന കൃഷിക്കാരനായിരുന്നുവെന്നും, ഒരു ബ്രാഹ്മണന് പറയ സ്ത്രീയിൽ പിറന്ന മകനായിരുന്നെന്നും (പറയി പെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടാമൻ) തുടങ്ങി പല വിധമായ അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിലവിലുണ്ട്. "വല്ലഭ" എന്ന രാജകുല സംബന്ധിയായ പദത്തിൽ നിന്നാണ് "വള്ളുവ" ഉണ്ടായതെന്നും, രാജവിളംബര സമയത്ത് പറ കൊട്ടുന്ന പറയ വർഗ്ഗത്തിലെ "വള്ളുവൻ" എന്ന വിഭാഗത്തിൽ പെട്ടതായതു കൊണ്ടാണ് ഈ പേരെന്നും, പറയ കുലത്തിലെ പുരോഹിത വർഗ്ഗമായ "വള്ളുവ" കുടുംബജാതനായതാണ് പേരിന് കാരണമെന്നും മറ്റുമുള്ള വാദങ്ങളും ഇക്കൂട്ടത്തിൽ ചിലതു മാത്രം. തിരുവള്ളുവരുടെ ആദ്യ കാലം മധുരയിലും പിൽക്കാല ജീവിതം ചെന്നൈക്കടുത്ത മൈലാപ്പൂരിലും ആയിരുന്നു എന്നതും, അതല്ല മൈലാപ്പൂരിൽ ആദ്യ കാലം കഴിഞ്ഞ് തന്റെ രചന രാജസമക്ഷം സമർപ്പിക്കാൻ മധുരയിൽ വന്നതാണെന്നും ഇതൊന്നുമല്ല, കന്യാകുമാരിക്കടുത്ത തിരുനയിനാർക്കുറിച്ചിയാണ് തിരുവള്ളുവരുടെ ജന്മ സ്ഥലമെന്നും വിവിധ വിവാദങ്ങൾ അദ്ദേഹത്തിന്‍റെ നാടിനെ സംബന്ധിച്ചും നിലനിൽക്കുന്നു. ഇദ്ദേഹം ജീവിച്ചിരുന്നത് ക്രി.മു.4ാം ശതകത്തിനും ക്രി.വ.5ാം ശതകത്തിനും മദ്ധ്യേയാണ് എന്നാണ് ആകെ അറിയാൻ കഴിഞ്ഞിരിക്കുന്നത്. ക്രി.മു. 31ലാണ് ഇദ്ദേഹം ജനിച്ചതെന്നും, അല്ല ക്രി.വ. 500 നോടടുത്താണെന്നും പണ്ഡിതർ തർക്കിക്കുന്നു.
പൗരാണിക രേഖകൾ അനുസരിച്ച് തമിഴിലെ വൈകാശി മാസത്തിലെ (മെയ്-ജൂൺ) അനുഷം (അനിഴം) നാളിലാണ് ഇദ്ദേഹം അന്തരിച്ചതെന്നും കരുതപ്പെടുന്നു.
തിരുക്കുറൾ എന്നാൽ ശ്രേഷ്ഠമായ വാണി (ദൈവവചനം) എന്നാണ് സാരം. തിരുക്കുറളിന് ആരം (ധർമ്മം), പൊരുൾ (ധനം), ഇമ്പം (സ്നേഹം) എന്നീ മൂന്ന് ഭാഗങ്ങളാണുള്ളത്. ഇവയിലൂടെ വിടു (മുക്തി) നേടുന്ന വിധം പരോക്ഷമായി സൂചിപ്പിക്കുന്നു. സനാതന ധർമ്മ നീതിയിലെ "ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് അടിസ്ഥാന തത്വങ്ങൾ തന്നെയാണിത് എന്നതിനാൽ വള്ളുവർ ഹൈന്ദവ വിശ്വാസം പുലർത്തിയിരുന്നു എന്ന് ചിലർ പറയുന്നു. സംസ്കൃതത്തിലെ "പുരുഷാർത്ഥം" (ജീവിതത്തിന്റെ ലക്ഷ്യങ്ങൾ) ആണ് മൂന്ന് ഖണ്ഡങ്ങളിൽ വിവരിക്കുന്നതെന്നും മുക്തിയെ പരോക്ഷമായി മാത്രം പറയുന്നതിനാൽ കൃതി വേദാധിഷ്ടിതമാണെന്നും അഭിപ്രായമുണ്ട്. എന്നാൽ ഇദ്ദേഹം ജൈന വിശ്വാസിയായിരുന്നു എന്നു കരുതുന്നവരും ഇല്ലാതില്ല.
തമിഴിലെ ഏറ്റവും അമൂല്യമായ കൃതിയെന്ന നിലയിൽ തമിഴ് ഭാഷയുടെ തന്നെ അന്താരാഷ്ട്ര പ്രതീകമാണ് തിരുക്കുറൾ. വള്ളുവർ രചിച്ച ഏക കൃതിയാണിതെന്നും വിശ്വസിക്കപ്പെടുന്നു.
തമിഴ്നാട്ടിലെ ചില സമുദായങ്ങളിൽപ്പെട്ടവർ തിരുവള്ളുവറെ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നുണ്ട്. മൈലാപ്പൂരിലെ ഏകാംബരേശ്വര - കാമാക്ഷി ക്ഷേത്രത്തിനുള്ളിലെ ഇദ്ദേഹത്തിന്റെ ക്ഷേത്രം ഇക്കൂട്ടത്തിലൊന്നാണ്.
2000 ജനുവരി 1ാം തിയതി കന്യാകുമാരിയിലെ ത്രിവേണി സംഗമത്തിൽ (അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ എന്നിവയുടെ സംഗമസ്ഥാനം) അനാശ്ചാദനം ചെയ്ത 133 അടി ഉയരമുള്ള തിരുവള്ളുവർ പ്രതിമയുൾപ്പെടെ ധാരാളം സ്മാരകങ്ങൾ ഇദ്ദേഹത്തിന് ഇന്ത്യക്കകത്തും പുറത്തും ഉണ്ട്. തിരുക്കുറളിന്റെ 133 അധികാരങ്ങൾ (അദ്ധ്യായങ്ങൾ) സൂചിപ്പിച്ച് പ്രതിമയുടെ ഉയരം ക്രമപ്പെടുത്തിയ പോലെ തന്നെ ആരം, പൊരുൾ, ഇമ്പം എന്നീ മൂന്ന് ഭാഗങ്ങളെ സൂചിപ്പിക്കാൻ വലതു കയ്യിലെ മൂന്ന് വിരലുകൾ ഉയർത്തിപ്പിടിച്ചാണ് പ്രതിമയുടെ നിർമ്മിതി.
എല്ലാ വർഷവും തമിഴ്നാട്ടിലെങ്ങും തൈ മാസത്തിലെ 2ാം തിയതി (15/16 ജനുവരി) പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി തിരുവള്ളുവർ ദിനം ആചരിച്ചു വരുന്നു. തെന്നിന്ത്യൻ കർണ്ണാടക സംഗീതജ്ഞരായിരുന്ന എം.എം.ദണ്ഡപാണി ദേശികർ, മയൂരം വിശ്വനാഥ ശാസ്ത്രി എന്നിവർ തിരുക്കുറളിലെ ഈരടികൾക്ക് സംഗീതം നൽകി കച്ചേരികളിൽ ആലപിച്ചു വന്നിരുന്നു. പല തമിഴ് ചലച്ചിത്ര ഗാനങ്ങളും തിരുക്കുറൾ വരികളിൽ നിന്നും രൂപം കൊണ്ടു. 2016 ൽ ചിത്രവീണ എൻ.രവി കിരൺ തിരുക്കുറളിലെ 1330 പദ്യങ്ങൾക്കും 169 രാഗങ്ങളിലായി സംഗീതം നൽകിയിട്ടുണ്ട്.
1995 ൽ നടന്ന എട്ടാമത് ലോക തമിഴ് സമ്മേളനത്തിന്റെ സ്മരണാർത്ഥം തിരുവള്ളുവരുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ പുറത്താക്കുകയുണ്ടായി.
നാണയം വിവരണം
ഇടതു കയ്യിൽ ഗ്രന്ഥവുമായി പത്മാസനസ്ഥനായ വള്ളുവരെ നടുവിലായും "1995", മിന്റ് മാർക്ക് എന്നിവ താഴെയായും മുദ്രിതമാക്കിയിരിക്കുന്നു. ഇടതു വശത്ത് അരികിൽ "8 വാം വിശ്വ തമിഴ് സമ്മേളൻ" "സംത് തിരുവള്ളുവർ" എന്ന് ഹിന്ദിയിൽ രണ്ടു വരിയായി കാണുന്നു. വലത്തെ അരികിൽ "8 ത് വേൾഡ് തമിഴ് കോൺഫറൻസ്" "സെയിന്റ് തിരുവള്ളുവർ" എന്ന് ഇംഗ്ലീഷിലും രണ്ടു വരികളിലായി വായിക്കാം.
സാങ്കേതിക വിവരണം
1 മൂല്യം - 5 രൂപ, ഭാരം - 9 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
2 മൂല്യം - 2 രൂപ, ഭാരം - 6 ഗ്രാം, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
3 മൂല്യം - 1രൂപ, ഭാരം - 5 ഗ്രാം, വ്യാസം - 25 മില്ലിമീറ്റര്‍, ലോഹം - ഇരുമ്പ് - 83% ക്രോമിയം - 17%.
No comments:
Post a Comment