ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 25 |
പൈക ബിദ്രോഹ - 200ാം വാര്‍ഷികം
ഒഡിഷയിൽ ഗജപതി രാജാക്കന്മാർ പരിപാലിച്ചു പോന്ന "കര്‍ഷക യോദ്ധാക്കൾ" ആയിരുന്നു "പൈക"കൾ. യുദ്ധ കാലത്ത് യോദ്ധാക്കളായും സമാധാന കാലത്ത് ക്രമസമാധാന പാലകരായും പ്രവർത്തിച്ചു വന്ന അർധ സൈനിക ശ്രേണിയിൽ പെടുത്താവുന്നവരായിരുന്നു ഇവർ. ഇവർക്ക് കാരമൊഴിവായി ഭൂമിയും നൽകിയിരുന്നു.
1803 ൽ ബ്രിട്ടീഷുകാർ ഒഡിഷ കീഴടക്കിയതോടെ ഇവർക്കുള്ള ആനുകൂല്യങ്ങൾ പിൻവലിച്ച് ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനമെടുത്തു. അതിൽ പ്രതിഷേധിച്ച് ബക്ഷി ജഗബന്ധു ബൈദ്യനാഥയുടെ നേതൃത്വത്തിൽ 1817 ൽ നടന്ന വിപ്ലവമാണ് "പൈക ബിദ്രോഹ" (Paika rebellion) എന്ന് അറിയപ്പെടുന്നത്. ആദ്യം തിരിച്ചടികൾ നേരിട്ടെങ്കിലും ബ്രിട്ടീഷുകാർ വിപ്ലവത്തെ മാർക്കടമുഷ്ടി കൊണ്ട് അമർച്ച ചെയ്തു.
1857 ലെ ഇന്ത്യൻ വിപ്ലവം എന്നും ശിപായി ലഹള എന്നും വിളിപ്പേരുള്ള സായുധ സമരമാണ് ആദ്യ സ്വാതന്ത്യ സമരമായി അംഗീകരിക്കപ്പെട്ടിരുന്നത്. അതിന്റെ ഒരു ചെറു പതിപ്പ് തന്നെയായിരുന്നു പൈക വിപ്ലവം.
ഭാരതത്തിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരമായി പൈക വിപ്ലവം അംഗീകരിക്കപ്പെടണമെന്ന് ഒഡിഷ സർക്കാർ നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. 2017 ൽ ഇത് ഏറെക്കുറെ അംഗീകരിച്ചു കൊണ്ട് വിപ്ലവത്തിന്റെ 200ാം വാർഷികം ആചരിച്ചു.
ഇതിന്റെ ഭാഗമായി 200 രൂപയുടെ ഒരു സ്മാരക നാണയം ഭാരത സർക്കാർ പുറത്തിറക്കുകയുമു ണ്ടായി.
നാണയ വിവരണം
ഈ നാണയത്തിൽ അശ്വാരൂഢനായ പൈക വിപ്ലവ സേനാനിയെ, ഉയർത്തിപ്പിടിച്ച വാളുമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു. അരികിൽ മുകളിലായി ഹിന്ദിയിൽ "പായിക് വിദ്രോഹ് കീ 200 വീം സാൽഗിരഹ് " എന്നും താഴെയായി ഇംഗ്ലീഷിൽ "ബൈ സെന്റിനറി ഓഫ് പൈക ബിദ്രോഹ" എന്നും നടുവിൽ ഇടത്ത് "1817" വലത്ത് "2017" എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
സാങ്കേതിക വിവരണം
മൂല്യം - 200 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%. വരകള്‍ (serration) - 200
No comments:
Post a Comment