31/08/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (107) - കൊസോവോ

                          

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
107

കൊസോവോ

യുഗോസ്ലാവിയയുടെ പതനത്തെത്തുടർന്ന് രൂപം കൊണ്ട തർക്കങ്ങൾ നിലനിൽക്കുന്ന ഒരു ഭരണപ്രദേശമാണ് കൊസോവോ. സെർബിയയുടെ ഭാഗമായിരുന്നു ഈ പ്രദേശംകൊസോവോ എന്ന പേര് സെർബിയൻ സ്ഥലനാമത്തിൽ നിന്ന് ഉരുത്തിരിഞ്ഞത് "കറുത്ത പക്ഷികളുടെ വയൽ" എന്നാണ്.ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, സെർബിയൻ കുടിയേറ്റത്തിന്റെയും ഉയർന്ന അൽബേനിയൻ ജനന നിരക്കിന്റെയും ഫലമായി , കൊസോവോയുടെ വംശീയ ഘടനയിൽ നാടകീയമായ മാറ്റം സംഭവിച്ചു . ദിജനസംഖ്യയുടെ അൽബേനിയൻ വിഹിതം 1946-ൽ പകുതിയോളം ആയിരുന്നു, 1990-കളിൽ ഏകദേശം അഞ്ചിൽ നാല് ശതമാനമായി ഉയർന്നു. അതേസമയം, അനുപാതംസെർബുകൾ അഞ്ചിലൊന്നിൽ താഴെയായി. 1998-99 ലെ കൊസോവോ സംഘർഷത്തിനുശേഷം , അധിക സെർബികൾ കുടിയേറി. അങ്ങനെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ജനസംഖ്യയുടെ ഘടന ഏകദേശം ഒൻപതാം ഭാഗം അൽബേനിയനും പത്തിലൊന്ന് സെർബും ആയിരുന്നു, ബാക്കിയുള്ളവയിൽ ബോസ്നിയാക്കുകളും

കൊസോവോയുടെ അതിർത്തികൾ വലിയതോതിൽ പർവതനിരകളാണ്, മൂർച്ചയുള്ള കൊടുമുടികളും ഇടുങ്ങിയ താഴ്വരകളും ഇതിന്റെ സവിശേഷതയാണ്ചെറിയ പ്രദേശം ഉണ്ടായിരുന്നിട്ടും, കൊസോവോയിൽ മാത്രം കാണപ്പെടുന്ന ഒരു ഡസനോളം സസ്യജാലങ്ങളുടെ സമൃദ്ധമായ ശേഖരം കൊസോവോയിൽ ഉണ്ട്. ഭൂമിയുടെ അഞ്ചിൽ രണ്ട് ഭാഗവും കാടുകളാൽ മൂടപ്പെട്ടിരിക്കുന്നു, താഴ്ന്ന പ്രദേശങ്ങളിൽ ഓക്ക് മരങ്ങൾ കൂടുതലാണ്, പർവതങ്ങളിൽ പൈൻ വളരുന്നു. മൃഗങ്ങളുടെ ജീവിതവും താരതമ്യേന വൈവിധ്യപൂർണ്ണമാണ് . തവിട്ട് കരടികൾ , യുറേഷ്യൻ ലിങ്ക്സ് , കാട്ടുപൂച്ചകൾ , ചാര ചെന്നായ്ക്കൾ , കുറുക്കൻ , ചമോയിസ് ( ആടിനെപ്പോലുള്ള മൃഗം), റോ മാൻ , ചുവന്ന മാൻ എന്നിവ പർവത അതിർത്തി പ്രദേശങ്ങളിൽ വസിക്കുന്ന സസ്തനികളാണ്. കൊസോവോയിൽ 200 -ലധികം ഇനം പക്ഷികൾ വസിക്കുന്നു.മതം അൽബേനിയൻ ഇസ്‌ലാം. സെർബിയൻ ഓർത്തഡോക്സ് . നാണയം .ദിനാറെ (പുതുതായി യൂറോയും . ജർമ്മൻ മാർക്കും ഉപയോഗിക്കുന്നു) 18 ലക്ഷം ജനങ്ങൾ വസിക്കുന്ന ഇവിടെ അൽബേനിയൻ . സെർബിയൻ ഭാഷയാണ് ജനങ്ങളുടെ സംസാര ഭാഷ.










30/08/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - കുമ്മാട്ടിക്കളി

         

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
29

 കുമ്മാട്ടിക്കളി 

തൃശൂർ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി .. മകരം, കുംഭ മാസങ്ങളിൽ കാർഷികോത്സവത്തിന്റെ ഭാ​ഗമായും, ഓണക്കാലത്തെ നാടൻ വിനോദങ്ങളിലൊന്നായും കുമ്മാട്ടിക്കളി അവതരിപ്പിച്ചു പോരുന്നു. പ്രഥമ തീർഥങ്കരൻ ഗോമടേശ്വരന്റെ ആരാധകരും ജൈനമത  അനുയായികളുമായ ഗൊമ്മടന്മാർ കേരളത്തിന്റെ കിഴക്കൻ അതിരുകളിൽ കുടിയേറി പ്രാദേശിക നായർ സമുദായത്തോട് ഇണങ്ങി തനത് സംസ‌്കാരത്തിന്റെ ഭാഗമായി. ഇവരാണ് കച്ചവടസംഘങ്ങളായി വ്യാപിച്ച കോമട്ടികളെന്ന് ചരിത്രകാരന്മാർ  അനുമാനിക്കുന്നു. ഗോമ്മടനിൽനിന്ന് കോമട്ടിയും അവർ ആവിഷ്കരിച്ച കലാരൂപമായ കുമ്മാട്ടിയും ഉണ്ടായതെന്ന്  കരുതപ്പെടുന്നു

കുമ്മാട്ടിപ്പുല്ല്, (പ്രത്യേക ഗന്ധമുള്ള പുല്ലാണിത്. ദേഹത്തുകെട്ടുമ്പോൾ അധികം ചൊറിയില്ലെന്ന പ്രത്യേകതയും ഉണ്ട് ). നൂലിൽ കെട്ടിയെടുത്താണ് പുല്ല് ദേഹമാകെ മൂടി, വലിയ മുഖംമൂടികൾ വെച്ചാണ് നർത്തകർ ഒരുങ്ങുക. 

കുമ്മാട്ടികൾക്ക് ഭംഗിയുള്ള മുഖംമൂടിയാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ കമുകിൻപാളകളായിരുന്നു മുഖാവരണത്തിന് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇന്ന് കമുകിൻപാളകൾക്ക് ക്ഷാമം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ മുരിക്ക് പോലെയുള്ള ഭാരം കുറഞ്ഞ തടി ഉപയോഗിച്ചാണ് മുഖംമൂടി ഉണ്ടാക്കുന്നത്. ഒറ്റമുഖത്തിന് പതിനഞ്ച് കിലോയോളം തൂക്കം വരും.മുമ്പ് പാളയിൽ കരിയും ചെങ്കല്ലും ഉപയോഗിച്ച നിറങ്ങളാണെങ്കിൽ ഇന്ന് നിറങ്ങൾക്കും മാറ്റം സംഭവിച്ചിരിക്കുന്നു. പണ്ട് പ്രകൃതി ദത്തമായ നിറങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ന് അതിൻറെ സ്ഥാനത്ത് സാധാരണ നിറങ്ങൾ ഉപയോഗിക്കുന്നു.ശിവൻ,ഹനുമാൻ, സുഗ്രീവൻ,ബാലി, അപ്പൂപ്പൻ,അമ്മൂമ്മ, കാട്ടാളൻ, കാലൻ, ഗരുഡൻ, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണൻ, ബ്രഹ്മാവ്, തള്ള എന്നിങ്ങനെയാണ് പ്രധാന വേഷങ്ങൾ. ഓണവില്ലിനൊപ്പമാണ് പാട്ട്. പുരാണ കഥാസന്ദർഭങ്ങളായിരിക്കും പാട്ടിലെ വിഷയങ്ങൾ. ഓരോ ചെറുസംഘങ്ങളായി ആട്ടവും പാട്ടുമായാണ് കുമ്മാട്ടികൾ വീടുതോറും കയറിയിറങ്ങുന്നത്. കുമ്മാട്ടിക്കളിയ്ക്ക് നിയതമായ നൃത്തച്ചുവടുകളൊന്നും ഇല്ലാത്തതിനാൽ കാണികളും ചിലപ്പോൾ സംഘത്തിനൊപ്പം നൃത്തം ചെയ്യാൻ കൂടാറുണ്ട്

നിലനില്പിന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് ഇന്ന് കുമ്മാട്ടിക്കളി. വളരെ ചിലവേറിയ കുമ്മാട്ടിക്കളിയ്ക്ക് അർഹമായ സാമ്പത്തിക സഹായം ലഭിക്കാത്തത് മൂലവും പുലിക്കളിയ്ക്ക് അമിത പ്രാധാന്യം കല്പിക്കുന്നത് കൊണ്ടും ഈ കലാരൂപം ഇന്ന് പ്രതിസന്ധിയിലാണ്








സ്മാരക നാണയങ്ങൾ (51) - ലാഹിരി മഹാശയ് - 125ാം ചരമ വാര്‍ഷികം

     

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
51

ലാഹിരി മഹാശയ് - 125ാം ചരമ വാര്‍ഷികം

“ലാഹിരി മഹാശയ് ” എന്ന് പരക്കെ അറിയപ്പെട്ടിരുന്ന യോഗിയായിരുന്നു  ശ്രീ. ശ്യാം ചരൺ ലാഹിരി.

1828 സെപ്റ്റംബർ മുതൽ 1895 സെപ്റ്റംബർ വരെയായിരുന്നു മഹാവതാർ ബാബാജി എന്ന ക്രിയായോഗിയുടെ ശിഷ്യനായിരുന്ന ഇദ്ദേഹത്തിന്റെ ജീവിതകാലം. ഗുരു തെരഞ്ഞെടുത്തതിൻ പ്രകാരം "ക്രിയായോഗ" സാധാരണക്കാരിലെത്തിക്കാൻ 1861 ൽ അദ്ദേഹം പ്രയത്നം തുടങ്ങി. സാധാരണ ഗുരുക്കന്മാരെ പോലെ  സന്യാസ ജീവിതമായിരുന്നില്ല ലാഹിരി മഹാശയിന്റേത്. ഗൃഹസ്ഥനായ ശേഷം ക്രിയായോഗ പ്രചാരണ ദൗത്യം ഏറ്റെടുത്ത അദ്ദേഹം കുടുംബത്തെ കൂടെ നിർത്തിയും യഥാവിധി പരിപാലിച്ചും വേറിട്ടൊരു പന്ഥാവിലൂടെ സഞ്ചരിച്ച് ശിഷ്യന്മാർക്ക് അന്നോളം അന്യമായിരുന്ന യോഗയുടെ മറ്റൊരു തലം അനാവരണം ചെയ്തു നൽകി.

ബംഗാളിലെ കൃഷ്ണ നഗറിനടുത്ത ഗുർനി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം വാരാണസിയായിരുന്നു. 1846 ൽ ശ്രീമതി കാശി മണിയെ വിവാഹം ചെയ്ത് അഞ്ചു മക്കളും സേനയുടെ എൻജിനീയറിങ് വകുപ്പിൽ ഉദ്യോഗവുമായി സ്വസ്ഥജീവിതം നയിച്ചിരുന്ന സമയത്ത് 1861 ൽ മഹാവീർ ബാബാജിയുടെ നിർദ്ദേശം ലഭിച്ചതോടെയാണ് ക്രിയായോഗ പ്രചരിപ്പിക്കാൻ അദ്ദേഹം ആരംഭം കുറിച്ചത്.

പിൽക്കാലത്ത് പരമഹംസ യോഗാനന്ദയെ ക്രിയായോഗയുടെ മാർഗ്ഗത്തിലേക്ക് നിയോഗിച്ചുവെന്ന് യോഗാനന്ദ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും ഇതേ ഗുരു തന്നെയാണെന്നത് ഇവിടെ പ്രസ്താവയോഗ്യമാണ്.

1886 ൽ ഉദ്യോഗത്തിൽ നിന്ന് വിരമിയ്ക്കുവോളവും കുടുംബവും ഉദ്യോഗവും ക്രിയായോഗ ശിക്ഷണവും ഒരേ പോലെ ഒപ്പം കൊണ്ടു നടന്നിരുന്നു അദ്ദേഹം. വിരമിച്ച ശേഷം തന്റെ മുറിയിൽ നിന്ന് വിരളമായി മാത്രം പുറത്തിറങ്ങിയിരുന്ന അദ്ദേഹം ശ്വസന നിയന്ത്രണ പരിശീലനം വഴിയായി ശ്വാസോച്ഛ്വാസം നടത്താതെ ദീർഘനേരം ഇരിക്കാറുണ്ടായിരുന്നു. "ബോധപൂർവ്വമായ സമാധി" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു “സസ്‌പെൻഡഡ്‌ അനിമേഷൻ”  അവസ്ഥയിൽ പലപ്പോഴും അദ്ദേഹം കാണപ്പെട്ടിരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ നിദ്രാഹീനനായി, ദീർഘ നേരത്തേക്ക് ശ്വസനമോ, നാഡിമിടിപ്പോ, ഹൃദയ സ്പന്ദനമോ ഇല്ലാതെ കഴിഞ്ഞു കൂടുവാൻ അദ്ദേഹം പ്രാപ്തനായിരുന്നുവത്രേ.

"ആരും ആരുടേതും ആയിരിക്കുന്നില്ല എന്ന് ഓർക്കുക, ആകസ്മികമായി ഒരു നാൾ എല്ലാം ഉപേക്ഷിച്ച് നിങ്ങൾക്ക് കടന്നു പോകേണ്ടി വരാം, അതിനാൽ ദൈവത്തോട് അടുക്കാൻ ശ്രമിക്കുക”, “യഥാർത്ഥത്തിൽ ഒരു പ്രശ്നക്കൂടാരം മാത്രമായ ശരീരത്തെ   താനാണെന്ന് സ്വയം വിശ്വസിക്കാതിരിക്കുക, ക്രിയയിലൂടെ ശരീരമെന്ന തടവറയിൽ നിന്ന് ആത്മാവെന്ന അനന്തസത്യത്തിലേക്ക് മുക്തി നേടുക" എന്നിങ്ങനെ പോകുന്നു ജീവിതത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണധാരകൾ.

ക്രിയാ യോഗയെ ആത്മ നിയന്ത്രണത്തിനുള്ള ഫലപ്രദമായ മാർഗ്ഗമായി ഉപയോഗിക്കാനാണ് അദ്ദേഹം ലോകത്തെ പഠിപ്പിച്ചത്. ഉപജീവനത്തിന് നീതിയുക്തമായി ധനം സമ്പാദിക്കുകയും സത്യസന്ധമായി ജീവിക്കുകയും ചെയ്യുന്നവർക്ക് ഈശ്വര സാന്നിദ്ധ്യം അനുഭവിക്കാൻ മറ്റൊന്നും ആവശ്യമില്ല എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. “ഒരു മനുഷ്യന്റെ വിവിധങ്ങളായ കടമകളിൽ ഉൾച്ചേർന്നിരിക്കുന്ന ധർമ്മം അനുശാസിക്കുന്ന കർമ്മങ്ങളെ നിഷ്കാമമായി നിർവ്വഹിക്കുക എന്നത് മോക്ഷത്തിലേക്കുള്ള മാർഗ്ഗമാണ് ” എന്ന കർമ്മയോഗ സിദ്ധാന്തവുമായി ഇതിന് സാമ്യമുണ്ടെന്നു കാണാം.

സന്യാസം സ്വീകരിക്കാൻ തന്റെ ശിഷ്യരോട് അദ്ദേഹം ആവശ്യപ്പെട്ടില്ല. വിവാഹം ചെയ്തും ലൗകിക ജീവിതത്തിലെ തന്റെ വിവിധ ഭൂമികകളോട് നീതി പുലർത്തിയും ഒപ്പം ക്രിയാ യോഗയെ ജീവിതചര്യയുടെ ഭാഗമാക്കിയും മുക്തി മാർഗ്ഗത്തിൽ സഞ്ചരിക്കാമെന്ന് അദ്ദേഹം സമർത്ഥിച്ചു. പഞ്ചഭൂത തലത്തിലേക്കുള്ള ആത്മാവിന്റെ പരിവർത്തനവും വീണ്ടും ആത്മാവിലേക്കുള്ള മടക്ക യാത്രയ്ക്കിടയിൽ ഭൗതികമായി നേരിടേണ്ടി വരുന്ന നാനാവിധ വെല്ലുവിളികളും ആണ് മഹാഭാരത ചരിതത്തിന്റെ  വ്യംഗ്യാർത്ഥം  എന്നും അദ്ദേഹം പറഞ്ഞിരുന്നു. 
നാനാ ജാതി മതസ്ഥരായ തന്റെ അനുയായികളോട് ക്രിയാ യോഗയ്‌ക്കൊപ്പം സ്വന്തം മതവിശ്വാസം തന്നെ പിന്തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. മഹാശയന്റെ  ആദർശങ്ങളിലെ വേറിട്ട കാഴ്ചപ്പാട് ചില നാട്ടുരാജാക്കന്മാരുൾപ്പെടെ വളരെപ്പേരെ അദ്ദേഹത്തിന്റെ അനുയായിവൃന്ദത്തിൽ എത്തിച്ചു. അതേ സമയം തന്റെ ആശയ പ്രചരണാർത്ഥം സംഘടനകൾക്ക് രൂപം നൽകാൻ തുനിഞ്ഞ ശിഷ്യരെ അദ്ദേഹം നിരുത്സാഹപ്പെടുത്തുകയും ചെയ്തു. "കാശി ബാബ" എന്നൊരു വിളിപ്പേര് മഹാശയനു നൽകാനും ചിലർ വൃഥാ ശ്രമിച്ചിരുന്നു പോൽ.

ലാഹിരി മഹാശയ് നിർവ്വാണം പ്രാപിച്ചതിന്റെ 125ാം  വാർഷിക വേളയിൽ, ഭാരത സര്‍ക്കാര്‍  അദ്ദേഹത്തിന്റെ തിരോധാനത്തിന്റെ സ്മരണ മുൻനിർത്തി 125 രൂപയുടെ ഒരു സ്മാരക നാണയം പുറത്തിറക്കുകയുണ്ടായി.

മഹദ്‌വ്യക്തികളുടെ ജന്മവാർഷികങ്ങളും വ്യക്തിത്വ സ്മരണയും (ചിലപ്പോൾ നിര്യാതരാകുന്ന സന്ദർഭത്തിലാണെങ്കിൽക്കൂടിയും)  പല നാണയങ്ങൾക്ക് വിഷയമായിട്ടുണ്ടെങ്കിലും  ചരമ വാർഷികം വിഷയമാക്കി ഇതു വരേക്കും ഭാരതത്തിൽ സ്മാരക നാണയ നിർമ്മിതി ഉണ്ടായിട്ടില്ല. അത്തരത്തിലെ ആദ്യ നാണയമാണ് ലാഹിരി മഹാശയിന്റെ ചരമ വാർഷികത്തെ അധികരിച്ച് നിർമ്മിയ്ക്കപ്പെട്ട പ്രസ്തുത നാണയം.

നാണയ വിവരണം

നാണയത്തിന്റെ പിൻ വശത്ത് പത്മാസനത്തിൽ ഉപവിഷ്ഠനായിരിക്കുന്ന മഹാശയ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അരികിൽ മുകളിലായി ഇംഗ്ലീഷിൽ "125ത് ഡിപ്പാർച്ചർ ആനിവേഴ്സറി ഓഫ് ശ്രീ ശ്യാമചരൺ ലാഹിരി മഹാശയ" എന്നും തൊട്ടു താഴെ ഹിന്ദിയിൽ "ശ്രീ ശ്യാമചരൺ ലാഹിരി മഹാശയ് കാ 125 വാം തിരോധാൻ വർഷ്" എന്നും  വൃത്താകൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചിത്രത്തിനു ചുവടെ "1895 - 2020" എന്നും മിന്റ് മാർക്കും കാണാം.

സാങ്കേതിക വിവരണം

മൂല്യം - 125 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200.







27/08/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (97) - Inter-Parliamentary Union-"രാഷ്ട്രീയത്തിൽ സ്ത്രീകളും പുരുഷന്മാരും പങ്കാളിത്തത്തിലേക്ക്" 1997

                                    

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
97

 Inter-Parliamentary Union-"രാഷ്ട്രീയത്തിൽ സ്ത്രീകളും പുരുഷന്മാരും പങ്കാളിത്തത്തിലേക്ക്" 1997 

ലോകത്തിലെ ജനപ്രതിനിധി സഭ (parliament) കളുടെ അന്താരാഷ്ട്ര സംഘടനയായ Inter-Parliamentary Union (IPU) ൻ്റെ ഒരു സമ്മേളനം "രാഷ്ട്രീയത്തിൽ സ്ത്രീകളും പുരുഷന്മാരും പങ്കാളിത്തത്തിലേക്ക്" എന്ന വിഷയത്തിൽ 1997 ഫെബ്രുവരി 14 മുതൽ 18 വരെ ദില്ലിയിൽ വെച്ച് നടത്തപ്പെട്ടു.

ഈ അവസരത്തിൽ ഇന്ത്യ 100 രൂപ, 50 രൂപ, 5 രൂപ മൂല്യങ്ങളിൽ സ്മരണിക നാണയങ്ങൾ പുറത്തിറക്കി. ഇവയിൽ ഒന്നും സാധാരണ വിനിമയത്തിന് ഉള്ളവ ആയിരുന്നില്ല. മാത്രമല്ല, ഈ നാണയങ്ങളുടെ Proof/UNC സെറ്റുകൾ പോലും പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നില്ല. സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്ക് മാത്രമാണ് ഈ നാണയങ്ങൾ ലഭ്യമാക്കിയത്.

ഈ നാണയത്തെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.

80, 85 എന്നീ ലക്കങ്ങളിൽ പ്രതിപാദിച്ച, 1993 ൽ, Indian Parliamentary Union (IPU) ൻ്റെ 89 ആം സമ്മേളനം  ഇന്ത്യയിൽ  നടന്ന സമയത്ത് പുറത്തിറക്കിയ നാണയങ്ങളേയും, 1992 ൽ  Land Vital Resources (ഭൂമി നിർണായക വിഭവസസമ്പത്ത) എന്ന് വിഷയത്തിൽ പുറത്തിറക്കിയ നാണയങ്ങളെയും പോലെ ഈ നാണയങ്ങളുടെയും ലഭ്യത വളരെ വിരളമാണ്.







സ്റ്റാമ്പിലെ വിശേഷങ്ങൾ - സെക്രട്ടറി പക്ഷി

        

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
28

സെക്രട്ടറി പക്ഷി

ആഫ്രിക്കൻ പുൽമേടുകളിലും സഹാറയുടെ ചില മേഖലകളിലും കണ്ടുവരുന്ന ഒരിനം വേട്ടപ്പക്ഷിയാണ് സെക്രട്ടറി പക്ഷി.നീല നിറമുള്ള ഈ പക്ഷിയെ കാണാൻ കൗതുകമുണ്ട്.  മറ്റുള്ള പക്ഷികളിൽ നിന്നും വിത്യസ്ഥമായി ഇരകളെ ചവിട്ടിക്കൊന്നാണ് ഇവ ഭക്ഷണമാക്കുന്നത്. സ്വന്തം ശരീര ഭാരത്തിന്റെ അഞ്ച് മടങ്ങ് അധികം ശക്തിയിൽ ചവിട്ടാൻ ഈ പക്ഷികൾക്ക് ശേഷിയുണ്ട്. പാമ്പുകളാണ് ഈ പക്ഷിയുടെ ഇഷ്ട വിഭവം. ശാസ്ത്രീയനാമം :- Sagittarius serpentarius. ഏവ്സ് ക്ലാസിൽ "അസൈപിട്രിഫോംസ് " ഓർഡറിൽ "സാഗിറ്റാറിഡെ" എന്ന കുടുംബത്തിൽ ഉൾപ്പെടുത്തിയാണ് ഇവയെ വർഗീകരിച്ചിരിക്കുന്നത്.

ഇവയുടെ തലയിൽ അലങ്കരിച്ചിരിക്കുന്ന വിചിത്രമായ ഇരുപതോളം തൂവലിന്റെ പ്രത്യേകതയിൽ നിന്നുമാണ്  ഈ പക്ഷിക്ക് "സെക്രട്ടറിപ്പക്ഷി" എന്ന പേരു ലഭിച്ചത്. പഴയ കാലത്തെ ഭരണാധികാരികളുടെ തലയിൽ തിരുകി വച്ചിരുന്ന തൂവൽ പേനകളെ ഓർമ്മപ്പെടുത്തുന്ന പക്ഷി ആയതിനാലാണ് ഈ പേരു ലഭിച്ചത്. എന്നാൽ അറബി ഭാഷയിലെ Saqr-et-tair എന്ന വാക്കിൽ നിന്നുമാണ് പേരു ലഭിച്ചതെന്നു ചിലർ അഭിപ്രായപ്പെടുന്നു. നാലേകാൽ മുതൽ അഞ്ചരക്കിലോ വരെ ഭാരമുള്ള സെക്രട്ടറിപ്പക്ഷി ബലിഷ്ഠമായ നീളൻ കാലുകൾ ഉപയോഗിച്ച് ഇരകളെ ആക്രമിക്കുമ്പോൾ (ചവിട്ടുമ്പോൾ) ഇരുപത് മുതൽ ഇരുപത്തഞ്ച് കിലോഗ്രാം ഭാരം വരെ ചവിട്ട് കൊള്ളുന്ന ഇരയുടെ മേൽ അനുഭവപ്പെട്ടുന്നു. അത്ര ശക്തിയിലാണീ പക്ഷികൾ ചവിട്ടുന്നത്. പാമ്പുകളെ ഇങ്ങനെ വേട്ടയാടി പിടികൂടുമ്പോൾ ഈ പക്ഷികളുടെ കാലിൽ അപൂർവ്വമായി കടിയേൽക്കാറുണ്ട്. എന്നാൽ കാലിന്റെ മുട്ട് മുതൽ താഴേക്ക് കട്ടിയേറിയ ചെതുമ്പലുകൾ  ഇവയെ പാമ്പുകളുടെ കടിയിൽ നിന്നും സംരക്ഷിക്കുന്നു..!!

മൂന്നര മുതൽ നാല്‌ അടി വരെ ഉയരമുള്ള വലിയ പക്ഷികളാണിവ. ഇവയുടെ ചിറകുകൾ വിടർത്തുമ്പോൾ ഏകദേശം ആറടി വരെ വിസ്താരം കാണുന്നു. കറുപ്പും വെളുപ്പും ചാരനിറവും കലർന്നതാണ് ഇവയുടെ തൂവലുകൾ. ഇവയുടെ ശരീരത്തിനു പരുന്തുകളോടു സാമ്യതയുണ്ട്. വളഞ്ഞു കൂർത്ത ചുണ്ട്, നീണ്ട കാലുകൾ എന്നിവ ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. വലിയ ചിറകുകളാണ് ഇവയ്ക്കുള്ളതെങ്കിലും ഇവ അധികം ഉയരത്തിൽ പറക്കാതെ കിലോമീറ്ററുകളോളം നടക്കുന്ന സ്വഭാവക്കാരാണ്. ഇരകളെ കാലുകൊണ്ട് ചവിട്ടി കൊലപ്പെടുത്തി ഇവ ഭക്ഷിക്കുന്നു. പാമ്പ്, ചെറിയ സസ്തനികൾ,ഓന്ത്, പല്ലി, ചെറിയ പക്ഷികൾ എന്നിവയെ ആഹാരമാക്കുന്നു.സെക്രട്ടറി പക്ഷികൾ കാൽനടയായി, ജോഡികളായോ അല്ലെങ്കിൽ ചെറിയ ഗ്രൂപ്പുകളായി വേട്ടയാടുന്നു.

സാധാരണയായി ഇരുപത് അടി വരെ ഉയരത്തിലുള്ള വൃക്ഷങ്ങളിലാണ് ഇവ കൂടുണ്ടാക്കുന്നത്. മുട്ടയിടുന്നതിനായി മാസങ്ങൾക്കു മുൻപ് ഇവ സ്ഥലം കണ്ടു വെയ്ക്കുന്നു. രണ്ടര മീറ്റർ വരെ വ്യാസമുള്ള കൂടാണ് ഇവ ചുള്ളിക്കമ്പുകളും മറ്റും ഉപയോഗിച്ച് ഉണ്ടാക്കുന്നത്. ഒറ്റ തവണ മൂന്നു മുട്ടകൾ ഇടുന്നു. മുട്ടകൾക്ക് ഇളം പച്ച നിറമാണ്. ഏകദേശം 45-ദിവസങ്ങൾ കൊണ്ട് മുട്ട വിരിയും. രണ്ട് കുഞ്ഞുങ്ങളാണ് സാധാരണ ഉണ്ടാവാറുള്ളത്. സെക്രട്ടറി പക്ഷി ഗുരുതരമായ വംശനാശം നേരിടുകയാണ്. ആഫ്രിക്കൻ പുൽമേടുകൾ നശിക്കുന്നതാണു പ്രധാന കാരണം. പക്ഷിയുടെ പ്രധാന ആവാസവ്യവസ്ഥ അതാണ്. മനുഷ്യന്റെ വേട്ടയാടലും വംശനാശത്തിലേക്കുള്ള പ്രധാന കാരണമാണ്. ഒട്ടു മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും സെക്രട്ടറി പക്ഷികളെ വേട്ടയാടുന്നതിന് നിയമ തടസമുണ്ട്..!!








25/08/2021

കറൻസിയിലെ വ്യക്തികൾ (63) - മുഹമ്മദ് സഹീർ ഷാ

                  

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
63
   
മുഹമ്മദ് സഹീർ ഷാ

അഫ്ഗാനിസ്താന്റെ രാഷ്ട്രപിതാവും, രാജ്യത്തെ അവസാനത്തെ രാജാവുമായിരുന്നു മുഹമ്മദ് സഹീർ ഷാ (ജീവിതകാലം: 1914 ഒക്ടോബർ 15 - 2007 ജൂലൈ 23). 1933 മുതൽ 1973-ൽ ഒരു അട്ടിമറിയിലൂടെ പുറത്താക്കപ്പെടുന്നതുവരെയുള്ള നാല് പതിറ്റാണ്ടുകാലം സഹീർ ഷാ, രാജ്യത്തിന്റെ തലവനായിരുന്നു. അട്ടിമറിക്കു ശേഷം രാജ്യത്തു നിന്ന് പലായനം ചെയ്ത അദ്ദേഹം തിരിച്ചെത്തിയതോടെ 2002-ൽ രാഷ്ട്രപിതാവ് എന്ന സ്ഥാനം നൽകി.1970-കളുടെ തുടക്കത്തിൽ കടുത്ത ക്ഷാമം അഫ്ഗാനിസ്താനിൽ വ്യാപിക്കുകയും അഫ്ഗാനികൾക്കിടയിൽ ഭരണനേതൃത്വത്തിനെതിരെ അസംതൃപ്തി ഉടലെടുക്കുകയും ചെയ്തു.

1973 ജൂലൈ 17-ന് സഹീർ ഷാ രാജാവ്, റോമിൽ ഒരു വൈദ്യചികിത്സക്ക് പോയ അവസരത്തിൽ, രാജാവിന്റെ മാതുലനും മുൻ പ്രധാനമന്ത്രിയുമായിരുന്ന മുഹമ്മദ് ദാവൂദ് ഖാൻ അധികാരം പിടിച്ചെടുത്തു.  പ്രധാനമന്ത്രിയുടേയും അധികാരങ്ങൾ ദാവൂദ് ഖാൻ കവർന്നെടൂത്തു. 1973 ഓഗസ്റ്റ് 24-ന് സഹീർഷാ, താൻ പുറത്തായതായി അംഗീകരിക്കുകയും തുടർന്ന് റോമിൽ ജീവിതം തുടരുകയും ചെയ്തു.

സഹീർഷായുടെ പലായനത്തിനു ശേഷം അഫ്ഗാനിസ്താനിലെ രാഷ്ട്രീയസ്ഥിതിയിൽ നാടകീയമായ മാറ്റങ്ങളുണ്ടായി. ദാവൂദ് ഖാനു ശേഷം, റഷ്യൻ പിന്തുണയിൽ കമ്മ്യൂണിസ്റ്റുകളും, പിന്നീട് മുജാഹിദീനുകളും, മൗലികവാദി താലിബാനും രാജ്യം ഭരിച്ചു. അമേരിക്കൻ പിന്തുണയോടെ താലിബാനെ പുറത്താക്കി 2001 അവസാനം ഹമീദ് കർസായ്, അഫ്ഗാനിസ്താനിൽ പ്രസിഡണ്ടായി സ്ഥാനമേറ്റു. ഹമീദ് കർസായിയുടെ ഭരണകാലത്ത് 2002 ഏപ്രിൽ 18-ന് സഹീർ ഷാ അഫ്ഗാനിസ്താനിൽ തിരിച്ചെത്തി. പുതിയ സർക്കാർ, സഹീർ ഷാക്ക് രാഷ്ട്രപിതാവ് എന്ന സ്ഥാനം നൽകി. തുടർന്ന് മരണം വരെ പ്രസിഡണ്ട് ഹമീദ് കർസായ്ക്കൊപ്പം പ്രസിഡണ്ടിന്റെ കൊട്ടാരത്തിലായിരുന്നു സഹീർ ഷാ വസിച്ചിരുന്നത്. 2007 ജൂലൈ 23-ന് കാബൂളിൽ വച്ച് സഹീർ ഷാ മരണമടഞ്ഞു.

അഫ്ഗാനിസ്ഥാൻ 1961 ൽ പുറത്തിറക്കിയ 50 അഫ്ഗാനിസ് കറൻസി നോട്ട്.
മുൻവശം (Obverse): സൈനിക യൂണിഫോമിലുള്ള മുഹമ്മദ് സഹീർ ഷാ രാജാവിൻ്റെ ഛായാചിത്രം, ദേശീയചിഹ്നം.
പിൻവശം (Reverse): നദീർഷാ രാജാവിൻ്റെ കാബൂളിലെ ശവകുടീരം.







24/08/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (106) - അൽബേനിയ

                         

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
106

അൽബേനിയ

അൽബേനിയയൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് .യൂറോപ്പിന്റെ തെക്കു കിഴക്ക് സ്ഥിതിചെയ്യുന്ന ഒരു പരമാധികാര ജനാധിപത്യ രാഷ്ട്രമാണ് .ഷ്ക്വിപെരി' എന്ന പേരിലും ഈ രാജ്യം അറിയപ്പെടുന്നു (ഷ്ക്വിപെരി-കഴുകന്റെ നാട് എന്നാണർഥം). ഈ മേഖലയിലെ മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വികസനകാര്യത്തിൽ പിന്നിൽ നില്ക്കുന്ന അൽബേനിയ ഏഡ്രിയാറ്റിക് കടലിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു. പ്രാചീനകാലത്ത് മധ്യ യൂറോപ്പിൽ വസിച്ചിരുന്ന ഇലീറിയൻ ജനതയുടെ പിൻഗാമികളാണ് അൽബേനിയക്കാർ എന്ന് വിശ്വസിക്കുന്നു. റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇവർ റോമൻ സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തോടെ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടിൽ ഓട്ടോമൻ തുർക്കികൾ അൽബേനിയ കീഴടക്കി. ഓട്ടോമൻ ഭരണം അൽബേനിയയെ പാശ്ചാത്യ നാഗരികതയിൽ നിന്ന് നാല് നൂറ്റാണ്ടിലേറെ മാറ്റിനിർത്തി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രാജ്യം ഓട്ടോമൻ സ്വാധീനത്തിൽ നിന്ന് സ്വയം അകലാനും പാശ്ചാത്യ രാജ്യങ്ങൾ ചില പ്രദേശങ്ങൾ പിടിച്ചെടുക്കാനും ആരംഭിച്ചു.  1912-ൽ അൽബേനിയ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു.

പത്തൊൻപതാം ശതകം വരെ സ്വന്തമായി ലിപിയില്ലാതിരുന്ന അൽബേനിയൻ ഭാഷ ഇന്തോ-യൂറോപ്യൻ ഗോത്രത്തിൽപ്പെടുന്നു. പതിനാറാം ശതകത്തിൽ പൗരസ്ത്യസഭകളുടെ ആവിർഭാവം മുതൽ ഈ രാജ്യത്ത് ഗ്രീക്കുഭാഷയ്ക്കു പ്രചാരം വന്നു; വിദ്യാഭ്യാസമാധ്യമം ഗ്രീക്ക് ആയിരുന്നു. ദേശീയ ഭാഷയിൽ ഗ്രീക്ക്, ലാറ്റിൻ, സ്ലാവിക് തുടങ്ങിയ ഭാഷകളുടെ സ്വാധീനമുണ്ട്.മുസ്ലിം ഭൂരിപക്ഷമുള്ള  രാജ്യമാണ് അൽബേനിയ; ക്രിസ്ത്യാനികൾ ന്യൂനപക്ഷമാണ്. മുസ്ലിങ്ങളുടെ ആധിക്യമുള്ളത് രാജ്യത്തിന്റെ മധ്യഭാഗത്താണ്

അൽബേനിയയിലെ പർവതപ്രദേശങ്ങൾ വളരെ ഫലഭൂയിഷ്ഠമല്ല, ഭൂരിഭാഗവും വനങ്ങളാൽ പ്രതിനിധീകരിക്കപ്പെടുന്നു. ബീച്ച്, ചെസ്റ്റ്നട്ട്, ബിർച്ച്, പൈൻ, കൂൺ എന്നിവ ഇവിടെ കാണാം. രാജ്യത്തെ സമതലങ്ങളെ പ്രതിനിധീകരിക്കുന്നത് സാധാരണ മെഡിറ്ററേനിയൻ നിത്യഹരിത മുൾപടർപ്പു സസ്യങ്ങളും വിപുലമായ കാർഷിക മേഖലകളുമാണ്.

പർവതപ്രദേശങ്ങളില്ലാത്ത പ്രദേശങ്ങളിലാണ് അൽബേനിയയിലെ ജന്തുജാലങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. കരടി, ചെന്നായ്, ലിൻക്സ്, മാർട്ടൻസ്, മാൻ, കാട്ടുപന്നി എന്നിവ ഇവിടെയുണ്ട്. കുടിയേറ്റ പക്ഷികൾ തീരത്ത് ധാരാളം താമസിക്കുന്നു: പെലിക്കൻ, വിഴുങ്ങൽ, കൊമ്പുകൾ, ഹെറോണുകൾ. തീരദേശ ജലത്തിൽ വാണിജ്യ മത്സ്യങ്ങളാൽ സമ്പന്നമാണ്, ഇവിടെത്തെ നാണയം ലെക് ആണ്







23/08/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - തലശ്ശേരി കോട്ട

       

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
27

തലശ്ശേരി കോട്ട

ചരിത്രമുറങ്ങുന്ന കോട്ടകൾ പലതുമുണ്ട് കേരളത്തിൽ,ഒറ്റനോട്ടത്തിൽ ലളിതമാണെങ്കിലും നിർമിതിയിലെ വൈദഗ്ധ്യവും സൂക്ഷ്മതയും മറ്റും പരിഗണിച്ചാൽ കേരളത്തിലെ കോട്ടകൾ അസാധാരണ നിർമിതികളാണ്. അതിലൊന്നാണ് തലശ്ശേരി കോട്ട

1683-ല്‍ ഈസ്റ്റിന്ത്യാ കമ്പനി മലബാര്‍ തീരത്ത് അധിവാസമുറപ്പിച്ചതിന്റെ തെളിവാണ് അവര്‍ 1703-ല്‍ നിർമിച്ച തലശ്ശേരി കോട്ട. തെയ്യത്തിന്റെ നാടായ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി പട്ടണത്തിലാണ് ഈ കോട്ട.മണ്ഡപങ്ങളും ഇടനാഴികളും നിറഞ്ഞ തലശ്ശേരി കോട്ട നിര്‍മ്മാണത്തിലെ ഒരു അത്ഭുതം തന്നെയാണ്.
കോട്ടയുടെ നിര്‍മ്മാണത്തിന്റെ സാങ്കേതിക വിദ്യ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് അറിയുമ്പോള്‍ തന്നെ മനസ്സിലാക്കാം കോട്ടയുടെ കരുത്ത്. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള പീരങ്കികള്‍ ഉറപ്പിക്കുന്ന ഇടനാഴികളും വാതിലുകളുമെല്ലാം കോട്ടയുടെ ഭംഗി വര്‍ധിപ്പിക്കുന്നു. കൊത്തുപണികൾ നിറഞ്ഞ വാതായനങ്ങളും കടലിലേക്കുള്ള രഹസ്യതുരങ്കങ്ങളും ഒക്കെയായി പ്രാദേശിക ചരിത്രത്തിന്റെ ഏടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ചതുരാകൃതിയിലുള്ള ഈ ഭീമാകാരമായ കോട്ട.

തലശ്ശേരിയിൽ വെറും കുരുമുളകുവ്യാപാരികളായി വന്ന ഇംഗ്ലിഷുകാർ ഒരു നൂറ്റാണ്ടുകാലത്തിനിടയിൽ നാടിന്റെ ഭരണാധികാരികളായിത്തീർന്ന ചരിത്രത്തിന്റെ പ്രതീകം കൂടിയാണീ കോട്ട. തലശ്ശേരിയിൽ ആദ്യമായി ഒരു മൺകോട്ട കെട്ടിയ ഫ്രഞ്ചുകാർക്ക് ഇംഗ്ലിഷുകാരുടെ വരവോടെ സ്ഥലം വിട്ടൊഴിഞ്ഞു പോവേണ്ടിവന്നു.ഫ്രഞ്ചു സൈന്യം അറയ്ക്കലെ അലി രാജാവിന്റെ സഹായത്തോടെ തലശ്ശേരി കോട്ട നിരവധി തവണ ആക്രമിച്ചെങ്കിലും ചിറയ്ക്കൽ രാജാവിന്റെയും കോട്ടയം രാജാവിന്റെയും സഹായത്തോടെ ഈ അധിനിവേശ ശ്രമങ്ങൾക്കെല്ലാം വിജയകരമായി തടയിടാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കായി. ഇംഗ്ലിഷുകാർ തിരുവിതാംകൂറിൽ അഞ്ചുതെങ്ങും മലബാറിൽ  തലശ്ശേരിയും കേന്ദ്രമാക്കിക്കൊണ്ടു കച്ചവടം തുടങ്ങുകയും പടിപടിയായി അഭിവൃദ്ധിപ്പെടുകയുമാണുണ്ടായത്.ഒരുകാലത്ത് തലശ്ശേരിയുടെ വികസനത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത് ഈ കോട്ടയായിരുന്നു. ഇന്ന് ഇതൊരു ചരിത്ര സ്മാരകമാണ്. ഈ കോട്ടയെ കേന്ദ്രീകരിച്ചാണു തലശ്ശേരി പട്ടണം വളരാൻ തുടങ്ങിയത്.





സ്മാരക നാണയങ്ങൾ (50) - ഇന്ദിരാ ഗാന്ധി

    

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
50

ഇന്ദിരാ ഗാന്ധി

ഭാരതത്തിലെ ഏക വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാ ഗാന്ധി.

ഇന്ദിരാ പ്രിയദർശിനി എന്ന ഇന്ദിരാ നെഹ്റു, 1917 നവംബർ 19 ന് അലഹബാദിലാണ് ജനിച്ചത്. മോത്തിലാൽ നെഹ്രുവിന്റെ ചെറുമകൾ, ജവാഹർലാൽ - കമല ദമ്പതിമാരുടെ ഏകപുത്രി എന്നീ വിശേഷണങ്ങളോടെ സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നു വീണ ഇന്ദിരയുടെ ബാല്യം ഏകാന്തതയുടേതായിരുന്നു. രാഷ്ട്രീയത്തിരക്കിൽ മുഴുകിയ പിതാവിന്റെ കത്തുകളും രോഗാതുരയായ അമ്മയുടെ ദൈന്യതയും ഇന്ദിരക്ക് തോഴരായി. കൃത്യമായി വിദ്യാലയത്തിൽ പോകാനാകാതെ വീട്ടിലിരുന്നും വല്ലപ്പോഴും സ്കൂളിൽ ചെന്നും പഠനം നടത്തിയ ഇന്ദിര1934 ൽ മട്രിക്കുലേഷൻ പൂർത്തിയാക്കി, വിശ്വഭാരതി സർവ്വകലാശാലയിലെ ശാന്തിനികേതനിൽ ചേർന്നു. 

ഇതിനിടെ 1930 ൽ "വാനരസേന" എന്ന പേരിൽ കോൺഗ്രസിന്റെ യുവജന വിഭാഗം രൂപീകരിക്കാനും അതു വഴി സ്വാതന്ത്ര്യ സമര സന്ദേശങ്ങൾ കത്തുകളും പോസ്റ്ററുകളും വഴി പ്രചരിപ്പിക്കാനും ഇന്ദിര സമയം കണ്ടെത്തിയിരുന്നു. രബീന്ദ്രനാഥ ടാഗോർ ആണ് ഇന്ദിരയുടെ പേരിലെ "പ്രിയദർശിനി" എന്ന ഭാഗം കൂട്ടിച്ചേർത്തത്.

 അമ്മയുടെ ആരോഗ്യ കാരണങ്ങളാൽ 1935 ഏപ്രിലിൽ യൂറോപ്പിലെത്തിയ ഇന്ദിരാ, അവിടെ തന്റെ വിദ്യാഭ്യാസം തുടർന്നു.  1936 ലെ മാതാവിന്റെ വിയോഗ ശേഷവും വിദ്യാഭ്യാസാർത്ഥം  യൂറോപ്പിൽ തങ്ങിയ ഇന്ദിരാ പ്രിയദർശിനി 1941 ലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.

സൗരാഷ്ട്രയിലെ പാഴ്സി മതവിഭാഗത്തിൽപ്പെട്ട കുടുംബ സുഹൃത്ത് കൂടിയായിരുന്ന ഫിറോസ് ഗാന്ധിയുമായി 1942 മാർച്ച് മാസം ഇന്ദിരയുടെ വിവാഹം നടന്നു. അധികം വൈകാതെ ക്വിറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്തതിന് ഇരുവരും ഒരു വർഷത്തോളം കാരാഗൃഹത്തിലുമായി.
1944 ൽ രാജീവെന്നും 1946 ൽ സഞ്ജയ് എന്നും രണ്ട് പുത്രന്മാർക്ക് ജന്മം നൽകിയ ഇന്ദിര, രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു തുടങ്ങാൻ താമസമുണ്ടായില്ല.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ താൽക്കാലിക പ്രധാനമന്ത്രി ആയിരുന്ന പിതാവിന്റെ സഹായിയെന്ന നിലയിൽ ലഭിച്ച രാഷ്ട്രീയ പരിശീലനം ഇന്ദിരാ ഗാന്ധിക്ക് വലിയ മുതൽക്കൂട്ടായി. 1959 ൽ അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷയായി. ജവാഹർലാൽ നെഹ്രുവിന്റെ മരണശേഷം 1964 ൽ രാജ്യസഭയിലും ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിലും അവർ അംഗമായി. 1966 ൽ ശാസ്ത്രിജിയുടെ മരണം പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ദിരയുടെ വഴി തുറന്നു. "മൂകയായ പാവക്കുട്ടി" എന്ന് പാർട്ടിയുടെ ഉൾത്തളങ്ങളിൽ കരുതപ്പെട്ടിരുന്ന ഇന്ദിര "കരുത്തയായ വനിത" യായി പാർട്ടിയിലെ പുരുഷ മേധാവിത്വത്തിനെ നിഷ്പ്രഭമാക്കിയ കാഴ്ചക്ക് അടുത്ത പതിനൊന്നു വർഷം സാക്ഷിയായി.

1967 ലെ തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിൽ വന്ന ശേഷം "ഗരീബി ഹഠാവോ" എന്ന പേരിൽ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾക്ക് ഗ്രാമീണ ജനത വലിയ സ്വീകരണം നൽകി. 1969 ലെ ബാങ്ക് ദേശസാൽക്കരണം, ധനകാര്യമന്ത്രി ആയിരുന്ന മൊറാർജി ദേശായിയെ ചൊടിപ്പിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാർട്ടി സ്ഥാനാർത്ഥി ആയിരുന്ന നീലം സഞ്ജീവറെഡ്ഡിയെ പിന്തുണക്കാൻ വിസമ്മതിച്ചതും കൂടിയായപ്പോള്‍ ഇന്ദിരയെ പാർട്ടിയിൽ നിന്നും പുറത്താക്കി. പക്ഷെ ഔദ്യോഗിക പക്ഷത്തേക്കാൾ സ്വപക്ഷത്ത് ശക്തിയുണ്ടെന്ന് ഇന്ദിര തെളിയിച്ചു.

ചില പ്രാദേശിക കക്ഷികളുടെ സഹകരണത്തോടെ അവർ അധികാരം നിലനിർത്തി. "ഗരീബി ഹഠാവോ" ഉയർത്തിപ്പിടിച്ചു നടത്തിയ പ്രചാരണം ഇന്ദിരയെ 1971 ൽ വീണ്ടും അധികാരത്തിൽ എത്തിക്കുകയും ചെയ്തു.
1971 ഡിസംബറില്‍ പാകിസ്ഥാന്റെ സമ്പൂർണ്ണ കീഴടങ്ങലിലും ബംഗ്ളാദേശിന്റെ രൂപീകരണത്തിലും കലാശിച്ച ഇൻഡോ - പാക് യുദ്ധം ഇന്ദിരാഗാന്ധിയുടെ യശസ്സ് വാനോളം ഉയർത്തി. എന്നാൽ യുദ്ധാനന്തരം ഉണ്ടായ സാമ്പത്തിക മാന്ദ്യം, ഭക്ഷ്യക്ഷാമം, ഇന്ധന ദൗർലഭ്യം എന്നീ തിരിച്ചടികളും, തെരഞ്ഞെടുപ്പ് ചട്ടലംഘനം തെളിഞ്ഞതിന്റെ പേരിൽ 1975 ൽ ഉണ്ടായ തെരഞ്ഞെടുപ്പ് അസാധുവാക്കലും, ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ ഉയർന്ന പ്രതിഷേധക്കൊടുങ്കാറ്റും കടപുഴക്കുമെന്ന നിലയിലെത്തിച്ച നേരത്ത് ഇന്ദിര പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ തിരിഞ്ഞു കുത്തി അവരെ ഒരു പ്രതിനായികാ സ്ഥാനത്ത് അവരോധിച്ചു.

ഒരു വർഷം  താമസിച്ച് 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയും ഇന്ദിരയും ഒരു പോലെ തകർന്നടിഞ്ഞു. ആ തെരഞ്ഞെടുപ്പിൽ അധികാരമേറിയ ജനതാപാർട്ടി സർക്കാർ അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളുടെ പേരിൽ ഇന്ദിരയെ വീണ്ടും തുറുങ്കിലടച്ചു. രണ്ടു വർഷം പിന്നിടുമ്പോൾ, 1979 ൽ ജനതാ പാർട്ടിയുടെ പിളർപ്പും ചൗധരി ചരൺസിംഗിന്റെ 23 ദിവസം നീണ്ട ഭരണ ശേഷമുള്ള രാജിയും അനിവാര്യമാക്കിയ അടുത്ത തെരെഞ്ഞെടുപ്പിൽ ഉയിർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയായി ഇന്ദിര അധികാരത്തിൽ തിരിച്ചെത്തി.

മൂന്നാമൂഴം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ ഇളയ മകന്റെ വേർപാട് വരുത്തിയ വിടവ് നികത്താൻ കനിഷ്ഠ പുത്രൻ രാജീവ് ഗാന്ധിയെ ഇന്ദിര രാഷ്ട്രീയ ഗോദയിലിറക്കി. മാരുതി - സുസുക്കി വ്യാപാര സഹകരണം, ടെലിവിഷന്റെ ജനകീയവൽക്കരണം തുടങ്ങി വ്യാവസായിക - സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ ഇക്കാലത്തുണ്ടായി.

പഞ്ചാബിൽ ഭിന്ദ്രൻവാലെയുടെ നേതൃത്വത്തിൽ അരങ്ങേറിയ സിഖ് തീവ്രവാദ പ്രവർത്തനം പരിശുദ്ധമായ സുവർണ്ണക്ഷേത്ര വളപ്പിൽ താവളമുറപ്പിച്ച സമയത്ത് 1984 ജൂണിൽ അവർക്കെതിരെ ഇന്ദിര പട്ടാളത്തെ നിയോഗിച്ചു. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്ന രഹസ്യ നാമം പേറിയ പ്രസ്തുത ആക്രമണത്തിൽ  ക്ഷേത്രസമുച്ചയത്തിന്  സംഭവിച്ച ഭാരിച്ച കേടുപാടുകളും ധാരാളം തീർത്ഥാടകരുടെ ജീവഹാനിയും സിഖ് ജനതയെ വേദനിപ്പിച്ചു. വിവാദങ്ങൾ കത്തിപ്പടരവേ 1984 ഒക്ടോബർ 31 ന് സ്വന്തം സുരക്ഷാഭടന്മാരുടെ വെടിയേറ്റ് ഇന്ദിര കൊല്ലപ്പെട്ടു.

1999 ൽ ബി.ബി.സി. നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ "സഹസ്രാബ്ദത്തിലെ വനിത" യായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിനെ സ്വാധീനിച്ച നൂറു വനിതകളുടെ പട്ടികയിൽ 2020 ൽ "ടൈം " വാരികയും ഇന്ദിരാ ഗാന്ധിയെ ഉൾപ്പെടുത്തുകയുണ്ടായി.

1985 ൽ ഇന്ദിരാ ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് ഭാരതം 100 രൂപ, 20 രൂപ, 5 രൂപ, 50 പൈസ നാണയങ്ങൾ നിർമ്മിക്കുകയുണ്ടായി.

നാണയ വിവരണം

 നാണയത്തിന്‍റെ പുറകു വശത്ത് മദ്ധ്യത്തിലായി വലത്  വശത്തേക്ക്  നോക്കുന്ന ഇന്ദിരാഗാന്ധിയുടെ ശിരസ്സും ഇടതും വലതും യഥാക്രമം ഹിന്ദിയിലും ഇംഗ്ലീഷിലും "ഇന്ദിരാഗാന്ധി" എന്ന ലിഖിതവും ഉണ്ട്. ശിരസ്സിന് താഴെ "1917 - 1984", എന്ന് ജീവിത കാലഘട്ടവും മിന്റിന്റെ അടയാളവും കാണപ്പെടുന്നു. ഇവയെല്ലാം ബിന്ദുക്കൾ കൊണ്ട് തീർത്ത ഒരു വൃത്തത്തിനുള്ളിലായി ക്രമീകരിച്ചിരിക്കുന്നു.

സാങ്കേതിക വിവരണം

1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 20 രൂപ, ഭാരം - 25 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
3 മൂല്യം - 5 രൂപ, ഭാരം - 12.5 ഗ്രാം, വ്യാസം - 31 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
4 മൂല്യം - 50 പൈസ, ഭാരം - 5 ഗ്രാം, വ്യാസം - 24 മില്ലിമീറ്റര്‍,  ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.






21/08/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (96) - രാജീവ് ഗാന്ധി 1991

                                   

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
96

രാജീവ് ഗാന്ധി  1991 

ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയും അതിന് മുമ്പത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മകനും ആയിരുന്ന രാജീവ് ഗാന്ധി 1921 ൽ LTTE തീവ്രവാദികളാൽ കൊല്ലപ്പെട്ടതിന് ശേഷം, അദ്ദേഹത്തിന്റെ ആദരസൂചകമായി ഒരു രൂപ നാണയം ഇന്ത്യ പുറത്തിറക്കിയിരുന്നു. ഈ നാണയത്തെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.




16/08/2021

സ്മാരക നാണയങ്ങൾ (49) - പ്രഥമ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തല്‍ - 75ാം വാര്‍ഷികം

    

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
49

പ്രഥമ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തല്‍ - 75ാം വാര്‍ഷികം

1947 ൽ പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നതിന് വളരെ മുന്നേ 1943 ൽ ആയിരുന്നു ആദ്യമായി ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാക “സ്വതന്ത്രമായ” മണ്ണിൽ ഉയർത്തപ്പെട്ടത്. 
ബ്രിട്ടീഷുകാരിൽ നിന്ന് ജപ്പാൻകാർ പിടിച്ചെടുത്ത ആൻഡമാൻ ദ്വീപിലെ പോർട്ട് ബ്ളയറിൽ, സ്വാതന്ത്ര്യസമര സേനാനികളെ കൊല്ലാക്കൊല നടത്താൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച സെല്ലുലാർ ജയിലിനെ സാക്ഷിനിർത്തി 1943 ഡിസംബർ 30 ന് നേതാജി സുഭാഷ് ചന്ദ്രബോസ് ആണ് അത് ചെയ്തത്.

ഇവിടം ബ്രിട്ടീഷുകാർക്ക് താൽകാലികമായി നഷ്ടപ്പെട്ടിരുന്നുവെന്നു മാത്രമേ ഉള്ളു. 1945 ൽ  ബ്രിട്ടൻ അവിടം വീണ്ടും കൈയടക്കുകണ്ടായി.

പതാക 1943 ലാണ് ഉയർത്തപ്പെട്ടതെങ്കിലും ആസാദ് ഹിന്ദിന്റെ “ത്രിവർണ്ണ പതാക” തന്നെയായിരുന്നു അത്. കുങ്കുമം, വെളുപ്പ്, പച്ച നിറങ്ങൾ മുകളിൽ നിന്ന് താഴേക്ക് ക്രമത്തിൽ ഉണ്ടായിരുന്നു ആ പതാകയിൽ. എന്നാൽ കുങ്കുമ, ഹരിത വർണ്ണങ്ങൾ ഒരേ വീതിയിലും ധവള വർണ്ണം ഇരട്ടി വീതിയിലും ആണെന്നു മാത്രം.

അന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാകയിൽ നടുവിലെ വെളുത്ത ഭാഗത്ത് ചർക്ക ആയിരുന്നു ചിഹ്നം. ആസാദ് ഹിന്ദ് തങ്ങളുടെ പതാകയില്‍ കുതിച്ചു ചാടുന്ന ഒരു കടുവയുടെ ചിത്രം ആലേഖനം ചെയ്തിരുന്നു. ദേശീയ പതാകയിൽ കാണുന്ന നീല നിറത്തിലെ അശോകചക്രം 1947 ജൂലൈയിൽ ആണ് ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടത്. 

1943 ഡിസംബർ 30 ന് ത്രിവർണ്ണ പതാക  ഉയർത്തിയതിന്റെ 75ാം  അനുസ്മരണ ദിനമായ  2018 ഡിസംബർ 30 ന് ഇന്‍ഡ്യ ഗവണ്മെന്‍റ്  75 രൂപയുടെ സ്മാരക  നാണയം പുറത്തിറക്കി.

നാണയ വിവരണം

നാണയത്തിന്‍റെ പിൻവശത്ത് സ്വാതന്ത്ര്യസമര യോദ്ധാക്കളുടെ നരകയാതനകളെ അനുസ്മരിപ്പിച്ചു കൊണ്ട് സെല്ലുലാർ ജയിലിന്റെ ചിത്രമുണ്ട്. ഇന്ത്യൻ പതാകയെ വണങ്ങുന്ന നേതാജി, ഭാരതത്തിലെ ജനകോടികളുടെ സ്വാതന്ത്ര്യ മോഹത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ്.

നേതാജിയുടെ ചിത്രത്തിന് താഴെ നടുവിൽ "75th ആനിവേഴ്സറി, 30 - 12 - 1943 -- 30 - 12 - 2018" എന്നിങ്ങനെ രണ്ടു വരികളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇടത് വശത്ത് ഹിന്ദിയിൽ "പ്രഥമ ധ്വജാരോഹണ ദിവസ്" എന്നും വലത് വശത്ത് ഇംഗ്ലീഷിൽ  "ഫസ്റ്റ് ഫ്ളാഗ് ഹോയ് സ്റ്റിംഗ് ഡേ" എന്നും ചേർത്തിരിക്കുന്നു.

സാങ്കേതിക വിവരണം

മൂല്യം - 75 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%,
നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200