30/08/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - കുമ്മാട്ടിക്കളി

         

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
29

 കുമ്മാട്ടിക്കളി 

തൃശൂർ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി .. മകരം, കുംഭ മാസങ്ങളിൽ കാർഷികോത്സവത്തിന്റെ ഭാ​ഗമായും, ഓണക്കാലത്തെ നാടൻ വിനോദങ്ങളിലൊന്നായും കുമ്മാട്ടിക്കളി അവതരിപ്പിച്ചു പോരുന്നു. പ്രഥമ തീർഥങ്കരൻ ഗോമടേശ്വരന്റെ ആരാധകരും ജൈനമത  അനുയായികളുമായ ഗൊമ്മടന്മാർ കേരളത്തിന്റെ കിഴക്കൻ അതിരുകളിൽ കുടിയേറി പ്രാദേശിക നായർ സമുദായത്തോട് ഇണങ്ങി തനത് സംസ‌്കാരത്തിന്റെ ഭാഗമായി. ഇവരാണ് കച്ചവടസംഘങ്ങളായി വ്യാപിച്ച കോമട്ടികളെന്ന് ചരിത്രകാരന്മാർ  അനുമാനിക്കുന്നു. ഗോമ്മടനിൽനിന്ന് കോമട്ടിയും അവർ ആവിഷ്കരിച്ച കലാരൂപമായ കുമ്മാട്ടിയും ഉണ്ടായതെന്ന്  കരുതപ്പെടുന്നു

കുമ്മാട്ടിപ്പുല്ല്, (പ്രത്യേക ഗന്ധമുള്ള പുല്ലാണിത്. ദേഹത്തുകെട്ടുമ്പോൾ അധികം ചൊറിയില്ലെന്ന പ്രത്യേകതയും ഉണ്ട് ). നൂലിൽ കെട്ടിയെടുത്താണ് പുല്ല് ദേഹമാകെ മൂടി, വലിയ മുഖംമൂടികൾ വെച്ചാണ് നർത്തകർ ഒരുങ്ങുക. 

കുമ്മാട്ടികൾക്ക് ഭംഗിയുള്ള മുഖംമൂടിയാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ കമുകിൻപാളകളായിരുന്നു മുഖാവരണത്തിന് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇന്ന് കമുകിൻപാളകൾക്ക് ക്ഷാമം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ മുരിക്ക് പോലെയുള്ള ഭാരം കുറഞ്ഞ തടി ഉപയോഗിച്ചാണ് മുഖംമൂടി ഉണ്ടാക്കുന്നത്. ഒറ്റമുഖത്തിന് പതിനഞ്ച് കിലോയോളം തൂക്കം വരും.മുമ്പ് പാളയിൽ കരിയും ചെങ്കല്ലും ഉപയോഗിച്ച നിറങ്ങളാണെങ്കിൽ ഇന്ന് നിറങ്ങൾക്കും മാറ്റം സംഭവിച്ചിരിക്കുന്നു. പണ്ട് പ്രകൃതി ദത്തമായ നിറങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ന് അതിൻറെ സ്ഥാനത്ത് സാധാരണ നിറങ്ങൾ ഉപയോഗിക്കുന്നു.ശിവൻ,ഹനുമാൻ, സുഗ്രീവൻ,ബാലി, അപ്പൂപ്പൻ,അമ്മൂമ്മ, കാട്ടാളൻ, കാലൻ, ഗരുഡൻ, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണൻ, ബ്രഹ്മാവ്, തള്ള എന്നിങ്ങനെയാണ് പ്രധാന വേഷങ്ങൾ. ഓണവില്ലിനൊപ്പമാണ് പാട്ട്. പുരാണ കഥാസന്ദർഭങ്ങളായിരിക്കും പാട്ടിലെ വിഷയങ്ങൾ. ഓരോ ചെറുസംഘങ്ങളായി ആട്ടവും പാട്ടുമായാണ് കുമ്മാട്ടികൾ വീടുതോറും കയറിയിറങ്ങുന്നത്. കുമ്മാട്ടിക്കളിയ്ക്ക് നിയതമായ നൃത്തച്ചുവടുകളൊന്നും ഇല്ലാത്തതിനാൽ കാണികളും ചിലപ്പോൾ സംഘത്തിനൊപ്പം നൃത്തം ചെയ്യാൻ കൂടാറുണ്ട്

നിലനില്പിന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് ഇന്ന് കുമ്മാട്ടിക്കളി. വളരെ ചിലവേറിയ കുമ്മാട്ടിക്കളിയ്ക്ക് അർഹമായ സാമ്പത്തിക സഹായം ലഭിക്കാത്തത് മൂലവും പുലിക്കളിയ്ക്ക് അമിത പ്രാധാന്യം കല്പിക്കുന്നത് കൊണ്ടും ഈ കലാരൂപം ഇന്ന് പ്രതിസന്ധിയിലാണ്








No comments:

Post a Comment