12/08/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - സി.എച്ച്. മുഹമ്മദ്കോയ

      

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
23

സി.എച്ച്. മുഹമ്മദ്കോയ

കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്നു സി.എച്ച്. മുഹമ്മദ്കോയമുസ്ലിം ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു1927നു കോഴിക്കോട് ജില്ലയിലെ അത്തോളിയില്‍  പായമ്പുരത്തില്‍ അലി മുസ്ലിയാരുടെയുംമറിയുമ്മയുടെയും പുത്രനായി ഒരു സാധാരണ കുടുംബത്തില്‍ ജന്മം കൊണ്ട സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരള ജനതയുടെ അമരക്കാരനായി മാറുകയായിരുന്നു.

കേരളത്തിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു അദ്ദേഹം. അനാഥരുടെ അത്താണിയായി ജനങ്ങള്‍ക്ക് വേണ്ടി നില കൊണ്ടു. കുറഞ്ഞ കാലം കൊണ്ട് ജനമനസുകളില്‍ ഇടം പിടച്ച രാഷ്ട്രീയക്കാരന്‍. പഞ്ചായത്ത് തലം മുതല്‍ കേരളത്തിന്റെ മുഖ്യമന്ത്രി കസേര വരെ ഈ വിനയാന്വിത ജീവിതത്തെ തേടിയെത്തി. നിയമസഭകള്‍ക്കും നിയമപാലകര്‍ക്കും ഈ ശബ്ദം സുപരിചിതമായിരിക്കും

കോളജ് വിദ്യാഭ്യാസം തേടി പതിനഞ്ചാം വയസില്‍ കോഴിക്കോട്ടെത്തിയതാണ് സി.എച്ച്. എന്ന ബാലന്‍. അതിനിടയിലാണ് അന്നത്തെ മുനിസിപ്പാലിറ്റിയില്‍ ഒരു ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കായി കടന്നുചെല്ലുന്നത്. ഇടക്കു തന്നെ രാഷ്ട്രീയ രംഗത്ത് മേല്‍വിലാസം അടയാളപ്പെടുത്തി ആ വിദ്യാര്‍ത്ഥി നേതാവ്. 1952-ല്‍ കുറ്റിച്ചിറയില്‍ നിന്ന് മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയായി ജയിച്ചുകയറുന്നു.

അടുത്തവര്‍ഷം തന്നെ, ലീഗ് പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ അദ്ദേഹം കൗണ്‍സിലില്‍ ഒരു പ്രമേയമവതരിപ്പിച്ചു. നൂറ്റാണ്ട് പിന്നിടുന്ന മുനിസിപ്പല്‍ കൗണ്‍സിലിനെ കോര്‍പ്പറേഷന്‍ പദവി നല്‍കി ഉയര്‍ത്തണം. കൗണ്‍സില്‍ അത് ഏകകണ്ഠമായി അംഗീകരിച്ചു.  1961- ല്‍ കേരള നിയമസഭ ആ പ്രമേയം പാസാക്കി. ഇന്ത്യയിലെ 22-ാമത് കോര്‍പ്പറേഷനായി കോഴിക്കോടിനെ ഉയര്‍ത്തിക്കൊണ്ട് പാസാക്കിയ ബില്ലില്‍ നിയമസഭാധ്യക്ഷന്‍ എന്ന നിലയില്‍ ഒപ്പുവെക്കാന്‍ ഭാഗ്യമുണ്ടായതും അന്ന് സ്പീക്കര്‍ സ്ഥാനം അലങ്കരിച്ചിരുന്ന സി.എച്ചിനു തന്നെ.

ഇരുപത്തി രണ്ടാം വയസില്‍ പത്രാധിപ സ്ഥാനത്തിരുന്ന് ‘ചന്ദ്രിക’ ഭരിച്ച സി.എച്ച് കേരള നിയമസഭയുടെ പ്രതിപക്ഷ ബെഞ്ചിലും ഭരണകക്ഷിയിലും ഇരുന്നു. നിയമനിര്‍മ്മാണ രംഗത്ത് തിളക്കം കൂട്ടിയിരുന്നു. അതിനു തുടക്കം കുറിച്ചുകൊണ്ടാണ് 1961-ല്‍ സ്പീക്കര്‍ സ്ഥാനത്തെത്തിയത്.

മന്ത്രി എന്ന നിലയില്‍ വിദ്യാഭ്യാസം, ആഭ്യന്തരം, പൊതുമരാമത്ത്, വ്യവസായം തുടങ്ങിയ ഒരുപാട് വകുപ്പുകള്‍ ഭരിച്ച അദ്ദേഹം 1981-82ല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും അതിനുമുമ്പ് 1979-ല്‍ 54 ദിവസങ്ങൾ മുഖ്യമന്ത്രി പദവും അലങ്കരിച്ചിരുന്നു.

കോഴിക്കോട് സര്‍വ്വകലാശാലയും വനിതാ പോളിടെക്‌നിക്കും റീജണല്‍ എഞ്ചിനീയറിങ്ങ് കോളജും (ഇന്ന് എന്‍.ഐ.ടി.) സ്ഥാപിച്ച് കോഴിക്കോടിന്റെ മുഖഛായതന്നെ മാറ്റുന്നതില്‍ വിജയിച്ചു അദ്ദേഹം. കെ.എം. സീതി സാഹിബിനെ പോലും പരാജയപ്പെടുത്തിയ കോഴിക്കോട് ലോക്‌സഭാ മണ്ഡലം 1962-ല്‍ സി.എച്ചിനെ പാര്‍ലമെന്റിലുമെത്തിച്ച് പ്രായശ്ചിത്തം ചെയ്തു.

29 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദില്‍ ഒരു ഔദ്യോഗിക യാത്രക്കിടയില്‍ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു – 56-ാം വയസില്‍. അപ്പോഴും അദ്ദേഹത്തിന്റെ ശരീരം മണ്ണോട് ചേര്‍ന്നത് കോഴിക്കോട് നഗരഹൃദയത്തിലെ പള്ളി മുറ്റത്ത് തന്നെ. മനുഷ്യമഹാസാഗരത്തിന്റെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങിക്കൊണ്ട്, സ്വന്തം വീട്ടിന്റെ ഒരു മതിലിന്നപ്പുറത്ത് തന്നെ അന്ത്യവിശ്രമം.




No comments:

Post a Comment