23/08/2021

സ്മാരക നാണയങ്ങൾ (50) - ഇന്ദിരാ ഗാന്ധി

    

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
50

ഇന്ദിരാ ഗാന്ധി

ഭാരതത്തിലെ ഏക വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാ ഗാന്ധി.

ഇന്ദിരാ പ്രിയദർശിനി എന്ന ഇന്ദിരാ നെഹ്റു, 1917 നവംബർ 19 ന് അലഹബാദിലാണ് ജനിച്ചത്. മോത്തിലാൽ നെഹ്രുവിന്റെ ചെറുമകൾ, ജവാഹർലാൽ - കമല ദമ്പതിമാരുടെ ഏകപുത്രി എന്നീ വിശേഷണങ്ങളോടെ സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നു വീണ ഇന്ദിരയുടെ ബാല്യം ഏകാന്തതയുടേതായിരുന്നു. രാഷ്ട്രീയത്തിരക്കിൽ മുഴുകിയ പിതാവിന്റെ കത്തുകളും രോഗാതുരയായ അമ്മയുടെ ദൈന്യതയും ഇന്ദിരക്ക് തോഴരായി. കൃത്യമായി വിദ്യാലയത്തിൽ പോകാനാകാതെ വീട്ടിലിരുന്നും വല്ലപ്പോഴും സ്കൂളിൽ ചെന്നും പഠനം നടത്തിയ ഇന്ദിര1934 ൽ മട്രിക്കുലേഷൻ പൂർത്തിയാക്കി, വിശ്വഭാരതി സർവ്വകലാശാലയിലെ ശാന്തിനികേതനിൽ ചേർന്നു. 

ഇതിനിടെ 1930 ൽ "വാനരസേന" എന്ന പേരിൽ കോൺഗ്രസിന്റെ യുവജന വിഭാഗം രൂപീകരിക്കാനും അതു വഴി സ്വാതന്ത്ര്യ സമര സന്ദേശങ്ങൾ കത്തുകളും പോസ്റ്ററുകളും വഴി പ്രചരിപ്പിക്കാനും ഇന്ദിര സമയം കണ്ടെത്തിയിരുന്നു. രബീന്ദ്രനാഥ ടാഗോർ ആണ് ഇന്ദിരയുടെ പേരിലെ "പ്രിയദർശിനി" എന്ന ഭാഗം കൂട്ടിച്ചേർത്തത്.

 അമ്മയുടെ ആരോഗ്യ കാരണങ്ങളാൽ 1935 ഏപ്രിലിൽ യൂറോപ്പിലെത്തിയ ഇന്ദിരാ, അവിടെ തന്റെ വിദ്യാഭ്യാസം തുടർന്നു.  1936 ലെ മാതാവിന്റെ വിയോഗ ശേഷവും വിദ്യാഭ്യാസാർത്ഥം  യൂറോപ്പിൽ തങ്ങിയ ഇന്ദിരാ പ്രിയദർശിനി 1941 ലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.

സൗരാഷ്ട്രയിലെ പാഴ്സി മതവിഭാഗത്തിൽപ്പെട്ട കുടുംബ സുഹൃത്ത് കൂടിയായിരുന്ന ഫിറോസ് ഗാന്ധിയുമായി 1942 മാർച്ച് മാസം ഇന്ദിരയുടെ വിവാഹം നടന്നു. അധികം വൈകാതെ ക്വിറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്തതിന് ഇരുവരും ഒരു വർഷത്തോളം കാരാഗൃഹത്തിലുമായി.
1944 ൽ രാജീവെന്നും 1946 ൽ സഞ്ജയ് എന്നും രണ്ട് പുത്രന്മാർക്ക് ജന്മം നൽകിയ ഇന്ദിര, രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു തുടങ്ങാൻ താമസമുണ്ടായില്ല.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ താൽക്കാലിക പ്രധാനമന്ത്രി ആയിരുന്ന പിതാവിന്റെ സഹായിയെന്ന നിലയിൽ ലഭിച്ച രാഷ്ട്രീയ പരിശീലനം ഇന്ദിരാ ഗാന്ധിക്ക് വലിയ മുതൽക്കൂട്ടായി. 1959 ൽ അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷയായി. ജവാഹർലാൽ നെഹ്രുവിന്റെ മരണശേഷം 1964 ൽ രാജ്യസഭയിലും ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിലും അവർ അംഗമായി. 1966 ൽ ശാസ്ത്രിജിയുടെ മരണം പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ദിരയുടെ വഴി തുറന്നു. "മൂകയായ പാവക്കുട്ടി" എന്ന് പാർട്ടിയുടെ ഉൾത്തളങ്ങളിൽ കരുതപ്പെട്ടിരുന്ന ഇന്ദിര "കരുത്തയായ വനിത" യായി പാർട്ടിയിലെ പുരുഷ മേധാവിത്വത്തിനെ നിഷ്പ്രഭമാക്കിയ കാഴ്ചക്ക് അടുത്ത പതിനൊന്നു വർഷം സാക്ഷിയായി.

1967 ലെ തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിൽ വന്ന ശേഷം "ഗരീബി ഹഠാവോ" എന്ന പേരിൽ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾക്ക് ഗ്രാമീണ ജനത വലിയ സ്വീകരണം നൽകി. 1969 ലെ ബാങ്ക് ദേശസാൽക്കരണം, ധനകാര്യമന്ത്രി ആയിരുന്ന മൊറാർജി ദേശായിയെ ചൊടിപ്പിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാർട്ടി സ്ഥാനാർത്ഥി ആയിരുന്ന നീലം സഞ്ജീവറെഡ്ഡിയെ പിന്തുണക്കാൻ വിസമ്മതിച്ചതും കൂടിയായപ്പോള്‍ ഇന്ദിരയെ പാർട്ടിയിൽ നിന്നും പുറത്താക്കി. പക്ഷെ ഔദ്യോഗിക പക്ഷത്തേക്കാൾ സ്വപക്ഷത്ത് ശക്തിയുണ്ടെന്ന് ഇന്ദിര തെളിയിച്ചു.

ചില പ്രാദേശിക കക്ഷികളുടെ സഹകരണത്തോടെ അവർ അധികാരം നിലനിർത്തി. "ഗരീബി ഹഠാവോ" ഉയർത്തിപ്പിടിച്ചു നടത്തിയ പ്രചാരണം ഇന്ദിരയെ 1971 ൽ വീണ്ടും അധികാരത്തിൽ എത്തിക്കുകയും ചെയ്തു.
1971 ഡിസംബറില്‍ പാകിസ്ഥാന്റെ സമ്പൂർണ്ണ കീഴടങ്ങലിലും ബംഗ്ളാദേശിന്റെ രൂപീകരണത്തിലും കലാശിച്ച ഇൻഡോ - പാക് യുദ്ധം ഇന്ദിരാഗാന്ധിയുടെ യശസ്സ് വാനോളം ഉയർത്തി. എന്നാൽ യുദ്ധാനന്തരം ഉണ്ടായ സാമ്പത്തിക മാന്ദ്യം, ഭക്ഷ്യക്ഷാമം, ഇന്ധന ദൗർലഭ്യം എന്നീ തിരിച്ചടികളും, തെരഞ്ഞെടുപ്പ് ചട്ടലംഘനം തെളിഞ്ഞതിന്റെ പേരിൽ 1975 ൽ ഉണ്ടായ തെരഞ്ഞെടുപ്പ് അസാധുവാക്കലും, ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ ഉയർന്ന പ്രതിഷേധക്കൊടുങ്കാറ്റും കടപുഴക്കുമെന്ന നിലയിലെത്തിച്ച നേരത്ത് ഇന്ദിര പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ തിരിഞ്ഞു കുത്തി അവരെ ഒരു പ്രതിനായികാ സ്ഥാനത്ത് അവരോധിച്ചു.

ഒരു വർഷം  താമസിച്ച് 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയും ഇന്ദിരയും ഒരു പോലെ തകർന്നടിഞ്ഞു. ആ തെരഞ്ഞെടുപ്പിൽ അധികാരമേറിയ ജനതാപാർട്ടി സർക്കാർ അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളുടെ പേരിൽ ഇന്ദിരയെ വീണ്ടും തുറുങ്കിലടച്ചു. രണ്ടു വർഷം പിന്നിടുമ്പോൾ, 1979 ൽ ജനതാ പാർട്ടിയുടെ പിളർപ്പും ചൗധരി ചരൺസിംഗിന്റെ 23 ദിവസം നീണ്ട ഭരണ ശേഷമുള്ള രാജിയും അനിവാര്യമാക്കിയ അടുത്ത തെരെഞ്ഞെടുപ്പിൽ ഉയിർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയായി ഇന്ദിര അധികാരത്തിൽ തിരിച്ചെത്തി.

മൂന്നാമൂഴം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ ഇളയ മകന്റെ വേർപാട് വരുത്തിയ വിടവ് നികത്താൻ കനിഷ്ഠ പുത്രൻ രാജീവ് ഗാന്ധിയെ ഇന്ദിര രാഷ്ട്രീയ ഗോദയിലിറക്കി. മാരുതി - സുസുക്കി വ്യാപാര സഹകരണം, ടെലിവിഷന്റെ ജനകീയവൽക്കരണം തുടങ്ങി വ്യാവസായിക - സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ ഇക്കാലത്തുണ്ടായി.

പഞ്ചാബിൽ ഭിന്ദ്രൻവാലെയുടെ നേതൃത്വത്തിൽ അരങ്ങേറിയ സിഖ് തീവ്രവാദ പ്രവർത്തനം പരിശുദ്ധമായ സുവർണ്ണക്ഷേത്ര വളപ്പിൽ താവളമുറപ്പിച്ച സമയത്ത് 1984 ജൂണിൽ അവർക്കെതിരെ ഇന്ദിര പട്ടാളത്തെ നിയോഗിച്ചു. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്ന രഹസ്യ നാമം പേറിയ പ്രസ്തുത ആക്രമണത്തിൽ  ക്ഷേത്രസമുച്ചയത്തിന്  സംഭവിച്ച ഭാരിച്ച കേടുപാടുകളും ധാരാളം തീർത്ഥാടകരുടെ ജീവഹാനിയും സിഖ് ജനതയെ വേദനിപ്പിച്ചു. വിവാദങ്ങൾ കത്തിപ്പടരവേ 1984 ഒക്ടോബർ 31 ന് സ്വന്തം സുരക്ഷാഭടന്മാരുടെ വെടിയേറ്റ് ഇന്ദിര കൊല്ലപ്പെട്ടു.

1999 ൽ ബി.ബി.സി. നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ "സഹസ്രാബ്ദത്തിലെ വനിത" യായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിനെ സ്വാധീനിച്ച നൂറു വനിതകളുടെ പട്ടികയിൽ 2020 ൽ "ടൈം " വാരികയും ഇന്ദിരാ ഗാന്ധിയെ ഉൾപ്പെടുത്തുകയുണ്ടായി.

1985 ൽ ഇന്ദിരാ ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് ഭാരതം 100 രൂപ, 20 രൂപ, 5 രൂപ, 50 പൈസ നാണയങ്ങൾ നിർമ്മിക്കുകയുണ്ടായി.

നാണയ വിവരണം

 നാണയത്തിന്‍റെ പുറകു വശത്ത് മദ്ധ്യത്തിലായി വലത്  വശത്തേക്ക്  നോക്കുന്ന ഇന്ദിരാഗാന്ധിയുടെ ശിരസ്സും ഇടതും വലതും യഥാക്രമം ഹിന്ദിയിലും ഇംഗ്ലീഷിലും "ഇന്ദിരാഗാന്ധി" എന്ന ലിഖിതവും ഉണ്ട്. ശിരസ്സിന് താഴെ "1917 - 1984", എന്ന് ജീവിത കാലഘട്ടവും മിന്റിന്റെ അടയാളവും കാണപ്പെടുന്നു. ഇവയെല്ലാം ബിന്ദുക്കൾ കൊണ്ട് തീർത്ത ഒരു വൃത്തത്തിനുള്ളിലായി ക്രമീകരിച്ചിരിക്കുന്നു.

സാങ്കേതിക വിവരണം

1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 20 രൂപ, ഭാരം - 25 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
3 മൂല്യം - 5 രൂപ, ഭാരം - 12.5 ഗ്രാം, വ്യാസം - 31 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
4 മൂല്യം - 50 പൈസ, ഭാരം - 5 ഗ്രാം, വ്യാസം - 24 മില്ലിമീറ്റര്‍,  ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.






No comments:

Post a Comment