07/08/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (94) - ക്വിറ്റ് ഇന്ത്യ (ഇന്ത്യ വിടുക) സമരത്തിൻ്റെ സുവർണ്ണ ജൂബിലി. 1992

                                 

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
94

ക്വിറ്റ് ഇന്ത്യ (ഇന്ത്യ വിടുക) സമരത്തിൻ്റെ സുവർണ്ണ ജൂബിലി. 1992 

സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ ഒരു സമയമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം. ഈ സമരത്തിൻറെ ആരംഭം കുറിച്ചതിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് നാളെ (ആഗസ്റ്റ് 8 ന് ) 79 വയസ് തികയുകയാണ് . ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം എന്ന് ക്വിറ്റ് ഇന്ത്യാ സമരത്തെ വിശേഷിപ്പിക്കാം.

ക്വിറ്റ് ഇന്ത്യാ സമരത്തിൻറെ സുവർണ്ണ ജൂബിലി 1992 ൽ ആഘോഷിക്കപ്പെട്ട  അവസരത്തിൽ ഇന്ത്യ  ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.

ഈ നാണയങ്ങളുടെ പിൻവശത്തെ ചിത്രം ബീഹാറിലെ പട്നയിൽ സ്ഥിതിചെയ്യുന്ന ഷഹീദ് സ്മാരകം, (Martyr's Memorial) അഥവാ രക്തസാക്ഷി സ്മാരകത്തിന്റെതാണ്. പാട്ന സെക്രട്ടറിയേറ്റ് കെട്ടിടത്തിനു മുമ്പിലാണ് ഈ സ്മാരകം സ്ഥിതിചെയ്യുന്നത്.

1942-ൽ ക്വിറ്റ് ഇന്ത്യാ സമരം ശക്തിപ്രാപിച്ചിരുന്ന കാലത്ത് പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ- സമരസേനാനിയുമായിരുന്ന അനുഗ്രഹ് നാരായൺ സിൻഹ പാട്നയിൽ ഇന്ത്യൻ പതാക ഉയർത്തുവാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായി. ഈ സമയത്ത് അവിടെ പതാക ഉയർത്താൻ കുറെ വിദ്യാർത്ഥികൾ മുന്നോട്ട് വന്നു. അവരെ നേരെ വെടിയുതിർത്താൻ ബ്രിട്ടീഷുകാർ പോലീസിന് ആഹ്വാനം നൽകി. എന്നാൽ പോലീസുകാർ ഈ ആഹ്വാനം നിരസിച്ചു. ഖൂർകളുടെ സഹായത്തോടെ പതാക ഉയർത്താൻ തുടങ്ങിയ വിദ്യാർത്ഥിക്ക് നേരെ ബ്രിട്ടീഷുകാർ വെടിയുതിർത്തു. വിദ്യാർത്ഥി മരിച്ചു വീഴുന്നതിന് മുമ്പ് പതാക മറ്റൊരു വിദ്യാർത്ഥിക്ക് കൈമാറി. ആ വിദ്യാർത്ഥിക്ക് നേരെയും വെടി വെക്കുകയുണ്ടായി. ഏഴ് വിദ്യാർത്ഥികൾ രക്തസാക്ഷികൾ ആവുന്നത് വരെ ഇത് ആവർത്തിക്കപ്പെട്ടു.

ഈ ഏഴു രക്തസാക്ഷികൾക്ക് വേണ്ടിയാണ് ഈ സ്മാരകം പണികഴിപ്പിച്ചിരിക്കുന്നത്. ഏഴു രക്തസാക്ഷികളുടെയും പ്രതിമകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 1947 ഓഗസ്റ്റ് 15-ന് ബീഹാർ ഗവർണ്ണർ ജയറാം ദാസ് ദൗളത്രം ആണ് സ്മാരകത്തിനു തറക്കല്ലിട്ടത്. ദേവിപ്രസാദ് റോയ്ചൗധരി ആയിരുന്നു ശിൽപി. ഇന്ത്യൻ പതാകയുമായി നിൽക്കുന്ന ഏഴു യുവാക്കളുടെ വെങ്കല പ്രതിമകൾ ഇറ്റലിയിൽ വച്ച് നിർമ്മിച്ചതിനു ശേഷമാണ് ഇവിടെ സ്ഥാപിച്ചത്.










No comments:

Post a Comment