27/08/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - സെക്രട്ടറി പക്ഷി

        

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
28

സെക്രട്ടറി പക്ഷി

ആഫ്രിക്കൻ പുൽമേടുകളിലും സഹാറയുടെ ചില മേഖലകളിലും കണ്ടുവരുന്ന ഒരിനം വേട്ടപ്പക്ഷിയാണ് സെക്രട്ടറി പക്ഷി.നീല നിറമുള്ള ഈ പക്ഷിയെ കാണാൻ കൗതുകമുണ്ട്.  മറ്റുള്ള പക്ഷികളിൽ നിന്നും വിത്യസ്ഥമായി ഇരകളെ ചവിട്ടിക്കൊന്നാണ് ഇവ ഭക്ഷണമാക്കുന്നത്. സ്വന്തം ശരീര ഭാരത്തിന്റെ അഞ്ച് മടങ്ങ് അധികം ശക്തിയിൽ ചവിട്ടാൻ ഈ പക്ഷികൾക്ക് ശേഷിയുണ്ട്. പാമ്പുകളാണ് ഈ പക്ഷിയുടെ ഇഷ്ട വിഭവം. ശാസ്ത്രീയനാമം :- Sagittarius serpentarius. ഏവ്സ് ക്ലാസിൽ "അസൈപിട്രിഫോംസ് " ഓർഡറിൽ "സാഗിറ്റാറിഡെ" എന്ന കുടുംബത്തിൽ ഉൾപ്പെടുത്തിയാണ് ഇവയെ വർഗീകരിച്ചിരിക്കുന്നത്.

ഇവയുടെ തലയിൽ അലങ്കരിച്ചിരിക്കുന്ന വിചിത്രമായ ഇരുപതോളം തൂവലിന്റെ പ്രത്യേകതയിൽ നിന്നുമാണ്  ഈ പക്ഷിക്ക് "സെക്രട്ടറിപ്പക്ഷി" എന്ന പേരു ലഭിച്ചത്. പഴയ കാലത്തെ ഭരണാധികാരികളുടെ തലയിൽ തിരുകി വച്ചിരുന്ന തൂവൽ പേനകളെ ഓർമ്മപ്പെടുത്തുന്ന പക്ഷി ആയതിനാലാണ് ഈ പേരു ലഭിച്ചത്. എന്നാൽ അറബി ഭാഷയിലെ Saqr-et-tair എന്ന വാക്കിൽ നിന്നുമാണ് പേരു ലഭിച്ചതെന്നു ചിലർ അഭിപ്രായപ്പെടുന്നു. നാലേകാൽ മുതൽ അഞ്ചരക്കിലോ വരെ ഭാരമുള്ള സെക്രട്ടറിപ്പക്ഷി ബലിഷ്ഠമായ നീളൻ കാലുകൾ ഉപയോഗിച്ച് ഇരകളെ ആക്രമിക്കുമ്പോൾ (ചവിട്ടുമ്പോൾ) ഇരുപത് മുതൽ ഇരുപത്തഞ്ച് കിലോഗ്രാം ഭാരം വരെ ചവിട്ട് കൊള്ളുന്ന ഇരയുടെ മേൽ അനുഭവപ്പെട്ടുന്നു. അത്ര ശക്തിയിലാണീ പക്ഷികൾ ചവിട്ടുന്നത്. പാമ്പുകളെ ഇങ്ങനെ വേട്ടയാടി പിടികൂടുമ്പോൾ ഈ പക്ഷികളുടെ കാലിൽ അപൂർവ്വമായി കടിയേൽക്കാറുണ്ട്. എന്നാൽ കാലിന്റെ മുട്ട് മുതൽ താഴേക്ക് കട്ടിയേറിയ ചെതുമ്പലുകൾ  ഇവയെ പാമ്പുകളുടെ കടിയിൽ നിന്നും സംരക്ഷിക്കുന്നു..!!

മൂന്നര മുതൽ നാല്‌ അടി വരെ ഉയരമുള്ള വലിയ പക്ഷികളാണിവ. ഇവയുടെ ചിറകുകൾ വിടർത്തുമ്പോൾ ഏകദേശം ആറടി വരെ വിസ്താരം കാണുന്നു. കറുപ്പും വെളുപ്പും ചാരനിറവും കലർന്നതാണ് ഇവയുടെ തൂവലുകൾ. ഇവയുടെ ശരീരത്തിനു പരുന്തുകളോടു സാമ്യതയുണ്ട്. വളഞ്ഞു കൂർത്ത ചുണ്ട്, നീണ്ട കാലുകൾ എന്നിവ ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. വലിയ ചിറകുകളാണ് ഇവയ്ക്കുള്ളതെങ്കിലും ഇവ അധികം ഉയരത്തിൽ പറക്കാതെ കിലോമീറ്ററുകളോളം നടക്കുന്ന സ്വഭാവക്കാരാണ്. ഇരകളെ കാലുകൊണ്ട് ചവിട്ടി കൊലപ്പെടുത്തി ഇവ ഭക്ഷിക്കുന്നു. പാമ്പ്, ചെറിയ സസ്തനികൾ,ഓന്ത്, പല്ലി, ചെറിയ പക്ഷികൾ എന്നിവയെ ആഹാരമാക്കുന്നു.സെക്രട്ടറി പക്ഷികൾ കാൽനടയായി, ജോഡികളായോ അല്ലെങ്കിൽ ചെറിയ ഗ്രൂപ്പുകളായി വേട്ടയാടുന്നു.

സാധാരണയായി ഇരുപത് അടി വരെ ഉയരത്തിലുള്ള വൃക്ഷങ്ങളിലാണ് ഇവ കൂടുണ്ടാക്കുന്നത്. മുട്ടയിടുന്നതിനായി മാസങ്ങൾക്കു മുൻപ് ഇവ സ്ഥലം കണ്ടു വെയ്ക്കുന്നു. രണ്ടര മീറ്റർ വരെ വ്യാസമുള്ള കൂടാണ് ഇവ ചുള്ളിക്കമ്പുകളും മറ്റും ഉപയോഗിച്ച് ഉണ്ടാക്കുന്നത്. ഒറ്റ തവണ മൂന്നു മുട്ടകൾ ഇടുന്നു. മുട്ടകൾക്ക് ഇളം പച്ച നിറമാണ്. ഏകദേശം 45-ദിവസങ്ങൾ കൊണ്ട് മുട്ട വിരിയും. രണ്ട് കുഞ്ഞുങ്ങളാണ് സാധാരണ ഉണ്ടാവാറുള്ളത്. സെക്രട്ടറി പക്ഷി ഗുരുതരമായ വംശനാശം നേരിടുകയാണ്. ആഫ്രിക്കൻ പുൽമേടുകൾ നശിക്കുന്നതാണു പ്രധാന കാരണം. പക്ഷിയുടെ പ്രധാന ആവാസവ്യവസ്ഥ അതാണ്. മനുഷ്യന്റെ വേട്ടയാടലും വംശനാശത്തിലേക്കുള്ള പ്രധാന കാരണമാണ്. ഒട്ടു മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും സെക്രട്ടറി പക്ഷികളെ വേട്ടയാടുന്നതിന് നിയമ തടസമുണ്ട്..!!








No comments:

Post a Comment