16/08/2021

സ്മാരക നാണയങ്ങൾ (49) - പ്രഥമ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തല്‍ - 75ാം വാര്‍ഷികം

    

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
49

പ്രഥമ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തല്‍ - 75ാം വാര്‍ഷികം

1947 ൽ പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നതിന് വളരെ മുന്നേ 1943 ൽ ആയിരുന്നു ആദ്യമായി ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാക “സ്വതന്ത്രമായ” മണ്ണിൽ ഉയർത്തപ്പെട്ടത്. 
ബ്രിട്ടീഷുകാരിൽ നിന്ന് ജപ്പാൻകാർ പിടിച്ചെടുത്ത ആൻഡമാൻ ദ്വീപിലെ പോർട്ട് ബ്ളയറിൽ, സ്വാതന്ത്ര്യസമര സേനാനികളെ കൊല്ലാക്കൊല നടത്താൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച സെല്ലുലാർ ജയിലിനെ സാക്ഷിനിർത്തി 1943 ഡിസംബർ 30 ന് നേതാജി സുഭാഷ് ചന്ദ്രബോസ് ആണ് അത് ചെയ്തത്.

ഇവിടം ബ്രിട്ടീഷുകാർക്ക് താൽകാലികമായി നഷ്ടപ്പെട്ടിരുന്നുവെന്നു മാത്രമേ ഉള്ളു. 1945 ൽ  ബ്രിട്ടൻ അവിടം വീണ്ടും കൈയടക്കുകണ്ടായി.

പതാക 1943 ലാണ് ഉയർത്തപ്പെട്ടതെങ്കിലും ആസാദ് ഹിന്ദിന്റെ “ത്രിവർണ്ണ പതാക” തന്നെയായിരുന്നു അത്. കുങ്കുമം, വെളുപ്പ്, പച്ച നിറങ്ങൾ മുകളിൽ നിന്ന് താഴേക്ക് ക്രമത്തിൽ ഉണ്ടായിരുന്നു ആ പതാകയിൽ. എന്നാൽ കുങ്കുമ, ഹരിത വർണ്ണങ്ങൾ ഒരേ വീതിയിലും ധവള വർണ്ണം ഇരട്ടി വീതിയിലും ആണെന്നു മാത്രം.

അന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാകയിൽ നടുവിലെ വെളുത്ത ഭാഗത്ത് ചർക്ക ആയിരുന്നു ചിഹ്നം. ആസാദ് ഹിന്ദ് തങ്ങളുടെ പതാകയില്‍ കുതിച്ചു ചാടുന്ന ഒരു കടുവയുടെ ചിത്രം ആലേഖനം ചെയ്തിരുന്നു. ദേശീയ പതാകയിൽ കാണുന്ന നീല നിറത്തിലെ അശോകചക്രം 1947 ജൂലൈയിൽ ആണ് ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടത്. 

1943 ഡിസംബർ 30 ന് ത്രിവർണ്ണ പതാക  ഉയർത്തിയതിന്റെ 75ാം  അനുസ്മരണ ദിനമായ  2018 ഡിസംബർ 30 ന് ഇന്‍ഡ്യ ഗവണ്മെന്‍റ്  75 രൂപയുടെ സ്മാരക  നാണയം പുറത്തിറക്കി.

നാണയ വിവരണം

നാണയത്തിന്‍റെ പിൻവശത്ത് സ്വാതന്ത്ര്യസമര യോദ്ധാക്കളുടെ നരകയാതനകളെ അനുസ്മരിപ്പിച്ചു കൊണ്ട് സെല്ലുലാർ ജയിലിന്റെ ചിത്രമുണ്ട്. ഇന്ത്യൻ പതാകയെ വണങ്ങുന്ന നേതാജി, ഭാരതത്തിലെ ജനകോടികളുടെ സ്വാതന്ത്ര്യ മോഹത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ്.

നേതാജിയുടെ ചിത്രത്തിന് താഴെ നടുവിൽ "75th ആനിവേഴ്സറി, 30 - 12 - 1943 -- 30 - 12 - 2018" എന്നിങ്ങനെ രണ്ടു വരികളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇടത് വശത്ത് ഹിന്ദിയിൽ "പ്രഥമ ധ്വജാരോഹണ ദിവസ്" എന്നും വലത് വശത്ത് ഇംഗ്ലീഷിൽ  "ഫസ്റ്റ് ഫ്ളാഗ് ഹോയ് സ്റ്റിംഗ് ഡേ" എന്നും ചേർത്തിരിക്കുന്നു.

സാങ്കേതിക വിവരണം

മൂല്യം - 75 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%,
നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200






No comments:

Post a Comment