ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 51 |
ലാഹിരി മഹാശയ് - 125ാം ചരമ വാര്‍ഷികം
“ലാഹിരി മഹാശയ് ” എന്ന് പരക്കെ അറിയപ്പെട്ടിരുന്ന യോഗിയായിരുന്നു ശ്രീ. ശ്യാം ചരൺ ലാഹിരി.
1828 സെപ്റ്റംബർ മുതൽ 1895 സെപ്റ്റംബർ വരെയായിരുന്നു മഹാവതാർ ബാബാജി എന്ന ക്രിയായോഗിയുടെ ശിഷ്യനായിരുന്ന ഇദ്ദേഹത്തിന്റെ ജീവിതകാലം. ഗുരു തെരഞ്ഞെടുത്തതിൻ പ്രകാരം "ക്രിയായോഗ" സാധാരണക്കാരിലെത്തിക്കാൻ 1861 ൽ അദ്ദേഹം പ്രയത്നം തുടങ്ങി. സാധാരണ ഗുരുക്കന്മാരെ പോലെ സന്യാസ ജീവിതമായിരുന്നില്ല ലാഹിരി മഹാശയിന്റേത്. ഗൃഹസ്ഥനായ ശേഷം ക്രിയായോഗ പ്രചാരണ ദൗത്യം ഏറ്റെടുത്ത അദ്ദേഹം കുടുംബത്തെ കൂടെ നിർത്തിയും യഥാവിധി പരിപാലിച്ചും വേറിട്ടൊരു പന്ഥാവിലൂടെ സഞ്ചരിച്ച് ശിഷ്യന്മാർക്ക് അന്നോളം അന്യമായിരുന്ന യോഗയുടെ മറ്റൊരു തലം അനാവരണം ചെയ്തു നൽകി.
ബംഗാളിലെ കൃഷ്ണ നഗറിനടുത്ത ഗുർനി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം വാരാണസിയായിരുന്നു. 1846 ൽ ശ്രീമതി കാശി മണിയെ വിവാഹം ചെയ്ത് അഞ്ചു മക്കളും സേനയുടെ എൻജിനീയറിങ് വകുപ്പിൽ ഉദ്യോഗവുമായി സ്വസ്ഥജീവിതം നയിച്ചിരുന്ന സമയത്ത് 1861 ൽ മഹാവീർ ബാബാജിയുടെ നിർദ്ദേശം ലഭിച്ചതോടെയാണ് ക്രിയായോഗ പ്രചരിപ്പിക്കാൻ അദ്ദേഹം ആരംഭം കുറിച്ചത്.
പിൽക്കാലത്ത് പരമഹംസ യോഗാനന്ദയെ ക്രിയായോഗയുടെ മാർഗ്ഗത്തിലേക്ക് നിയോഗിച്ചുവെന്ന് യോഗാനന്ദ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും ഇതേ ഗുരു തന്നെയാണെന്നത് ഇവിടെ പ്രസ്താവയോഗ്യമാണ്.
1886 ൽ ഉദ്യോഗത്തിൽ നിന്ന് വിരമിയ്ക്കുവോളവും കുടുംബവും ഉദ്യോഗവും ക്രിയായോഗ ശിക്ഷണവും ഒരേ പോലെ ഒപ്പം കൊണ്ടു നടന്നിരുന്നു അദ്ദേഹം. വിരമിച്ച ശേഷം തന്റെ മുറിയിൽ നിന്ന് വിരളമായി മാത്രം പുറത്തിറങ്ങിയിരുന്ന അദ്ദേഹം ശ്വസന നിയന്ത്രണ പരിശീലനം വഴിയായി ശ്വാസോച്ഛ്വാസം നടത്താതെ ദീർഘനേരം ഇരിക്കാറുണ്ടായിരുന്നു. "ബോധപൂർവ്വമായ സമാധി" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു “സസ്‌പെൻഡഡ് അനിമേഷൻ” അവസ്ഥയിൽ പലപ്പോഴും അദ്ദേഹം കാണപ്പെട്ടിരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ നിദ്രാഹീനനായി, ദീർഘ നേരത്തേക്ക് ശ്വസനമോ, നാഡിമിടിപ്പോ, ഹൃദയ സ്പന്ദനമോ ഇല്ലാതെ കഴിഞ്ഞു കൂടുവാൻ അദ്ദേഹം പ്രാപ്തനായിരുന്നുവത്രേ.
"ആരും ആരുടേതും ആയിരിക്കുന്നില്ല എന്ന് ഓർക്കുക, ആകസ്മികമായി ഒരു നാൾ എല്ലാം ഉപേക്ഷിച്ച് നിങ്ങൾക്ക് കടന്നു പോകേണ്ടി വരാം, അതിനാൽ ദൈവത്തോട് അടുക്കാൻ ശ്രമിക്കുക”, “യഥാർത്ഥത്തിൽ ഒരു പ്രശ്നക്കൂടാരം മാത്രമായ ശരീരത്തെ താനാണെന്ന് സ്വയം വിശ്വസിക്കാതിരിക്കുക, ക്രിയയിലൂടെ ശരീരമെന്ന തടവറയിൽ നിന്ന് ആത്മാവെന്ന അനന്തസത്യത്തിലേക്ക് മുക്തി നേടുക" എന്നിങ്ങനെ പോകുന്നു ജീവിതത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണധാരകൾ.
ക്രിയാ യോഗയെ ആത്മ നിയന്ത്രണത്തിനുള്ള ഫലപ്രദമായ മാർഗ്ഗമായി ഉപയോഗിക്കാനാണ് അദ്ദേഹം ലോകത്തെ പഠിപ്പിച്ചത്. ഉപജീവനത്തിന് നീതിയുക്തമായി ധനം സമ്പാദിക്കുകയും സത്യസന്ധമായി ജീവിക്കുകയും ചെയ്യുന്നവർക്ക് ഈശ്വര സാന്നിദ്ധ്യം അനുഭവിക്കാൻ മറ്റൊന്നും ആവശ്യമില്ല എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. “ഒരു മനുഷ്യന്റെ വിവിധങ്ങളായ കടമകളിൽ ഉൾച്ചേർന്നിരിക്കുന്ന ധർമ്മം അനുശാസിക്കുന്ന കർമ്മങ്ങളെ നിഷ്കാമമായി നിർവ്വഹിക്കുക എന്നത് മോക്ഷത്തിലേക്കുള്ള മാർഗ്ഗമാണ് ” എന്ന കർമ്മയോഗ സിദ്ധാന്തവുമായി ഇതിന് സാമ്യമുണ്ടെന്നു കാണാം.
സന്യാസം സ്വീകരിക്കാൻ തന്റെ ശിഷ്യരോട് അദ്ദേഹം ആവശ്യപ്പെട്ടില്ല. വിവാഹം ചെയ്തും ലൗകിക ജീവിതത്തിലെ തന്റെ വിവിധ ഭൂമികകളോട് നീതി പുലർത്തിയും ഒപ്പം ക്രിയാ യോഗയെ ജീവിതചര്യയുടെ ഭാഗമാക്കിയും മുക്തി മാർഗ്ഗത്തിൽ സഞ്ചരിക്കാമെന്ന് അദ്ദേഹം സമർത്ഥിച്ചു. പഞ്ചഭൂത തലത്തിലേക്കുള്ള ആത്മാവിന്റെ പരിവർത്തനവും വീണ്ടും ആത്മാവിലേക്കുള്ള മടക്ക യാത്രയ്ക്കിടയിൽ ഭൗതികമായി നേരിടേണ്ടി വരുന്ന നാനാവിധ വെല്ലുവിളികളും ആണ് മഹാഭാരത ചരിതത്തിന്റെ വ്യംഗ്യാർത്ഥം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
നാനാ ജാതി മതസ്ഥരായ തന്റെ അനുയായികളോട് ക്രിയാ യോഗയ്‌ക്കൊപ്പം സ്വന്തം മതവിശ്വാസം തന്നെ പിന്തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. മഹാശയന്റെ ആദർശങ്ങളിലെ വേറിട്ട കാഴ്ചപ്പാട് ചില നാട്ടുരാജാക്കന്മാരുൾപ്പെടെ വളരെപ്പേരെ അദ്ദേഹത്തിന്റെ അനുയായിവൃന്ദത്തിൽ എത്തിച്ചു. അതേ സമയം തന്റെ ആശയ പ്രചരണാർത്ഥം സംഘടനകൾക്ക് രൂപം നൽകാൻ തുനിഞ്ഞ ശിഷ്യരെ അദ്ദേഹം നിരുത്സാഹപ്പെടുത്തുകയും ചെയ്തു. "കാശി ബാബ" എന്നൊരു വിളിപ്പേര് മഹാശയനു നൽകാനും ചിലർ വൃഥാ ശ്രമിച്ചിരുന്നു പോൽ.
ലാഹിരി മഹാശയ് നിർവ്വാണം പ്രാപിച്ചതിന്റെ 125ാം വാർഷിക വേളയിൽ, ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന്റെ തിരോധാനത്തിന്റെ സ്മരണ മുൻനിർത്തി 125 രൂപയുടെ ഒരു സ്മാരക നാണയം പുറത്തിറക്കുകയുണ്ടായി.
മഹദ്‌വ്യക്തികളുടെ ജന്മവാർഷികങ്ങളും വ്യക്തിത്വ സ്മരണയും (ചിലപ്പോൾ നിര്യാതരാകുന്ന സന്ദർഭത്തിലാണെങ്കിൽക്കൂടിയും) പല നാണയങ്ങൾക്ക് വിഷയമായിട്ടുണ്ടെങ്കിലും ചരമ വാർഷികം വിഷയമാക്കി ഇതു വരേക്കും ഭാരതത്തിൽ സ്മാരക നാണയ നിർമ്മിതി ഉണ്ടായിട്ടില്ല. അത്തരത്തിലെ ആദ്യ നാണയമാണ് ലാഹിരി മഹാശയിന്റെ ചരമ വാർഷികത്തെ അധികരിച്ച് നിർമ്മിയ്ക്കപ്പെട്ട പ്രസ്തുത നാണയം.
നാണയ വിവരണം
നാണയത്തിന്റെ പിൻ വശത്ത് പത്മാസനത്തിൽ ഉപവിഷ്ഠനായിരിക്കുന്ന മഹാശയ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അരികിൽ മുകളിലായി ഇംഗ്ലീഷിൽ "125ത് ഡിപ്പാർച്ചർ ആനിവേഴ്സറി ഓഫ് ശ്രീ ശ്യാമചരൺ ലാഹിരി മഹാശയ" എന്നും തൊട്ടു താഴെ ഹിന്ദിയിൽ "ശ്രീ ശ്യാമചരൺ ലാഹിരി മഹാശയ് കാ 125 വാം തിരോധാൻ വർഷ്" എന്നും വൃത്താകൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചിത്രത്തിനു ചുവടെ "1895 - 2020" എന്നും മിന്റ് മാർക്കും കാണാം.
സാങ്കേതിക വിവരണം
മൂല്യം - 125 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200.
No comments:
Post a Comment