ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 48 |
ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് - ശതാബ്ദി
വൈദ്യശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും, എകോപിപ്പിക്കാനും, തയ്യാറാക്കി നടപ്പിലാക്കാനും വേണ്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ന്യൂ ദില്ലി ആസ്ഥാനമായുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റീസേർച്ച്.
എെ.സി.എം.ആര്‍. ഭാരതത്തിൽ വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്നതിനെ സംബന്ധിച്ച പൂർണ്ണ വിവരങ്ങളടങ്ങിയ ഒരു സമഗ്രരേഖ - ക്ലിനിക്കൽ ട്രയൽസ് രജിസ്ട്രി - ഐ.സി.എം.ആർ. 2007 -ൽ രൂപീകരിച്ച് നടപ്പിലാക്കുകയുണ്ടായി. പകർച്ച വ്യാധികൾ, പ്രജനന നിയന്ത്രണം, മാതൃശിശു ആരോഗ്യം, ജീവിതശൈലീ രോഗങ്ങൾ, പോഷകാഹാര ലഭ്യത, ആരോഗ്യ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍, പരിസര സൗഹൃദമായ ആരോഗ്യ പരിപാലനം, അന്ധതാ നിവാരണം, പാരമ്പര്യ വൈദ്യശാഖയുൾപ്പെടെയുള്ള വിവിധ മേഖലകളിലെ ഔഷധങ്ങളുടെ ഗവേഷണവും, പരീക്ഷണ നിരീക്ഷണങ്ങളും എന്ന് തുടങ്ങി ദേശീയ ആരോഗ്യ നയത്തിലെ മുൻഗണന അർഹിക്കുന്ന എല്ലാ വിഷയങ്ങളിലും ഈ സംഘടനയുടെ പിന്തുണയുണ്ടാകുന്നുണ്ട്.
1911 ലാണ് വൈദ്യശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും ഏകോപിപ്പിക്കാനും വേണ്ടി “ഇന്ത്യൻ റിസേർച്ച് ഫണ്ട് അസോസിയേഷൻ” എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചത്. സ്വാതന്ത്യാനന്തരം 1949 ൽ ചില സുപ്രധാന വ്യതിയാനങ്ങളോടെ ഇതിനെ ഐ.സി.എം.ആർ. ആക്കി മാറ്റുകയായിരുന്നു.
ഐ.സി.എം.ആർ. സ്വന്തം നിലയിലും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള വൈദ്യശാസ്ത്ര സ്ഥാപനങ്ങൾ വഴിയും ഗവേഷണങ്ങൾ നടത്തുന്നുണ്ട്. താല്പര്യമുള്ള ശാസ്ത്രജ്ഞർക്ക് ഗവേഷണ പരിശീലനവും സാമ്പത്തിക സഹായവും ലഭ്യമാണ്. മികച്ച ഗവേഷണ പ്രബന്ധങ്ങൾക്ക് അവാർഡുകളും നൽകപ്പെടുന്നു.
ആറ് മേഖലാ വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ വഴിയായി ഇവയുടെ എകീകരണം നടത്തിവരുന്നു. അവയുടെ കീഴിലായി വിവിധ ശാഖകളിലെ ഫീൽഡ് ഗവേഷണ സ്ഥാപനങ്ങൾ രാജ്യത്ത് പല ഭാഗങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് വളപ്പിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ കേരള ഘടകം ഇത്തരം ഒരു സ്ഥാപനമാണ്.
ഐ.സി.എം.ആറിന്റെ പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്.
1. പുതിയതായി കണ്ടുപിടിക്കപ്പെടുന്ന ഔഷധങ്ങളുടെയും, ഉപകരണങ്ങളുടെയും, വാക്സിനുകളുടെയും, ലബോറട്ടറി കിറ്റുകളുടെയും, കീടനാശിനികളുടെയും മറ്റും ഉപയോഗക്ഷമതയും ഗുണനിലവിവരവും വിലയിരുത്തുക.
2. രാജ്യത്ത് നടക്കുന്ന എല്ലാ വൈദ്യശാസ്ത്ര ഗവേഷണങ്ങളും രേഖപ്പെടുത്തുക, അവയുടെ നൈതികതയും, സുതാര്യതയും, ഉത്തരവാദിത്വവും ഉറപ്പാക്കുക.
3. വൈദ്യശാസ്ത്ര പരീക്ഷണങ്ങളുടെ നൈതിക നിബന്ധനകളുടെ മാർഗ്ഗരേഖ തയ്യാറാക്കുക.
4. ജീവിതശൈലീ രോഗങ്ങളുടെ രജിസ്ട്രി തയ്യാറാക്കി, രോഗത്തിന്റെ വ്യാപ്തി, വ്യാപന രീതി തുടങ്ങി സമസ്ത വിവരങ്ങളും ലഭ്യമാക്കുക.
5. ഐ.ഡി.എസ്.പി (Integrated Disease Surveillance Project – സംയോജിത രോഗ നിരീക്ഷണ പദ്ധതി), പോളിയോ നിരീക്ഷണം, ആന്റിബയോട്ടിക് അതിജീവിക്കുന്ന രോഗാണുക്കളുടെ നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുക.
6. പകർച്ച വ്യാധികളെ നേരിടാനും തടയാനും വേണ്ട സഹായങ്ങൾ നൽകുക.
7. പുതിയതായി പ്രത്യക്ഷപ്പെടുന്ന രോഗാണുക്കളെ തിരിച്ചറിയാനും അതിനെ നേരിടാനും വേണ്ട സന്നാഹങ്ങൾ ഒരുക്കുന്നതിന് സഹായിക്കുക.
8. പോഷകാഹാര സർവ്വേ നടത്തി പ്രശ്നബാധിതമെന്നു കണ്ടെത്തുന്ന പ്രദേശങ്ങൾക്ക് അനുയോജ്യവും, സാമൂഹ്യവും സാമ്പത്തികവുമായി പ്രായോഗികവുമായ പോംവഴികൾ ചൂണ്ടിക്കാട്ടുക.
9. ഇന്ത്യയിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ പോഷക മൂല്യം കണ്ടെത്തുക.
ഗവേഷണ, നിരീക്ഷണ ഫലങ്ങൾ ഉൾപ്പെടുത്തി "ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ച്" പ്രസിദ്ധീകരിക്കുന്നതും ഐ.സി.എം.ആർ. ആണ്.
പ്രാഥമിക രൂപീകരണത്തിന്റെ 100 വർഷം പൂർത്തിയായ 2011 ൽ 100 രൂപയുടെയും 5 രൂപയുടെയും സ്മാരക നാണയങ്ങൾ ഇന്‍ഡ്യ ഗവണ്മെന്‍റ് പുറത്തിറക്കി.
നാണയ വിവരണം
നടുവിൽ ഒരു വൃത്തത്തിനുള്ളിൽ ഐ.സി.എം.ആറിന്റെ ഔദ്യോഗിക ചിഹ്നമുള്ളവും വിജ്ഞാനത്തിന്റെ ദീപവും താഴെയായി "പരീക്ഷ കാരിനോ ഹി കുശല ഭവന്തി" (പരീക്ഷണങ്ങൾ നടത്തുന്നവരാണ് സമർത്ഥരാകുന്നത്) എന്ന ബാനറും ചേർന്നതാണ് ഈ ചിഹ്നം. അരികിലായി "ഭാരതീയ ആയുർവിഗ്യാൻ അനുസന്ധാൻ പരിഷദ്" എന്ന് ഏറ്റവും മുകളിലും "ശതാബ്ദി വർഷ്" എന്ന് തൊട്ടു താഴെയും ഹിന്ദിയിലും , "സെന്റിനറി ഇയർ" എന്ന് മുകളിലും "ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റീസേർച്ച്" എന്ന് താഴെയും ഇംഗ്ലീഷിലും ലിഖിതം രേഖപ്പെടുത്തിയിരിക്കുന്നു.
സാങ്കേതിക വിവരണം
1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നാകം - 20%, നിക്കൽ - 5%
No comments:
Post a Comment