23/08/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - തലശ്ശേരി കോട്ട

       

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
27

തലശ്ശേരി കോട്ട

ചരിത്രമുറങ്ങുന്ന കോട്ടകൾ പലതുമുണ്ട് കേരളത്തിൽ,ഒറ്റനോട്ടത്തിൽ ലളിതമാണെങ്കിലും നിർമിതിയിലെ വൈദഗ്ധ്യവും സൂക്ഷ്മതയും മറ്റും പരിഗണിച്ചാൽ കേരളത്തിലെ കോട്ടകൾ അസാധാരണ നിർമിതികളാണ്. അതിലൊന്നാണ് തലശ്ശേരി കോട്ട

1683-ല്‍ ഈസ്റ്റിന്ത്യാ കമ്പനി മലബാര്‍ തീരത്ത് അധിവാസമുറപ്പിച്ചതിന്റെ തെളിവാണ് അവര്‍ 1703-ല്‍ നിർമിച്ച തലശ്ശേരി കോട്ട. തെയ്യത്തിന്റെ നാടായ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി പട്ടണത്തിലാണ് ഈ കോട്ട.മണ്ഡപങ്ങളും ഇടനാഴികളും നിറഞ്ഞ തലശ്ശേരി കോട്ട നിര്‍മ്മാണത്തിലെ ഒരു അത്ഭുതം തന്നെയാണ്.
കോട്ടയുടെ നിര്‍മ്മാണത്തിന്റെ സാങ്കേതിക വിദ്യ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് അറിയുമ്പോള്‍ തന്നെ മനസ്സിലാക്കാം കോട്ടയുടെ കരുത്ത്. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള പീരങ്കികള്‍ ഉറപ്പിക്കുന്ന ഇടനാഴികളും വാതിലുകളുമെല്ലാം കോട്ടയുടെ ഭംഗി വര്‍ധിപ്പിക്കുന്നു. കൊത്തുപണികൾ നിറഞ്ഞ വാതായനങ്ങളും കടലിലേക്കുള്ള രഹസ്യതുരങ്കങ്ങളും ഒക്കെയായി പ്രാദേശിക ചരിത്രത്തിന്റെ ഏടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ചതുരാകൃതിയിലുള്ള ഈ ഭീമാകാരമായ കോട്ട.

തലശ്ശേരിയിൽ വെറും കുരുമുളകുവ്യാപാരികളായി വന്ന ഇംഗ്ലിഷുകാർ ഒരു നൂറ്റാണ്ടുകാലത്തിനിടയിൽ നാടിന്റെ ഭരണാധികാരികളായിത്തീർന്ന ചരിത്രത്തിന്റെ പ്രതീകം കൂടിയാണീ കോട്ട. തലശ്ശേരിയിൽ ആദ്യമായി ഒരു മൺകോട്ട കെട്ടിയ ഫ്രഞ്ചുകാർക്ക് ഇംഗ്ലിഷുകാരുടെ വരവോടെ സ്ഥലം വിട്ടൊഴിഞ്ഞു പോവേണ്ടിവന്നു.ഫ്രഞ്ചു സൈന്യം അറയ്ക്കലെ അലി രാജാവിന്റെ സഹായത്തോടെ തലശ്ശേരി കോട്ട നിരവധി തവണ ആക്രമിച്ചെങ്കിലും ചിറയ്ക്കൽ രാജാവിന്റെയും കോട്ടയം രാജാവിന്റെയും സഹായത്തോടെ ഈ അധിനിവേശ ശ്രമങ്ങൾക്കെല്ലാം വിജയകരമായി തടയിടാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കായി. ഇംഗ്ലിഷുകാർ തിരുവിതാംകൂറിൽ അഞ്ചുതെങ്ങും മലബാറിൽ  തലശ്ശേരിയും കേന്ദ്രമാക്കിക്കൊണ്ടു കച്ചവടം തുടങ്ങുകയും പടിപടിയായി അഭിവൃദ്ധിപ്പെടുകയുമാണുണ്ടായത്.ഒരുകാലത്ത് തലശ്ശേരിയുടെ വികസനത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത് ഈ കോട്ടയായിരുന്നു. ഇന്ന് ഇതൊരു ചരിത്ര സ്മാരകമാണ്. ഈ കോട്ടയെ കേന്ദ്രീകരിച്ചാണു തലശ്ശേരി പട്ടണം വളരാൻ തുടങ്ങിയത്.





No comments:

Post a Comment