21/11/2020

02-11-2020- സ്മാരക നാണയങ്ങൾ- വൈഷ്ണോദേവി ക്ഷേത്ര ട്രസ്റ്റ് - രജത ജൂബിലി

         

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
08

വൈഷ്ണോദേവി ക്ഷേത്ര ട്രസ്റ്റ് - രജത ജൂബിലി

ജമ്മു - കശ്മീരിലെ ത്രികൂട പർവ്വതനിരയിലെ കത്രയിലാണ് വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ ദേവിയെപ്പറ്റി ഒരു ഐതിഹ്യം ഉണ്ട്. ഭൂമിയിൽ രാക്ഷസ ദുഷ്ട ശക്തികളുടെ ശല്യം വർദ്ധിച്ചപ്പോൾ പാർവ്വതി, ലക്ഷ്മി, സരസ്വതി എന്നീ മൂന്നു ദേവിമാരും തങ്ങളുടെ ശക്തി ഏകോപിപ്പിച്ച് സിംഹത്തിന്മേൽ (കടുവഎന്നും ഭാഷ്യമുണ്ട്) ആസനസ്ഥയായ എട്ടു കൈകളുള്ള ദേവിയായി മാറിയെന്നും രാക്ഷസ ശല്യം അവസാനിപ്പിച്ച ശേഷം ഭൂമിയിൽ ദേവീസാന്നിദ്ധ്യം നിലനിർത്തണമെന്ന അഭ്യർത്ഥന മാനിച്ച് മനുഷ്യ രൂപത്തിൽ വൈഷ്ണോ ദേവിയായി ജന്മമെടുത്തുവെന്നുമാണ് പ്രസ്തുത ഐതിഹ്യം പറയുന്നത്. ബാല്യത്തിൽത്തന്നെ വിഷ്ണു ഭക്തയായിരുന്ന ദേവി, വിവാഹപ്രായമെത്തിയപ്പോൾ വിഷ്ണുവിനെ പതിയായി കിട്ടാൻ തപസ്സാരംഭിച്ചു. രാമരൂപത്തിൽ മുന്നിലെത്തിയ ദേവൻ, താൻ വിവാഹിതനാണെന്നും രാവണൻ അപഹരിച്ച പത്നി സീതയെ തിരഞ്ഞു നടക്കുകയാണെന്നും പറഞ്ഞു. താൻ തിരികെ വരുമെന്നും അന്ന് തന്നെ തിരിച്ചറിഞ്ഞാൽ താൻ വിവാഹം ചെയ്തുകൊള്ളാമെന്നും വാഗ്ദാനവും നൽകിയാണ് രാമൻ മടങ്ങിയത്. വളരെക്കാലം കഴിഞ്ഞ് വൃദ്ധ രൂപത്തിൽ എത്തിയ രാമനെ ദേവിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. തന്റെ കൽക്കി അവതാര സമയത്ത് താൻ വിവാഹം ചെയ്തുകൊള്ളാമെന്നും അതുവരെ ത്രികൂടയിൽ തുടരണമെന്നും  രാമൻ ആവശ്യപ്പെട്ടു. ദേവിയുടെ രക്ഷയ്ക്കായി വില്ലും അമ്പുകളും തന്റെ വാനരപ്പടയേയും നൽകിയാണ് രാമൻ മടങ്ങിയത്. രാമനെ പ്രതീക്ഷിച്ച് ദേവി ത്രികൂടയിൽ ധ്യാനനിരതയായി കഴിഞ്ഞുകൂടി. തന്നെ ശരണം പ്രാപിക്കുന്നവരെ ദുഷ്ടശക്തികളിൽ നിന്നും രക്ഷിച്ചു വന്ന ദേവിയെ ഇല്ലായ്മ ചെയ്യാൻ തുനിഞ്ഞ ഒരു താന്ത്രികൻ, ദേവിയെ കണ്ടുപിടിക്കാനായി ഭൈരവനാഥനെ നിയോഗിച്ചു. ദേവിയിൽ അനുരക്തനായ ഭൈരവൻ, ദേവിക്ക് ശല്യമായി മാറി. അയാളിൽ നിന്ന് രക്ഷപ്പെടാൻ ദേവി കത്രിയിലെ ഒരു ഗുഹയിൽ അഭയം തേടി. അവിടെ ധ്യാനത്തിലായിരുന്ന ദേവിയെ ശല്യപ്പെടുത്താൻ തുനിഞ്ഞ ഭൈരവനെ "മഹാകാളി" രൂപം പൂണ്ട് ദേവി വധിച്ചു. മാപ്പിരന്ന ഭൈരവനോട്, താൻ ഇനിയെന്നും ആ ഗുഹയിൽത്തന്നെ വസിക്കുമെന്നും ഭൈരവന് തന്റെ അംഗരക്ഷകനായിരിക്കാമെന്നും അറിയിച്ച് മൂന്നു ശിലകളായി അവിടെത്തന്നെ ദേവി കുടികൊള്ളാനാരംഭിച്ചു. ആ മൂന്നു ശിലകളും പാർവ്വതി, ലക്ഷ്മി, സരസ്വതിമാരെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് സങ്കല്പം.

1986 ൽ വൈഷ്ണോദേവി ക്ഷേത്ര ട്രസ്റ്റ് രൂപീകൃതമായി. അതിന്റെ 25ാം വാർഷികത്തിൽ പുറത്തിറങ്ങിയ 25 രൂപ, 10 രൂപ, 5 രൂപ ങ്ങളാണ് ഇവിടെ കാണിച്ചിരിക്കുന്നത്. ട്രസ്റ്റ് 1986 ൽ രൂപീകൃതമായെങ്കിലും 2012 ലാണ് 25ാം  വാർഷികം ആചരിച്ചതും നാണയങ്ങളിൽ രേഖപ്പെടുത്തിയതും. 25 രൂപയുടെ നാണയം ഏറെ വിവാദങ്ങൾക്കു വഴിവച്ചു. കുറെ താമസിച്ചാണെങ്കിലും  പുറത്തിറങ്ങിയപ്പോൾ അത് നമ്മുടെ ആദ്യത്തെ 25 രൂപാ നാണയമായി.

നാണയ വിവരണം

ഈ നാണയങ്ങളിൽ പിൻപുറത്ത് മദ്ധ്യത്തിൽ സിംഹത്തിന്മേൽ ഉപവിഷ്ടയായ വൈഷ്ണോ ദേവിയും താഴെ "2012", "സിൽവർ ജൂബിലി" എന്ന് രണ്ടു വരികളിലായും കാണാം. അരികുകളിലായി മുകളിൽ ഹിന്ദിയിലും താഴെ ഇംഗ്ലീഷിലും "ശ്രീ മാതാ വൈഷ്ണോദേവി ഷ്രൈൻ ബോർഡ്", മുംബൈ മിന്റ് മാർക്ക് "എം" എന്നിവ കാണാം.

സാങ്കേതിക വിവരണം

1 മൂല്യം - 25 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200
2 മൂല്യം - 10 രൂപ, ഭാരം - 7.71ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം -  Outer: ചെമ്പ് -92%, അലൂമിനിയം - 6%, നിക്കൽ - 2%, Inner: ചെമ്പ് -75%, നിക്കൽ - 25%
3 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നാകം - 20%, നിക്കൽ - 5%








No comments:

Post a Comment