ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 23 |
മുഹമ്മദ് ദാവൂദ് ഖാൻ
അഫ്ഗാനിസ്താന്റെ ആദ്യത്തെ പ്രസിഡണ്ടാണ് മുഹമ്മദ് ദാവൂദ് ഖാൻ (ജീവിതകാലം:1909 ജൂലൈ 18 – 1978 ഏപ്രിൽ 28). അഫ്ഗാൻ രാജകുടുംബാംഗമായിരുന്ന മുഹമ്മദ് ദാവൂദ് ഖാൻ, തന്റെ ബന്ധുവും രാജാവുമായ മുഹമ്മദ് സഹീർ ഷായെ അട്ടിമറിക്കുകയും രാജഭരണത്തിന് അന്ത്യം വരുത്തുകയും ചെയ്തുകൊണ്ടാണ് 1973-ൽ പ്രസിഡണ്ടായി പ്രഖ്യാപിച്ചത്. ഇദ്ദേഹം രൂപീകരിച്ച ഭരണകൂടം റിപബ്ലിക് ഓഫ് അഫ്ഗാനിസ്താൻ എന്നറിയപ്പെടുന്നു. 1978-ൽ സോർ വിപ്ലവഫലമായി ഇദ്ദേഹം കൊല്ലപ്പെടുന്നതുവരെ വരെ രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു. പ്രസിഡണ്ടാകുന്നതിനു മുൻപ് 1953 മുതൽ 1963 വരെ സഹീർ ഷാ രാജാവിനു കീഴിൽ പ്രധാനമന്ത്രിയായും ദാവൂദ് ഖാൻ പ്രവർത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്താൻ, സോവിയറ്റ് യൂനിയനുമായുള്ള ബന്ധം ആരംഭിച്ചത് ദാവൂദ് ഖാന്റെ ഭരണകാലത്താണ്. പഞ്ചവത്സരപദ്ധതികളിലൂടെ ആധുനികവൽക്കരണം നടപ്പാക്കുകയും സ്ത്രീകൾക്ക് തുല്യാവകാശങ്ങൾ നൽകാനുള്ള നിയമങ്ങൾ നടപ്പാക്കിയതിലൂടെ മുഹമ്മദ് ദാവൂദ് ഖാൻ, അഫ്ഗാനിസ്താൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്നു. തുടക്കത്തിൽ കമ്മ്യൂണിസ്റ്റുകളുടെ കൂട്ടുപിടിച്ചാണ് ദാവൂദ് ഖാൻ പ്രസിഡണ്ട് പദവിയിലെത്തിയതെങ്കിലും കാലക്രമേണ, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ അടിച്ചമർത്തുന്നതിനുള്ള നടപടികൾ അദ്ദേഹം കൈക്കൊണ്ടു. തൽഫലമായി 1978-ൽ സോർ വിപ്ലവത്തിലൂടെ ദാവൂദ് ഖാനെ അട്ടിമറിച്ച് പി.ഡി.പി.എ.യുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി.
അഫ്ഗാനിസ്ഥാൻ 1977 ൽ പുറത്തിറക്കിയ 1000 അഫ്ഗാനി കറൻസി നോട്ട്.
മുൻവശം (Obverse): മുഹമ്മദ് ദാവൂദ് ഖാൻ്റെ ഛായാചിത്രവും, അഫ്ഗാനിസ്ഥാൻ്റെ ചിഹ്നവും ആലേഖനം ചെയ്തിരിക്കുന്നു.
പിൻവശം (Reverse): അഫ്ഗാനിസ്ഥാനിലെ മസാർ - ഇ-ഷെരീഫിൻ്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഹസ്രത്ത് അലി മോസ്ക് (ബ്ലൂ മോസ്ക്) ചിത്രീകരിച്ചിരിക്കുന്നു.
No comments:
Post a Comment