ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 54 |
കേരള നിയമസഭ
കേരള സംസ്ഥാനത്തിന്റെ നിയമനിർമ്മാണസഭ കേരള നിയമസഭ എന്നറിയപ്പെടുന്നു. ഏകമണ്ഡല സഭയാണ് കേരളനിയമസഭ അഥവാ ജനപ്രതിനിധിസഭ. തിരുവനന്തപുരമാണ് നിയമസഭയുടെ ആസ്ഥാനം.
കേരളത്തിന്റെ ഭൂമിശാസ്ത്ര അതിർത്തികൾക്കുള്ളിലെ 140 നിയമസഭാമണ്ഡലങ്ങളിൽ നിന്നും സാർവത്രികസമ്മതിദാനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ് നിയമസഭയിലെ അംഗങ്ങൾ. ഇതു കൂടാതെ ഇന്ത്യൻ ഭരണഘടനയിലെ പ്രത്യേക വകുപ്പു പ്രകാരം കേരളത്തിലെ ആംഗ്ലോ-ഇന്ത്യൻ ജനങ്ങൾക്കിടയിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിയും സഭയിൽ അംഗമാണ് . എന്നാൽ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിക്ക് സഭയിൽ വോട്ടവകാശമില്ല.
നിയമസഭാ സാമാജികർ ചേർന്നു തിരഞ്ഞെടുക്കുന്ന സ്പീക്കർ ആണ് സഭയുടെ അധ്യക്ഷൻ. സ്പീക്കറെ സഹായിക്കാൻ ഡെപ്യൂട്ടി സ്പീക്കറെയും അംഗങ്ങൾ തിരഞ്ഞെടുക്കുന്നു. സ്പീക്കറാണ് സഭാ നടപടികൾ നിയന്ത്രിക്കുന്നത്.
സാധാരണ നിലയിൽ സഭ സമ്മേളിക്കുന്ന ആദ്യം ദിനം മുതൽ അഞ്ചു വർഷമാണ് നിയമസഭയുടെ കാലാവധി. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ സഭ പിരിച്ചുവിടാനുള്ള അധികാരം ഗവർണ്ണക്കുണ്ട്. അടിയന്തര ഘട്ടങ്ങളിൽ നിയമസഭയുടെ കാലാവധി ദീർഘിപ്പിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥകളുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ നിയമനിർമ്മാണമാണ് നിയമസഭാംഗങ്ങളുടെ പ്രധാന ചുമതല. സാങ്കേതികാർത്ഥത്തിൽ നിയമ സഭയ്ക്കുള്ളിൽ നടക്കുന്ന ചർച്ചകളെല്ലാം നിയമ നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ജന പ്രതിനിധി സഭ എന്ന നിലയിൽ സംസ്ഥാനത്തിന്റെ പൊതുകാര്യങ്ങളും ഇവിടെ ചർച്ചാ വിഷയമാകുന്നു. അംഗങ്ങൾ പാസാക്കുന്ന നിയമങ്ങൾ ഗവർണ്ണർ അംഗീകരിച്ച് ഒപ്പുവയ്ക്കുന്നതോടെയാണ് ഔദ്യോഗികമാകുന്നത്.
ഇന്ത്യയിലെ ജനാധിപത്യ ഭരണക്രമങ്ങളുടെ പരീക്ഷണ ശാലയായിരുന്നു കേരളം എന്നു പറയാം. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ കേരളത്തിൽ നിയമനിർമ്മാണ സഭയടക്കമുള്ള സംവിധാനങ്ങൾ നിലനിന്നിരുന്നു. ഇന്ത്യാ സ്വാതന്ത്ര്യത്തിനു മുമ്പ് കേരളത്തിന്റെ തെക്കൻ പ്രദേശങ്ങൾ ഭരിച്ചിരുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ പരീക്ഷണങ്ങളാണ് കേരള നിയമസഭയുടെ പിറവിക്കു വഴിമരുന്നിട്ടതെന്നു പറയാം. കേരളത്തിന്റെ തെക്കേ അറ്റത്തെ സ്വതന്ത്രരാജ്യമായിരുന്നു തിരുവിതാംകൂർ, വേണാട് എന്ന് കൊച്ചു നാട്ടുരാജ്യത്തിൽ നിന്ന്, മാർത്താണ്ഡവർമ്മയുടെ കാലത്ത് വിശാലരൂപം പ്രാപിച്ചതണ്.1795ലെ തിരുവിതാംകൂർ- ബ്രിട്ടീഷ് സഖ്യം രാജ്യത്തിന്റെ പരമാധികാര നിലക്ക് മാറ്റം വരുത്തിയിരുന്നു.
നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി നിയമനിർമ്മാണ സഭ രൂപവത്കരിച്ചത് തിരുവതാംകൂറിലാണ്. 1888 മാർച്ച് 30നാണ് എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റിവ് കൌൺസിലിനു രൂപം നൽകുന്നതായി തിരുവതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ വിളംബരം പുറപ്പെടുവിക്കുന്നത്. മൂന്നു വർഷമായിരുന്നു കൗൺസിലിന്റെ കാലാവധി. 1888 ഓഗസ്റ്റ് 23ന് തിരുവതാംകൂർ ദിവാന്റെ മുറിയിലാണ് ആദ്യത്തെ ലെജിസ്ലേറ്റിവ് കൌൺസിൽ യോഗം കൂടിയത് . 1888 മുതൽ 1891 വരെയുള്ള ആദ്യ കാലാവധിക്കുള്ളിൽ 32 തവണ കൌൻസിൽ സമ്മേളിച്ചു. ഭരണത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 1891ൽ മലയാളി മെമ്മോറിയൽ എന്ന ചരിത്രപ്രധാനമായ രേഖ ഒപ്പുവയ്ക്കപ്പെട്ടു. 1898ൽ ലെജിസ്ലേറ്റിവ് കൌൻസിലിന്റെ അംഗസംഖ്യ പതിനഞ്ചായി ഉയർത്തി .
1904 ആയപ്പോഴേക്കും ‘ശ്രീമൂലം പ്രജാസഭ’ എന്ന പേരിൽ കുറച്ചുകൂടി വിപുലമായ മറ്റൊരു പ്രതിനിധി സഭയ്ക്ക് രാജാവ് രൂപം നൽകി. നൂറംഗങ്ങളുള്ള പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ചുരുക്കത്തിൽ ഭുവുടമകളുടെയും വ്യാപാരികളുടെയും പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു പ്രജാസഭ. നൂറു രൂപയെങ്കിലും വാർഷിക ഭൂനികുതി ഇനത്തിൽ നൽകുന്ന വ്യാപാരികളെയും 6000 രൂപയ്ക്കു മുകളിൽ വാർഷിക വരുമാനമുള്ള ഭൂവുടമകളെയുമാണ് സഭയിലേക്ക് തിരഞ്ഞെടുത്തിരുന്നത്.
1905 മെയ് ഒന്നിന് സുപ്രധാനമായ ഒരു വിളംബരത്തിലൂടെ പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്കു നൽകപ്പെട്ടു. എന്നാൽ ഇവിടെയും വരുമാനവും വിദ്യാഭ്യാസ യോഗ്യതകളുമാണ് വോട്ടവകാശത്തെ നിർണ്ണയിച്ചത്. 50 രൂപയെങ്കിലും വാർഷിക ഭൂനികുതിയായി നൽകുന്നവർക്കും അംഗീകൃത സർവ്വകലാശാലാ ബിരുദധാരികൾക്കുമായിരുന്നു വോട്ടവകാശം. ഇപ്രകാരം വോട്ടവകാശമുള്ളവർ പ്രജാസഭയിലെ 100 അംഗങ്ങളിൽ 77 പേരേ തിരഞ്ഞെടുത്തു. ബാക്കി 23 പേർ നാമനിർദ്ദേശം ചെയ്യപ്പെടുകയായിരുന്നു.
കൌൺസിലിലേക്ക് മത്സരിക്കാൻ പിന്നീടു സ്ത്രീകൾക്ക് അനുവാദം നൽകി. നിവർത്തന പ്രക്ഷോഭത്തെ തുടർന്ന് ഒരുരൂപ കരം തീരുവയുള്ള എല്ലാവർക്കും വോട്ടവകാശം ലഭിച്ചു. 1932ൽ ലെജിസ്ലേറ്റീവ് കൗൺസിലിനെ ഉപരിസഭയും ശ്രീമൂലം പ്രജാസഭയെ അധോസഭയുമാക്കി. 1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ രണ്ടുസഭകളും ഇല്ലാതായി. പകരം പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ 1948ൽ 120 അംഗ തിരുവിതാംകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി നിലവിൽ വന്നു. ഇതും നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായിരുന്നു.
1949 ജൂലൈ ഒന്നിന് അയൽ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നത് ഐക്യകേരളത്തിലേക്കുളള ആദ്യ ചുവടുവെപ്പായി. ലയനത്തിനനുസൃതമായി നിലവിലുണ്ടായിരുന്ന മന്ത്രിസഭ പുന:സംഘടിപ്പിച്ചു.
തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള ആ സ്ഥാനത്തു തുടർന്നു. തിരുവിതാംകൂറിൽനിന്നുള്ള ഏതാനും മന്ത്രിമാരെ ഒഴിവാക്കി കൊച്ചിയിൽനിന്നുള്ള മന്ത്രിമാരെ ഉൾപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലെയും മൊത്തം 178 അംഗങ്ങൾ തിരു-കൊച്ചി സഭയിലുണ്ടായിരുന്നു. പിന്നീട് രാജ്യത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി 1951ൽ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിച്ചപ്പോൾ നിയമസഭാ സാമാജികരുടെ എണ്ണം 108 ആയി. ഇതിന്റെ അടിസ്ഥാനത്തിൽ തിരു-കൊച്ചി നിയമസഭയിലേക്ക് 1951ൽ നടന്ന തെരഞ്ഞെടുപ്പിൽ എ. ജെ. ജോണിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ചുരുങ്ങിയ കാലയളവിൽ മൂന്നു മന്ത്രിസഭകൾക്കൂടി നിലവിൽവന്നു. പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവർ ഇക്കാലയളവിൽ മുഖ്യമന്ത്രിമാരായി. രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് പനമ്പിള്ളി മന്ത്രിസഭ രാജിവച്ചു.
കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത് 1957 ഏപ്രിൽ 27 നാണ്. ആദിനം അനുസ്മരിക്കാനാണ് എല്ലാ വർഷവും ഏപ്രിൽ 27 ന് നിയമസഭാദിനമായി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിലെ രാഷ്ട്രനേതാക്കളുടെ പ്രതിമയിൽ സ്പീക്കർ പുഷ്പാർച്ചന നടത്തും. പൊതുജനങ്ങൾക്ക്, നിയമസഭാ മ്യൂസിയങ്ങൾ വൈകുന്നേരം വരെ കാണുന്നതിനുള്ള സൌകര്യം നൽകാറുമുണ്ട്.
No comments:
Post a Comment