ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 10 |
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍
സ്വാതന്ത്യാനന്തര ഭാരതത്തിന്റെ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്നു സർദാർ വല്ലഭ്ഭായി പട്ടേൽ. ഐക്യ ഭാരതത്തിന്റെ സ്രഷ്ടാവ് എന്ന നിലയിലുള്ള അദ്ദേഹത്തിൻറെ സേവനം അവിസ്മരണീയമാണ്. ബ്രിട്ടീഷുകാരുടെ പക്കൽ നിന്നും ആർജ്ജിച്ചതും സ്വതന്ത്ര നാട്ടുരാജ്യങ്ങളായി നിലനിന്നതും ആയ എല്ലാ പ്രദേശങ്ങളെയും ഒരു ഭരണത്തിൻ കീഴിൽ എത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇത് ഭാരതത്തിലെ ഉരുക്കുമനുഷ്യൻ എന്ന വിശേഷണം അദ്ദേഹത്തിന് നേടിക്കൊടുത്തു. 2018 ഒക്ടോബർ 31ന് അനാച്ഛാദനം ചെയ്യപ്പെട്ട "Statue of Unity”(ഏകതാ പ്രതിമ) ഈ നേട്ടത്തിന്, ഭാരതത്തിന് അദ്ദേഹത്തോടുള്ള കടപ്പാടിന്റെ പ്രതീകമാണ്. ഭാരതത്തിന്റെ എല്ലാ ദേശങ്ങളിൽ നിന്നും സമാഹരിച്ച ലോഹം ഉപയോഗിച്ച് 597 അടി ഉയരത്തിൽ വെങ്കലത്തിൽ നിർമിച്ച ഈ സ്മാരകം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്.
ഗുജറാത്തിലെ നടിയാദ് ഗ്രാമത്തിൽ 1875 ഒക്ടോബര്‍ 31നാണ് ഇദ്ദേഹത്തിന്റെ ജനനം. അഭിഭാഷകനായി തിളങ്ങിനിന്ന സമയത്ത് 1917 ൽ ഗാന്ധിജിയെ സന്ദർശിച്ചതോടെ സ്വാതന്ത്ര്യ സമരത്തിലേക്ക് ശ്രദ്ധ തിരിക്കുകയും ജീവിതം അതിനായി സമർപ്പിക്കുകയും ചെയ്തു. നിസ്സഹകരണ സമരവും ക്വിറ്റ് ഇന്ത്യാ സമരവും ദേശമാകെ പടർന്നതിൽ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. നാനാ ജാതി മതസ്ഥരെ ദേശ, ജാതി, വർണങ്ങൾ വിസ്മരിച്ച് ദേശസ്നേഹത്തിന്റെ കൂരക്ക് കീഴിൽ ഒന്നിക്കാൻ പ്രേരിപ്പിച്ചത് ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളായിരുന്നു.
സർദാർ എന്നാൽ മുഖ്യൻ എന്നാണർത്ഥം. പഞ്ചാബിനെയും ബംഗാളിനെയും വിഭജിച്ച് ഒരു ഭാഗം ഇന്ത്യയിൽ നിലനിർത്തിയതിന്റെ പ്രധാന ആസൂത്രകനും ഇദ്ദേഹമായിരുന്നു. സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യയിലേക്ക് പലായനം ചെയ്ത അഭയാർത്ഥികളെ പുനരധിവസിപ്പിക്കാൻ സർദാർ പട്ടേൽ നേതൃത്വം നൽകി. ഇന്ത്യയിൽ സിവിൽ സർവീസിന് തുടക്കം കുറിച്ചതും അദ്ദേഹം തന്നെ. വിട്ടുവീഴ്ചയില്ലാത്ത ദേശസ്നേഹത്തിൻ്റെ മകുടോദാഹരണമായിരുന്ന സർദാർ വല്ലഭ്ഭായി പട്ടേൽ നമ്മുടെ ഭരണഘടന രൂപപ്പെടുത്തുന്നതിൽ വളരെ വലിയ സ്വാധീനം ചെലുത്തി. നെഹ്രുവുമായി പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും സന്നിഗ്ദ്ധ ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ രക്ഷക്കെത്തിയിരുന്നതും സർദാർജി ആയിരുന്നു. ഇന്ത്യയോടു ചേരാതെ വിഘടിച്ചു നിന്ന ഹൈദരാബാദിനെ യുദ്ധമുറ ഉപയോഗിച്ച് ഇന്ത്യയോട് ചേർത്തതും ഡൽഹിയിൽ രൂപം പ്രാപിച്ചു വന്ന കലാപത്തെ അമർച്ച ചെയ്തതും മുസ്ലിം അഭയാർത്ഥികളെ റെഡ് ഫോർട്ടിൽ സുരക്ഷിതമായി താമസിപ്പിക്കുകയും സമൂഹ അടുക്കളകൾ വഴി ഭക്ഷണം നൽകുകയും ചെയ്തതുമെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും കുശാഗ്രബുദ്ധിയും വെളിവാക്കുന്ന സംഭവങ്ങളാണ്. 1950 ന്റെ മദ്ധ്യത്തോടെ ആരോഗ്യപരമായി കടുത്ത വെല്ലുവിളികൾ നേരിട്ട അദ്ദേഹം തന്റെ അന്ത്യത്തെ കുറിച്ച് വാചാലനാകാറുണ്ടായിരുന്നു. 1950 ഡിസംബർ 15ാം തിയതി അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു.
1996 ൽ സർദാറിന്റെ 100, 50, 10, 2 രൂപാ സ്മാരകനാണയങ്ങൾ നിർമ്മിച്ച് ഭാരതം അദ്ദേഹത്തെ ആദരിച്ചു.
നാണയ വിവരണം
നാണയത്താന്‍റെ പിൻപുറത്ത് നടുവിൽ സർദാർ പട്ടേൽജിയുടെ ശിരസ്സും അരികിൽ ഇടത്ത് ഹിന്ദിയിലും വലത്ത് ഇംഗ്ലീഷിലും "സർദാർ വല്ലഭ് ഭായി പട്ടേൽ" എന്ന് ലിഖിതവും നടുവിൽ താഴെ വർഷവും "എം" എന്ന മിന്റ് മാർക്കും കാണുന്നു.
വർഷത്തിന് ഇരുവശത്തും രണ്ട് ഡയമണ്ട് ചിഹ്നങ്ങളും ഉണ്ട്.
സാങ്കേതിക വിവരണം
1- മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200.
2- മൂല്യം - 50 രൂപ, ഭാരം - 30 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%, വരകള്‍ (serration) - 180.
3- മൂല്യം - 10 രൂപ, ഭാരം - 12.5 ഗ്രാം, വ്യാസം - 31 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%, വരകള്‍ (serration) - 150.
4- മൂല്യം - 2 രൂപ, ഭാരം - 6 ഗ്രാം, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
No comments:
Post a Comment