ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 53 |
കൊക്കോ ഡി മെർ
(ലോകത്തിലെ ഏറ്റവും വലിയ വിത്ത്...)
പണ്ട് കടൽ സഞ്ചാരികളെ ആകർഷിച്ചൊരു വിത്തുണ്ടായിരുന്നു ; ഇന്ത്യൻ മഹാസമുദ്രത്തിൽ പല ദ്വീപുകളുടെ തീരക്കടലിലും ഒഴുകി നടന്നിരുന്ന ഈ വിത്തിന്റെ ഭീമാകാരമായ ആകൃതികൊണ്ടും ഉള്ളിലെ കാമ്പിന്റെ അസാധ്യമായ സ്വാദുകൊണ്ടും സഞ്ചാരികളുടെ മനസിനെ കീഴടക്കി. അവരിൽ പലരും യാത്രയുടെ ഉദ്ദേശ്യം മറന്ന് ആ കായ തങ്ങളുടെ കപ്പലിൽ പെറുക്കിക്കൂട്ടി. പിന്നീട് ചെല്ലുന്ന നാടുകളിലും തങ്ങളുടെ നാട്ടിലും ഇവ വലിയ വിലയിൽ വിറ്റഴിച്ചു.
ഈ കായയാണ് പിന്നീട് യൂറോപ്യൻ കൊട്ടാരങ്ങളിലും അരമനകളിലും സമ്പത്തും സൗഭാഗ്യവും നൽകുന്ന ദൈവത്തിന്റെ വിശുദ്ധവിത്ത് (Hollyseed) എന്ന നിലയിൽ പ്രസിദ്ധമായത്. പലരും തങ്ങളുടെ വീടുകളിൽ ഈ കായ സൂക്ഷിച്ചാൽ ഭാഗ്യം വരുമെന്നു വിശ്വസിച്ചിരുന്നു. Lodoicea - എന്ന് ശാസ്ത്രീയ നാമമുള്ള ഇതിനെ കടൽതേങ്ങ എന്നും വിളിക്കുന്നു. തെങ്ങും പനയും ഒന്നായപോലെയുള്ള ഈ സസ്യത്തിന് ഇരട്ടത്തെങ്ങ് എന്നും പേരുണ്ട്. ഇംഗ്ലീഷിൽ ഇതിനു പറയുന്ന പേര് കൊക്കോ ഡി മെർ എന്നാണ്.
അപൂർവ സസ്യങ്ങളിൽ ഒന്നാണ് കൊക്കോ ഡി മെർ. ഇന്ത്യൻ മഹാസമുദ്രത്തിലെ സീഷെഷൽസ് ദ്വീപ് സമൂഹങ്ങളിലാണ് ഇരട്ടത്തെങ്ങ് അധികവുമുള്ളത്. ലോകത്താകമാനം ഏകദേശം 4,000-വൃക്ഷങ്ങൾ മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്. സീഷെൽസ്, ശ്രീലങ്ക, മാലി ദ്വീപ്, തായ്ലാൻഡ്, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളിലും ഇരട്ടത്തെങ്ങ് കാണപ്പെടുന്നുണ്ട്. മുമ്പ് നാവികർ കരുതിയിരുന്നത് കടലിനടിയിൽ വളരുന്ന ഏതോ ദിവ്യവൃക്ഷത്തിന്റെ കായ്കളാണ് ഇരട്ടത്തേങ്ങയെന്നാണ്. എന്നാൽ, 1768-ൽ സീഷെൽസിലെ പ്രാസ്ലിൻ ദ്വീപിൽ കൊക്കോ ഡി മെർ വൃക്ഷം കണ്ടെത്തിയതോടെ ഇതിന്റെ പേരിൽ നിലനിന്നിരുന്ന പല കെട്ടുകഥകളും ഇല്ലാതായി.
കായ്ക്കാനും മൂക്കാനും മുളയ്ക്കാനും വളരെയധികം വർഷങ്ങൾ എടുക്കുന്ന ഇരട്ടത്തെങ്ങ് ആണും പെണ്ണും മരങ്ങൾ വെവ്വേറെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വിത്ത് മുളയ്ക്കാൻ രണ്ടു വർഷവും പെൺമരങ്ങൾ കായ്ക്കാൻ ഏകദേശം 50 വർഷത്തിലധികവും തേങ്ങ മൂക്കാൻ 6-മുതൽ 7-വർഷവും വേണം. ഇരട്ടത്തെങ്ങിന്റെ തേങ്ങയ്ക്ക് 15-മുതൽ 30-കിലോഗ്രാം ഭാരമുണ്ടാകും; പരമാവധി ഭാരം 42-kg. സസ്യലോകത്തെ ഏറ്റവും ഭാരം കൂടിയ ഫലങ്ങളിലൊന്നാണ് ഇരട്ടത്തേങ്ങ. രണ്ടുതേങ്ങകൾ ഒട്ടിച്ചുവെച്ചതു പോലെയാണ് രൂപം. വംശനാശം നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലുള്ള ഈ വൃക്ഷത്തെ സീഷെൽസ് ദ്വീപിൽ പ്രത്യേകം സംരക്ഷിക്കുകയാണ്.
പണ്ടുകാലത്ത്, ഇരട്ടത്തെങ്ങുകൾ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ സിഷെൽസിലെ പ്രസ്ലിൻ, ക്യൂരിയോസ്, ദ്വീപുകളിൽ മാത്രമാണ് വളർന്നിരുന്നത്. ആൾതാമസമില്ലാത്ത ഈ ദ്വീപുകളിലെ ഇരട്ടത്തെങ്ങുകളിൽ നിന്നും കായകൾ കടലിലേക്കു വീണിരുന്നു. വിത്തിന്റെ ഭാരം കാരണം ഇവ കടലിന്റെ അടിത്തട്ടിലേക്കു താഴ്ന്ന് പോകും. അവിടെക്കിടന്ന് ചകിരി അഴുകി വിത്ത് വേർപെട്ട് പുറത്തുവരും. പിന്നീട് മുകൾത്തട്ടിൽ പൊങ്ങുന്ന വിത്തുകൾ ആർക്കെങ്കിലും ലഭിച്ചാൽ മാലദ്വീപിലെ സുൽത്താന് നൽകണമെന്നായിരുന്നു അന്നത്തെ നിയമം. ആരെങ്കിലും അനധികൃതമായി അത് കൈവശംവെച്ചാൽ അവർക്ക് വധശിക്ഷയാണ് നൽകിയിരുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിൽ വളരുന്ന അദ്ഭുതശക്തിയുള്ള വൃക്ഷത്തിന്റെ വിത്തായാണ് കൊക്കോ ഡിമെറിനെ കണക്കാക്കിയിരുന്നത്. അതിന്റെ ആകൃതിയിലുള്ള സവിശേഷത, അത് ലഭിക്കാനുള്ള പ്രയാസം എന്നിവ കൊണ്ട് വിത്തുകൾക്ക് വലിയ വിലയായിരുന്നു. റോമൻ ചക്രവർത്തിയായ റുഡോൾഫ് രണ്ടാമൻ 4,000 സ്വർണനാണയങ്ങൾ കൊടുത്ത് ഇരട്ടത്തെങ്ങിന്റെ വിത്ത് സ്വന്തമാക്കിയ സംഭവം ചരിത്ര രേഖകളിൽ പരാമർശിക്കുന്നുണ്ട്.
ഇത് ഇന്ത്യയിലെത്തിയതിനും ഒരു കഥയുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ക്യാപ്റ്റൻ ഡഷ്മിൻ എന്ന നാവികൻ സെഷൽസിൽ നിന്ന് ഇരട്ടത്തേങ്ങ മുംബയിൽ കൊണ്ടു വന്നതായി പറയുന്നു. ഇന്ത്യയിലുള്ള ഒരേ ഒരു ഇരട്ടത്തെങ്ങുള്ളത് ഹൗറയിലെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജഗദീഷ് ചന്ദ്രബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിലാണ്. സീഷെൽസിൽനിന്നും 1894-ൽ കൊണ്ട് വന്ന വിത്തു തേങ്ങ നട്ടുണ്ടായതാണ് ഈ ഇരട്ടത്തെങ്ങ്.
1998-ലാണ് ആദ്യമായി ഈ വൃക്ഷം പൂവിട്ടത്. ഏകദേശം രണ്ടു വർഷം വരെ സജീവമായി നിന്ന പൂങ്കുല ആൺമരത്തിന്റെ അഭാവത്തിൽ പരാഗണം നടക്കാതെ ഉണങ്ങിപ്പോയി. പിന്നീട് 2013-ൽ തായ്ലാൻഡിൽനിന്ന് വരുത്തിയ പൂമ്പൊടി ഉപയോഗിച്ചു നടത്തിയ കൃത്രിമപരാഗണമാണ് വിജയം കണ്ടത്. ഈ പരാഗണം വഴിയാണ് ആകെ രണ്ട് ഇരട്ടത്തേങ്ങകൾ ഉണ്ടായത്. ഇന്ത്യയിലുള്ള ഒരേയൊരു ഇരട്ടത്തെങ്ങും ഇതു തന്നെ..!!
No comments:
Post a Comment