30/11/2020

23-11-2020- സ്മാരക നാണയങ്ങൾ- മഹാത്മാ ബസവേശ്വര

            

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
11

മഹാത്മാ ബസവേശ്വര

12ാം നൂറ്റാണ്ടിൽ കർണാടകത്തിൽ ജീവിച്ചിരുന്ന  ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു ബസവേശ്വര അഥവാ ബസവണ്ണ. കല്യാണിലെ ചാലൂക്യരുടെയും കാലസൂരികളുടെയും കാലത്ത് ഇദ്ദേഹം സജീവമായിരുന്നു. ബിജ്ജല രണ്ടാമൻ എന്ന കാലസൂരി രാജാവിന്റെ ഭരണ സമയത്ത് പ്രധാനമന്ത്രി എന്ന നിലയിൽ രാജാവിൽ ഇദ്ദേഹത്തിന് നിർണ്ണായക സ്വാധീനം ചെലുത്താൻ സാധിച്ചിരുന്നു. ശൈവ വിശ്വാസിയായിരുന്നു ബസവണ്ണ. അന്നത്തെ സമൂഹത്തിൽ രൂഢമൂലമായിരുന്ന സാമുദായിക അസമത്വത്തെയും സ്ത്രീപുരുഷ വിവേചനത്തെയും ബസവേശ്വരൻ ശക്തിയായി എതിർത്തു. ഏത് ജാതിയിൽ പെട്ടവർക്കും തന്റെ ദൈവഭക്തി പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലായ്പ്പോഴും തനിക്കൊപ്പം ശിവഭഗവാൻ ഉണ്ട് എന്ന വിശ്വാസത്തിന്റെ സൂചനയായി  എല്ലാസമയത്തും ശിവലിംഗം കണ്ഠാഭരണത്തിൽ ധരിക്കാനും അദ്ദേഹം തന്റെ അനുയായികളെ ഉത്ബോധിപ്പിച്ചു. ഈ ശീലം ഇന്നും പുലർത്തുകയും എല്ലാ ജാതിക്കാരെയും ഒന്നായി കാണുകയും ചെയ്യുന്ന  “വീരശൈവ” മതം ഇദ്ദേഹം സ്ഥാപിച്ചതാണെന്ന് പറയുന്നവരുമുണ്ട്. ലിംഗായത്തുകൾ എന്നും ഈ വിഭാഗക്കാർ അറിയപ്പെടുന്നു. ശിവലിംഗം പതിപ്പിച്ച നെക്ലസ്സിനെ "ഇഷ്ടലിംഗ" എന്നാണ് വീരശൈവർ വിളിക്കുന്നത്. വചനം എന്ന് അറിയപ്പെടുന്ന ശ്ലോകങ്ങൾ വഴിയാണ് അദ്ദേഹം തന്റെ ആശയങ്ങൾ ലോകത്തിന് പങ്കുവച്ചത്. ഭക്തി പ്രസ്ഥാനത്തിലെ ശൈവ വിശ്വാസ ശാഖയുടെ ശക്തനായ പ്രചാരകനുമായിരുന്ന ബസവേശ്വരൻ "ഭക്തിഭണ്ഡാരി" എന്നും അറിയപ്പെട്ടിരുന്നു.

1105 ൽ ബസവൻ ബാഗെവാടി എന്ന സ്ഥലത്ത് ഒരു ബ്രാഹ്മണ കുടുംബത്തിൽ ആയിരുന്നു ബസവണ്ണ ജനിച്ചത്. പിതാവ്, ബിജ്ജല രാജാവിന്റെ ഒരു പ്രവിശ്യയുടെ പ്രധാനമന്ത്രിയായിരുന്നു. പിൽക്കാലത്തു് രാജാവ് ബസവണ്ണയെ തന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ  ക്ഷണിച്ചു. ബസവണ്ണയുടെ ഒരു സഹോദരിയെ രാജാവ് വിവാഹം ചെയ്യുകയും ഉണ്ടായി. പ്രധാനമന്ത്രിയെന്ന നിലയിൽ സാമൂഹ്യ വികസനത്തിനായി ഖജനാവ് കൈകാര്യം ചെയ്ത അദ്ദേഹം ശൈവ വിശ്വാസത്തിന്റെ ഉന്നമനത്തിനായി വികസനം ഉപയോഗിക്കുകയും കൂടി ചെയ്തു. ക്ഷേത്രാരാധനയും ക്ഷേത്രാചാരങ്ങളും ഉപേക്ഷിക്കാനും എല്ലായ്പോഴും ശിവലിംഗം ധരിച്ച്  സ്വയം ദൈവസന്നിധിയിൽ ജീവിക്കാനുമാണ് അദ്ദേഹം പഠിപ്പിച്ചത്. “ഷഢ്സ്ഥല വചന”, “കാലജ്ഞാന വചന”, “മന്ത്രഗോപ്യ”, “ഘടചക്ര വചന”, “രാജയോഗ വചന”, “ബസവപുരാണ” തുടങ്ങിവയാണ് അദ്ദേഹത്തിന്റെ പ്രധാന രചനകൾ. ഇന്നത്തെ പുരോഗമിച്ച  സാമൂഹ്യ വ്യവസ്ഥിതിയിൽ പോലും ഒൻപത് നൂറ്റാണ്ടുകൾക്കു മുൻപുണ്ടായ  ബസവേശ്വര ദർശനങ്ങൾ പ്രസക്തി നിലനിർത്തുന്നു എന്നത് അദ്ഭുതാദരങ്ങളോടെയല്ലാതെ നമുക്ക് കാണാൻ കഴിയില്ല തന്നെ.

2006 ൽ ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം 100, 5 രൂപ മുഖവിലയ്ക്കുള്ള നാണയങ്ങൾ പുറത്തിറക്കുകയുണ്ടായി.

നാണയ വിവരണം

നടുവിൽ ബസവേശ്വരന്റെ ശിരസ്സ്, മുകളിൽ ഇടത്ത് ഹിന്ദിയിലും വലത്ത് ഇംഗ്ലീഷിലും "മഹാത്മാ ബസവേശ്വർ", എന്ന എഴുത്ത്, അരികിൽ താഴെ "ഭക്തി, കായക് (കർമ്മം അഥവാ ശരിയായ പ്രവൃത്തി), ദാസോഹ് (സൗജന്യ സേവനം), സമത (സമത്വം)" എന്ന സന്ദേശവും മിന്റ് മാർക്കും എന്ന രീതിയിലാണ് ഇതിന്റെ പിൻപുറത്തിന്റെ രൂപകൽപന.

സാങ്കേതിക വിവരണം

1) മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200
2) മൂല്യം - 5 രൂപ, ഭാരം - 9 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%, വരകള്‍ (serration) - 100








No comments:

Post a Comment