ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 21 |
നോഹ
ബൈബിളിലും ഖുറാനിലും സമാനമായി പരാമർശിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വമാണ് നോഹ (നോവ). ആദിമനുഷ്യനായ ആദമിന്റെ വംശത്തിൽ പത്താമൻ. ലാമെക്ക് ആണ് പിതാവ് .ബൈബിളിൽ പരാമർശിക്കപ്പെട്ടതിൻപ്രകാരം ഡിലുവനു മുന്നുള്ള സഭാപിതാക്കന്മാരിൽ പത്താമത്തയാളാണ് അദ്ദേഹം. ഷെം, ഹാം, യാഫെത്ത് എന്നിവർ മക്കളാണ്. അധമജീവിതത്തിനു ശിക്ഷയായി പ്രളയത്തോടെ സകലതിനെയും നശിപ്പിക്കാൻ യഹോവ തീരുമാനിച്ചപ്പോൾ നീതിമാനായ നോഹയെയും വംശത്തെയും രക്ഷിക്കാൻ ദൈവം നിശ്ചയിച്ചു. അതിനായി ഗോഫർ മരം കൊണ്ടുള്ള ഒരു കപ്പൽ (പേടകം) ഉണ്ടാക്കാനും ഒരാണും പെണ്ണും വീതം ഓരോ ജോഡി ജീവജാലങ്ങളെക്കൂടി കരുതിക്കൊള്ളാനും യഹോവ കല്പിച്ചു. 40 നാളത്തെ പേമാരിക്കും 150 ദിവസത്തെ മഹാപ്രളയത്തിനും ശേഷം നോഹ 350 കൊല്ലം ജീവിച്ചുവെന്നും 950-ആം വയസ്സിൽ മരിച്ചുവെന്നുമാണ് കഥ. അദ്ദേഹത്തിന്റെ മക്കളുടെ വംശ പരമ്പരയാണ് ഇന്നത്തെ മനുഷ്യര് എന്ന് വിശ്വസിക്കപ്പെടുന്നു. ഇതേ രീതിയിൽ തന്നെ ഹിന്ദുഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന മനു വും ഇതേ രീതിയിൽ തന്നെ ഭൂമിയെ രക്ഷിക്കാനായി വലിയ കപ്പൽ നിർമ്മിച്ചയാളാണ്. പല ചരിത്രകാരന്മാരും നോഹയും മനുവും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.
2017ൽ ആർമീനിയ പുറത്തിറക്കിയ 500 ഡ്രാം കറൻസി നോട്ട്. മുൻവശത്ത് (Obverse) നോഹയുടെ പെട്ടകം, എക്മിയാഡ്സിൻ കത്തീഡ്രൽ, ഒലിവിലയുമായി പറന്നു വരുന്ന പ്രാവിൻ്റെ ചിത്രവും നോഹയുടെ പെട്ടകത്തിൻ്റെ അവശിഷ്ടങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന അരാരത് പരവതത്തിൻ്റെ ചിത്രവും കാണാം. പിൻവശത്ത് (Reverse) നോഹയും കുടുംബവും പക്ഷിമൃഗാദികളും പശ്ചാത്തലത്തിൽ അരാരത് പർവ്വതവും ചിത്രീകരിച്ചിരിക്കുന്നു.
നോഹയുടെ പെട്ടകത്തിൻ്റെ രൂപം ഈ ബാങ്ക് നോട്ടിൽ ഒന്നിലധികം തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്ടർമാർക്ക് ആയി പ്രകാശം തെളിയുമ്പോൾ അത് കാണാൻ കഴിയും.അർമേനിയൻ സഭയുടെ പാരമ്പര്യമനുസരിച്ച് നോഹയുടെ പെട്ടകത്തിൻ്റെ ഒരു ഭാഗം അടങ്ങിയിരിക്കുന്ന ദേവാലയമാണ് എക്മിയാഡ്സിൻ കത്തീഡ്രൽ.
No comments:
Post a Comment