21/11/2020

09-11-2020- സ്മാരക നാണയങ്ങൾ- ജവഹര്‍ലാല്‍ നെഹ്രു - 125ാം ജന്മവാര്‍ഷികം

          

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
09

ജവഹര്‍ലാല്‍ നെഹ്രു - 125ാം ജന്മവാര്‍ഷികം

മോത്തിലാൽ നെഹ്രുവിന്റേയും സ്വരൂപ് റാണിയുടേയും മകനായി 1889 നവംബർ 14 നാണ് ജവാഹർലാൽ നെഹ്രുവിന്റെ ജനനം. ഇന്ത്യയിലെ അടിസ്ഥാന വിദ്യാഭ്യാസം കഴിഞ്ഞ്, ഇംഗ്ലണ്ടില്‍ പ്രകൃതി ശാസ്ത്രവും നിയമവും പഠിച്ച് 1912 ൽ തിരിച്ചെത്തിയ അദ്ദേഹം അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ടെങ്കിലും ക്രമേണ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെത്തി. ഗാന്ധിജിയോട് അടുത്ത ബന്ധം പുലർത്തിയിരുന്ന നെഹ്രു ഇന്ത്യയുടെ പ്രശ്നങ്ങളെ അന്താരാഷ്ട്രതലത്തിൽ എത്തിച്ചതിൽ സുപ്രധാന പങ്ക് വഹിച്ചു. സ്വാതന്ത്ര ഭാരതത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായും, തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായും 1964 മെയ് 14 ന് അന്തരിക്കും വരെ അദ്ദേഹം പ്രവർത്തിച്ചു. നെഹ്രുവിന്റെ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളാകട്ടെ, ഭക്ഷ്യ സ്വയം പര്യാപ്തത, വ്യാവസായിക സ്വയം പര്യാപ്തത, സാർവത്രിക വിദ്യാഭ്യാസം എന്നിവയിൽ ഊന്നി നിന്നു കൊണ്ടുള്ളതായിരുന്നു. "ഗരീബി ഹഠാവോ" ("ദാരിദ്ര്യം നിർമ്മാർജനം ചെയ്യുക") എന്ന പ്രശസ്ത മുദ്രാവാക്യം മുൻനിർത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കൃഷിയെയും വ്യവസായത്തെയും  അദ്ദേഹം യുക്തിപൂർവ്വം ഉപയോഗിച്ചു. "ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്   ഓഫ് ടെക്നോളജി",  ഡൽഹിയിലെ " ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് " എന്നിവ അദ്ദേഹത്തിന്‍റെ  സംഭാവനയാണ്. പഞ്ചവത്സര പദ്ധതികൾ ആസൂത്രണം ചെയ്തപ്പോഴും ആദ്യ പദ്ധതിയിൽ കൃഷിക്ക് പരമപ്രാധാന്യം നൽകി. അടുത്ത പദ്ധതി വ്യവസായത്തിനാണ് മുൻതൂക്കം നൽകിയത്.

അദ്ദേഹത്തിന് കുട്ടികളോടുള്ള പ്രത്യേക സ്നേഹം പ്രസിദ്ധമാണ്. അത് മുൻനിർത്തി 1957 മുതൽ നെഹ്രുവിന്റെ ജന്മദിനം ശിശുദിനം ആയി ഭാരതത്തിൽ ആചരിച്ചു വരുന്നു. കുട്ടികൾ അദ്ദേഹത്തെ സ്നേഹപൂർവ്വം "ചാച്ചാജി" എന്നാണ് വിളിച്ചു വന്നത്. കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ  സ്നേഹത്തിന്റെ ഉദാഹരണമാണ്, ആനയെ കണ്ടിട്ടില്ല എന്ന് പറഞ്ഞ ജപ്പാനിലെ കുട്ടികൾക്കായി ഇന്ത്യയിൽ നിന്നും സ്വന്തം മകളുടെ പേരിട്ട ഒരു ആനക്കുട്ടിയെ അയച്ചുകൊടുത്ത സംഭവം. കുട്ടികളോടൊത്ത് കളിക്കുന്ന നെഹ്രുവിന്റെ ചിത്രവും പ്രസിദ്ധം. തന്റെ തിരക്കിട്ട ജീവിതത്തിനിടയിലും കുട്ടികൾക്ക് കത്തെഴുതാൻ നെഹ്രു  ഉത്സുകനായിരുന്നു. തന്റെ കോട്ടിൽ സ്നേഹത്തിന്റെ പര്യായമായ കുട്ടികളെ പ്രതിനിധീകരിക്കാൻ വേണ്ടിയാണ് ഒരു ചുവന്ന പനിനീർ പൂവ് അദ്ദേഹം അണിഞ്ഞിരുന്നതെന്ന് പറയപ്പെടുന്നുണ്ട്. അതല്ല 1950 ൽ ഒരു പെൺകുട്ടിയുടെ സ്നേഹോപഹാരമായി സ്വീകരിച്ച ചുവന്ന റോസാപ്പൂവ് ധരിക്കുന്നത് ഒരു ശീലമാക്കിയതാണെന്നും ഒരു മതമുണ്ട്. തന്റെ പ്രിയപത്നി കമലാ നെഹ്രുവിന്റെ ഓർമ്മയിലാണ് അതു ചെയ്തിരുന്നതെന്നാണ് മറ്റൊരു ഭാഷ്യം. ഇതൊന്നുമല്ല ഇന്ത്യയിലെ ജനങ്ങളോടുള്ള സ്നേഹത്തിനെ സൂചിപ്പിച്ചാണ് അത് ധരിച്ചിരുന്നതെന്ന് മറ്റു ചിലർ. അതൊക്കെ എന്തായാലും കുട്ടികൾ നാടിന്റെ സമ്പത്താണെന്നും രാഷ്ട്രത്തിന്റെ ഭാവി അവരിലാണെന്നും നാളത്തെ പൗരന്മാരെ ശ്രദ്ധാപൂർവ്വം പരിപാലിക്കണമെന്നും നെഹ്റു രാഷ്ട്രത്തോട് ആവശ്യപ്പെട്ടു. ഭാരതത്തിലെ എല്ലാ കുട്ടികൾക്കും നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം നടപ്പിൽ വരുത്തിയതും നെഹ്രുവാണ്.

ജവാഹർലാൽ നെഹ്രുവിന്റെ 125ാം  ജന്മവാര്‍ഷികത്തിന് 125 രൂപയുടെയും 5 രൂപയുടെയും നാണയങ്ങൾ ഭാരതസർക്കാർ പുറത്തിറക്കി.

നാണയ വിവരണം

മുഖവശത്ത് അശോക സ്തംഭവും ആപ്ത വാക്യവും, താഴെ രൂപ ചിഹ്നത്തോടൊപ്പം 125 എന്നും മുദ്രയുണ്ട്. ഇടത്തു വശത്ത് നടുവിലായി "ഭാരത്" എന്നു ഹിന്ദിയിലും വലത്ത് "ഇന്ത്യ" എന്ന് ഇംഗ്ലീഷിലും കാണാം. പിൻവശത്ത് നടുവിലായി നെഹ്രുവിന്റെ ശിരസ്സും താഴെ “1889-2014” എന്നും എഴുതിയിരിക്കുന്നു. അരികിൽ മുകളിലായി "ജവാഹർലാൽ നെഹ്രു കീ 125 വീം ജയന്തി" എന്ന് ഹിന്ദിയിൽ. താഴെ "125th ബർത്ത് ആനിവേഴ്സറി ഓഫ് ജവാഹർലാൽ നെഹ്റു" എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കുന്നു.

സാങ്കേതിക വിവരണം

1- മൂല്യം - 125 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40,
നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200
2- മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം -23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നാകം - 20%, നിക്കൽ - 5% , വരകള്‍ (serration) - 100







No comments:

Post a Comment