ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 15 |
ജൂലിയസ് കെ നെരേരെ
ടാൻസാനിയയുടെ ആദ്യ പ്രസിഡൻ്റായിരുന്നു ജൂലിയസ് നെരേരെ.1961 ൽ ബ്രീട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം നേടി ടാൻഗാൻയികയുടെ രൂപീകരണം മുതൽ 1964ലെ ടാൻസാനിയയുടെ പിറവി സമയത്തും, 1985 ൽ വിരമിക്കും വരെയും അദ്ദേഹമായിരുന്നു രാഷ്ട്രത്തലവൻ.1922 ഏപ്രിൽ 13 നു ടാൻഗാൻയികയിലെ ബൂട്ടിമയിൽ ജനിച്ച അദ്ദേഹം രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് അദ്ധ്യാപകനായിരുന്നു.
ടാൻഗാൻയിക ആഫ്രിക്കൻ നാഷണൽ യൂണിയൻ്റെ (TANU) സ്ഥാപകരിൽ ഒരാളായിരുന്നു നെരേരെ.1954ൽ നെരേരെ സ്ഥാപിച്ച ഈ സംഘടന ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ തത്ത്വശാസ്ത്രം " ഉജ്ജമ " എന്നറിയപ്പെടുന്നു.ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നു.1961 ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ടാങ്കായികയുടെ ആദ്യ പ്രധാനമന്ത്രിയായി നെരേ രെ. 1962 ൽ ടാൻഗാൻയിക റിപ്പബ്ലിക്കിൻ്റെ ആദ്യ പ്രസിഡൻ്റുമായി.1964 ൽ സാൻസിബാർ ഐലൻഡ് ടാൻഗാൻയികയിൽ ലയിച്ച് ടാൻസാനിയ രൂപം കൊണ്ടപ്പോൾ ജൂലിയസ് നെരേരെയായിരുന്നു രാഷ്ട്രത്തലവൻ. ജൂലിയസ് നെരേരെയുടെ ഭരണകാലത്താണ് 1978-1979 ടാൻസാനിയ - ഉഗാണ്ട യുദ്ധത്തിൽ ഏകാധിപതിയായ ഈദീ അമീനെ സ്ഥാനഭ്രഷ്ട്ര നാക്കി, ഉഗാണ്ടയിൽ ജനാധിപത്യ ഭരണം നടപ്പിലാക്കിയത്.ബുറുണ്ടിയിലെ സിവിൽ വാർ അവസാനിപ്പിച്ചതും അദ്ദേഹത്തിൻ്റെ നേട്ടമാണ്. ആഫ്രിക്കൻ മേഖലകളിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനും സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനും പ്രയത്നിച്ച നെരേരെയെ താൻസാനിയയുടെ രാഷ്ട്രപിതാവായി കരുതുന്നു. 1999 ഒക്ടോബർ 14 നു അന്തരിച്ചു.
"ആഫ്രിക്കയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ ", " ടാൻസാനിയൻ ഗാന്ധി" എന്നിവ അദ്ദേഹത്തിൻ്റെ വിശേഷണങ്ങളാണ്.ഗവർമെൻ്റ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ഗാന്ധി പീസ് പ്രൈസ് 1995ൽ ആദ്യം ലഭിച്ചത് ജൂലിയസ് നെരേരെയ്ക്ക് ആണ്.
2000 ൽ ടാൻസാനിയ പുറത്തിറക്കിയ 1000ഷില്ലിംഗ് ബാങ്ക് നോട്ട്. മുൻവശത്ത് (obverse) ജൂലിയസ് നെരേരെയുടെ ഛായാചിത്രവും ആഫ്രിക്കൻ ആനകളുടെ ചിത്രവും, പിൻവശത്ത് (Reverse) ടാൻസാനിയയിലെ കൽക്കരി ഖനിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.