ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 01 |
രബീന്ദ്രനാഥ ടാഗോറിന്റെ 150ാം ജന്മവാര്‍ഷികം
1861 മെയ് മാസം 7ാം തിയതി കൽക്കത്തയിലാണ് രബീന്ദ്രനാഥ ഠാകുര്‍ ജനിച്ചത്. ഠാകുർ എന്ന ഭാഗം ക്രമേണ ടാഗോർ എന്നായി മാറി. എഴുത്തുകാരൻ, കവി, സംഗീതജ്ഞൻ, ചിത്രകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചു അദ്ദേഹം.
“ഗീതാഞ്ജലി” എന്ന കവിതാസമാഹാരത്തിന് 1913 ൽ നോബൽ സമ്മാനിതനാകുമ്പോൾ യൂറോപ്യനല്ലാത്ത ആദ്യ നോബൽ ജേതാവും ആദ്യമായി കവിതയ്ക്ക് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടുന്ന വ്യക്തിയുമായി അദ്ദേഹം. ഭാരതത്തിന്റെ ദേശീയഗാനം "ജനഗണമന", ബംഗ്ലാദേശിന്റെ ദേശീയഗാനം "അമർ ഷോണാർ ബംഗള" എന്നിവ അദ്ദേഹത്തിന്‍റെ തൂലികയിൽ നിന്നും പിറന്നവയാണ്. സംഗീതത്തിൽ രബീന്ദ്രസംഗീതം എന്ന ഒരു പ്രത്യേക ശാഖ തന്നെ ടാഗോറിന്റേതായുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിനൊപ്പം ബംഗ്ളാ നാടോടി സംഗീതത്തിന്റെയും ഒരു മിശ്രണം ഇതിൽ കാണാം. സ്വയം രചിച്ച് ഈണമിട്ട ഏകദേശം 2200 ലധികം ഗാനങ്ങൾ ടാഗോറിന്റേതായി അറിയപ്പെടുന്നുണ്ട്. 1901ൽ സ്ഥാപിതമായ 'വിശ്വഭാരതി" സർവ്വകലാശാല ടാഗോറിന്റെ അഭിമാനാർഹമായ മറ്റൊരു സംഭാവനയാണ്. 1913 ൽ ബ്രിട്ടീഷ് സർക്കാർ "സർ" സ്ഥാനം നൽകി ടാഗോറിനെ ആദരിച്ചു. എന്നാൽ 1919 ൽ ജാലിയൻവാലാ ബാഗ് സംഭവത്തിന് ശേഷം അദ്ദേഹം അത് തിരികെ നൽകി. തൊട്ടുകൂടായ്മയ്ക്കും ജാതി ഭ്രഷ്ടിനുമെതിരെ ഗാന്ധിജിയോടൊപ്പം തോളുരുമ്മി നിന്ന് പ്രവർത്തനം നടത്തിയ അദ്ദേഹം ഗുരുവായൂരിൽ ദളിതരെ പ്രവേശിപ്പിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ വിജയം കണ്ടു എന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. തന്റെ അവസാന നാളുകളിൽ അടിയ്ക്കടിയുണ്ടായിരുന്ന ബോധക്ഷയത്തിനും ഉണർച്ചയ്ക്കുമിടയിൽ അദ്ദേഹം കവിതകൾ പറഞ്ഞ് എഴുതിച്ചിരുന്നു. 1941 ഓഗസ്റ്റ് മാസം 7ാം തിയതി ആ പ്രകാശധാര അസ്തമിച്ചു.
കവിതയ്ക്കു പുറമെ നോവലുകളും, പ്രബന്ധങ്ങളും, ചറുകഥകളും യാത്രാവിവരണങ്ങളും നാടകവും, ചെറുഗാനങ്ങളും രചിച്ചിരുന്ന ടാഗോറിന്റെ ചെറുകഥകൾ ബംഗ്ളാ ഭാഷയിലെ ഏറ്റവും മികച്ചത്തായി കരുതപ്പെടുന്നു.
ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ആൽബർട്ട് ഐൻസ്റ്റീൻ, അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റ്, ജർമ്മൻ നോവലിസ്റ്റ് തോമസ് മാൻ, പ്രശസ്ത നാടകകൃത്ത് ജോർജ് ബെർണാഡ് ഷാ, എച്ച്.ജി.വെൽസ്, ഫ്രഞ്ച് എഴുത്തുകാരനും നാടകക്കാരനുമായ റൊമെയ്ൻ റോളണ്ട് തുടങ്ങിയ പല പ്രഗത്ഭരെയും കാണുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുക എന്നത് ടാഗോർ വളരെ ആസ്വദിക്കുകയും ചെയ്തിരുന്നു.
ജനഗണമനയുടെ രചന സംസ്കൃത സ്വാധീനമുള്ള ബംഗ്ള ഭാഷയിലാണ്. സാധുഭാഷ എന്ന ഈ രൂപം, എഴുത്തുഭാഷയിൽ മാത്രം ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. അഞ്ച് ചരണങ്ങളുള്ള "ഭാരത് ഭാഗ്യോ ബിധാതാ" എന്ന പ്രാർത്ഥനാഗീതത്തിന്റെ ആദ്യ ചരണമാണ് അത്. 1911ൽ കൽക്കട്ടയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യോഗത്തിൽ ആയിരുന്നു ആദ്യമായി "ജനഗണമന" ആലപിക്കപ്പെട്ടത്. 1950 ൽ റിപ്പബ്ലിക് ഓഫ് ഇന്ത്യ യുടെ കോൺസ്റ്റിറ്റുവന്റ് അസംബ്ലി അതിനെ ദേശീയഗാനമായി അംഗീകരിക്കുകയാണ് ഉണ്ടായത്.
രബീന്ദ്രനാഥ ടാഗോര്‍ എന്ന അതുല്യ, ബഹുമുഖപ്രതിഭയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്‍റെ 150ാം ജന്മദിനത്തിൽ 150 രൂപ, 5 രൂപ നാണയങ്ങൾ ഗവര്‍ണ്മെന്റ് പുറത്തിറക്കുകയുണ്ടായി.
നാണയ വിവരണം
നടുവിലായി കവിയുടെ ശിരസ്സ്, തൊട്ടു താഴെ "1861 - 2011", ഇടത് വശത്ത് ഹിന്ദിയിൽ "രവീന്ദ്രനാഥ ടാഗോർ 150 വീം ജയന്തി" വലത് വശത്ത് ഇംഗ്ലീഷിൽ "രബീന്ദ്രനാഥ ടാഗോർ 150 ബർത്ത് ആനിവേഴ്സറി" എന്നിങ്ങനെ മുദ്രയിട്ടതാണ് ഈ നാണയത്തിന്റെ പിന്‍വശം. ഇവിടെ "150th " എന്ന് വേണ്ടതിന് പകരം "150" എന്ന് മാത്രമേ ഇംഗ്ലീഷിൽ അടിച്ചിട്ടുള്ളു എന്നത് അറിയാതെ കടന്നു കൂടിയ ഒരു പിശക് ആവാതെ തരമില്ല.
സാങ്കതിക വിവരണം
1. മൂല്യം - 150 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%
നിക്കൽ - 5%, നാകം - 5% വരകള്‍ (serration) - 200
2. മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം -ചെമ്പ് - 75%, നാകം - 20%, നിക്കൽ - 5% , വരകള്‍ (serration) - 100
ഇന്നത്തെ പഠനം ഈ ലക്തകം തയ്യാറാക്കിയ Dr. N.ശ്രീധറിനെക്കുറിച്ച്...
Dr. N. ശ്രീധർ (തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സ്വദേശി)
കേരള ആരോഗ്യ വകുപ്പ് ഡയറക്റ്റര്‍ ആയി വിരമിച്ച ഡോക്ടര്‍ ശ്രീധര്‍, തപാല്‍ സ്റ്റാമ്പുകളും നാണയങ്ങളും ശേഖരിച്ചാണ് ഈ മേഖലയിലേക്ക് പ്രവേശിച്ചത്. കാലക്രമത്തില്‍ നാണയ ശേഖരണവും പഠനവും വെല്ലുവിളിയായി തോന്നിയതിനാല്‍ ആ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സ്മാരക നാണയങ്ങൾ, മുഗൾ നാണയങ്ങൾ, സുൽത്താനേറ്റ് നാണയങ്ങൾ എന്നിവയില്‍ പഠനം നടത്തുന്ന അദ്ദേഹം, മുഗൾ നാണയങ്ങൾ വിഷയമാക്കി പുസ്തകം രചിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലെ എല്ലാ സുൽത്താനേറ്റുകളുടെയും നാണയങ്ങളെ ഉൾപ്പെടുത്തി മറ്റൊരു പുസ്തകം പണിപ്പുരയിലാണ്. ഈ രണ്ട് പുസ്തകങ്ങളിലൂടെ അവതരിപ്പിച്ച നാണയങ്ങള്‍ മുഴുവന്‍ തന്റെ ശേഖരണത്തില്‍ ഉള്ളതാണെന്ന സവിശേഷതയും ഉണ്ട്.
ഫിലാറ്റലിക് ആന്റ് ന്യൂമിസ്മാറ്റിക് അസ്സോസിയേഷന്‍ (PANA), തിരുവനന്തപുരം, സൗത്തിന്‍ഡ്യന്‍ ന്യൂമിസ്മാറ്റിക് അസ്സോസിയേഷന്‍ എന്നിവയില്‍ ആജീവനാന്ത അംഗമായ അദ്ദേഹം ഇന്നും ആരോഗ്യ മേഖലയില്‍ കര്‍മ്മനിരതനാണ്.
മലയാളി കളക്ടേഴ്സ് 2018 ൽ മലപ്പുറം വളാഞ്ചേരിയിൽ നടത്തിയ സമന്വയം എക്സിബിഷനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ ടിപ്പുസുൽത്താൻ നാണയങ്ങളെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.
No comments:
Post a Comment