ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 02 |
ശ്രീ നാരായണ ഗുരു
1856 ഓഗസ്റ്റ് 20|ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലാണ് നാരായണ ഗുരുവിന്റെ ജനനം.
1888 ൽ അരുവിപ്പുറത്ത് പുഴയിൽ നിന്ന് ഒരു ശില എടുത്ത് ശിവ സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തിയത് അക്കാലത്ത് വിവാദമായിരുന്നു. ബ്രാഹ്മണരുടെ കുത്തകയായ പ്രതിഷ്ഠാ കർമ്മം ഗുരുദേവൻ ചെയ്തത് ശരിയായില്ല എന്ന ആരോപണത്തോട് ഗുരുദേവന്റെ വളരെ പ്രശസ്തമായ പ്രതികരണം "ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെ ആണ് " എന്നായിരുന്നു. ജാതി വ്യവസ്ഥയോടുള്ള ആ വെല്ലുവിളി അധഃസ്ഥിത വിഭാഗത്തിന്റെ നവോദ്ധാനത്തിന്‍റെ കാഹളമായിരുന്നു.
1903 മെയ് 15 ന് ശ്രീനാരായണ ധർമ്മ പരിപാലന യോഗം രൂപീകരിച്ചു കൊണ്ട് കുമാരനാശാൻ, ഡോ.പൽപ്പു തുടങ്ങിയവരെയും അണിചേർത്ത് ജാതി സമത്വത്തിനുള്ള സമരം ഗുരുദേവൻ മുന്നോട്ടു കൊണ്ടുപോയി. 1904 ൽ അധഃസ്ഥിത വിഭാഗത്തിലെ കുട്ടികൾക്കായി ശിവഗിരിയിൽ ഒരു വിദ്യാലയം തുറന്നു കൊണ്ട്, ഉന്നമനത്തിന് വിദ്യാഭ്യാസത്തിന്റെ ആവശ്യം സമൂഹത്തെ ബോധ്യമാക്കി. ഗുരുവിന്റെ പരമപ്രധാനമായ ആഹ്വാനമായിരുന്നു അത്.
1911 ൽ ശിവഗിരിയിൽ ഒരു ക്ഷേത്രവും അടുത്ത വര്‍ഷം ശാരദാ മഠവും അദ്ദേഹം സ്ഥാപിച്ചു.
തൃശൂർ, കണ്ണൂർ, മുരുക്കുംപുഴ, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം തുടങ്ങി പല സ്ഥലങ്ങളിലും, അക്കാലത്ത് സിലോൺ എന്നറിയപ്പെട്ടിരുന്ന, ശ്രീലങ്കയിലും ക്ഷേത്രങ്ങൾ സ്ഥാപിച്ചു.
1927 ലെ പള്ളാത്തുരുത്തി എസ്.എൻ.ഡി.പി.യോഗശേഷം, ശിവഗിരി തീർത്ഥാടനം ആരംഭിച്ചതും ഗുരുദേവനാണ്. ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ ഇപ്പോഴും അത് തുടർന്നു വരുന്നു.
അദ്വൈത സിദ്ധാന്തത്തെ പിന്തുണച്ചു കൊണ്ട് അതിൽ സാമൂഹ്യമായ തുല്യതയും സാർവത്രിക സാഹോദര്യവും കൂടി അടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം ശക്തിയുക്തം സമർത്ഥിച്ചു.
കേരളം മുഴുവൻ മാറ്റൊലിക്കൊണ്ട "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ഗുരുവിന്റെ സ്നേഹമന്ത്രം, " തത് ത്വം അസി" എന്ന അദ്വൈത മന്ത്രത്തിലടങ്ങിയിട്ടുള്ള “എല്ലാവരും തുല്യരാണ്” എന്ന ആശയം മലയാളിക്ക് സരളമായി പകർന്നു നൽകി.
തൊട്ടുകൂടായ്മക്കെതിരെ നടത്തിയ വൈക്കം സത്യാഗ്രഹത്തിൽ ഗുരു സജീവ താല്പര്യം കാണിച്ചിരുന്നു.
ഗുരു രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളും എക്കാലത്തും പ്രസക്തമാണ്. ദൈവദശകം, ആത്മോപദേശ ശതകം, അദ്വൈത ദീപിക, ദൈവവിചിന്തനം, ദേവീ സ്തോത്രങ്ങൾ, സുബ്രഹ്മണ്യ സ്തോത്രങ്ങൾ, ശിവ സ്തോത്രങ്ങൾ, കാളിനാടകം, ദർശനമാല തുടങ്ങി അനേകം രചനകൾ അദ്ദേഹം സമൂഹത്തിന് സമർപ്പിച്ചു.
1928 സെപ്റ്റംബർ 20 ന് ഗുരുദേവൻ നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ ദർശനങ്ങൾ കാലാതിവർത്തിയായി നിലനിൽക്കും.
അദ്ദേഹത്തിന്റെ 150ാം ജന്മദിനവുമായി ബന്ധപ്പെട്ട് 100 രൂപയുടെയും 5 രൂപയുടെയും നാണയങ്ങൾ പ്രകാശിതമായിട്ടുണ്ട്.
നാണയ വിവരണം
മുഖവശത്ത് അശോകസ്തംഭവും "സത്യമേവ ജയതേ” എന്ന ആപ്തവാക്യവും, താഴെ നടുവിൽ അക്കത്തിൽ മൂല്യവും അതിന് ഇടത്തു മുകളിൽ "ഭാരത്" താഴെ “രൂപയെ” എന്ന് ഹിന്ദിയിലും വലത്തു മുകളിൽ "ഇന്ത്യ" താഴെ “റുപ്പീസ് “എന്നിങ്ങനെ ഇംഗ്ലീഷിലും, എഴുത്തുണ്ട്. അരികിലായി ബിന്ദുക്കളാൽ ഒരു വൃത്തവും കാണാം. മറുവശത്ത് നടുവിൽ ഗുരുവിന്റെ മുഖവും, വലത്ത് ഇംഗ്ലീഷിലും ഇടത്ത് ഹിന്ദിയിലും "ജഗത് ഗുരു ശ്രീ നാരായണ ഗുരുദേവ്" എന്ന എഴുത്തും, ചുറ്റിനും ബിന്ദു ചക്രവും കാണാം.
ഈ നാണയങ്ങളിൽ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല എന്നത് ഇന്നും കാരണമറിയാത്ത പ്രഹേളികയായി തുടരുന്നു.
സാങ്കേതിക വിവരണം
1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം -വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാക - 5%, വരകള്‍ (serration) - 200
2 മൂല്യം - 5 രൂപ, ഭാരം - 9 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം -ചെമ്പ് -75%, നിക്കൽ - 25%, വരകള്‍ (serration) - 100
No comments:
Post a Comment