ഇന്നത്തെ പഠനം
| |
അവതരണം
|
സലീം പടവണ്ണ
|
വിഷയം
|
പഴമയിലെ പെരുമ
|
ലക്കം
| 05 |
ഫോണോഗ്രാഫ് അഥവാ Gramophone
ശബ്ദ തരംഗങ്ങൾ പ്രത്യേക ഉപകരണത്തിന്റെ സഹായത്താൽ ഫയലിൽ രേഖപ്പെടുത്തുകയും ശബ്ദ തരംഗങ്ങളായി പുറത്തുവിടുകയും ചെയ്യുന്ന ഉപകരണമാണ് ഫോണോഗ്രാഫ്. ഇതിനെ നമുക്ക് സ്വനഗ്രാഹിയന്ത്രം എന്ന് വിളിക്കാം.
1877 ൽ തോമസ് എഡിസൺ ആണ് ഫോണോഗ്രാഫ് കണ്ടുപിടിച്ചത്. പിന്നീട് വാഷിംഗ്ടൺ ഡി.സിയിൽ ജോലി ചെയ്യുന്ന ജർമ്മൻ കുടിയേറ്റക്കാരനായ എമിലി ബെർലിനർ ശബ്ദ റെക്കോർഡിംഗിനായി വിജയകരമായ മറ്റൊരു സംവിധാനം കണ്ടുപിടിച്ചു. 1887 നവംബർ 8 ന് പേറ്റന്റ് നേടുകയും 'ഗ്രാമഫോൺ' എന്നൊരു വ്യാപാരമുദ്ര ചാർത്തുകയും ചെയ്തു. ആ പേരിലാണ് ഇന്നും ഈ സ്വനഗ്രാഹിയന്ത്രം അറിയപ്പെടുന്നത്.
ശബ്ദാലേഖനവും പിന്നീട് അതിന്റെ പുനർശ്രവണവും സുസ്സാദ്ധ്യമാക്കിയ ഈ വിദ്യ സാങ്കേതികരംഗത്തെ ഒരു വമ്പൻ കുതിച്ചുചാട്ടമായിരുന്നു. പിൽക്കാലത്ത് പല രൂപമാറ്റങ്ങളും വന്ന ഈ യന്ത്രം പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ആളുകളെ രസിപ്പിച്ചുകൊണ്ട് ലോകം മുഴുവൻ ജൈത്രയാത്ര നടത്തി.
ഇക്കാലമത്രയും ഇതിന്ന് രൂപത്തിലും സാങ്കേതികത്വത്തിലും നിരന്തരം മാറ്റങ്ങൾ വരുന്നുമുണ്ടായിരുന്നു. ഇവയുടെ പ്രതിരൂപങ്ങൾ പലരുടേയും ശേഖരണത്തിൽ കാണാനാകും.
പ്രവർത്തനം ശബ്ദത്തിനെ യാന്ത്രികകമ്പനമാക്കി മാറ്റി അതുപയോഗിച്ച് ഒരു പ്രതലത്തിൽ ആ ശബ്ദത്തിന്നാനുപാതികമായി ആഴവ്യത്യാസമുള്ള ചാലുകൾ സൃഷ്ടിച്ചുകൊണ്ടാണ് ഇതിന്റെ റെക്കോർഡുകളിൽ ശബ്ദലേഖനം നടത്തിയിരുന്നത്. ഈ ചാലുകളിലൂടെ ഒരു സൂചി വീണ്ടും ഓടിക്കുമ്പോൾ പഴയ യാന്ത്രികകമ്പനങ്ങൾ പുന:സൃഷ്ടിക്കപ്പെടുന്നു. ഈ സൂചി ഒരു കനം കുറഞ്ഞ തകിടുമായി ഘടിപ്പിച്ചിരിക്കുന്നതു കൊണ്ട് സൂചിയിലെ യാന്ത്രികകമ്പനങ്ങൾ ഈ തകിടിനെയും ചലിപ്പിക്കുന്നു. ആ ചലനങ്ങളിലൂടെ, യാന്ത്രിക കമ്പനങ്ങൾക്കനുരോധമായി നേരത്തേ റെക്കോർഡ് ചെയ്യപ്പെട്ട ശബ്ദം ആ തകിടിൽ നിന്ന് പുറത്തുവരികയും ചെയ്യുന്നു.
ഗ്രാമഫോണിന്റെ മുള്ള് ഘടിപ്പിക്കുന്ന ഭാഗം
അമ്പതുകൾ വരെ ഇതിന്റെ ശബ്ദശക്തി (Volume) നിയന്ത്രിക്കാൻ ഉപാധികളൊന്നുമില്ലായിരുന്നു. വൈൻഡ് ചെയ്തു മുറുക്കിയിരുന്ന സ്പ്രിങ്ങുകൾ ഉപയോഗിച്ച് റെക്കൊർഡുകൾ സ്ഥിരവേഗത്തിൽ തിരിക്കുന്ന സംവിധാനങ്ങളാണ് ഇക്കാലത്ത് നിലവിലിരുന്നത്. 1960-കളായപ്പോഴേക്കും ശബ്ദത്തിന്റെ പുനഃസൃഷ്ടിക്ക് യാന്ത്രികകമ്പനത്തിന്നുപകരം ക്രിസ്റ്റലുകളും മറ്റും ഉപയോഗിക്കാൻ തുടങ്ങി. ഇതോടെ ഇതിൽനിന്നുള്ള ശബ്ദം ആംപ്ലിഫയറുകളിലൂടെ കടത്തിവിട്ട് നിയന്ത്രിക്കാൻ സാധിച്ചു. 1970- കളുടെ തുടക്കത്തിൽ വൈദ്യുതമോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന മോഡലുകൾ രംഗത്തെത്തി. ഇതോടൊപ്പം തന്നെ ആദ്യകാലത്ത് മൂന്നേകാൽ മിനുട്ടോളം മാത്രം ദൈർഘ്യമുണ്ടായിരുന്ന റെക്കൊർഡുകളുടെ സ്ഥാനത്ത് കൂടുതൽ സമയം ഓടിക്കാവുന്ന റെക്കോർഡുകളും നിലവിൽ വന്നു.
No comments:
Post a Comment