ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 49 |
ഭഗത് സിംഗ്
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്നു ഭഗത് സിംഗ് (28 സെപ്റ്റംബർ 1907– 23 മാർച്ച് 1931). ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു. ലാഹോർ ഗൂഢാലോചനയിൽ പങ്കാളിയായ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കി. തന്റെ ബാല്യകാലം മുതൽതന്നെ ഭഗത് സിംഗ്, ബ്രിട്ടീഷ് രാജിനെതിരായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന യൂറോപിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ അരാജകവാദത്തോട് അടുപ്പിച്ചു. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ വിപ്ലവകാരി എന്നും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്. ഇപ്പോൾ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിൽ 1907 സെപ്തംബർ 28ന് ആണ് ഭഗത് സിംഗ് ജനിച്ചത്. അച്ഛൻ - സർദാർ കിഷൻ സിംഗ്. അമ്മ - വിദ്യാവതി.
ഭഗത് സിംഗിന് 12 വയസ്സുള്ളപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്. നിരപരാധികൾ വെടിയേറ്റുവീണ സംഭവം ഈ ചെറുപ്പക്കാരനിൽ ദേശഭക്തി ആളിക്കത്തിച്ചു. പിറ്റേ ദിവസം ജാലിയൻ വാലാബാഗ് സന്ദർശിച്ച ഭഗത് അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ചു തന്റെ മുറിയിൽ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്യുകയുണ്ടായി. ബാലനായിരിക്കുമ്പോൾ തന്നെ ഭഗതിന്റെ ജീവിതത്തിൽ ദേശസ്നേഹം മുളപൊട്ടിയിരുന്നു എന്നതിന്റെ ഉദാഹരണമാണിത്. 1920 - ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി.
ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ അദ്ദേഹം പോലീസിനു കീഴടങ്ങി.പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലുംതങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പോലീസിനു കീഴടങ്ങിയത് ജയിലിൽ എല്ലാ തടവുകാർക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിംഗ് 63 ദിവസത്തെ നിരാഹാരസമരം നടത്തി. ഇത് അദ്ദേഹത്തിന് വളരെയധികം ജനസമ്മതി നേടിക്കൊടുത്തു. ജോൺ സൗണ്ടർ എന്ന പോലീസുകാരനെ വധിച്ച കേസിലും ഭഗത് സിംഗിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടു. ലാഹോർ ഗൂഢാലോചനാ കേസ്സിൽ ഭഗത് സിംഗിനെ വിചാരണ ചെയ്യുകയും ഇരുപത്തിമൂന്നാമത്തെ വയസ്സിൽ വധശിക്ഷക്കു വിധേയനാക്കുകയും ചെയ്തു.ഭഗത് സിംഗിന്റെ ജീവിതം പിന്നീട് ധാരാളം യുവാക്കളെ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ചതായി കണക്കാക്കപ്പെടുന്നു.
1928 - ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ ഒരു നിയമഭേദഗതി നടപ്പിൽ വരുത്താൻ ശ്രമിച്ചു. പോലീസിന് സ്വതന്ത്ര അധികാരം നൽകുന്നതായിരുന്നു ഈ നിയമത്തിന്റെ കാതൽ. ഒന്നാം ലോക മഹായുദ്ധത്തിന്റെ ബാക്കിപത്രം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അടിച്ചമർത്തുക എന്നതായിരുന്നു ഗൂഢലക്ഷ്യം. രോഷാകുലരായ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ ബോംബെറിയാൻ തീരുമാനിച്ചു. അസ്സംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് ഭഗത് സിംഗിനും, ദത്തയ്ക്കുമെതിരേ ചാർത്തപ്പെട്ട കേസിൽ 7 മെയ് 1929 ന് വിചാരണ ആരംഭിച്ചു. സൗണ്ടേഴ്സ് വധക്കേസിലും, അസ്സംബ്ലിയിൽ ബോംബെറിഞ്ഞ കേസിലുമാണ് ഭഗതിന് വിചാരണ നേരിടേണ്ടി വന്നത്. 1930 മെയ് അഞ്ചു മുതൽ 1930 സെപ്തംബർ 10 വരെയാണ് വിചാരണ നടന്നത്. 1930 ഒക്ടോബർ 7 ന് പ്രത്യേക കോടതി സുഖ്ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാൻ കോടതി വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. ബി.കെ.ദത്ത് ഉൾപ്പെടെയുള്ള മൂന്നു പേരെ മുമ്പ് അസ്സംബ്ലി ബോംബേറു കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 1931 മാർച്ച് 24 ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി ഉത്തരവുണ്ടായിരുന്നത്. എന്നാൽ ഭഗത് സിംഗിനെപ്പോലും മുൻകൂറായി അറിയിക്കാതെ വധശിക്ഷ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കുകയായിരുന്നു. 1931 മാർച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റി.
No comments:
Post a Comment