27/10/2020

24-10-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- വിഷയം : ഐക്യരാഷ്ട്ര സഭയുടെ സുവർണ്ണ ജൂബിലി, വർഷം 1995

    

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
53

 ഐക്യരാഷ്ട്ര സഭയുടെ സുവർണ്ണ ജൂബിലി, വർഷം 1995 

ലോകരാജ്യങ്ങൾക്കിടയിൽ സൗഹൃദം വളർത്തിയെടുക്കാനായി രണ്ടാംലോകയുദ്ധത്തിനു പിന്നാലെ രൂപപ്പെടുത്തിയെടുത്ത സംഘടനയാണ് ഐക്യരാഷ്ട്രസഭ (യുണൈറ്റഡ് നേഷൻസ്). ഇന്ന് ലോകത്തെ ഏറ്റവുംവലിയ അന്താരാഷ്ട്രസംഘടനയാണിത്. പ്രകൃതിദുരന്തങ്ങൾ മുതൽ യുദ്ധംവരെ, ദാരിദ്ര്യം മുതൽ മഹാമാരിവരെ, വിദ്യാഭ്യാസം, പൈതൃകം, സാമ്പത്തികരംഗം, മനുഷ്യാവകാശം, അഭയാർഥിപ്രശ്നങ്ങൾ തുടങ്ങിയ എല്ലാമേഖലകളെയും ഒരു കുടക്കീഴിൽ സംഘടന കൈകാര്യംചെയ്യുന്നു. അന്താരാഷ്ട്രതലത്തിൽ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും വികസനം സാധ്യമാക്കുകയുമാണ് സംഘടനയുടെ പ്രധാനലക്ഷ്യം. രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള പൊതുവേദികൂടിയാണിത്. അതേസമയം, രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും കൈകടത്താനുള്ള ഒരവകാശവുംസംഘടനയ്ക്കില്ല. യു. എൻ. പൊതുസഭയിൽ ഏതുരാജ്യത്തിനും അംഗമാകാം.

 പിറവി 

1945 ഒക്ടോബർ 24-നാണ് ഐക്യരാഷ്ട്രസഭയ്ക്ക് രൂപംനൽകിയത്. ലീഗ് ഓഫ് നേഷൻസാണ് സഭയുടെ മുൻഗാമി. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനുവേണ്ടി ഒന്നാം ലോകമഹായുദ്ധത്തിനു പിന്നാലെ 1920-ൽ ലീഗ് ഓഫ് നേഷൻസ് രൂപവത്കൃതമായി. തുടക്കത്തിൽ ചില വിജയങ്ങൾ നേടാനായെങ്കിലും രണ്ടാംലോകയുദ്ധത്തെ തടയാൻ ലീഗ് ഓഫ് നേഷൻസിനു കഴിഞ്ഞില്ല. പിന്നാലെയാണ് ഐക്യരാഷ്ട്രസഭയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങുന്നത്. 1941-ൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺചർച്ചിലും യു.എസ്. പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റും ഒപ്പുവെച്ച അറ്റ്ലാന്റിക് ചാർട്ടറാണ് യു.എന്നിന്റെ പിറവിയുടെ അടിസ്ഥാനം. 1945-ൽ അമ്പതുരാജ്യങ്ങൾ യു.എൻ. ചാർട്ടറിൽ ഒപ്പുവെച്ചു.

 ഏജൻസികൾ 

 UNICEF, UNEP, WHO, ILO, WMO, FAO, UNESCO, UNHCR, UNHRC,
IAEA, UNDP

 പ്രധാന ഘടകങ്ങൾ 

പൊതുസഭ (ജനറൽ അസംബ്ലി)

ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ ഘടകം പൊതുസഭയാണ്. യു.എന്നിലെ എല്ലാ അംഗങ്ങളും പൊതുസഭയിലെയും അംഗങ്ങളാണ്. എല്ലാ അംഗരാജ്യങ്ങൾക്കും അഞ്ചുവീതം പ്രതിനിധികളെ അയക്കാം. ഇന്ത്യയിൽ നിന്നുള്ള വിജയ ലക്ഷ്മി പണ്ഡിറ്റ് ആയിരുന്നു പൊതു സഭയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ്.

രക്ഷാസമിതി (സെക്യൂരിറ്റി കൗൺസിൽ)

ഐക്യരാഷ്ട്രസഭയുടെ കാര്യനിർവഹണ വിഭാഗമാണിത്. അഞ്ച് സ്ഥിരംഅംഗങ്ങളുണ്ട്-യു.എസ്., റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്. രണ്ടുവർഷത്തെ കാലാവധിയിലേക്കുമാത്രം തിരഞ്ഞെടുക്കുന്ന പത്തുരാജ്യങ്ങളും അംഗങ്ങളായിരിക്കും

സെക്രട്ടേറിയറ്റ്

സാമ്പത്തിക-സാമൂഹികസമിതി- 54 അംഗങ്ങളുണ്ട്. യു.എന്നിന്റെ എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ.)ഐക്യരാഷ്ട്രസഭയുടെ നീതിന്യായഘടകമാണ് അന്താരാഷ്ട്ര നീതിന്യായ കോടതി. ന്യൂയോർക്കിനു പുറത്ത് ആസ്ഥാനമുള്ള യു.എന്നിന്റെ ഏക ഘടകമാണിത്. നെതർലാൻഡ്സിലെ ഹേഗിലാണ് ആസ്ഥാനം.

ട്രസ്റ്റീഷിപ്പ് കൗൺസിൽ-സ്വയംഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണവും മേൽനോട്ടവും നിർവഹിക്കാൻ രൂപംനൽകിയ സമിതിയാണിത് ട്രസ്റ്റീഷിപ്പ് കൗൺസിൽ.
ആസ്ഥാനം-ന്യൂയോർക്കിലെ മാൻഹട്ടൻ (ആസ്ഥാനം സ്ഥിതി ചെയ്യുന്ന 17 ഏക്കർ ഭൂമിയും കെട്ടിടസമുച്ചയവും ഇന്റർനാഷണൽ ടെറിറ്ററിയായാണ് കണക്കാക്കുന്നത്)
യൂറോപ്പിലെ പ്രധാന ഓഫീസ്-സ്വിറ്റ്സർലാൻഡിലെ ജനീവ. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലും കെനിയയിലെ നയ്റോബിയിലും ഓഫീസുണ്ട്.

ഔദ്യോഗികഭാഷകൾ ആറ്-ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്, അറബിക്, റഷ്യൻ, സ്പാനിഷ്.

അംഗരാജ്യങ്ങൾ-50 രാജ്യങ്ങളുമായാണ് ഐക്യരാഷ്ട്രസംഘടന തുടങ്ങുന്നത്. ഇപ്പോൾ 193 അംഗങ്ങളുണ്ട്. തുടക്കംമുതലേ ഇന്ത്യയും അംഗമാണ് യു.എന്നിൽ ഏറ്റവും ഒടുവിൽ അംഗമായത് -ദക്ഷിണസുഡാൻ യു.എന്നിലെ വികസ്വരരാജ്യങ്ങളുടെ കൂട്ടായ്മ-ഗ്രൂപ്പ് 77 (1964ൽ രൂപംകൊണ്ടു) തലവൻ സെക്രട്ടറി ജനറൽ- സെക്രട്ടറി ജനറലാണ് ഐക്യരാഷ്ട്രസഭയുടെ തലവൻ. രക്ഷാസമിതിയുടെ ശുപാർശപ്രകാരം പൊതുസഭയാണ് തലവനെ നിയോഗിക്കുന്നത്. അഞ്ചുവർഷത്തേക്കാണ് കാലാവധി. 2017 മുതൽ പോർച്ചുഗീസുകാരനായ അന്റോണിയോ ഗുട്ടെറസാണ് സെക്രട്ടറി ജനറൽ. നോർവേക്കാരനായ ട്രിഗ്വെലിയായിരുന്നു യു.എന്നിന്റെ പ്രഥമ സെക്രട്ടറി ജനറൽ. പതാക-ഇളംനീല പശ്ചാത്തലം. രണ്ട് ഒലിവുചില്ലകൾക്കിടയിൽ ലോകഭൂപടം ആലേഖനം ചെയ്തിരിക്കുന്നു.

1995ൽ ഐക്യരാഷ്ട്ര സഭയുടെ സുവർണ്ണ ജൂബിലി ആഘോഷിച്ച അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ 5 രൂപ നാണയത്തെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.







No comments:

Post a Comment